Follow KVARTHA on Google news Follow Us!
ad

'അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസിലിരുന്ന് സിപിഎം സെക്രട്ടറിയുമായി രഹസ്യ ചര്‍ച്ച നടത്തി, എങ്ങനെയെങ്കിലും എംപി സീറ്റ് കിട്ടുമോ എന്നുനോക്കിയ അബ്ദുല്ലക്കുട്ടിയോട് പിണറായിയെ കാണണമെന്ന് നിര്‍ദേശിച്ചതോടെ പിന്‍വലിഞ്ഞു'

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ വിവിധ മണ്ഡലങ്ങളില്‍ സീറ്റ് ലഭിക്കുമോ Kerala, News, Politics, Congress, A.P Abdullakutty, CPM, Pinarayi vijayan, Chief Minister, Abdullakkutty discussed with CPM from Congress; Allegation by Satheeshan Pacheny.
സി കെ എ ജബ്ബാര്‍

കണ്ണുര്‍: (www.kvartha.com 03.06.2019) കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ വിവിധ മണ്ഡലങ്ങളില്‍ സീറ്റ് ലഭിക്കുമോ എന്ന് നോക്കാന്‍ പരിശ്രമിക്കുകയും ഒടുവില്‍ അത് ലഭ്യമാവാതിരുന്നപ്പോള്‍ താന്‍ തള്ളിപ്പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയെ നേരില്‍ കണ്ട് രഹസ്യ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്ന് ആരോപണം. കണ്ണുര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് അബ്ദുല്ലക്കുട്ടിക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നത്. തനിക്ക് നീക്കി വെച്ച കണ്ണൂര്‍ അസംബ്ലി സീറ്റ് കെ സുധാകരന് മത്സരിക്കണമെന്ന് വാദിച്ച് വാങ്ങുകയും പിന്നീട് സതീശന്‍ പാച്ചേനിക്ക് മറിച്ച് നല്‍കുകയുമായിരുന്നുവെന്ന് അബ്ദുല്ലക്കുട്ടി ആരോപണം ഉന്നയിച്ചിരിക്കെയാണ് ഡിസിസി പ്രസിഡന്റിന്റെ പുതിയ ആരോപണം കൗതുകമായത്.

സിപിഎം സംസ്ഥാന സെക്രട്ടറി അര്‍ധ മനസോടെയാണ് അബ്ദുല്ലകുട്ടിയോട് സംസാരിച്ചത്. പിണറായിയെ കാണണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതായി അബ്ദുല്ലക്കുട്ടി തന്നെ വിശ്വസ്തരോട് പങ്കുവച്ചിരുന്നുവെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. പക്ഷെ, മുഖ്യമന്ത്രി കാണാന്‍ വിസമ്മതിച്ചത് കൊണ്ടാണ് പഴയ ലാവണത്തിലേക്ക് ചേക്കേറാനുള്ള ശ്രമം പരാജയപ്പെട്ടത്.

കെപിസിസി നിര്‍വ്വാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവുകൂടിയായ എ പി അബ്ദുല്ലക്കുട്ടിക്കെതിരെ കെപിസിസി സ്വീകരിച്ച അച്ചടക്ക നടപടി ജനങ്ങള്‍ ആഗ്രഹിച്ചതും സന്ദര്‍ഭോചിതവുമാണെന്ന് പറഞ്ഞ സതീശന്‍ പാച്ചേനി അബ്ദുല്ലക്കുട്ടിക്കെതിരെ വേറെയും കുറേ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ എന്റെ ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീട്ടില്‍ വന്ന് അഭയം തേടിയത്. അപ്പോള്‍ പൂര്‍ണമായ സംരക്ഷണം നല്‍കിക്കൊണ്ട് പൊതുപ്രവര്‍ത്തനം തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം കൊടുത്തു. ആറര വര്‍ഷക്കാലം ഒട്ടേറെ മുതിര്‍ന്ന നേതാക്കളെയും യുവ നേതാക്കളെയും അവഗണിച്ച് കൊണ്ട് എംഎല്‍എ സീറ്റ് നല്‍കി പാര്‍ട്ടി സംരക്ഷിച്ചിരുന്നു.


കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും നല്‍കി കെപിസിസി നിര്‍വ്വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും ജില്ലയിലും സംസ്ഥാനത്തും സംഘടനാ തലത്തില്‍ പരമാവധി പരിഗണന അബ്ദുല്ലക്കുട്ടിക്ക് നല്‍കുകയും ചെയ്തിരുന്നു.

നല്‍കാവുന്ന എല്ലാ സ്ഥാനങ്ങളും പരിഗണനയും നല്‍കി കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിച്ചപ്പോള്‍ ഒരു നിസ്വാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ അബ്ദുല്ലക്കുട്ടി തയ്യാറായിരുന്നില്ല. എംപി ആവുക എംഎല്‍എ ആവുക എന്ന പാര്‍ലമെന്റെറി കാഴ്ചപ്പാട് മാത്രം കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന അബ്ദുല്ലക്കുട്ടിക്ക് കോണ്‍ഗ്രസ് ആശയങ്ങളോട് താതാത്മ്യം പ്രാപിക്കാന്‍ പാര്‍ലമെന്ററി വ്യാമോഹത്തില്‍ അഭിരമിച്ചത് മൂലം സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

ബിജെപിയിലേക്ക് പോകാന്‍ തീരുമാനമെടുത്തതിന് ശേഷമാണ് മോദി അനുകൂല കുറിപ്പ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്. വര്‍ഗ്ഗീയവിധ്വംസക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് താല്ക്കാലിക വിജയം തെരഞ്ഞെടുപ്പില്‍ ഉണ്ടായപ്പോള്‍ അതില്‍ ചേര്‍ന്ന് അപ്പക്കഷ്ണം നുകരാന്‍ കഴിയുമോ എന്നുള്ള പുതിയ ചിന്തയാണ് മോദി അനുകൂല ഫെയ്‌സ്ബുക്ക് പോസ്റ്റ് എഴുതാനുള്ള ചേതോവികാരം.

മൂല്യബോധമില്ലാത്ത രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്ത വിദൂഷകവേഷം കെട്ടുന്ന അപക്വമതിയായി പാര്‍ലമെന്ററി വ്യാമോഹക്കാരനായി തരംതാണ അബ്ദുല്ലക്കുട്ടിക്ക് ഉത്തരവാദിത്വബോധവും രാഷ്ട്രീയ സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ല.

എന്നും വികലമായ ധാരണകള്‍ കൊണ്ടുനടക്കുന്ന മനസിനുടമ കൂടിയായ ഇദ്ദേഹം ശ്വാശ്വതമായി വിശാലമായ ജനാധിപത്യ ചിന്താസരണികകളിലൂടെ മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനിന്ന് പോകാന്‍ കഴിയാത്തതും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വര്‍ഗീയ കൂടാരങ്ങളിലേക്ക് ആകൃഷ്ടനാകുന്നതും കാലത്തിന്റെ മുന്നോട്ടുള്ള സത്യസന്ധമായ യാത്രയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Politics, Congress, A.P Abdullakutty, CPM, Pinarayi vijayan, Chief Minister,  Abdullakkutty discussed with CPM from Congress; Allegation by Satheeshan Pacheny.
< !- START disable copy paste -->