റോം: (www.kvartha.com 10.12.2020) ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ വീടുവിട്ടിറങ്ങിയ മധ്യവയസ്‌കന്‍ നടന്നത് 450 കിലോമീറ്റര്‍. പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ഒരാഴ്ച നീണ്ട നടത്തത്തിന് അവസാനമായത്. ഇറ്റലിയിലെ കോമോയില്‍നിന്ന് തുടങ്ങിയ നടത്തം വടക്കന്‍ പ്രദേശമായ ഫാനോയിലാണ് അവസാനിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നു പോകുന്ന ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
വീടുവിട്ടിറങ്ങിയ താന്‍ ഒരാഴ്ചയായി നടക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ പറഞ്ഞത് പൊലീസുകാര്‍ വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാഴ്ച മുമ്പ് ഇയാളെ കാണാതായെന്ന് കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി. ഈ ദിവസങ്ങളില്‍ വഴിയില്‍ പരിചയപ്പെട്ടവരില്‍ നിന്ന് ഭക്ഷണം വാങ്ങിയാണ് കഴിച്ചത്.
ശരാശരി 60 കിലോമീറ്റര്‍ വീതം ഓരോ ദിവസവും നടന്നു. മറ്റു യാത്രാ സൗകര്യങ്ങളൊന്നും ഉപയോഗിച്ചില്ല. മനസിനെ ശാന്തമാക്കാനാണ് നടത്തം തുടങ്ങിയതെന്നും എന്നാല്‍ ഇത്ര ദൂരം പിന്നിട്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഫാനോയിലെത്തി ഭാര്യ ഇയാളെ കൂട്ടിക്കൊണ്ടു പോയി.
Keywords: Rome, News, World, Police, Custody, Man walks 450 km to calm down after fight with wife