» » » » » » » പൗരത്വ നിയമത്തിനെതിരായ പോരാട്ടം മോഡി വാഴ്ചയ്ക്ക് അന്ത്യം കുറിക്കും: എം എ ബേബി

തളിപ്പറമ്പ്: (www.kvartha.com 16.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടം മോഡി വാഴ്ചയ്ക്ക് അന്ത്യം കുറിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള മോഡിയുടെയും അമിത് ഷായുടെയും നീക്കം വിജയിക്കില്ല. ഈ പോരാട്ടത്തിന്റെ കേന്ദ്രം മറ്റ് പലതിനും മാതൃകയായ കേരളമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി സത്യഗ്രഹം നടത്തിയതും നിയമസഭ ഐക്യകണേ്ഠന പ്രമേയം പാസ്സാക്കിയതും കേരളത്തിലാണ്. ഈ പ്രക്ഷോഭമാണ് ഇന്ത്യക്ക് വഴികാട്ടുന്നത്. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ഭരണഘടന സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതി വേണ്ടെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല.  നിയമ ഭേദഗതിയുടെ ഭരണഘടനാ വിരുദ്ധതയും ദുഷ്ടലാക്കും വഞ്ചനയുമാണ് സിപിഎമ്മും ഇടതുപക്ഷവും ചോദ്യം ചെയ്യുന്നത്. ഇടതുപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും യുക്തിപരവും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മൂന്ന് ഭേദഗതികള്‍ അവതരിപ്പിച്ചു. എന്നാല്‍ സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ മൂന്നും തള്ളി. മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എന്നതിന് പകരം അയല്‍ രാജ്യങ്ങള്‍ എന്നാക്കണമെന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ഒരു ഭേദഗതി. വടക്ക് കിഴക്കന്‍ സംസ്ഥനങ്ങളെ ബാധിക്കുന്ന അസം കരാര്‍ പാലിക്കണമെന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കുമെന്ന് ഉറപ്പാക്കുമ്പോള്‍ മുസ്ലിങ്ങളെ കൂടി അതില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു മൂന്നാമത്തെ ഭേദഗതി.

ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷത്തെ അന്യവത്ക്കരിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന പൗരാവാകാശം, തുല്യത എന്നിവയുടെ ലംഘനമാണ് ഈ നിയമ ഭേദഗതി. ഭരണ ഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ വലിച്ചുകീറുന്നതാണിത്. ഇതിന്റെ മുന്നോടിയായി എല്ലായിടത്തും പൗരത്വ പട്ടിക വരാന്‍ പോകുയാണ്. ഈ പട്ടികയുടെ ഭാഗമായ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ പണി ഏപ്രിലില്‍ തുടങ്ങാന്‍ പോകുകയാണ്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നത്.

ഇന്ത്യയെ വിഭജിക്കുന്ന രാഷ്ട്രീയമാണ് മോഡി പുറത്തെടുക്കുന്നത്. ഭൂപ്രദേശം മാത്രമുണ്ടായാല്‍ ഒരു രാജ്യമാവില്ല. അവിടെയുള്ള ജനങ്ങളാണ് പരമപ്രധാനം. ഇവരില്‍ വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടാവാം. ഒരു മതത്തില്‍ വിശ്വസിക്കാത്തവരും രാജ്യത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഒരു ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്തുകയാണ് മോഡിയുടെ ലക്ഷ്യം. ഗുജറാത്ത് വംശഹത്യയാണ് മോഡിയുടെ മാതൃക. അത് രാജ്യത്താകെ വ്യാപിപ്പിക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെയെന്ന് ബേബി വ്യക്തമാക്കി.


Keywords: Kerala, Kannur, News, CPM, Protest, Save Constitution mass rally at Thalipparamb inaugurated by MA Baby,  CAA, NRC, NPR.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal