Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ നവംബര്‍ 4ന് തുടങ്ങും

Sharjah International Book Fair starts November 4 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സലാം കന്യാപ്പാടി

ദുബൈ: (www.kvartha.com 21.10.2020) 11 ദിവസം നീണ്ടുനില്‍ക്കുന്ന 39-ാമത് അന്താരാഷ്ട്ര പുസ്തക മേള നവംബര്‍ 4 മുതല്‍ 14 വരെ എക്‌സ്‌പോ സെന്ററില്‍ വെര്‍ച്വലായി സംഘടിപ്പിക്കുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി (എസ് ബി എ) ചെയര്‍മാന്‍ അഹ് മദ് ബിന്‍ റഖദ് അല്‍ ആമിരി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍. ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു (The World Reads from Sharjah) എന്നാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ സന്ദേശം.

കഴിഞ്ഞ 38 വര്‍ഷമായി ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ തുടര്‍ച്ച ഈ വര്‍ഷവും മികവോടെ നടത്താന്‍ എസ് ബി എ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 

Sharjah International Book Fair starts November 4


ഉദ്ഘാടന ചടങ്ങും സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനവും ഇത്തവണ ഉണ്ടാവില്ല. പകരം ഓണ്‍ലൈനിലൂടെ സാംസ്‌കാരിക പരിപാടികള്‍ കാണാം. സാംസ്‌കാരിക പരിപാടികളുടെ അവതരണത്തിനായി റിമോട്ട് രീതിയിലുള്ള വേദിയുടെ പ്രഖ്യാപനം അല്‍ ആമിരി നിര്‍വഹിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയ താരവുമായ അമേരികക്കാരന്‍ പ്രിന്‍സ് യാ, 'ലൈഫ് ഓഫ് പൈ' നോവലിലൂടെ വിഖ്യാതനായ കനേഡിയന്‍ സാഹിത്യകാരന്‍ യാന്‍ മാര്‍ട്ടല്‍, 'ജെറോനിമോ സ്റ്റില്‍ട്ടന്‍ ചില്‍ഡ്രന്‍സ് ബുക് സീരീസ്' ഉപജ്ഞാതാവ് എലിസബത്ത ഡാമി (ഇറ്റലി), ഇന്ത്യയില്‍ നിന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍, നോവലിസ്റ്റ് രവീന്ദര്‍ സിംഗ് എന്നീ പ്രമുഖരും മേളയില്‍ പങ്കെടുക്കും.

ഷാര്‍ജയിലെ എഴുത്തുകാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് നേരിട്ടും രാജ്യാന്തര എഴുത്തുകാര്‍ ഓണ്‍ലൈനായുമായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. കോവിഡ് മഹമാരിയുടെ കാലത്ത് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും ഈ വര്‍ഷത്തെ പുസ്ത‌കോത്സവം ഒരുക്കുക. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയിലും വിജ്ഞാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുമെന്ന മഹത്തായ സന്ദേശം കൂടിയാണ് ഈ വര്‍ഷത്തെ പുസ്തകോത്സവം.

ശരീര താപനില പരിശോധന, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം, തുടര്‍ച്ചയായുള്ള സാനിറ്റൈസേഷന്‍, തുടങ്ങിയ രീതികളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചായിരിക്കും ഓരോരുത്തരെയും പ്രദര്‍ശന ഹാളുകളിലേക്ക് പ്രവേശിപ്പിക്കുക. കഴിഞ്ഞ വര്‍ഷം 2.52 ദശലക്ഷം പേരാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചത്. എന്നാല്‍ ഈ വര്‍ഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഒരു ദിവസം 5,000 പേര്‍ക്ക് മാത്രമായിരിക്കും മേളയില്‍ പ്രവേശനാനുമതി. 

ഇതിനായി ഓണ്‍ലൈനില്‍ (www.sibf. com) രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഒരാള്‍ക്ക് മൂന്നു മണിക്കൂര്‍ മാത്രമായിരിക്കും മേളയില്‍ പങ്കെടുകാന്‍ അനുമതിയുണ്ടാവുക. പുസ്തക മേളയുടെ ചരിത്രത്തിലാദ്യമായാണ് യൂറോപ്യന്‍ എഴുത്തുകാരുടെ എട്ടു സെഷനുകള്‍ അവരുടെ എംബസികളുമായി സഹകരിച്ച് നടത്തുന്നത്. പ്രദര്‍ശന നഗരിയില്‍ സാധാരണ പോലെ സ്റ്റാളുകള്‍ വിശാലമായ രീതിയില്‍ സജ്ജീകരിക്കും. സാംസ്‌കാരിക പരിപാടികള്‍ അവസാനിക്കില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും വെല്ലുവിളികളുടെ സാഹചര്യങ്ങളിലും വായന, സാക്ഷരത എന്നിവ വഴി ജനങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ALSO READ: മൊയ്തീൻ അംഗടിമുഗറിന്റെ കവിതാ സമാഹാരം 'ആത്മഹത്യ ചെയ്ത കർഷകന്റെ വീട് ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യുംKeywords: Dubai, Sharjah, Gulf, News, International, Book Fair, Sharjah International Book Fair starts November 4

Post a Comment