ലഘുലേഖകള്‍ വിതരണം ചെയ്തതിന് അറസ്റ്റിലായ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല; വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പോലീസിന്റെ റിമാന്‍ഡ് റിപോര്‍ട്ട്, പിടികൂടി മര്‍ദിച്ച ഏഴ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍, ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ലഘുലേഖകള്‍ വിതരണം ചെയ്തതിന് അറസ്റ്റിലായ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല; വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പോലീസിന്റെ റിമാന്‍ഡ് റിപോര്‍ട്ട്, പിടികൂടി മര്‍ദിച്ച ഏഴ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍, ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: (www.kvartha.com 21.08.2017) വീടുകളില്‍ ദാഇഷ് വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തതിന് അറസ്റ്റിലായ 40 മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. പറവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്. റിമാന്‍ഡിലായിരുന്ന ഇവരെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി.


ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ള റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലീസ് ഉള്‍പെടുത്തിയത്. ഹൈന്ദവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് ഹിന്ദു ദൈവങ്ങളെ വികലമായി ചിത്രീകരിച്ചും മുസ്ലിം സമുദായത്തിലേക്ക് മറ്റ് മതസ്ഥരെ ആകര്‍ഷിക്കുന്ന തരത്തിലുളള ലഘുലേഖകള്‍ വിതരണം ചെയ്തും മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ ലഹളയുണ്ടാക്കാനായി ഇവര്‍ ശ്രമിച്ചുവെന്നുമാണ് റിമാന്‍ഡ് റിപോര്‍ട്ടിലുള്ളത്.

അതിനിടെ പിടികൂടി മര്‍ദിച്ചുവെന്ന വിസ്ഡം പ്രവര്‍ത്തകരുടെ പരാതിയില്‍ ഏഴ് ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം ഒറക്കോലി പ്രമോദ്, പാടത്തുവീട് ബൈജു, തേവശേരി ജിജീഷ്, എറണ്ടതറ അരുണ്‍, ചെത്തിപ്പറമ്പില്‍ അജിത്കുമാര്‍, തൈക്കൂട്ടത്തില്‍ ഗിരീഷ്‌കുമാര്‍, കട്ടത്തുരുത്ത് വലിയവീട്ടില്‍ അനില്‍കുമാര്‍ എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വിസ്ഡം പ്രവര്‍ത്തകരെ ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഏഴു പേരെ അറസ്റ്റ് ചെയ്തത്. വൃദ്ധരടക്കമുള്ള സംഘത്തെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. ഐ എസ് മതനിഷേധം, മാനവവിരുദ്ധം എന്ന തലക്കെട്ടിലുള്ള ലഘുലേഖ വിതരണം ചെയ്തതിനാണ് 40 വിസ്ഡം പ്രവര്‍ത്തകരെ പറവൂരില്‍ വെച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. മതസ്പര്‍ദ പ്രചരിപ്പിക്കുന്നതും, മതതീവ്രവാദം വളര്‍ത്തുന്നതുമാണ് ലഘുലേഖയെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയത്.

അതേസമയം വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നു. മതവിദ്വേഷം വളര്‍ത്തുന്ന ഹിന്ദു ഐക്യ വേദി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന കേരള പോലീസ് ഇസ്ലാം മതപ്രബോധകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Attack, Police, Case, Accused, Kerala, Trending, Mujahid, Wisdom, Sang Parivar.
ad