Follow KVARTHA on Google news Follow Us!
ad

പേരിന്റെ കൂടെ വാലുവേണോ? വര്‍ത്തമാനകാലത്തെ ജാതി - മത ചിന്തകള്‍

പ്രൈമറി സ്‌കൂള്‍ പഠനകാലം (1956-62) പഠിപ്പിച്ച മാഷന്മാരുടെ പേര് എന്നും ഓര്‍മയിലുണ്ട്. അതൊക്കെ ജാതി പേരുകളാണെന്ന് വളരെ കാലം കഴിഞ്ഞാണ് തിരിച്ചറിയാന്‍ കഴിഞ്ഞത് Kerala, Article, Kookanam-Rahman, school, Study, Friends, Politics, wedding,Caste discrimination in society
കൂക്കാനം റഹ് മാന്‍

(www.kvartha.com 04.12.2019) പ്രൈമറി സ്‌കൂള്‍ പഠനകാലം (1956-62) പഠിപ്പിച്ച മാഷന്മാരുടെ പേര് എന്നും ഓര്‍മയിലുണ്ട്. അതൊക്കെ ജാതി പേരുകളാണെന്ന് വളരെ കാലം കഴിഞ്ഞാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഒന്നാം ക്ലാസില്‍ ഉണ്ണിത്തിരി മാഷ്, രണ്ടാം ക്ലാസില്‍ ഭട്ടതിരി മാഷ്, മൂന്നാം ക്ലസില്‍ മാരാര്‍ മാഷ്, നാലാം ക്ലാസില്‍ നമ്പൂതിരി മാഷ്, അഞ്ചാം ക്ലാസില്‍ അടിയോടി മാഷ്, ആറാം ക്ലാസില്‍ പൊതുവാള്‍ മാഷ്, ഏഴാം ക്ലാസില്‍ കുമാരന്‍ മാഷ്. കുമാരന്‍ എന്ന പേര് പോലെയാണ് ജാതിപേരില്‍ അറിയപ്പെട്ട മാഷന്മാരെയും ഞാന്‍ കരുതിയത്.

ജാതിപ്പേരിലുള്ള മഹത്വവും, നീചത്വവും അന്നത്തെ പോലെ തന്നെ ഇന്നും തുടരുന്നു. അങ്ങിനെയൊന്നും ഇല്ലെന്ന് മോഡി പറഞ്ഞ് നടക്കുമെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ജാതി-മതച്ചോര തിളക്കുന്നുണ്ട് പലര്‍ക്കും. ഓലാട്ട് സ്‌കൂളില്‍ ഞാന്‍ മാത്രമെ അന്ന് മാപ്ലക്കുട്ടിയായി ഉണ്ടായിരുന്നുള്ളൂ. അവിടെ അന്ന് വേര്‍തിരിവുണ്ടായിരുന്നു. ഞാന്‍ മൊട്ടത്തലയനാണ്. ഇടതുഭാഗം മുണ്ടുടുക്കുന്നവനാണ്. മാപ്പിള മൊട്ട, തെങ്ങിന്റെട്ട, ചെറുപയറുണ്ട എന്ന് കൂടെ പഠിക്കുന്ന സുഹൃത്തുക്കള്‍ വഷളാക്കാറുണ്ടായിരുന്നു.

അക്കാലത്ത് സ്‌കൂളില്‍ അമേരിക്കക്കാരന്റെ പാല്‍ കിട്ടിയിരുന്നു. ഉച്ചസമയത്ത് ഞങ്ങള്‍ പാത്രവുമായി നിരന്നിരിക്കും. ഉണ്ണിത്തിരി മാഷ് ബക്കറ്റില്‍ കൊണ്ടുവരുന്ന പാല് കൈയില്‍ ഉപയോഗിച്ച് വിളമ്പിത്തരും. എന്റെ പാത്രത്തില്‍ മാത്രം പാല്‍ കൈയില്‍ ഉയര്‍ത്തിപിടിച്ച് ഒഴിച്ചുതരും. എനിക്ക് അക്കാലത്തുതന്നെ മനസ്സിലായിരുന്നു ഞാന്‍ മാപ്ല ആയതിനാലാണ് പാത്രത്തിനുമുട്ടാതെ പാല്‍ ഒഴിച്ചുതന്നതെന്ന്.

എന്റെ ക്ലാസില്‍ കുണ്ടുപൊയില്‍ ഭാഗത്തുനിന്നുവരുന്ന ഒരു ചെരുപ്പുകുത്തി കൃഷണന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും നല്ല തടിയന്മാരായിരുന്നു. പോത്തിറച്ചി തിന്നിട്ടാണ് ചെരുപ്പുകുത്തിയും, മാപ്ലയും ഇത്ര തടിയന്മാരായതെന്ന് ക്ലാസിലുളള കുട്ടികള്‍ വഷളാക്കി പറഞ്ഞിരുന്നു.

എന്റെ അയല്‍വാസികള്‍, അവരുടെ മക്കളെ വഴക്കുപറയാന്‍ ഉപയോഗിച്ച വാക്കുകളും ജാതിപേര് ചേര്‍ത്തായിരുന്നു. മാപ്ലന്റെ മോന്‍, പൊലേന്റെ മോന്‍ എന്നൊക്കെയാണ് ചീത്ത പറയാറ്. ഇത് കേള്‍ക്കുമ്പോള്‍ മേലാകെ തരിച്ചുകയറും. ഉള്ളില്‍ അടക്കാനാവാത്ത ദ്വേഷ്യമുണ്ടാകും. ഒന്നും പ്രതികരിക്കാന്‍ പറ്റില്ലല്ലോ. ഉയര്‍ന്ന ജാതിക്കാര്‍ പേരിനുശേഷമാണ് ജാതിപേര് വെക്കുക നാരായണ മാരാര്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൃഷ്ണന്‍ മണിയാണിശ്ശന്‍ തുടങ്ങിയ പേരുകള്‍ ഇന്നും കാണുന്നു. താഴ്ന്ന ജാതിക്കാരുടെ ജാതിപ്പേര് ആദ്യം വെക്കും. വാണിയന്‍ രാമന്‍, കണിശ്ശന്‍ കൃഷ്ണന്‍, ചാലിയന്‍ നാരായണന്‍ എന്നൊക്കെയാണ്. എന്താ ഇങ്ങിനെ പേരും വാലും വെക്കുന്നത്, എന്ന ചോദ്യത്തിനുത്തരമൊന്നേയുള്ളൂ. മേല്‍ ജാതി - കീഴ് ജാതി ആയതുകൊണ്ടുമാത്രം.

പക്ഷേ മാപ്ലമാരുടെ പേര് ആദ്യം വെക്കും, അസിനാറാപ്ല, അവ്വക്കറാപ്ല എന്നൊക്കെയാണ്. മുസ്ലിം സ്തീകളെ നേത്യാര് എന്ന പേര് വെച്ചാണ് ഹിന്ദു വിഭാഗങ്ങളിലെ ചിലര്‍ വിളിക്കുന്നത്. പാത്തുമ്മ നേത്യാര്‍, സൈന നേത്യാര്‍ എന്നൊക്കെ. ഇതിന്റെ കാരണവുമറിയില്ല. ഇങ്ങിനെയൊക്കെ കേട്ടുവളര്‍ന്നു എന്നുമാത്രം.

പഴയകാല കമ്യൂണിസ്റ്റുകാരുടെ പേരും ജാതിപ്പേര് ചേര്‍ത്താണ് അറിയപ്പെടുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാട്, പി കൃഷ്ണപ്പിള്ള, ഇ ചന്ദ്രശേഖരന്‍ നായര്‍, ഇ കെ നായനാര്‍ തുടങ്ങി.. അന്ന് ജാതിപ്പേര് ഒരു പ്രധാന ഘടകമായിരുന്നു എന്നതില്‍ നമ്മുക്ക് സമാധാനിക്കാം. പ്രസ്തുത വാല്‍ മുറിച്ചുകളഞ്ഞാല്‍ അവര്‍ അവരല്ലാതാകും. പഴയ ആളുകളുടെ ജാതി വാല്‍ മുറിച്ചു കളയണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

പരിഷ്‌കൃത സമൂഹവും ജാതി വാലില്‍ പ്രാമുഖ്യം കൊടുക്കുന്നു എന്ന് കാണുമ്പോള്‍ പരിഹാസ്യം തോന്നുന്നു. പ്രത്യേകിച്ച് പെണ്‍മക്കളുടെ പേരിനോട് ജാതി ചേര്‍ക്കുന്നത് കാണുമ്പോള്‍. ലേഖ നമ്പ്യാര്‍, ശ്വേതാ മേനോന്‍, ഗീതാ പൊതുവാള്‍, അശ്വതി നായര്‍, എന്തിനാണോ ഈ വാല് വെച്ചുകൊടുത്ത് പുലി വാല് പിടിക്കുന്നത്. ഇത്തരം പേരുകള്‍ ന്യൂജെന്‍സിലാണ് കാണുന്നത്. വാലെന്തായാലും പ്രണയം മൊട്ടിടുമ്പോള്‍ എല്ലാം മറക്കുകയാണ് കുട്ടികള്‍. ഒരു രക്ഷിതാവ് പറഞ്ഞത് വിവാഹ കമ്പോളത്തില്‍ ജാതി തിരിച്ചറിഞ്ഞ് കല്ല്യാണാലോചന വരുമല്ലോ എന്ന് കരുതിയാണ് ഇങ്ങിനെ പേരിട്ടത് എന്നാണ്. അതൊക്കെ പ്രണയത്തിനു മുമ്പില്‍ അപ്രസക്തമായി കൊണ്ടിരിക്കകുകയാണ്.

വര്‍ത്തമാനകാലത്ത് ജാതീയ കൂട്ടായ്മകള്‍ ശക്തിപ്പെട്ടുവരികയാണ്. ഹിന്ദുവിഭാഗത്തിലെ എല്ലാ ജാതിവിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം സംഘടനകളുണ്ട്. ജാതീയമായി സംഘടിക്കാന്‍ തുടങ്ങിയതിന് പിന്നില്‍ ലക്ഷ്യമിടുന്ന നേട്ടങ്ങളിലൊന്ന് വോട്ടുബാങ്കുകളാക്കാമെന്നതാണ്. ജാതി അടിസ്ഥാനത്തില്‍ ജന പ്രതിനിധികളെ കണ്ടെത്തലാണ് വേറൊന്ന്. രാഷ്ട്രീയപാര്‍ട്ടികളൊക്കെ ഇതിന് വശംവദരായിതീരുന്നു എന്നതാണ് ധര്‍മ്മ സംങ്കടം. കഴിഞ്ഞ കാലത്ത് കേരളത്തെ സംബന്ധിച്ചിടത്തോളം ജാതി- മത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന കമ്മ്യൂണിസ്‌ററ് പാര്‍ട്ടി കേരളീയര്‍ക്ക് ഒരാശ്വാസമായിരുന്നു. ഇന്ന് അവര്‍ക്കും ജാതി-മത കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണുളളത്.
പെണ്ണുകിട്ടാതായപ്പോള്‍ ജാതി ചിന്ത അല്പം മാറ്റിവെച്ചിരിക്കുകയാണ് യുവാക്കള്‍. ജാതി എന്തെങ്കിലുമാകട്ടെ പെണ്ണിനെ കിട്ടിയാല്‍ മതിയെന്ന ചിന്ത ശക്തപ്പെട്ടുവരികയാണ്. സ്‌കൂള്‍- കോളജ്- പണിശാലകള്‍ എന്നിവിടങ്ങളിലെ പ്രണയത്തിന് ജാതി-മതമില്ലായിരിക്കുന്നു. അതും ഒരു മാറ്റത്തിനുളള നാന്ദിയായി കാണാം. പക്ഷേ സദാചാര പോലീസെന്ന പേരില്‍ വിളയാടുന്ന ഗുണ്ടാസംഘങ്ങള്‍ക്കും ആണും-പെണ്ണും ഒന്നിച്ചു പോകുന്നത് കണ്ടാല്‍ പോലും ഹാലിളകുന്നു. അവര്‍ക്ക് ആങ്ങളയും പെങ്ങളും എന്ന ചിന്തയോ, ഭാര്യ ഭര്‍ത്താവ് എന്ന ചിന്തയോ ഇല്ല. കണ്ണില്‍ കണ്ടത് ആണും പെണ്ണുമാണെങ്കില്‍ തടയുകയും മര്‍ദിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

ഇക്കഴിഞ്ഞ ദിവസം ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നടന്ന സംഭവം വാര്‍ത്താമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. സര്‍വ്വ യോഗ്യതയും നേടിയ ഒരു മുസ്ലിം പ്രൊഫസറെ അവിടെ നിയമിച്ചതുമായാണ് പ്രശ്‌നം ഉണ്ടായത്. അവിടെ പഠിക്കുന്ന സാംസ്‌കാരിക ഉന്നമനം നേടി എന്നു നമ്മള്‍ കരുതുന്ന വിദ്യാര്‍ത്ഥികള്‍ മുസ്ലീം പ്രൊഫസറെ അവിടെ നിയമിക്കാന്‍ പാടില്ലായെന്നു പറഞ്ഞ് സമരത്തിലാണ് പോലും. മതേതര ഇന്ത്യയില്‍ നടമാടുന്ന ഇത്തരം സാംസ്‌കാരിക അപചയത്തിന് കാരണമന്വേഷിക്കേണ്ടിയിരിക്കുന്നു. മത സ്പര്‍ദ്ധയും, മതവിദ്വേഷവും വെച്ചുപുലര്‍ത്തുന്ന വിദ്യാസമ്പന്നര്‍ നാടിനു തന്നെ അപമാനമാണ്.

ഞാന്‍ എണ്‍പതുകളില്‍ പഠിപ്പിച്ച ഒരു പ്രൈമറി സ്‌കൂളിലെ സമാനസംഭവം ഓര്‍ത്തുപോകുന്നു. പ്രസ്തുത സ്‌കൂളില്‍ ആദ്യമായി ഒരു വനിത, അധ്യാപികയായി ജോയിന്‍ ചെയ്തു. അവരുടെ ജാതി പേരിലാണ് കുട്ടികള്‍ അറിയപ്പെടുന്നത്. വണ്ണാത്തി ടീച്ചര്‍ എന്നാണ് പോലും വിളിച്ചിരുന്നത്. തുടര്‍ന്ന് അവിടെ പുതിയതായി വരുന്ന ടീച്ചറെ പോലും വണ്ണാത്തി ടീച്ചര്‍ എന്നാണ് കുട്ടികള്‍ വിളിക്കാറ്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ട്രെയിന്‍ ഇറങ്ങി റോഡിലൂടെ ഞാന്‍ നടക്കുകയായിരുന്നു. വലതുഭാഗത്താണ് ഞാന്‍ മുണ്ടുടുക്കാറ്. കണ്ടാല്‍ ഏതു മതക്കാരനാണെന്ന് തിരിച്ചറിയാന്‍ പറ്റില്ല. പേരുകൊണ്ടേ ഹിന്തു, മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങളെ തിരിച്ചറിയാന്‍ പറ്റൂ. അന്ന് തിരുവന്തപുരത്തുളള സ്ഥാപനത്തെക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ല. ഒരു വഴിപോക്കനെ കണ്ടു. ചിരിച്ചു കൊണ്ടുളള സംസാരം കണ്ടപ്പോള്‍ നല്ല മനുഷ്യനാണെന്ന് തോന്നി. ഉച്ചസമയമാണ്. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഇവിടെ അടുത്ത് നല്ല ഹോട്ടല്‍ വല്ലതുമുണ്ടോ? എന്നെ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു, നമ്മെ പോലുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റുന്ന ഹോട്ടല്‍ ആണ്. മറ്റെല്ലാം മുസ്ലീം-ക്രിസ്ത്യന്‍ ഹോട്ടലുകളാണ്. മനുഷ്യനപ്പുറം മതത്തിനു പ്രാധാന്യം കൊടുക്കുന്നവര്‍ ഇന്ന് ഏറി വരുന്നുണ്ടോ എന്നൊരു സംശയം.

ഇതിനു മറുവശമള്ളൊരു സംഭവം ഈയിടെ ഒരു ഹോസ്പിറ്റലില്‍ നടന്നു. ഒരേ ദിവസം ഒരേസമയം ഒരു ഹിന്ദു സ്ത്രീയും മുസ്ലീം സ്ത്രീയും പ്രസവിക്കുന്നു. നഴ്‌സ് കുട്ടികളെ കുളിപ്പിച്ചുകൊണ്ടുവന്ന് അമ്മമാരുടെ അടുത്ത് കിടത്തി. പരസ്പരം മാറിയാണ് കുട്ടികളെ കിടത്തിപ്പോയത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി. രണ്ടുവീട്ടുകാരും കുഞ്ഞുങ്ങളെ വളര്‍ത്തി. രൂപത്തിലും ഭാവത്തിലും മാറ്റം കണ്ട ഒരു വീട്ടുകാര്‍ പരാതിയുമായി ആശുപത്രിയില്‍ ചെന്നു. പരിഹരിക്കാന്‍ പറ്റാത്തപ്പോള്‍ കേസ് ഫയല്‍ ചെയ്തു ഡിഎന്‍എ ടെസ്റ്റ് ചെയ്തു. പരസ്പരം മാറിപ്പോയതായി തെളിഞ്ഞു. അപ്പോഴേക്കും കുഞ്ഞുങ്ങള്‍ക്ക് ഒന്നര വയസായിരുന്നു. ഇരുകൂട്ടരും കുഞ്ഞുങ്ങളെ പരസ്പരം കൈമാറാന്‍ ശ്രമിച്ചു. കുട്ടികള്‍ വഴങ്ങിയില്ല. ഇത്രയും വളര്‍ത്തിയില്ലെ, ഇനി ഇവര്‍ തന്നെ ഞങ്ങളുടെ കുട്ടികള്‍ എന്നു പറഞ്ഞു അന്നേവരെ പോറ്റിവളര്‍ത്തിയ കുട്ടിയുമായി ഇരുവീട്ടുകാരും സൗഹാര്‍ദ്ദത്തില്‍ പിരിഞ്ഞു. ഒരു നഴ്‌സ് വിചാരിച്ചാല്‍ കഴിയുന്നതേയുള്ളൂ ജാതി-മത ഭ്രാന്തുകള്‍.

ഇനിവരുന്ന തലമുറയ്‌ക്കെങ്കിലും വാലുവെയ്ക്കാതെ പേരുവിളിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്. പേരിലും മതത്തിലും ധ്വനിയില്ലാതെ മാറ്റം വന്നു കൊണ്ടിരികുകയാണ്. ഹോട്ടലുകള്‍ക്കും, പ്രൈവറ്റ് ബസുകള്‍ക്കും മതമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പേരിടുന്നതും ഗുണം ചെയ്യും. ജാതി-മത സ്പര്‍ദ്ദയില്ലാത്ത സമൂഹം വളര്‍ന്നുവരുന്നത് കാണാന്‍ നമുക്ക് ശ്രമിക്കാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Article, Kookanam-Rahman, school, Study, Friends, Politics, wedding,Caste discrimination in society