Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നതെന്ത്? പാഠം ആര്‍ക്കൊക്കെ?

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞെടുപ്പ് ഫലങ്ങള്‍ ഏകദേശം വന്നു. എല്ലാവരുടെയും കണ്ണ് പതിവ് ,Article, Aslam Mavilae, By election, Result, UP, Politics, Election, BJP, By Election Results, What election 2017 results say
അസ്‌ലം മാവില

(www.kvartha.com 11.03.2017) ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞെടുപ്പ് ഫലങ്ങള്‍ ഏകദേശം വന്നു. എല്ലാവരുടെയും കണ്ണ് പതിവ് പോലെ യു പി യിലായിരുന്നു. എക്‌സിറ്റ് ഫലങ്ങള്‍ പോലെ തന്നെ യു പിയില്‍ ബിജെപി വിജയം നേടി. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നത് അവരുടെ മാത്രം രാഷ്ട്രീയ നിരീക്ഷണക്കുറവാണ്. മുലായത്തിന്റെ തറവാട് വീട്ടിലും അഖിലേഷിന്റെ മന്ത്രി ഭവനത്തിലും ഫലം വരുന്ന ദിവസം രാവിലെ മുതല്‍ നടന്നിരിക്കാന്‍ ഇടയുള്ള സംഭാഷണങ്ങള്‍ മനസ്സില്‍ വായിക്കാന്‍ ശ്രമിക്കാം.

മുലായത്തിന്റെ കൂടെ രണ്ടാം ഭാര്യ മാല്‍തിയുടെ മകന്‍ പ്രതീക് യാദവ്, അഖിലേഷിനോട് ഇരന്നു കിട്ടിയ സീറ്റില്‍ മത്സരിച്ച പ്രതീകിന്റെ ഭാര്യ അപര്‍ണ, പാര്‍ട്ടി പ്രസിഡണ്ടും അനിയനുമായ ശിവ് പാല്‍ യാദവ്, കാര്യസ്ഥന്‍ അസം ഖാന്‍ എന്നിവരും, മുലായത്തിന്റെ ആദ്യഭാര്യ സദ്‌നയില്‍ നിന്നുണ്ടായ മകന്‍ അഖിലേഷ്, മരുമകള്‍ ഡിംപ്ള്‍, പാര്‍ട്ടി സെക്രട്ടറിയും മുലായത്തിന്റെ അമ്മാവന്റെ മകനുമായ രാംഗോപാല്‍ യാദവ് എന്നിവരും എന്തായാലും രാവിലെ തന്നെ കാപ്പിയും ഖുബ്ബൂസും ചവച്ചു അവിടെ ഉണ്ടായിരിക്കണം.

Article, Aslam Mavilae, By election, Result, UP, Politics, Election, BJP, By Election Results, What election 2017 results say


ഓരോ ഫലം വരുമ്പോഴും മുലായത്തിന്റെ വീട്ടില്‍ കൂടിയവരുടെ മനസ്സില്‍ എമ്മാതിരി ലഡുവായിരിക്കും പൊട്ടിയിരിക്കുക. അവരുടെ നാടന്‍ വര്‍ത്തമാന ശൈലിയില്‍ പറഞ്ഞു ചിരിച്ചിരിക്കാനിടയുള്ള സംസാരങ്ങള്‍ അതിലും സൂപ്പര്‍ ആയിരിക്കും. ബിജെപി ജയിച്ചതിലേക്കാളേറെ സന്തോഷം അഖിലേഷിന്റെ സൈക്കിള്‍ തോറ്റതിലും തോല്‍പ്പിച്ചതിലും മുലയത്തിനും അസംഖാന്റെ സുയിപ്പില്‍ മാറ്റി നിര്‍ത്തിയ അമര്‍ സിങ്ങിനും പങ്കില്ലേ?

കേരളത്തിലും പരിസരത്തും ചര്‍ച്ച ചെയ്ത 500, 1000 നോട്ട് വന്ധീകരിക്കല്‍ യുപിയില്‍ ഒരു വിഷയം തന്നെയായിരുന്നില്ല. അത് അവിടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം. (നോട്ടുമാറ്റ ന്യായീകരണത്തിനു വേണ്ടി ബിജെപി ദേശീയ നേതൃത്വം യുപി തെരെഞ്ഞെടുപ്പ് ഫലം ഇനിയുള്ള കാലം ഉപയോഗിക്കുമെങ്കിലും). ഉത്തരപ്രദേശിലെ സാദാ ഭയ്യമാര്‍ക്കെന്ത് നോട്ടും നോട്ടുമാറ്റവും? നാം വിചാരിക്കുന്നത് പോലെ അവിടെയുള്ള സാധാരണക്കാരന്റെ കീശയില്‍ അഞ്ഞൂറിന്റെ നോട്ട് കുമിഞ്ഞു കൂടിയിരുന്നോ? അഞ്ഞൂറിന്റെ ഒറ്റനോട്ട്, കാണാതെ പത്തിന്റെയും ഇരുപതിന്റയും ഒന്നോ രണ്ടോ നോട്ടു കീശയില്‍ കൊണ്ട് നടക്കുന്ന ആ പാവങ്ങള്‍ക്ക് ബാങ്ക്‌നോട്ടും നാണയമൂല്യമില്ലാതാക്കലും ഒരു വിഷയമേ ആയിരുന്നിരിക്കില്ല.

സാധാരണ തെരഞ്ഞെടുപ്പുകളില്‍ ഭരണനേട്ടങ്ങളല്ലേ ഭരണകക്ഷികള്‍ പറയുക. ഈ തെരഞ്ഞെടുപ്പില്‍ എന്തായിരുന്നു അവരുടെ പ്രചാരണം? അല്ലെങ്കിലും അതൊക്കെ പറയാന്‍ സമയമുണ്ടായിരുന്നില്ലലോ. അഞ്ചു കൊല്ലം ഭരിച്ച അഖിലേഷിന് തന്റെ ഭരണം പറയാനുള്ള സാവകാശം തന്നെ കൂടെയുള്ളവര്‍ നല്‍കിയില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

എക്കണോമിക്‌സ് ടൈംസ് ജനുവരിയില്‍ റിപ്പോര്‍ട് ചെയ്തത് പോലെ അഖിലേഷിന്റെ വെല്ലുവിളി തന്നെ അച്ഛനെയും ഇളയച്ഛനെയും എങ്ങിനെ ഒതുക്കുമെന്നതിലായിരുന്നു. മറ്റൊരു ഭാഗത്താകട്ടെ മകനെ ചവുട്ടിപ്പുറത്താക്കാന്‍ മുലായവും കുടുംബവും കൊണ്ട് പിടിച്ച ശ്രമത്തിലും. കോണ്‍ഗ്രസ്സിനെ വരെ കൂടെക്കൂട്ടിയത് ആത്മാര്‍ത്ഥതയോട് കൂടിയാണെന്ന് കൂട്ടിയവരും കൂടെക്കൂടിയവരും പറയില്ല. അച്ഛന്റെ ശല്യത്തിന് മുന്നില്‍ സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ് രാഹുലിന്റെ തോളില്‍ അഖിലേഷ് കയ്യിട്ടത്. അവസാനം കോണ്‍ഗ്രസ്സ് അവിടെ ശവമായി പവനായി ആള്‍ക്കൂട്ടത്തില്‍ ഒന്നുമല്ലാതായി.

ചിലതൊക്കെ നാട്ടുകാരും ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ. അഖ്‌ലാഖിന്റെ വിഷയത്തില്‍ വരെ ഒരു നീതിപൂര്‍വകമായ തീരുമാനം ഉണ്ടാക്കാന്‍ അവിടെ ഭരിക്കുന്നവര്‍ക്കായോ? വാരണാസി വിഷയത്തിലോ? ഇക്കഴിഞ്ഞ ജനുവരി മുതല്‍, എസ് പി എന്നാല്‍ അഖിലേഷും അച്ഛനും അച്ഛന്റെ രണ്ടാം ഭാര്യയും അവരുടെ മോനും മരുമകളും ചെറിയച്ഛനും അമ്മാവന്റെ മകനും കൂടിയുള്ള തരികിട ഏര്‍പ്പാടെന്ന് നാട്ടുകാര്‍ക്ക് മൊത്തം മനസ്സിലായി. ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ പരസ്പരം പുറത്താക്കല്‍ പരിപാടിയിലായിരുന്നു അച്ഛനും മോനും. ഇലക്ഷന്‍ സമയത്ത് പോലും ശരിക്കും ചക്കളത്തില്‍ പോര് തന്നെ നടന്നു.

ബിജെപി ഇത് നന്നായി മുതലെടുത്തു. ഇവരൊക്കെ എത്തുന്നതിനപ്പുറം വോട്ടര്‍മാരുടെയടുത്തു അവര്‍ എത്തിക്കഴിഞ്ഞിരുന്നു. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെ ജാതി ഉപജാതി രാഷ്ട്രീയം കളിക്കാന്‍, പ്രാദേശികമായി സംഘടിച്ച മോഡി സേനയുടെയും എച്.ബി. ബി. ബി. സംഘര്‍ഷ് സമിതികളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ ബിജെപി ശരിക്കും ഉപയോഗപ്പെടുത്തി. കട്ജു എഴുതിയത് പോലെ ജാതിക്കളി ഫലവും കണ്ടു, യാദവിതര ഒബിസിക്കാരെയും മായാവതി പെടാത്ത ദളിത് വിഭാഗത്തെയും കൂടെക്കൂട്ടുന്നതിലും വിജയിച്ചു.

ഇടക്കാല തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന കാര്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് മിന്നാട്ടം മതേതരക്കാര്‍ക്ക് നേരിയ പ്രതീക്ഷയ്ക്ക് വകനല്‍കുന്നുവെന്നതാണത്. ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. 44 എംപിമാരില്‍ ഒതുങ്ങിയ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുന്നില്‍ വെച്ച് കൊണ്ട് വീണ്ടുമൊരു ഇരുത്തം വന്ന ഗൃഹപാഠത്തിനു കോണ്‍ഗ്രസ്സ് തയ്യാറാകണമെന്ന സന്ദേശമാണ് ആ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ നൂറ്റമ്പത്, 2024ല്‍ ഭരണമെന്ന പ്രായോഗിക ലക്ഷ്യമായിരിക്കണം ആ ഗൃഹപാഠത്തിന്റെ കാതല്‍. തട്ടികൂട്ടി നാളെ തന്നെ അധികാരത്തിലെത്തിക്കളയാമെന്ന വ്യാമോഹം എന്തായാലും നല്ലതല്ല. അതിമോഹത്തിനു വിചാരബോധമില്ലല്ലോ.

ഈ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സാണ് പാഠം പഠിക്കേണ്ടത്, മുലായം കുടുംബമല്ല. എം.ജെ. അക്ബര്‍, എന്‍.ഡി. തിവാരി, എസ്.എം. കൃഷണ, നജ്മ തുടങ്ങിയവരെപ്പോലെയുളള അടിത്തൂണ്‍ പറ്റിയവര്‍ സ്വന്തം പാര്‍ട്ടിയില്‍ നേരം വെളുക്കും വരെ ലഭിച്ച സ്ഥാനമാനങ്ങള്‍ ആസ്വദിച്ചു, പിന്നെയും കിട്ടുന്നില്ലെന്ന നന്ദികേടിന്റെ ഭാഗമായി, ഇനിയും ഒരുപക്ഷെ ബിജെപി പാളയത്തിലേക്ക് പോയേക്കാം. പക്ഷെ, മതേതരമാഗ്രഹിക്കുന്ന സാധാരണക്കാര്‍ ഇനിയും കോണ്‍ഗ്രസ്സില്‍ ബാക്കിയുണ്ടെന്ന ബോധം കോണ്‍ഗ്രസ്സിനെപ്പോഴുമുണ്ടാകണം. അവര്‍ക്ക് സ്ഥാനമാനങ്ങളിലല്ലല്ലോ കണ്ണ്. ഇത്തരക്കാരുടെ ആത്മവിശ്വാസം ചോരാത്ത രൂപത്തില്‍ പ്രവര്‍ത്തിച്ചാല്‍ 2024 ലെങ്കിലും ഇന്ത്യയുടെ ചുക്കാന്‍ പിടിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കും.

ഇടത് പക്ഷത്തിന് ഒന്നുറക്കെ വാ തുറന്ന് നിലവിളിക്കാന്‍ വരെ ഈ ഇടക്കാല തെരഞ്ഞെടുപ്പില്‍ റോള്‍ ഇല്ലാത്തത് ഏത് രാഷ്ട്രീയ വിദ്യാര്‍ഥിയെപ്പോലെയും എന്നെയും ആശങ്കപ്പെടുത്തുന്നു. ആദ്യ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു ഇടത് പക്ഷക്കാരനായിരുന്നു പ്രതിപക്ഷ നേതാവ്. സുര്ജിത്തിന്റെയും ജ്യോതി ബസുവിന്റെയും കാലങ്ങളില്‍ പൊതുവെ പ്രതീക്ഷയുമുണ്ടായിരുന്നു. ഉപേക്ഷ കൂടാതെ മാസാമാസം യൂണിറ്റ് തൊട്ട് മുകളറ്റം വരെ മീറ്റിംഗ് കൂടി, ക്ലാസ്സായ ക്ലാസ് മൊത്തമെടുക്കുന്ന ഇടതുപാര്‍ട്ടികളെന്താണ് ഹേ ഇങ്ങിനെയായിപ്പോകുന്നത്? ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലാനെന്ത് കൊണ്ട് സാധിക്കുന്നില്ല? അവരുടെ ഫേവറേറ്റ് ലിസ്റ്റില്‍ ഇടം കിട്ടാത്തതിന്റെ കാരണമെന്താണ്? ഇടതുപക്ഷം തന്നെയാണ് അന്വേഷിക്കേണ്ടത്.

കേരളത്തിലെ ഭരണമോ അഞ്ചെട്ടു എംപിമാരോ എപ്പോഴെങ്കിലും എന്തെങ്കിലും ഡല്‍ഹിയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയ ചരിത്രമുണ്ടോ? ഇരുപത് പേര്‍ ഒന്നിക്കുന്ന അവസ്ഥയുമുണ്ടാകില്ല. മുണ്ടുടുക്കുന്ന കേരളം ഒരു സംസ്ഥാനം മാത്രമാണ്, പാര്‍ലമെന്റില്‍ പോലും എന്തെങ്കിലും മുക്കിമൂളിപ്പറയുന്നതിന് നമ്മുടെ ഭാഷയും ശരീര ഭാഷയും തടസ്സം നില്‍ക്കുന്നത് പോലും കേരളത്തിന്റെ കാര്യം ഇത്രയൊക്കെ തന്നെയുള്ളൂ എന്ന് വിലയിരുത്താന്‍ ഉപകരിക്കും. ഭാവിയിലും ഇന്ത്യയില്‍ കേരളമെന്നത് ചില പദ്ധതികള്‍ എളുപ്പം പരീക്ഷിച്ചു വിജയിക്കുവാനുള്ള, seismic ടെസ്‌റ്റൊക്കെ ചെയ്യുന്നത് പോലെ എളുപ്പത്തില്‍ കിട്ടുന്ന ഏരിയ മാത്രമായിരിക്കും. അതില്‍ കവിഞ്ഞു മറ്റൊന്നും ഒരു കാലത്തും കേരളത്തില്‍ നിന്ന് കേന്ദ്രവും ആഗ്രഹിക്കുന്നില്ല. മലയാളി നേതാക്കളും പ്രതീക്ഷിക്കുകയും വേണ്ട.

കേരളത്തില്‍ ഒതുങ്ങുന്നതിന് പകരം, പൊയ്‌പോയ സംസ്ഥാനങ്ങളില്‍ സജീവാകാനും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ കാലത്തിനനുസരിച്ചു ഇടപെടാനും പ്രതീക്ഷക്കൊത്തുയരാനും ഇടതുപക്ഷത്തിനാകുമോ എന്നതും വലിയ ചോദ്യമാണ്.

പിന്‍കുറി: ടെലിഗ്രാഫ്/ഹിന്ദുസ്ഥാന്‍ ടൈംസ് കോളമിസ്റ്റ് രാമചന്ദ്രഗുഹയെ ഉദ്ധരിച്ചുകൊണ്ട് പ്രൊഫ. ആരിഫ് സൈന്‍ എഴുതിയതില്‍ നിന്ന്

'കോണ്‍ഗ്രസ്, മറ്റുള്ളവര്‍ എന്ന ദ്വന്ദ്വത്തില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയം ബി ജെ പി, മറ്റുള്ളവര്‍ എന്ന ദ്വന്ദ്വത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. അമ്പതുകളിലും അറുപതുകളിലും എഴുപതുകളുടെ ആദ്യപകുതിയിലും കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അങ്ങനെയാണ് ഇപ്പോള്‍ ബി ജെ പി എതിര്‍പ്പധികമില്ലാത്ത ദേശീയ കക്ഷിയായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആകാശത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കുന്ന പ്രതിപക്ഷനിര അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രൂപപ്പെട്ടേക്കാം. ശിവസേനപോലും ആ സഖ്യത്തിലിടം കണ്ടെത്തിയാല്‍ അത്ഭുപ്പെടേണ്ടതില്ല'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Article, Aslam Mavilae, By election, Result, UP, Politics, Election, BJP, By Election Results, What election 2017 results say