» » » » » » ഓണം: മഹാബലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തിയതാണോ, അതിനുപിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്

വിശാഖ് എസ് രാജ്, മുണ്ടക്കയം

(www.kvartha.com 10.09.2019) ഓണം എന്നു തുടങ്ങി, എവിടെ തുടങ്ങി എന്നതിന് കൃത്യമായ രേഖകള്‍ ഇല്ല. തമിഴ് സംഘകാല കൃതികളിലാണ് ഓണത്തെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമര്‍ശങ്ങള്‍ ഉള്ളത്. കൃഷിയുമായി ബന്ധപ്പെട്ടുള്ള കൂടിച്ചേരലുകളും ആഘോഷങ്ങളും മറ്റുമാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള ഓണാഘോഷത്തിലേയ്ക്ക് വഴി മാറിയത്. കൃത്യമായി പറഞ്ഞാല്‍ ഓണം ഒരു കാര്‍ഷികോത്സവം ആയിരുന്നു. അതിനെ പുരാണകഥകളും ഈശ്വര സങ്കല്പങ്ങളുമായി കൂട്ടിയിണക്കിയത്, ആഘോഷം വരും തലമുറ നിലനിര്‍ത്തിക്കൊണ്ട് പോകണം എന്ന് പ്രാചീനര്‍ ആഗ്രഹിച്ചത് കൊണ്ടാവണം. കൃഷിയെ ഭക്തിയുമായി ബന്ധിപ്പിക്കുന്നു. അപ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണമെന്നും മറ്റു ചിലത് കര്‍ശനമായി ഒഴിവാക്കണമെന്നും ഉള്ള ഭയം ഉണ്ടാകുന്നു. ഇല്ലാ എന്നുണ്ടെങ്കില്‍ ദോഷം സംഭവിക്കും എന്ന ബോധത്തില്‍ അച്ഛനില്‍ നിന്ന് മകനിലേയ്ക്ക് ഒരു കാര്‍ഷിക സംസ്‌കൃതി കൈമാറപ്പെടുന്നു. ഞാനിത് ചെയ്യണം, ഇല്ലെങ്കില്‍ അച്ഛന്റെ ആത്മാവിന് ദോഷമാണ്. ഞാനിത് ചെയ്യരുത്, ചെയ്താല്‍ വരാനിരിക്കുന്ന എന്റെ സന്തതിപരമ്പരകള്‍ക്ക് ദോഷമാണ്. ഇങ്ങനെ വേണ്ടതും വേണ്ടാത്തതും തലമുറ തലമുറയായി കൈമാറാന്‍ ഉള്ള സൂത്രവാക്യങ്ങള്‍ ആയിരുന്നു പ്രാചീനന് മിത്തുകള്‍.

ഓണത്തിന്റെ ഐതിഹ്യം നമുക്കൊന്ന് പരിശോധിക്കാം. മഹാബലി... കള്ളവും ചതിയുമില്ലാത്ത, നന്മ മാത്രമുള്ള, എല്ലാവരും സ്വരുമയോടെ കഴിയുന്ന ഒരു രാജ്യത്തെ രാജാവ്. കേരളത്തിന്റെ ചരിത്രം ഇങ്ങനെയൊരു രാജാവിനെ കുറിച്ച് പറയുന്നില്ല. വിഷ്ണുവിന്റെ അവതാരമായ വാമനന്‍, മഹാബലിയെ ചവിട്ടിത്താഴ്ത്തിയ കഥയും കേരളത്തിന് സ്വന്തമല്ല. ഭാഗവത പുരാണത്തിലാണ് മഹാബലിയെയും വാമനനയെയും നമ്മള്‍ ആദ്യം കാണുക. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ഒരു ആഘോഷത്തിലേയ്ക്ക് പ്രസ്തുത പുരാണ കഥയെ പഴമക്കാര്‍ കൂട്ടിക്കെട്ടിയത് എന്തിനായിരിക്കും?

ഒന്നാമതായി പ്രാചീനര്‍ പ്രസ്തുത കഥയെ എങ്ങനെ നോക്കിക്കണ്ടു എന്ന് ചിന്തിക്കണം. ഇന്നത്തെ തലമുറ വ്യാഖ്യാനിക്കുന്നത് പോലെ കേവലമൊരു ചവിട്ടിത്താഴ്ത്തല്‍ കഥ ആയിട്ടല്ല അവര്‍ അതിനെ കണ്ടത്. ആചരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ നിരവധി തത്വദര്‍ശനങ്ങള്‍ അതിലുണ്ടെന്ന് അവര്‍ കണ്ടെത്തി. ആ ദര്‍ശനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.


വാമനന്‍ മഹാബലിയുടെ അടുക്കലെത്തുമ്പോള്‍ അവിടെ ഒരു യാഗം നടക്കുകയാണ്. വിശ്വജിത് യാഗം. കൈവശമുള്ള സമ്പത്തെല്ലാം ദാനം ചെയ്യുകയാണ് യാഗം നടത്തുന്നയാള്‍ ചെയ്യേണ്ടത്.ഇവിടെ അത് മഹാബലിയാണ്.അതുകൊണ്ടാണ് ബലി വാമനനോട് എന്ത് വേണമെങ്കിലും ആവിശ്യപ്പെടാന്‍ പറയുന്നതും.ഭാരതീയ തത്വചിന്തയുടെ ഉയരം അറിയണമെങ്കില്‍ ഈ ഭാഗം ശ്രദ്ധിച്ചു വായിക്കണം.വിശ്വജിത് യാഗമാണ്.വിശ്വത്തെ ജയിക്കാന്‍ ഉള്ള യാഗം.പക്ഷെ ചെയ്യുന്നതോ കൈയില്‍ ഉള്ളതെല്ലാം ത്യജിക്കുകയും.ലോകത്തെ ജയിക്കുന്നത് വെട്ടിപ്പിടിച്ചുകൊണ്ടല്ല, ത്യാഗം ഒന്നുകൊണ്ടു മാത്രമെന്ന് പഠിപ്പിക്കുകയാണ് പുരാണം. വര്‍ഷാവര്‍ഷം ഓണം ആഘോഷിക്കുന്നതിലൂടെ കഥയിലെ ഈ തത്വവും ആഘോഷിക്കപ്പെടുന്നു. അടുത്ത തലമുറയിലും ത്യാഗം എന്ന ആശയം വേരുപിടിക്കുന്നു.

ത്യജിക്കാന്‍ ധൈര്യമുള്ള, പ്രജകളെ അച്ഛന്‍ മക്കളെയെന്നപോലെ പരിപാലിക്കുന്ന രാജാവിനെ എന്തിന് ചവിട്ടിത്താഴ്ത്തി ?ഇവിടെ ചവിട്ടിത്താഴ്ത്തുക എന്ന പ്രയോഗം തന്നെ ശരിയല്ല. അതിലേക്ക് വരാം. അതിനു മുമ്പ്് വാമനനോടുള്ള ബലിയുടെ വാചകങ്ങള്‍ കേള്‍ക്കുക. എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളാനാണ് പറയുന്നത്. ആരോടാണ് പറയുന്നത്? പ്രപഞ്ചം മുഴവന്‍ പരിപാലിക്കുന്നവന്‍ ആരോ അവനോട്. പ്രപഞ്ചം മുഴുവന്‍ ആരുടെ സ്വന്തമോ അവനോട്. ഭാരത ദര്‍ശനങ്ങള്‍ പ്രകാരം അഹന്ത പൊറുക്കാനാവാത്ത തെറ്റായി കണക്കാക്കപ്പെടുന്നു. ബലി രാജാവ് ആണ്. പക്ഷെ ജീവിച്ചിരിക്കുന്ന കാലത്തോളമേ രാജ്യം ബലിക്ക് സ്വന്തമായുള്ളൂ. ബലിക്ക് മുന്‍പ് മറ്റാരുടെയോ ആയിരുന്ന ഭൂമി. ബലിക്ക് ശേഷവും മറ്റാരുടെയോ ആകാനുള്ള ഭൂമി. ബലി താല്‍ക്കാലിക നടത്തിപ്പുകാരന്‍ മാത്രമാണ്. എന്ത് വേണമെങ്കിലും കൊടുക്കാന്‍ ഇതെല്ലാം ബലിയുടെ ആണോ? (എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ പറഞ്ഞ രാജാവിന് ചാട്ടവാറടി ശിക്ഷ കൊടുത്ത കഥ മഹാഭാരത്തിലുണ്ട്). വിശ്വജിത് യാഗത്തിന് മുന്നില്‍ നില്‍ക്കുമ്പോളും ബലി തത്വം അറിയുന്നില്ല.ത്യജിക്കുന്നതെല്ലാം തന്റേതാണ് എന്ന അഹന്തയില്‍ ആണയാള്‍. യഥാര്‍ഥ അവകാശി ആണ് മുന്നില്‍ നില്‍ക്കുന്നത്. ബലിയുടെ അഹന്ത നീക്കാനാണ് വാമനന്‍ മൂന്ന് ലോകവും കാലുകൊണ്ട് അളന്നെടുക്കുന്നത്.

തിരിച്ചറിവിന്റെ ബോധ്യത്തിലാണ് ബലി തല കുനിച്ചുകൊടുക്കുന്നത്. വാമനന്‍ ബലിയെ ചവിട്ടിത്താഴ്ത്തുക അല്ല ചെയ്തത്. അങ്ങനെയൊരു വ്യാഖ്യാനം തെറ്റാണ് എന്നല്ല. കൂടുതല്‍ ശരിയായി തോന്നുന്നത് മറ്റൊരു വ്യാഖ്യാനമാണ്. തന്റെ അഹന്ത ബോധ്യപ്പെട്ട ബലി വാമനന് മുന്‍പില്‍ തല കുനിയ്ക്കുന്നു. വാമനന്‍ അഥവാ വിഷ്ണു ബലിയെ തലയില്‍ കാല്‍വെച്ച് അനുഗ്രഹിക്കുന്നു. ശേഷം ബലി ആറ് അധോലോകങ്ങളില്‍ ഒന്നായ സുതലത്തിലേയ്ക്ക് അയക്കപ്പെടുന്നു(പാതാളം അല്ല). തലയില്‍ കാല്‍വെച്ച് അനുഗ്രഹിക്കുന്ന രീതി ഇന്നും നിലവിലുണ്ട്. ബലിയെ ഇല്ലാതെയാക്കാന്‍ ആയിരുന്നുവെങ്കില്‍ അവതാരത്തിന് അത് നിഷ്പ്രയാസം ആകാം. എന്തിന് ചവിട്ടിത്താഴത്തണം?. അപ്പോള്‍ അത് ശിക്ഷ അല്ല രക്ഷ ആണ്. രാമന്‍ രാവണനെ വധിച്ചു എന്നു പറഞ്ഞാല്‍ മോക്ഷം കൊടുത്തു എന്നാണ് അര്‍ത്ഥം പറയാറുള്ളത്. അപ്പോള്‍ തലയില്‍ കാല്‍ വെക്കുന്നതിനെ ചവിട്ടിത്താഴ്ത്തി എന്നു അക്ഷരാര്‍ത്ഥത്തില്‍ കാണണോ?

ഭാരതീയ ഋഷിമാര്‍ ബിംബങ്ങളിലൂടെ ആശയം അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിരിച്ചിരുന്നു. അതുകൊണ്ടാണ് വേദാന്തം പഠിച്ചിട്ട് വേണം ഇതിഹാസങ്ങള്‍ വായിക്കാന്‍ എന്ന് ചില ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. അല്ലെങ്കില്‍ ബിംബങ്ങളില്‍ ഒളിപ്പിച്ച വേദ തത്വങ്ങള്‍ തെളിഞ്ഞു കിട്ടില്ല. ഇവിടെ സുതലം ഒരു ഭൗതികമായ സ്ഥലം ആകാനിടയില്ല. ഒരാളുടെ ആത്മീയ പുരോഗതിയുടെ അളവുകോല്‍ ആകണം ഊര്‍ദ്ധലോകങ്ങളും അധോലോകങ്ങളും. തലയില്‍ കാല്‍വെച്ച് അനുഗ്രഹിച്ച് സുതലത്തിലേയ്ക്ക് അയച്ചു എന്നു പറഞ്ഞാല്‍ അവന്‍ ആത്മീയമായി ഒരുപടി കൂടി ഉയര്‍ന്നു എന്നാണ്. സ്വര്‍ഗ്ഗത്തിലെത്തി ആത്മീയ സമ്പത്ത് നശിച്ച് വീണ്ടും ഭൂമിയിലേക്ക് വീഴുന്നവരെക്കുറിച്ച് ഭഗവത് ഗീത പറയുന്നു. ഗീതയില്‍ സ്വര്‍ഗം കൊണ്ട് ആത്മീയ പുരോഗതിയാണ് ഉദ്ദേശിച്ചതെങ്കില്‍ ബലിയുടെ കാര്യത്തിലും അങ്ങനെ തന്നെ ആകാനേ തരമുള്ളൂ. ഇങ്ങനെ വിവിധ ലോകങ്ങളെക്കുറിച്ചുള്ള വിവരണം ഭാരതീയ ഗ്രന്ഥങ്ങളില്‍ കാണാം.

വാമനാവതാരവും മഹാബലിയുടെ അധോലോക വാസവുമൊക്കെ അഹന്തയും ത്യാഗവും മോക്ഷവുമൊക്കെ പഠിപ്പിക്കുവാനുള്ള ഗുണപാഠ കഥയാണ്. കഥയായി പറഞ്ഞാല്‍ കേള്‍ക്കുന്തോറും ആശയം ഉറയ്ക്കും എന്നുള്ള പ്രാചീന ബുദ്ധി. കഥയുടെ ഉള്ളിലെ അറിവിനെ  ആണ് സത്യത്തില്‍ നാം ഓണം എന്ന പേരില്‍ ആഘോഷിക്കുന്നത്. മാവേലി ഭരിച്ചത്‌കൊണ്ട് മാത്രമല്ല രാജ്യത്തിന് സമൃദ്ധി ഉണ്ടായത്. കള്ളവും ചതിയും ഇല്ലാതാവാന്‍ രാജാവ് ഒരാള്‍ വിചാരിച്ചാല്‍ പോരാ. പ്രജകള്‍ അങ്ങനെയാവണം. ഉള്ളതില്‍ തൃപ്തിപെട്ട് ജീവിച്ചാല്‍ മോഷ്ടിക്കേണ്ടി വരില്ല. എനിക്കുള്ളതില്‍ കുറച്ചു അപരന് കൊടുത്താല്‍ പട്ടിണി കിടക്കാനും ആരുമുണ്ടാവില്ല. രാജാവും പ്രജകളും ഒരുപോലെ കേമന്മാര്‍ ആകണം അതിന്. ഭരിക്കുന്നവനെയും ഭരിക്കപ്പെടുന്നവനെയും അത് ഓര്‍മ്മപെടുത്താന്‍ ആകണം പണ്ടുള്ളവര്‍  ഐതിഹ്യത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്. ബലി വരും പ്രജകളെ കാണാന്‍. അപ്പോള്‍ ബലി ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയായിരുന്നോ അങ്ങനെ ആകണ്ടേ...?. എല്ലാവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നന്മയുടെയും നല്ലൊരു ഓണം ആശംസിക്കുന്നു...

Keywords: Kerala, Onam, Article, Trending, Story behind Onam

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal