പാച്ചേനിയോട് കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com 10.09.2019) ചെറുപുഴയിലെ കരാറുകാരന്‍ ജോസഫ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിനുള്ള ക്ഷണത്തിന് 21 ചോദ്യങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ മറുപടി. സംവാദമല്ല നടത്തേണ്ടത്. കുറ്റവാളികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ നടപടിയാണ് വേണ്ടതെന്ന് എം വി ജയരാജന്‍ തുറന്നടിച്ചു.

സാമ്പത്തിക തട്ടിപ്പിനും മരണത്തിനും ഉത്തരവാദിയായ ചെറുപുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ക്രിമിനല്‍ കുറ്റവാളികളാണ്. അവരുടെ പേരില്‍ ക്രിമിനല്‍ നടപടികളാണ് സ്വീകരിക്കേണ്ടത്. ഡിസിസി പ്രസിഡന്റ് പറയുന്നതുപോലെ സംവാദത്തിന് ക്രിമിനല്‍ നടപടി ചട്ടങ്ങളില്‍ വ്യവസ്ഥയില്ല. തന്റെ അനുയായികള്‍ നിരപരാധികളാണെങ്കില്‍ കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. നിരപരാധിത്വം തെളിയിക്കാന്‍ തെളിവുകളൊന്നുമില്ലെന്നതാണ് സംവാദമെന്ന കുറ്റസമ്മതത്തിന് കാരണം.

ചെറുപുഴയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളിലുള്ള തെളിവുകള്‍ അടിസ്ഥാനമാക്കി ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി പറയാന്‍ തന്റേടം കാണിക്കുമോ?, കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി ജനങ്ങളില്‍ നിന്ന് പണം പിരിക്കുകയും അത് സ്വകാര്യ കമ്പനിയുടെ പേരില്‍ ചിലര്‍ തട്ടിയെടുക്കുകയും ചെയ്തു എന്നത് വഞ്ചനാകുറ്റമല്ലേ?, 2015 ജനുവരി 15ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയ കെ കരുണാകരന്‍ സ്മാരക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്തുകൊണ്ട് അവിടെ കാണുന്നില്ല?, ചെറുപുഴയില്‍ നടന്ന തട്ടിപ്പിനെക്കുറിച്ചൊന്നും കോണ്‍ഗ്രസ് നേതൃത്വം അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമല്ലേ?, ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനായി അന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സതീശന്‍ പാച്ചേനി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തില്‍ സഞ്ചരിച്ചതും പരിപാടിയില്‍ ആശംസയര്‍പ്പിച്ചതും നിഷേധിക്കാന്‍ പറ്റുമോ?, അന്നത്തെ ചടങ്ങില്‍ കണ്ണൂര്‍, കാസര്‍കോട് ഡിസിസി പ്രസിഡന്റുമാരായിരുന്ന കെ സുരേന്ദ്രനും അഡ്വ. സി കെ ശ്രീധരനും പങ്കെടുത്തിട്ടും അവിടെ നടന്ന കാര്യങ്ങളൊന്നും നേതൃത്വം അറിയില്ലെന്ന് പറയുന്നത് ജനവഞ്ചനയല്ലേ?. ഇത്തരത്തില്‍ 21 ചോദ്യങ്ങളാണ് എം വി ജയരാജന്‍ സതീശന്‍ പാച്ചേനിയോട് ചോദിച്ചിരിക്കുന്നത്.

പാച്ചേനിയോട് കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി ജയരാജന്‍

Keywords:  Kerala, News, Kannur, Death, Congress, CPM, KPCC, hospital, kasaragod, facebook, Jayarajan against Satheeshan Pacheni
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia