Follow KVARTHA on Google news Follow Us!
ad

ഇഷ്ടമുള്ളത് കഴിച്ചതിന്റെ പേരില്‍ വധശിക്ഷ വിധിക്കപ്പെടുന്ന പൈശാചിക സ്വര്‍ഗം

വളരുന്ന അസഹിഷ്ണുത ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്നു. ഒപ്പം നാനാതത്വത്തിലെ ഏകത്വവും ബി.ജെ.പിയുടെ അധികാര പ്രവേശനത്തിന് ശേഷം ഭാരതത്തിന്റെ സാമൂഹിക സാഹചര്യം Article, India, BJP, Government, Dead, Saleem Deli, Crime
സലീം ദേളി

(www.kvartha.com 31.10.2015) വളരുന്ന അസഹിഷ്ണുത ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്നു. ഒപ്പം നാനാതത്വത്തിലെ ഏകത്വവും ബി.ജെ.പിയുടെ അധികാര പ്രവേശനത്തിന് ശേഷം ഭാരതത്തിന്റെ സാമൂഹിക സാഹചര്യം എത്രമാത്രം വികൃതമാണ്. ഇന്ത്യാ ചരിത്രം മാറ്റിമറിക്കാന്‍ തുടക്കം കുറിച്ചതായാണ് വ്യക്തമായ അജണ്ടകള്‍ക്ക് പിന്നിലെ ഭരണം സൂചിപ്പിക്കുന്നത്. മുന്‍കരുതലുകള്‍ ഒരുമയോടെ ഏറ്റെടുക്കേണ്ട സ്ഥിതി വിശേഷം. ഇന്നത്തെ മൗനം ഫാഷിസത്തെ സ്വാഗതം ചെയ്യുകയാണ്.

നിശബ്ദത പാലിക്കുന്നവര്‍ ഫാഷിസത്തിന് ചൂടു പിടിക്കുകയാണ് ചെയ്യുന്നത്. സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും ഫാഷിസം അടിച്ചേല്‍പ്പിക്കുന്നു. കുട്ടികളുടെ മനോഭാവങ്ങളെ ബ്രൈന്‍ വാഷ് ചെയ്ത് സാംസ്‌കാരിക പൈതൃകം തുടച്ച് കളയാനുള്ള ഗൂഢശ്രമം. ദേശീയ ദിനങ്ങള്‍ പതിയെ മാറ്റുന്നു, ഗോഡ്‌സെയെ വീര പുരുഷനായി സ്മരിക്കാന്‍ പോലും ഭാവി തലമുറ തയ്യാറാവും.

1992 ലെ ബാബരി ധ്വംസനം 2014 ലെ അധികാരത്തിലേക്കുള്ള വഴിയായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ വോട്ടുകള്‍ ഏകീകരിച്ചത് മറ്റൊരു പതിപ്പാണ്. മതവെറികളിലൂടെ മനുഷ്യത്വത്തെ നിരാകരിക്കുന്ന പുതിയ സംഭവ വികാസങ്ങള്‍. ഇങ്ങനെയാണെങ്കില്‍ ഒരുപാട് ബാബരികളും ദാദ്രികളും മുസാഫര്‍ നഗറുകളും കാണാനിരിക്കുന്നതേയുള്ളൂ. ഇത്തരം ഫാഷിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഭീതിയോടെ കണ്ടുകൊണ്ട് മാത്രമാണ് സാഹിത്യ ഇന്ത്യ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മതങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ പൈതൃകത്തേയും പാരമ്പര്യത്തേയുമാണ് അവര്‍ മാറോട് ചേര്‍ത്തത്, കൂടെ മരണക്കിടക്കയില്‍ കിടക്കുന്ന സഹിഷ്ണുതാ ബോധവും.!

പക്ഷെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുമ്പോള്‍ ഇന്ത്യ ഇന്ത്യയല്ലാതെയാകുന്നു. പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തിയത് കാവി ഭീകരരുടെ ഭീഷണി മൂലമാണ്. ഒരു എഴുത്തുകാരന്റെ മരണം കണ്ടാസ്വദിക്കുന്ന ഇക്കൂട്ടരെ തലോടുന്ന സര്‍ക്കാര്‍ രാജ്യത്തിനകത്ത് ഭീതി പരത്തുന്നു. ഗോവിന്ദ പന്‍സാര, എം.എം കല്‍ബുര്‍ഗി പോലെയുള്ള സാഹിത്യകാരന്മാരെ വെടിവെച്ച് കൊന്നവരെ പിടികൂടാനോ, കണ്ടെത്താനോ സാധിച്ചിട്ടില്ല. ഹൈന്ദവതയെ അപമാനിച്ചത് കൊണ്ടാണത്രെ മരണം സമ്മാനിച്ചത്.

ദൈവ ശിക്ഷകള്‍ വിശ്വാസികള്‍ നടപ്പിലാക്കുന്ന ജനത.! വിശ്വാസം പഠിക്കണം, വിശ്വസിക്കാനറിയുന്നില്ലെങ്കില്‍ അവിശ്വാസികളാവരുത്. ഫാഷിസത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നാം അകപ്പെട്ടിരിക്കുന്നു. കരി ഓയില്‍ പ്രയോഗങ്ങള്‍ പുണ്യകര്‍മങ്ങളാണോ ? മുംബൈയില്‍ വെച്ച് നടത്തപ്പെട്ട പുസ്തക പ്രകാശന ചടങ്ങിലേക്ക് പോകവെ മുന്‍ ബി.ജെ.പി നേതാവിനെ തന്നെ കരിമഷി അഭിഷേകം നടത്താന്‍ സംഘ് പരിവാര്‍ ശക്തികള്‍ക്ക് ധൈര്യം പകര്‍ന്ന പ്രചോദനം എന്താണ്. അക്ഷരക്കൂട്ടങ്ങളെ എന്തിനാണ് ഭയപ്പെടുന്നത് ? അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ കടിഞ്ഞാണിടുന്ന ഇത്തരം ചെയ്തികളെ ശാസിക്കാന്‍ അധികാരികള്‍ക്ക് സമയം ലഭിക്കാത്തത് ഭരണകൂട ഭീകരതയുടെ പാരമ്യതയെയാണ് സൂചിപ്പിക്കുന്നത്.

തീവ്ര വര്‍ഗീയ നിലപാടുകളുടെ മേലില്‍, ബാബരി മസ്ജിദിന്റെ സ്ഥാനത്ത് പണിയാമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കി ഏക സിവില്‍കോഡിന് കച്ചകെട്ടി ആര്‍.എസ്.എസിനെ കൂട്ടുപിടിച്ച് കൊന്നും കൊലവിളിച്ചും അസഹിഷ്ണുത പരത്തി അധികാരത്തിലേറാന്‍ സര്‍വ തന്ത്രങ്ങളും പയറ്റിയവരാണ് മോഡി സര്‍ക്കാര്‍. ഗുജറാത്തിലെ നരനായാട്ട് മറന്നിട്ടില്ല. ഭരണത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അഞ്ഞൂറില്‍ കവിയും. പോരാത്തതിന് ഭീഷണികള്‍ മുഴക്കി നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്ന കാവി ഭീകരര്‍. ഇതൊക്കെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്ത് വീണ്ടും സ്വാതന്ത്ര്യ പോരാട്ടം പ്രഖ്യാപിക്കപ്പെടേണ്ടി വരും.

മുസ്ലിംകള്‍ ശ്രീരാമനെ അവരുടെ വീരനായകനാക്കി കണ്ടാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകുന്നു - ഓര്‍ഗനൈസര്‍, ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വായത്തമാക്കുക. ഹിന്ദു മതത്തേയും ജനതയേയും മഹത്വപ്പെടുത്താതെ യാതൊരു ആശയങ്ങളും വെച്ചു പുലര്‍ത്തരുത്. ഹിന്ദു രാഷട്രത്തിന് കീഴടങ്ങണം. ഒന്നും അവകാശപ്പെടരുത്, യാതൊരു പദവിയും , പൗരന്റെ അവകാശം പോലും (we and our national define-ഗോള്‍വാള്‍ക്കര്‍)

ഇവിടെ ആര്‍.എസ്.എസിന്റെ നയം വ്യക്തമാണ്. ഇവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ തിമിര്‍ത്താടുന്നു. ഇന്ത്യയില്‍ വിദേശ ഭീഷണിയെ ഭയക്കുന്നതിനേക്കാള്‍ നല്ലത് രാജ്യത്തിനകത്തെ വര്‍ഗീയ വിഷബീജങ്ങളെയാണ് ഭയപ്പെടേണ്ടത്. ഭീകരരായി കാണുന്ന പലരേക്കാള്‍ ഭീകരത സംഘ്പരിവാറിനും ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കുമാണ്. ഏറ്റവും വലിയ പ്രതിസന്ധി രാജ്യത്തിനകത്തെ തീവ്ര ഹിന്ദുത്വ വാദം മാത്രമാണ്.

ബീഫിന്റെ പേരിലാണ് രാഷ്ട്രം വോട്ട് പിടിക്കുന്നത് പോലും. ലോകത്തിലെ ജനാധിപത്യ ശക്തികളെ നിയന്ത്രിക്കുന്നത് പശുവെന്ന നാല്‍ക്കാലി മൃഗം. ഭക്ഷണ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. ആട്ടിറച്ചി കഴിച്ചാല്‍ അത് ബീഫാകും, എന്നാല്‍ പിന്നെ കൊല്ലാം. ചോദിക്കാന്‍ ആരുമില്ലല്ലോ? ഇന്നലെകളുടെ ഇന്ത്യ എന്നേ മാഞ്ഞു. വികൃതമാക്കപ്പെട്ടു. നരകമാണ്, കഴിക്കുന്നതിന്റെ പേരില്‍, ഇഷ്ടമുള്ളത് പറഞ്ഞതിന്റെ പേരില്‍ വധശിക്ഷ വിധിക്കപ്പെടുന്ന പൈശാചിക സ്വര്‍ഗം.

വിദ്യാഭ്യാസ മേഖലയില്‍ കാവി പ്രിയരുടെ നിയമങ്ങള്‍, ഹൈന്ദവത പാഠ്യ വിഷയങ്ങളാക്കുന്നു. ഹിന്ദുത്വ കാഴ്ചപ്പാടിലൂടെ ചരിത്രം രചിക്കുന്നു. അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയിലെ 18 അംഗങ്ങളെ തിരുകി കയറ്റി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമരം അവസാനിച്ചിട്ടില്ല. സാംസ്‌കാരിക മന്ത്രാലയങ്ങള്‍ കാവികള്‍ക്ക് തീറെഴുതി ഇവിടെയൊക്കെ ഭരണഘടനാ ശില്‍പി ഡോ. അംബേദ്കറിന്റെ വാക്കുകള്‍ പ്രസക്തമാവുകയാണ്, ''ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, ഒരു സംശയവും വേണ്ട അത് ഈ രാജ്യത്തിന് സംഭവിക്കാനിരിക്കുന്ന വലിയ ദുരന്തമായിരിക്കും. ഹിന്ദുക്കള്‍ എന്തു തന്നെ പറഞ്ഞോട്ടെ, ഹിന്ദു രാഷ്ട്രം സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഒരു ശാപം തന്നെയാണ്. ഇക്കാര്യത്തില്‍ ജനാധിപത്യവുമായി പൊരുത്തപ്പെട്ട് പോവുക സാധ്യമല്ല. എന്ത് വിലകൊടുത്തും തടയുക തന്നെ വേണം'' (speeches dr. ambedkar vol: 8 page: 358)

രാജ്യത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ മഹാന്മാരുടെ വാക്കുകള്‍ ദീര്‍ഘ വീക്ഷണമുള്ളതാണ്. അവരുടെ ആശങ്കകള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ശരിയായ ഹിന്ദുമത വിശ്വാസികള്‍ അക്രമത്തെയും ഇത്തരം ചെയ്തികളെയും എതിര്‍ക്കുമ്പോള്‍ ഇക്കൂട്ടര്‍ ആരില്‍ പെടും???....

Article, India, BJP, Government, Dead, Saleem Deli, Crime.


Keywords: Article, India, BJP, Government, Dead, Saleem Deli, Crime.