» » » » » രാത്രി കൂടെക്കിടന്ന ശേഷം രാവിലെ തള്ളിപ്പറയുന്ന പകല്‍മാന്യന്മാരെ.. നിങ്ങളുടെ മുഖംമൂടി ഞങ്ങള്‍ വലിച്ചുകീറും; സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ സാമ്പത്തിക ഉയര്‍ച്ചയുള്ള വ്യക്തികളുമായി മാത്രം ഇടപാട് നടത്തുന്ന രീതിയിലേക്ക് ഞങ്ങള്‍ മാറിക്കഴിഞ്ഞു

കൂക്കാനം റഹ് മാന്‍

(www.kvartha.com 22/06/2019) ഹും. ഇവന്മാരുടെയൊക്കെ പറച്ചില്‍ കേട്ടാല്‍ കാര്‍ക്കിച്ചുതുപ്പാന്‍ തോന്നും. പറച്ചിലൊന്നും പ്രവൃത്തി വേറൊന്നും. മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് ഞങ്ങളെ പോലുള്ള സഹോദരിമാരെ കണ്ടാല്‍ ഇവന്മാരുടെ കമന്റ് ഇങ്ങനെ: 'നാശങ്ങള് അടുപ്പിക്കരുത് അവറ്റകളെ' ഹൂം. ഇവന്മാര്‍ ഞങ്ങളെ സമീപിച്ചാല്‍ അമര്‍ത്തിപ്പിടിച്ച് തഴുകിക്കൊണ്ടിരിക്കും. ചിലര്‍ പുലമ്പുന്നതിങ്ങിനെ, 'ഈറ്റിങ്ങളെ കണികണ്ടാല്‍ അന്നത്തെ ദിവസം പോയി' തലേന്നാള് രാത്രി ഒപ്പം കിടന്ന് സുഖം കണ്ടെത്തിയ മാന്യന്മാരാണ് അടുത്ത ദിവസം പകല്‍ സമയത്ത് ഞങ്ങളെ പുച്ഛിക്കുന്നത്. ഇതൊക്കെ എത്ര കേട്ടതാണ്. ഇത്തരം പ്രസ്താവന നടത്തുന്നവരുടെ സ്വകാര്യതകള്‍ ഞങ്ങളെ പോലുള്ളവര്‍ പുറത്തു വിട്ടാല്‍ ഇവരൊന്നും പിന്നെ വഴി നടക്കില്ല..


ഞങ്ങളെ സമീപിക്കുന്നവര്‍ പറയുന്ന സങ്കടം കേള്‍ക്കണം. അത്തരം കള്ള സങ്കടങ്ങള്‍ ആദ്യമൊക്കെ കേട്ടപ്പോള്‍ ഞങ്ങള്‍ക്കും സങ്കടം തോന്നി. പിന്നല്ലേ മനസ്സിലായത് ഇതൊക്കെ ചില നമ്പറുകളാണെന്ന്. 'ഭാര്യക്ക് സുഖമില്ല. അവള്‍ കിടപ്പിലാ, പിന്നെ ഞാനെന്തു ചെയ്യും?'

'അവള്‍ക്ക് എന്നെ ഇഷ്ടമല്ല. അവള്‍ എന്നെ അടുപ്പിക്കുന്നില്ല. പിന്നെ ഞാനെന്തു ചെയ്യും?'

'അവള്‍ വേറൊരുത്തന്റെ കൂടെ ഇറങ്ങി പോയി. എനിക്കുമില്ലേ ഇത്തരം വികാരങ്ങള്‍' ഞങ്ങളെ സമീപിക്കുന്ന ചിലരുടെ വേദന കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും സങ്കടം തോന്നും.

ഇത്തരം സങ്കടങ്ങളും വേവലാതികളും പറഞ്ഞ് ഞങ്ങളെ വശത്താക്കിയ പകല്‍ മാന്യന്മാരാണ് ഞങ്ങളെ പുച്ഛിച്ച് അപമാനിതരാക്കുന്നത്. ഞങ്ങളാരും സന്തോഷത്തോടെ ഈ രംഗത്തേക്ക് കടന്നു വന്നവരല്ല. വഞ്ചനകാട്ടി ഞങ്ങളെ വശത്താക്കി വലിച്ചെറിഞ്ഞ ചില പുരുഷ കേസരികളാണ് ഞങ്ങളുടെ ഈ അവസ്ഥക്ക് കാരണക്കാര്‍.

ഇവറ്റകള്‍ക്ക് ജോലിയെടുത്ത് ജീവിച്ചു കൂടെ എന്ന് വീമ്പിളക്കുന്ന ചില വനിതാ നേതാക്കളുണ്ട്. ഞങ്ങളെ അറിഞ്ഞു കൊണ്ട് ഈ പറയുന്ന നേതാക്കള്‍ അവരുടെ വീട്ടുപണി ചെയ്യുന്നതിന് പോലും അവസരം തരുമോ? ഞങ്ങള്‍ തീണ്ടാപ്പാടകലെ നില്‍ക്കേണ്ടവരല്ലേ? അവരുടെ കണ്ണില്‍ ഞങ്ങള്‍ ജീര്‍ണ്ണ മനുഷ്യരല്ലേ? ഒരാളും ഞങ്ങളെ ജോലിക്ക് നിര്‍ത്തില്ല. ഞങ്ങളെ അത്രയ്ക്കും അറപ്പും വെറുപ്പുമാണവര്‍ക്ക്. പിന്നല്ലേ ജോലിയോ, കൂലിയോ തരാന്‍?

ഇതോര്‍ക്കുമ്പോഴാണ് ഞാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന സുന്ദരിയായ നാരായണിയെക്കുറിച്ചോര്‍ത്തത്. അവള്‍ ഇന്ന് നാട്ടിലില്ല. സഹിക്ക വയ്യാഞ്ഞ് എങ്ങോട്ടോ പോയി. ജിവിച്ചിരിപ്പിണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല. ഞങ്ങള്‍ ഒറ്റക്കിരിക്കുമ്പോള്‍ അവളെ വഞ്ചിച്ച ഒരു വ്യക്തിയുടെ കാര്യം പറയുകയുണ്ടായി. അന്നവള്‍ക്ക് കേവലം പതിനഞ്ചോ പതിനാറോ വയസ്സാണ്. ഒരു ചെറുപ്പക്കാരന്‍ അടുത്തു കൂടി. അവന്‍ അവളെ ലൈംഗികമായി പീഡിപ്പിക്കുകയൊന്നും ചെയ്തിരുന്നില്ല. അതു കൊണ്ട് അവള്‍ക്കവനെ വിശ്വാസമായിരുന്നു.

ഒരു ദിവസം അവന്‍ പറഞ്ഞു പോലും 'നന്തു ഞാന്‍ നിനക്കൊരു ജോലി ശരിയാക്കിത്തരാം. നമുക്ക് നാളെ ഉച്ചയ്ക്ക് ശേഷം ഒരു മുതലാളിയെ കാണാന്‍ ചെല്ലണം. അദ്ദേഹം നല്ല മനുഷ്യനാണ്. വലിയ ഒന്നു രണ്ടു കമ്പനികളുണ്ട്. അതില്‍ ഏതെങ്കിലും ഒരു കമ്പനിയില്‍ അയാള്‍ ജോലി ശരിയാക്കിത്തരും. ജോലിയൊക്കെ കിട്ടിയ ശേഷം നമുക്ക് വിവാഹിതരാവാം' നാരായണി അയാളെ വിശ്വസിച്ചു. പറഞ്ഞ പോലെ മുതലാളിയുടെ കൊട്ടാരസാദൃശ്യമായ വീട്ടിലെത്തി. ഞങ്ങളെ സ്വീകരണ മുറിയിലിരുത്തി. മുതലാളി തന്നെ അകത്തു പോയി ഞങ്ങള്‍ക്ക് കുടിക്കാനുള്ള സര്‍ബത്ത് കൊണ്ടു തന്നു. മുതലാളി മാത്രമെ അപ്പോള്‍ ആ വീട്ടില്‍ ഉള്ളു എന്ന് മനസ്സിലായി. നല്ല ദാഹമുണ്ടായിരുന്നു. സര്‍ബത്ത് കിട്ടിയപാടെ ഒറ്റവലിക്ക് അകത്താക്കി. പിന്നെ നാരായണിക്കൊന്നും ഓര്‍മയില്ലായിരുന്നു..

ഓര്‍മ തിരിച്ചു കുട്ടുമ്പോള്‍ മുതലാളിയുടെ ബെഡില്‍ പൂര്‍ണ്ണ നഗ്നയായി അവള്‍ കിടക്കുകയായിരുന്നു. അപ്പോഴെക്കും എല്ലാം സംഭവിച്ചു. കൂടെ വന്ന കാമുകന്‍ അവളെ പറഞ്ഞു സമാശ്വസിപ്പിച്ചു. മുതലാളിയില്‍ നിന്ന് പണം പറ്റാനുള്ള ഒരു വിദ്യയായിരുന്നു അതെന്ന് നാരായണി പിന്നീട് തിരിച്ചറിഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ നാട്ടില്‍ മുഴുവന്‍ പാട്ടായി അവള്‍ പിഴച്ചവളാണെന്ന്. കാരണക്കാരന്‍ മറ്റാരുമല്ല, പ്രണയം നടിച്ച് വഞ്ചിച്ചവന്‍ തന്നെ. അങ്ങനെകുറച്ചു കാലം ഞങ്ങളോടൊപ്പം തന്നെ നാരായണിയുമുണ്ടായിരുന്നു.

ഇങ്ങനെ പലതരത്തിലും വഞ്ചിക്കപ്പെട്ടവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്കും മക്കളുണ്ട്. പക്ഷേ അവരിതൊന്നും അറിയില്ല. അവരെ അറിയിക്കാതെയാണ് ഞങ്ങള്‍ ജീവിച്ചു വരുന്നത്. മക്കളെ നല്ല നിലയില്‍ പഠിപ്പിക്കുന്നവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അവര്‍ പഠിച്ചുയരും, സ്വന്തം കാലില്‍ നില്‍ക്കാനാവുന്നകാലത്ത് ഞങ്ങള്‍ സമൂഹത്തോട് ഈ സത്യം വിളിച്ചു പറയും. അപ്പോഴെക്കും ഞങ്ങള്‍ എടുക്കാചരക്കാകും. എങ്കിലും വിളിച്ചു കൂവുക തന്നെ ചെയ്യും. ഞങ്ങളെ വഞ്ചിച്ച; ഞങ്ങളെ ഉപയോഗിച്ച മാന്യ വ്യക്തികളുടെ മാന്യത ഞങ്ങള്‍ പൊട്ടിക്കും. ഇനിയും ഞങ്ങളെ പോലെ നരകിക്കുന്ന സ്ത്രീ ജന്മങ്ങള്‍ ഉണ്ടാവരുത്.

ഞങ്ങള്‍ ഇന്ന് ഒറ്റക്കൊന്നുമല്ല. ഞങ്ങളുടേതായ സംഘടന എല്ലായിടത്തും നിലവില്‍ വന്നു കഴിഞ്ഞു. കമ്മ്യൂണിറ്റി ബേഡ്‌സ് ഓര്‍ഗനൈസേഷേന്‍ എന്ന പേരിലാണ് ഞങ്ങളുടെ സംഘടന അറിയപ്പെടുന്നത്. ഓരോ ഏരിയയിലും പ്രത്യേക പേരും നല്‍കിയിട്ടുണ്ട്. രംഗത്തിറങ്ങി സമരം ചെയ്യാനുള്ള പരുവത്തിലെത്തിയില്ലെങ്കിലും മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായി പോരാടും. ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട പലരും വിവിധ മേഖലകളില്‍ ജീവിത മാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ദേശത്തല്ല മറിച്ച്, ഞങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അന്യദേശങ്ങളില്‍ ചെന്ന് മാതൃകാപരമായി തന്നെ ജീവിതം കെട്ടിപ്പടുത്തവരുണ്ട്.

വഞ്ചിക്കപ്പെടുകയും, സമൂഹം വെറുക്കപ്പെടുകയും ചെയ്ത അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ മോചിതരായിക്കൊണ്ടിക്കുന്നു. ഞങ്ങളെ തെരുവുവേശ്യകളെന്നു വിളിച്ചിരുന്ന അവസ്ഥയ്ക്കു മാറ്റം വന്നു. പോലീസുകരുടെ വേട്ടയാടലുകളില്‍ നിന്ന് ഞങ്ങള്‍ മോചിതരായി. ആധുനിക വാര്‍ത്തമാധ്യമങ്ങളുടെ സഹായത്തോടെ സാമ്പത്തിക ഉയര്‍ച്ചയുള്ള വ്യക്തികളുമായി മാത്രം ഇടപാടു നടത്തുന്ന അവസ്ഥയിലേക്കും ഞങ്ങളുടെ സഹോദരിമാര്‍ മാറിക്കഴിഞ്ഞു.

പല സന്നദ്ധ സംഘടനകളും ഞങ്ങളെ മാന്യമായ ജീവിതചര്യ പഠിപ്പിച്ചു തരാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

അത്തരം പഠനങ്ങള്‍ ഞങ്ങളുടെ മാനസിക നിലവാരം ഉയര്‍ത്താന്‍ പര്യാപതമായി. അടിയും, ഇടിയും, തൊഴിയും തന്ന് ഞങ്ങളെ തെരുവ് നായ്ക്കളെ പോലെ പീഡിപ്പിച്ചിരുന്ന അവസ്ഥ മാറിക്കഴിഞ്ഞു. ഞങ്ങള്‍ ഇനിയും മാറും, മാന്യമായി ജീവിക്കേണ്ടതെങ്ങിനെയെന്ന് ഞങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇനിവരുന്ന തലമുറയിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഞങ്ങള്‍ക്കുണ്ടായ അവസ്ഥ ഉണ്ടാകരുതെന്ന് പറയുക മാത്രമല്ല, പ്രവര്‍ത്തിക്കാനും ഞങ്ങള്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി കഴിഞ്ഞു..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Social Network,

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal