Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം; ഭൂരിപക്ഷമില്ലാത്ത കുമാരസ്വാമി സര്‍ക്കാര്‍ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ബി ജെ പി; തുറുപ്പു ചീട്ടായി വിപ്പ്; വിധാന്‍ സൗധയിലും പരിസരത്തും കനത്ത പോലീസ് സുരക്ഷ; എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം Bangalore, News, Karnataka, Politics, Trending, BJP, Congress, Supreme Court of India, National,
ബംഗളൂരു: (www.kvartha.com 12.07.2019) രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. അന്തരിച്ച പ്രമുഖര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് പിരിയുക മാത്രമാണ് ആദ്യദിവസത്തെ നടപടിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി.യുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഭൂരിപക്ഷമില്ലാത്ത കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി.യുടെ നിലപാട്.

അതിനിടെ, ചട്ടപ്രകാരം രാജിസമര്‍പ്പിച്ച അഞ്ച് വിമത എം.എല്‍.എ.മാരില്‍ മൂന്നുപേരെ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ വെള്ളിയാഴ്ച നേരിട്ടുകാണും. വൈകിട്ട് നാലുമണിക്ക് സ്പീക്കറുടെ ചേംബറിലെത്താനാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ രാജിവച്ച എം.എല്‍.എമാരില്‍ മിക്കവരും വ്യാഴാഴ്ച അര്‍ധരാത്രിയോടെ തന്നെ മുംബൈയിലേക്ക് തിരികെപോയി.

Karnataka crisis live updates: Hearing in Supreme Court under way, Bangalore, News, Karnataka, Politics, Trending, BJP, Congress, Supreme Court of India, National

വെള്ളിയാഴ്ച ആരംഭിക്കുന്ന സഭാസമ്മേളനത്തില്‍ അനിഷ്ടസംഭവങ്ങളുണ്ടായേക്കാനുള്ള സാധ്യതയുള്ളതിനാല്‍ വിധാന്‍സൗധയിലും പരിസരത്തും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വിധാന്‍സൗധയിലും പരിസരത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധിയും വെള്ളിയാഴ്ച വരും.

നിയമസഭാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മന്ത്രിസഭാ യോഗം പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചത്. രാജി സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. എന്നാല്‍ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാകും. എന്നാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഗവര്‍ണറുടെ നിലപാട്. വിമതരുടെ രാജിയില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഗവര്‍ണര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വിമതരുടെ രാജിയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. എന്നാല്‍ ഇതിന് തയ്യാറാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.

ഭരണപക്ഷത്തുനിന്ന് 16 പേര്‍ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതില്‍ ബി.ജെ.പി.ക്ക് 107 പേരുടെയും കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 101 പേരുടെയും പിന്തുണയുമാണുള്ളത്. ഈ സാഹചര്യത്തില്‍ ധനബില്‍ പാസാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. വിമതപക്ഷത്ത് നിന്നുള്ളവരെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.

രാജിവെച്ച എം.എല്‍.എ.മാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസും ജനതാദള്‍ എസും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിക്ക് സാധ്യത കുറവാണ്. 16 പേരെ അയോഗ്യരാക്കിയാല്‍ സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അവസരം പൂര്‍ണമായും ഇല്ലാതാകും. ബി.ജെ.പി.ക്ക് സര്‍ക്കാരിനെ വീഴ്ത്താനും കഴിയും. നിലവില്‍ ഭരണപക്ഷത്തേക്കാള്‍ ബി.ജെ.പി.ക്ക് ആറ് അംഗങ്ങളുടെ കൂടുതല്‍ പിന്തുണയുണ്ട്. വിമതപക്ഷത്തുനിന്ന് ഇത് നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

രാജിവെച്ച മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാമലിംഗ റെഡ്ഡി നിലപാട് മാറ്റിയാല്‍ അനുയായികളായ അഞ്ച് പേരുടെ രാജി ഒഴിവാക്കാന്‍ കഴിയും. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് വിമതര്‍ വീണ്ടും ബംഗളൂരുവിലെത്തിയെങ്കിലും കനത്തസുരക്ഷ കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ വീണ്ടും മുംബൈയിലേക്ക് പോയതും തിരിച്ചടിയായി.

അതിനിടെ കര്‍ണാടകയിലെ പത്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നേരിട്ട് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ, വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനും പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി.

വിമതരെ മെരുക്കാനുള്ള ആയുധമായാണ് കൂറുമാറ്റ നിയമം അയോഗ്യരാക്കാവുന്ന വിപ്പ് കോണ്‍ഗ്രസ് പ്രയോഗിച്ചിരിക്കുന്നത്. 26 വരെയാണ് സഭാസമ്മേളനം. വിമതരായ തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ജനതാദളും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഫെബ്രുവരിയില്‍ വിപ് ലംഘിച്ചതിനെ തുടര്‍ന്ന് നടപടിക്കു നിര്‍ദേശിച്ച രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇരുവരും രാജി സമര്‍പ്പിച്ചിട്ടുണ്ട്. ദളിന്റെ മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ 16 പേരാണ് ഇതുവരെ രാജിവച്ചത്. സുപ്രീംകോടതിയെ സമീപിച്ചത് ഇവരില്‍ 10 പേര്‍.

നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഭരണപക്ഷ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചയിലായിരുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായാല്‍ വിമതരെ അയോഗ്യരാക്കാനാണ് തീരുമാനം.

അതേസമയം സുപ്രീംകോടതി ഇടപെട്ടതോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ വ്യാഴാഴ്ച നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിമതരുടെ രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ച് നിര്‍ദേശിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്പീക്കറും അതേ ബെഞ്ചിനെ സമീപിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് സ്പീക്കര്‍ക്ക് നേരിട്ട് രാജിനല്‍കാനാണ് വിമതരോട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്. ഇവരുടെ ഭാഗം കേട്ടശേഷം കഴിഞ്ഞദിവസം തന്നെ തീരുമാനമെടുക്കണമെന്നും അത് വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും സ്പീക്കറോടും നിര്‍ദേശിച്ചു.

എന്നാല്‍ എം.എല്‍.എമാരുടെ രാജി സ്വമേധയാ ആണോ സമ്മര്‍ദത്തിന് വഴങ്ങിയാണോ എന്ന് ഉറപ്പാക്കാന്‍ സമയം വേണമെന്നാണ് സ്പീക്കറുടെ ഹര്‍ജിയിലെ ആവശ്യം. രാജി സ്വമേധയാ ആണെന്നും സത്യസന്ധമാണെന്നും ബോധ്യപ്പെട്ടാലേ സ്പീക്കര്‍ സ്വീകരിക്കേണ്ടതുള്ളൂ എന്നും മിന്നല്‍ വേഗത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നും സ്പീക്കറുടെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ബോധിപ്പിച്ചു.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. എം.എല്‍.എമാരുടെ ഹര്‍ജിക്കൊപ്പം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കി.

തുടര്‍ന്ന് പത്ത് എം.എല്‍.എമാരും ആറ് മണിക്ക് മുന്‍പേ വിധാന്‍ സൗധയില്‍ എത്തി സ്പീക്കര്‍ക്ക് രാജി കൈമാറി. എം.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശപ്രകാരം ബംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് വിധാന്‍ സൗധ വരെ പോലീസ് ട്രാഫിക് നിയന്ത്രിച്ചിരുന്നു. പോലീസ് വലയത്തിലാണ് എം.എല്‍.എമാരെ വിധാന്‍ സൗധയിലേക്ക് കടത്തിയതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka crisis live updates: Hearing in Supreme Court under way, Bangalore, News, Karnataka, Politics, Trending, BJP, Congress, Supreme Court of India, National.