Follow KVARTHA on Google news Follow Us!
ad

ടീമിന് ബാധ്യതയാവുന്ന ഒരു ഇതിഹാസത്തെയും മുന്‍കാല സംഭാവനകളുടെ പേരില്‍ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനം കൃത്യതയോടെ നടപ്പിലാക്കിയ ക്യാപ്ടനാണ് ധോണി; ഇന്ന് ആ നിയോഗം കോഹ്ലിക്കാണ്; മുടി നീട്ടി വളര്‍ത്തിയ ധോണിയില്‍ നിന്ന് നര വന്ന ധോണിയിലേക്കെത്തുമ്പോള്‍...

എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് കിരീടങ്ങള്‍ സമ്മാനിച്ച ഈ ക്യാപ്റ്റന് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മറ്റൊരാള്‍ ഉഴുതുമറിച്ച് വിത്ത് പാകിയ മികച്ചൊരു ടീം ഉണ്ടായിരുന്നു. അയാള്‍ കണ്ടെത്തി കൊണ്ടുവന്ന കുറേ Article, Mahendra Singh Dhoni, Sports, Cricket, Player, Article about MS Dhoni.
സാബിത്ത് അബൂബക്കര്‍
(www.kvartha.com 12.07.2019)
എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് കിരീടങ്ങള്‍ സമ്മാനിച്ച ഈ ക്യാപ്റ്റന് മറ്റൊരാള്‍ ഉഴുതുമറിച്ച് വിത്ത് പാകിയ മികച്ചൊരു ടീം ഉണ്ടായിരുന്നു.. അയാള്‍ കണ്ടെത്തി കൊണ്ടുവന്ന കുറേ താരങ്ങളുണ്ടയിരുന്നു.. ആ ടീമിന് മുന്‍ഗാമികളുടെ അനുഗ്രഹവും പിന്തുണയുമുണ്ടായിരുന്നു.. സർവ സന്നാഹങ്ങളും പരിവാരങ്ങളുണ്ടായിരുന്നു.. എന്തിന് ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലുമുള്ള മികച്ച ക്യാപ്റ്റനായി വളര്‍ന്ന, ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ പ്രതിഷ്ടിക്കപ്പെട്ട ഒരു നീണ്ട തലമുടിയന്‍ താരത്തിന്റെ പ്രതിഭ മനസിലാക്കി വളര്‍ത്തിയെടുത്തത് പോലും അദ്ദേഹമായിരുന്നു. അതായിരുന്നു 2011 വരെയുണ്ടായിരുന്ന ഇന്ത്യന്‍ ടീം. അദ്ദേഹം പാകിയ വിത്ത് 2011ല്‍ ഇന്ത്യ കൊയ്തു. അന്ന് ക്യാപ്റ്റന്റെ സ്ഥാനം ആ മുടിയനായിരുന്നു.

പിന്നീട് ഒരു ടീമിനെ ഭാവിയിലേക്ക് വാര്‍ത്തെടുക്കാനുള്ള നിയോഗം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ അത് അദ്ദേഹം ഭംഗിയായി ചെയ്തിരുന്നുവെങ്കില്‍ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നാലാം നമ്പറില്‍ സ്ഥിരമായി ഒരു താരമില്ലാതെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല. ഒരു പക്ഷേ ലോകകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്താകുമായിരുന്നില്ല. വിക്കറ്റിന് പിന്നില്‍ ഇപ്പോഴും അദ്ദേഹത്തിൽ മാത്രം വിശ്വാസമര്‍പ്പിക്കേണ്ട അവസ്ഥ വരില്ലായിരുന്നു.


ഒരു ക്യാപ്റ്റനും കൊയ്യുന്നത് അദ്ദേഹം പാകിയ വിത്തിന്റെ ഫലമല്ല. മുന്‍ ക്യാപ്റ്റന്‍ പാകിയ വിത്താണ്. ദാദയും കൂട്ടരും പാകിയ വിത്താണ് 2011ല്‍ ധോണി കൊയ്തത്. ധോണി പാകിയ വിത്ത് കൊയ്യാനുള്ള നിയോഗം കോഹ്ലിക്കായിരുന്നു. അത് ധോണിയുടെ തന്നെ കൈ കൊണ്ടാകാനുള്ള അവസരം ഈ ലോകകപ്പിലുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല.

ശരിയാണ്, ധോണി മികച്ച ക്യാപ്റ്റനായിരുന്നു. സമ്മര്‍ദ ഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ടീമിനെ പഠിപ്പിച്ചു. അതായിരുന്നല്ലോ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ ടീം തകര്‍ന്നടിഞ്ഞപ്പോള്‍ 20 ഓവറില്‍ ടി വി ഓഫാക്കി പോകേണ്ടിയിരുന്നവരെ 48 ഓവര്‍ വരെ ടിവിക്ക് മുന്നില്‍ പിടിച്ചിരുത്തിയത്. പക്ഷേ ഭാവിയിലേക്ക് ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നാണ് മറുപടിയെങ്കില്‍ എന്ത് കൊണ്ടാണ് സ്ഥിരതയുള്ള ഒരു ടീം ഇന്ന് നമുക്കില്ലാതെ പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരും.

ടീമിന് ബാധ്യതയാവുന്ന ഒരു ഇതിഹാസ താരത്തെയും മുന്‍കാല സംഭാവനകളുടെ പേരില്‍ ടീമില്‍ നിലനിറുത്തേണ്ടതില്ല എന്ന തീരുമാനം കൃത്യതയോടെ നടപ്പിലാക്കിയ ക്യാപ്ടനാണ് ധോണി. പല ഇതിഹാസങ്ങളെയും പുറത്താക്കി അദ്ദേഹം യുവതാരങ്ങള്‍ക്ക് അവസരം നല്‍കി.

സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍, സേവാഗ് തുടങ്ങിയ വമ്പന്മാരുടെ ബാഹുല്യമുള്ള ടീമിനെ നയിക്കാനുള്ള നിയോഗമായിരുന്നു അന്ന് ധോണിക്ക് ലഭിച്ചത്. ശരീരികക്ഷമമായ ടീമെന്ന തന്റെ ലക്ഷ്യത്തിന് ഈ ടീം യോജിക്കില്ലെന്ന് ആദ്യമേ മനസിലാക്കിയ ധോണി ദ്രാവിഡിനെയും തന്നെ താനാക്കി വളര്‍ത്തിയ ഗാംഗുലിയെയും പുറത്താക്കാനുള്ള തന്ത്രമായിരുന്നു ആദ്യം മെനഞ്ഞത്. നായകസ്ഥാനം ഏറ്റെടുത്ത് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായ ഗാംഗുലിയും രാഹുല്‍ ദ്രാവിഡും ഏകദിന ടീമില്‍ നിന്നും പുറത്തായി. അപ്പോഴേക്കും മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ ഗാംഗുലിക്ക് സാധിച്ചിരുന്നു. ലക്ഷ്മണും പിന്നീട് ആരുമറിയാതെ ഇന്ത്യന്‍ ടീമിന് അന്യനായി.

പിന്നീട് ഉണ്ടായിരുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വെടിക്കെട്ട് താരമെന്ന് പേരുകേട്ട വിരേന്ദര്‍ സേവാഗുമായിരുന്നു. ഇരുവരെയും അത്ര എളുപ്പത്തില്‍ പുറത്താക്കുക ധോണി എന്ന ക്യാപ്റ്റന് സാധ്യമായിരുന്നില്ല. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി പിടിച്ചടക്കിക്കൊണ്ടിരിക്കുമ്പോഴും പ്രായം ചെന്ന ഇരുവരും ടീമിന് ബാധ്യതയാണെന്ന നിലപാട് ആയിരുന്നു ധോണി സ്വീകരിച്ചിരുന്നത്. പിന്നീട് ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ സച്ചിനും സേവാഗിനും വിശ്രമം നല്‍കിയത് തന്റെ തീരുമാനം നടപ്പിലാക്കാനുള്ള ധോണിയുടെ ശ്രമത്തിന്റെ ആദ്യപടിയായിരുന്നു.

സേവാഗും സച്ചിനും ഗംഭീറും കളിക്കുന്ന ഒരു ടീമില്‍ ഓരോരുത്തരും 20 റണ്‍സ് വീതം ടീമിന് നഷ്ടമുണ്ടാക്കുമെന്നായിരുന്നു ധോണിയെന്ന ക്യാപ്റ്റന്റെ സിദ്ധാന്തം. പ്രായമായി വരുന്നുവെന്നതായിരുന്നു ധോണി കണ്ട കാരണം. ഇതില്‍ സേവാഗും ഗംഭീറും അര്‍ഹിച്ച അംഗീകാരം പോലും കിട്ടാതെ വിരമിച്ചു. സച്ചിന്‍ 2011 ലോകകപ്പ് വിജയത്തോടെ തന്റെ 23 വര്‍ഷത്തെ ഏകദിന കരിയറിന് വിരാമമിട്ടു. 2013ല്‍ ടെസ്റ്റില്‍ നിന്നും അദ്ദേഹം വിരമിച്ചു. വിരമിക്കുന്നതിന് ഒരുവര്‍ഷം മാത്രം മുമ്പാണ് ആ പ്രായാധിക്യം കാരണം കളിക്കാനാവില്ലെന്ന് വിധിയെഴുതപ്പെട്ട ഇതിഹാസതാരം ലോകക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറിയെന്ന റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചത്. ആ വര്‍ഷത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ 2011ല്‍ ഐപിഎല്ലില്‍ സെഞ്ചുറിയും തന്റെ പേരില്‍ കുറിച്ചു. പ്രായം തന്നെ തളര്‍ത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കുട്ടിക്രിക്കറ്റിലെ ഈ നേട്ടങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്, പ്രത്യേകിച്ചും ടെസ്റ്റില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് ഹൈദരാബാദുകാരനായ വി വി എസ് ലക്ഷ്മണും കര്‍ണാടകക്കാരനായ രാഹുല്‍ ദ്രാവിഡും. ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ തോളിലേറ്റി ഇവര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയങ്ങള്‍ എത്രയോ അധികമാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്ത ഇന്ത്യയെ സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവച്ച് വിജയത്തിലെത്തിച്ച ഇരുവരുടെയും ഇന്നിങ്‌സ് ആരും മറന്നുകാണില്ല.

ദാദ പാകിയ വിത്തായിരുന്നു 2011ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൊയ്തതെന്ന് പറഞ്ഞല്ലോ. വിരേന്ദര്‍ സെവാഗ്, ഹര്‍ബജന്‍ സിങ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, മഹേന്ദ്ര സിങ് ധോണി തുടങ്ങി ഒരുപാട് പേരെ കണ്ടെത്തി ഇന്ത്യയുടെ ഭാവി ഭദ്രമാക്കിയത് ഗാംഗുലിയായിരുന്നു. ഇവരെല്ലാം 2011 ലോകകപ്പ് ഇലവനില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ഓപ്പണിംഗില്‍ സച്ചിന് മികച്ച കൂട്ടുകെട്ടായ സേവാഗ് എതിരാളികള്‍ ഭയക്കുന്ന താരമായിരുന്നു അന്ന്. ടൂര്‍ണമെന്റിലെ മികച്ച താരമായിരുന്നു യുവരാജ് സിംഗ്. കപില്‍ ദേവിന് ശേഷം ഇന്ത്യയിലേക്ക് ലോകകിരീടം എത്തിച്ച നായകനായി മാറി ധോണി. വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന ബോളറായി സഹീര്‍ മാറിയിരുന്നു. മികച്ച സ്പിന്നറായ ഹര്‍ബജന്‍ സിംഗ് പിന്നീടും സ്ഥിരസാന്നിധ്യമായി. ഈ പ്രതിഭകളെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് ക്യാപ്റ്റന്‍ എന്ന തന്റെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയ ഗാംഗുലിയുടെ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് പില്‍ക്കാലത്ത് ഇന്ത്യ കൊയ്ത ഈ നേട്ടങ്ങള്‍.

ധോണിയില്‍ നിന്ന് വ്യത്യസ്തമായി മികച്ചൊരു യുവനിരയെയാണ് കോഹ്ലിക്ക് കിട്ടിയത്. അത് പഴയ താരങ്ങളെ പുറത്താക്കി ധോണിയെന്ന ക്യാപ്റ്റന്‍ നടപ്പിലാക്കിയ സിദ്ധാന്തത്തിന്റെ ഫലം തന്നെയാണ്. ഇക്കാലയളവില്‍ ഒരുപാട് യുവതാരങ്ങളെ പരീക്ഷിച്ചു. പക്ഷേ സര്‍വസജ്ജരായ സ്ഥിരതയുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്നത് മുഴച്ചുനില്‍ക്കുന്ന കാര്യമാണ്. പലപ്പോഴായി പലരെയും ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കേണ്ട ഗതികേടിലാണ് ഇന്നത്തെ ടീം ഇന്ത്യ. ലോകകപ്പില്‍ പോലും ഒരു സ്ഥിരം ടീമിനെ ഇറക്കാനോ നാലാം നമ്പറില്‍ ഒരു താരത്തെ ഉറപ്പിക്കാനോ സാധിച്ചിട്ടില്ല.

ധോണിയെന്ന ക്യാപ്റ്റന്റെ കീഴില്‍ പകുതിയിലധികവും ഇതിഹാസങ്ങളായിരുന്നു. എന്നാല്‍ കോഹ്ലിയുടെ യുവനിരയില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന ഏക ഇതിഹാസം മാത്രമാണുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ലോകം കണ്ട ഇതിഹാസങ്ങളെ അവഗണിച്ച് യുവതാരങ്ങളെ പരീക്ഷിക്കേണ്ട ഭാരിച്ച ബാധ്യത ധോണിയിലുണ്ടായിരുന്നു. ടീമിന് ബാധ്യതയാവുന്ന ഒരാളെയും ഇതിഹാസമായാലും മുന്‍കാല സംഭാവനകളുടെ പേരില്‍ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന തന്റെ സിദ്ധാന്തം ഭംഗിയായി നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓരു കാലത്ത് ക്രിക്കറ്റ് എന്തെന്ന് കാണിച്ചുതന്ന തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് അവസരം നല്‍കിയില്ല എന്നത് മാത്രമാണ് ധോണിയെന്ന ക്യാപ്റ്റനെ ആളുകള്‍ വെറുക്കപ്പെടാനുള്ള കാരണം. അദ്ദേഹം ചെയ്തത് ശരിയാണെന്ന് കാലം പിന്നീട് തെളിയിക്കും. കാരണം ഇതിഹാസങ്ങളാണെന്ന് പറഞ്ഞ് എല്ലാ കാലത്തും പരിഗണന നല്‍കിക്കൊണ്ടിരുന്നാല്‍ പിന്നീട് കളിക്കാന്‍ നമുക്കൊരു ടീം ഉണ്ടാകില്ലെന്നത് മറക്കരുത്.

പക്ഷേ കാലം ഏറെ സഞ്ചരിച്ചു. ധോണി, താടി നരച്ച് മുടി കൊഴിഞ്ഞ് പഴയ പ്രതാപം വീണ്ടെടുക്കാന്‍ ആവാത്ത വിധം ക്ഷീണിച്ചുകഴിഞ്ഞു. ഇപ്പോള്‍ ബാറ്റിംഗില്‍ തിളങ്ങാനാവത്തതും ആക്രമിച്ച് കളിക്കേണ്ടയിടങ്ങളില്‍ അനാവശ്യ പ്രതിരോധത്തിലേക്ക് നീങ്ങി ടീമിനെ സമ്മര്‍ദത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ധോണിയെന്ന ഇതിഹാസത്തെ അര്‍ഹിച്ച അംഗീകാരത്തോടെ പുറത്താക്കേണ്ട നിയോഗമാണ് ഇന്ന് കോഹ്ലിയില്‍ വന്നെത്തിയിരിക്കുന്നത്. സമ്മര്‍ദ ഘട്ടങ്ങളില്‍ വരെ അനാവശ്യ പ്രതിരോധത്തിലേക്ക് വലയുന്ന ധോണിയുടെ സമീപകാലരീതി പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പല മുതിര്‍ന്ന മുന്‍ താരങ്ങളും ഇത് തുറന്നുപറഞ്ഞിട്ടുമുണ്ട്. അപ്പോഴും ധോണിയുടെ പ്രകടനത്തില്‍ സെലക്ടര്‍മാരോ ബിസിസിഐയോ നിലപാട് സ്വീകരിച്ചിരുന്നില്ല. കാരണം ധോണിയെന്ന വിക്കറ്റ് കീപ്പര്‍ക്കും ധോണിയിലെ നായകമികവിനും ഇന്നും കോട്ടം തട്ടിയിട്ടില്ല. പക്ഷേ ധോണിയുടെ പഴയ സിദ്ധാന്തമാണ് നടപ്പിലാക്കുന്നതെങ്കില്‍ ബാറ്റിംഗ് ശൗര്യം കുറഞ്ഞുപോയ ഒരാളെ കീപ്പര്‍ എന്ന ലേബലില്‍ മാത്രം വെച്ചുപൊറുപ്പിക്കണോ എന്ന് ചിന്തിക്കേണ്ട സമയമാണിത്.

ധോണി പുറത്തുപോയാല്‍ ധോണിയെ പോലൊരു വിക്കറ്റ് കീപ്പറെ സമീപകാലത്തൊന്നും ഇന്ത്യയ്ക്ക് ലഭിക്കില്ലായിരിക്കാം. നായകനെ ലഭിക്കില്ലായിരിക്കാം. പക്ഷേ വീടിന് മേലെ ചാഞ്ഞ മരം പൊന്നുകായ്ക്കുന്നതായാലും വെട്ടേണ്ടതാണെന്ന മുന്‍ ക്യാപ്റ്റന്റെ സിദ്ധാന്തം നടപ്പിലാക്കുമ്പോള്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുറത്തുപോയേ പറ്റൂ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Mahendra Singh Dhoni, Sports, Cricket, Player, Article about MS Dhoni.