രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത് നിയമവിരുദ്ധമല്ല, ജി എസ് ടി ബാധകമല്ലാത്ത വാഴപ്പഴത്തിന് നികുതി ഈടാക്കിയതിനും കാരണമുണ്ട്; വിശദീകരണവുമായി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ്‌സ് ഓഫ് ഇന്ത്യ.

 


ന്യൂഡല്‍ഹി: (www.kvartha.com 31.07.2019) ഹോട്ടല്‍ ഭീമന്മാരായ മാരിയട്ട് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും സംഘടന. സംഭവം വിവാദമായതോടെയാണ് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ്‌സ് ഓഫ് ഇന്ത്യ (FHRAI) രംഗത്തെത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്ന ഭക്ഷണവും പുറത്തുള്ള കടകളില്‍ കിട്ടുന്ന ഭക്ഷണവും ഒന്നുതന്നെയാണെങ്കിലും സേവനത്തില്‍ വ്യത്യാസമുണ്ടെന്നാണ് വിശദീകരണം.

രാജ്യത്തെ നിരവധി നഗരങ്ങളിലുള്ള മാരിയട്ട് ഹോട്ടലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (SOPs) പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. റോഡരികിലുള്ള ഒരു റീടെയില്‍ കടയില്‍ നിന്ന് വാങ്ങുന്ന പഴം പോലെയല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിക്കഴിക്കുന്നത്. ഇത്തരം ഹോട്ടലുകള്‍ പഴത്തോടൊപ്പം സേവനം, ഗുണമേന്മ, പഴം കഴിക്കാനുള്ള പ്ലേയ്റ്റും കട്‌ലറിയും, ശുചിത്വം, അനുഗമനം, മികച്ച അന്തരീക്ഷം, ആഡംബരത തുടങ്ങിയവ പ്രദാനം ചെയ്യുന്നുണ്ട്. റോഡരികിലെ ചായക്കടയില്‍ നിന്ന് 10 രൂപയ്ക്ക് ചായ കിട്ടും. എന്നാല്‍ ആഡംബര ഹോട്ടലുകളില്‍ ചായക്ക് 250 രൂപ നല്‍കണം. ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഗുര്‍ബാക്‌സിഷ് സിംഗ് കോഹ്ലി വ്യക്തമാക്കി.

ചണ്ഡീഗഢിലെ ജെ ഡബ്ല്യു മാരിയട്ട് ഹോട്ടലാണ് പഴത്തിന് വിലയായി 375 രൂപയും ജിഎസ്ടി ഉള്‍പ്പെടെ 442.50 രൂപ ഈടാക്കിയത്. കേന്ദ്ര ജിഎസ്ടിയായി 33.75 രൂപയും യൂണിയന്‍ ടെറിട്ടറി ജിഎസ്ടിയായി 33.75 രൂപയും ഹോട്ടല്‍ ഈടാക്കി. ബോളിവുഡ് നടന്‍ രാഹുല്‍ ബോസിനാണ് ഈ അനുഭവമുണ്ടായത്. തുടര്‍ന്ന് ട്വിറ്ററിലൂടെ സംഭവത്തിന്റെ വീഡിയോ പോസ്റ്റുചെയ്തതോടെയാണ് ഹോട്ടലിനെതിരെ വിമര്‍ശനമുയര്‍ന്നത്.

വിവാദമായതോടെ ചണ്ഡീഗഡ് അസിസ്റ്റന്റ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ കമ്മിഷണര്‍ രാജീവ് ചൗധരി ഹോട്ടലിന് 25000 രൂപ പിഴയിട്ടിരുന്നു. വാഴപ്പഴത്തിന് ജിഎസ്ടി ബാധകമല്ലാതിരുന്നിട്ടും 18 ശതമാനം നികുതി ഈടാക്കിയതിനാണ് പിഴയിട്ടത്.

എന്നാല്‍ ജിഎസ്ടിയുടെ കാര്യത്തിലും ഹോട്ടലിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നാണ് സംഘടന കണ്ടെത്തിയിരിക്കുന്നത്. ഒരു റീട്ടെയില്‍ സ്‌റ്റോറിലെ വാഴപ്പഴം, അല്ലെങ്കില്‍ പായ്ക്ക് ചെയ്യാത്ത മറ്റ് പഴങ്ങള്‍ ജിഎസ്ടിയുടെ പരിധിക്ക് പുറത്താണെങ്കിലും, ഒരു റെസ്‌റ്റോറന്റിലോ ഹോട്ടലിലോ വിളമ്പുമ്പോള്‍, ഒരു ഫ്രൂട്ട് പ്ലേറ്ററായാലും അല്ലെങ്കില്‍ മുഴുവന്‍ പഴമായാലും, നിലവിലുള്ള ജിഎസ്ടി നിയമപ്രകാരം 18 ശതമാനം ലെവി ബാധകമാണ്. നിയമങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെടുന്നത് ഇതാണ്, ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല, 'ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് ഷെട്ടി പറഞ്ഞു.

രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത് നിയമവിരുദ്ധമല്ല, ജി എസ് ടി ബാധകമല്ലാത്ത വാഴപ്പഴത്തിന് നികുതി ഈടാക്കിയതിനും കാരണമുണ്ട്; വിശദീകരണവുമായി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ്‌സ് ഓഫ് ഇന്ത്യ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia