Follow KVARTHA on Google news Follow Us!
ad

ഇനിയുള്ള നാളുകള്‍ അതിരൂക്ഷ ജലക്ഷാമത്തിന്റേത്; ജല ഉപഭോഗത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഉണ്ടായേ തീരൂ

ഇന്നലെ ഒരു വീഡിയോ ഷോര്‍ട്ട് ക്ലിപ്പ് കാണാനിടയായി. തമിഴ്‌നാടിലെ ഒരു സെമി അര്‍ബന്‍ ഏരിയ. വെള്ളവും വഹിച്ചു രണ്ടു ടാങ്കര്‍ വണ്ടികള്‍ രണ്ടു തലക്കല്‍. അതിനിടയില്‍ Aslam Mavila, Water, Drinking Water, Control, River, Water Tank, Well, Flast
അസ്‌ലം മാവില 

(www.kvartha.com 14/02/2017) ഇന്നലെ ഒരു വീഡിയോ ഷോര്‍ട്ട് ക്ലിപ്പ് കാണാനിടയായി. തമിഴ്‌നാടിലെ ഒരു സെമി അര്‍ബന്‍ ഏരിയ. വെള്ളവും വഹിച്ചു രണ്ടു ടാങ്കര്‍ വണ്ടികള്‍  രണ്ടു തലക്കല്‍. അതിനിടയില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ റോഡിന്റെ ഒരു വശത്തായി നിരനിരയായി ആയിരക്കണക്കിന് കുടങ്ങള്‍, ഉത്കണ്ഠമുറ്റി നില്‍ക്കുന്ന മുഖങ്ങളുമായി  അവയ്ക്ക് കാവല്‍ നില്‍ക്കുന്ന സ്ത്രീകളും കൈകുഞ്ഞുങ്ങളും. എല്ലാവരും വെള്ളത്തിനായുള്ള കാത്തിരിപ്പിലാണ്!

സൗകര്യപ്പെടുമെങ്കില്‍ ആ വീഡിയോത്രെഡ് സംഘടിപ്പിച്ചു എല്ലാവര്‍ക്കുമെത്തിക്കണം, നോക്കി ആസ്വദിക്കാനോ തമിഴന്മാരുടെ പരിതാപകര അവസ്ഥ കണ്ടു പരിഹാസനിര്‍വൃതി കൊള്ളാനോ അല്ല. ജലക്ഷാമത്തിന്റെ ഭീകരരംഗഭൂമിയില്‍ നിന്നും അവനവനു പാഠമുള്‍ക്കൊള്ളാന്‍, വെള്ളം ഉപയോഗിക്കുന്നതില്‍ സ്വയം നിയന്ത്രണം കൊണ്ട് വരാന്‍, മറ്റുള്ളവരെ ഉണര്‍ത്താന്‍, ആ കാഴ്ച ഉപകാരപ്പെടാന്‍ വേണ്ടിയാണ്.

സാന്ദര്‍ഭികമായി എഴുതട്ടെ, ഇന്നലെയും ഞങ്ങളുടെ ഫ്‌ളാറ്റില്‍ (യാമ്പു) വെള്ളം എത്താന്‍ വൈകി. കഴിഞ്ഞ ആഴ്ച രണ്ടു ദിവസം തീരെ വെള്ളം തന്നെയുണ്ടായിരുന്നില്ല. വെള്ളത്തില്‍ ആറാട്ടു നടത്തിയിരുന്ന ആ കെട്ടിടത്തിലെ മലയാളികളടക്കമുള്ള താമസക്കാര്‍ ഒരു കുടം വെള്ളത്തിനു വേണ്ടി വാതിലില്‍ മുട്ടുന്നത് കഴിഞ്ഞ ഒരു മാസമായി സ്ഥിരം കാഴ്ചയായിരിക്കുന്നു. കിട്ടിയ വെള്ളത്തില്‍ അവര്‍ കാണിക്കുന്ന അതിസൂക്ഷ്മത വീഡിയോ പകര്‍ത്തി വീണ്ടും വീണ്ടും നോക്കണം. അത്രയയ്ക്കും സൂക്ഷ്മത! പക്ഷെ, ആ സൂക്ഷമതയാകട്ടെ, ടാങ്കില്‍ വെള്ളം നിറയുന്നത് വരെ മാത്രം. പിന്നെ നമ്മുടെ സ്വഭാവം പഴയപടി തന്നെ.

എപ്പോഴാണ് നാമിനി പഠിക്കുന്നത്? ഞാനൊരാള്‍ മാത്രം നിയന്ത്രിച്ചാല്‍ ഇവിടെയുള്ള ജലാമിതഉപയോഗം തടയാന്‍ പറ്റുമോ? ഇതാണ് പലരും സ്വയം ചോദിച്ചു, ജല ദുര്‍വ്യയത്തിന് ഞൊടിഞായം കണ്ടെത്തുന്നത്. അവനവന്‍ ഉറച്ച തീരുമാനമെടുത്തു പ്രവൃത്തിപഥത്തില്‍ കൊണ്ട് വന്നാല്‍ മറ്റുള്ളവരോടുമത് പറയാന്‍ കിട്ടുന്ന ആത്മധൈര്യത്തിനു തെളിമ വേറെത്തന്നെയാണ്. ഒരാള്‍ തെറ്റ് ചെയ്യുമ്പോള്‍, അമിത വ്യയം ചെയ്യുമ്പോള്‍, അവരെ നേരിട്ട് തിരുത്താനും സാധിക്കും, അതവര്‍ ചെവികൊള്ളുകയും ചെയ്യും.

പൊതുസ്ഥാപനങ്ങളിലെ ജലോപയോഗത്തിന്റെ കാര്യത്തിലാണ് ഏറെ ശ്രദ്ധ വേണ്ടത്. പള്ളിക്കൂടങ്ങള്‍, ആരാധനാലയങ്ങള്‍, റസ്‌റ്റോറന്റുകള്‍, വാടക കെട്ടിടങ്ങള്‍ എല്ലായിടത്തും വളരെ സൂക്ഷ്മത പാലിച്ചേ തീരൂ. നോട്ടീസ് പതിച്ചത് കൊണ്ട് മാത്രമായില്ല. ഇടക്കിടക്ക് ബോറടിക്കാത്ത രൂപത്തില്‍ അഞ്ചോ പത്തോ മിനിറ്റ് ബോധവല്‍ക്കരണസന്ദേശം നല്‍കാന്‍ സ്ഥാപന ഉത്തരവാദികളും അതാത് ഏരിയകളിലുള്ള സന്നദ്ധ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണം. പള്ളികളിലേക്ക്  പോകുമ്പോള്‍ വീട്ടില്‍ നിന്ന് തന്നെ അംഗശുദ്ധി വരുത്തുന്ന ശീലം കുട്ടികള്‍ക്ക് വരെ പഠിപ്പിക്കാന്‍ ഉമ്മമാര്‍ ശ്രദ്ധിക്കുകയും വേണം.

കേരളത്തിലെ ഈ വര്‍ഷത്തെ ജല ലഭ്യതയുടെ അവസ്ഥ വളരെ ആശങ്കളോട് കൂടിയാണ് ബന്ധപ്പെട്ടവര്‍ നോക്കികാണുന്നത്. ഭൂഗര്‍ഭജല വിതാനം കുറഞ്ഞു കുറഞ്ഞു വരുന്നു. മൂന്നു വര്‍ഷം മുമ്പ് കേരള കാര്‍ഷിക യൂണിവേഴ്സ്റ്റിറ്റി നടത്തിയ പഠനത്തില്‍ 2021ന്നോട് കൂടി പ്രവചനാതീതമായ ജല ദൗര്‍ലഭ്യമാണ് കേരളത്തെ കാത്തിരിക്കുന്നത് (അവലംബം: ഹിന്ദു ദിനപത്രം ജൂലൈ 26, 2014 ).

48,600 mm 3 വെള്ളം ആവശ്യമുള്ളിടത്ത് 47,332 mm3 മാത്രമേ ജലസ്രോതസ്സുകളില്‍ നിന്ന് ലഭിക്കൂ. പ്രസ്തുത  ആവശ്യകതയില്‍  ജലസേചനത്തിനുള്ള 59 ശതമാനം, വ്യവസായികംഗാര്‍ഹികാവശ്യത്തിനു 15.4 ശതമാനം, ബാക്കിയുള്ള 26 ശതമാനം ഉപ്പുവെള്ള ഉപയോഗ്യമാക്കിത്തീര്‍ക്കല്‍ (salintiy cotnrol and reclamation). ലഭിക്കുമെന്ന് കണക്ക് കൂട്ടുന്ന 47,332 mm3 വെള്ളത്തില്‍ 42,700 mm3 മഴയെ ആശ്രയിച്ചാണ്, അതും നേരെ ചൊവ്വെ പെയ്താല്‍. ബാക്കിയുള്ളത്   ഭൂഗര്‍ഭ ജലത്തില്‍ നിന്നും. കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് മാത്രം ഭൂഗര്‍ഭ ജലവിതാനം 72.84 ശതമാനം കുറഞ്ഞുവെന്ന് പ്രസ്തുത റിപ്പോര്‍ട്ടിലുണ്ട്. തൃശൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലായിരിക്കുമത്രേ ഏറ്റവും കൂടുതല്‍ ജലക്ഷാമമുണ്ടാകുക.  ഇതില്‍ ഒന്നാമത് തൃശൂരും രണ്ടാമത്   എറണാകുളവുമാണ്. കോട്ടയം, പാലക്കാട്, പത്തനംതിട്ട, കാസര്‍കോട് ജില്ലകള്‍  റെഡ് സോണിലില്ലെങ്കിലും  ജലക്ഷാമ പട്ടികയില്‍ നിന്ന് ഒഴിവുമല്ല. ഇടുക്കിയും വയനാടും മാത്രമാണ് സെയ്ഫ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 31 നു കേരള നിയമസഭയില്‍ റവന്യുമന്ത്രി കേരളത്തിലെ മുഴുവന്‍ ജില്ലകളെയും വളര്‍ച്ചബാധിത (drought-hit) പ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞു (അവലംബം: ഹിന്ദു, നവ 01. 2016).  തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണും (ജൂണ്‍ സെപ്) വടക്ക് കിഴക്കന്‍ മണ്‍സൂണും (ഒക്ടോ ഡിസം) യഥാക്രമം 34 ശതമാനവും 69 ശതമാനവും കുറഞ്ഞാണ് ഈ വര്‍ഷം കേരളത്തില്‍ പെയ്തത്. അതിനു ശേഷം എവിടെയും കാര്യമായ മഴയും പെയ്തിട്ടുമില്ല.

ജൂണ്‍, സെപ്തംബര്‍ മാസങ്ങളില്‍ സാധാരണ ലഭിച്ചിരുന്ന മഴയുടെ അളവ് പകുതിയോളം കുറഞ്ഞത് ചെറുതായി കാണരുത്. മറ്റു പരിഹാരങ്ങള്‍ ഒന്നുമില്ല, ഓരോരുത്തരുടെ ഭാഗത്തുനിന്നുള്ള നിയന്ത്രണമല്ലാതെ. ചുറ്റുഭാഗങ്ങളിലുള്ള പുഴകളും, കൈതോടുകളും ചിറകെട്ടാതെ ഒഴുകി വിടാന്‍ അനുവദിക്കരുത്. ഇത്തരം ജലസ്രോതസ്സുകളും കുളം, കിണര്‍ തുടങ്ങിയവയും മലിനമാക്കാതെ നോക്കേണ്ടതും പൊതു ആവശ്യമായി പരിഗണനയില്‍ വരികയും വേണം. A river is more than an amenity, it is a treasure (Oliver W.Holmes)

കൊച്ചി പോലുള്ള മെട്രപൊളിറ്റന്‍ സിറ്റികളില്‍ വളര്‍ച്ച തുടങ്ങിക്കഴിഞ്ഞു; ആശുപത്രികളില്‍ വരെ വെള്ളമില്ലാത്ത അവസ്ഥയാണുള്ളതെന്നു ഐ. എം. എ. കൊച്ചി ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. നാരായണന്റെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടതാണ്. എല്ലാ തരം വ്യാപാര വ്യവസായങ്ങളെയും ജല ദൗര്‍ലഭ്യം ബാധിച്ചിട്ടുണ്ട്. നിലവിലുള്ള പൈപ്പ് വാട്ടര്‍ സംവിധാനം ഒരു പരിഹാരമല്ലെന്ന് കേരളത്തില്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

തലങ്ങും വിലങ്ങും ഓടുന്ന വാട്ടര്‍ ടാങ്കുകളാണ് ഇനി കേരളം കാണാന്‍ പോകുന്നത്. ഗ്രാമങ്ങളിലെ കുളങ്ങളും കിണറുകളും ഇവര്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടടങ്ങുന്ന ആലപ്പുഴയും പരിതാപകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.  കൃഷിയുടെ കാര്യം പിന്നെ  പറയേണ്ടല്ലോ. വരും ദിനങ്ങളില്‍ ഉണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധിയെയും ആരോഗ്യവകുപ്പധികൃതര്‍ ഉത്കണ്ഠയോടെയാണ് നോക്കുന്നത്.

ജലസംഭരണകാര്യത്തിലും ജലസ്രോതസ്സ് സംരക്ഷണ കാര്യത്തിലും വളരെ പ്രായോഗിക സമീപനവും ഒരു പുതിയ ജല ഉപഭോഗ സംസ്‌കാരവും നമുക്കുണ്ടായേ തീരൂ. അതിനാവശ്യമായ പുതിയ പുതിയ നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും നല്ല മാതൃകകളും ഓരോരുത്തരിലും നിന്നുമുണ്ടാകട്ടെ. ജല ദുരുപയോഗ സാധ്യകകളില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കുക തന്നെ വേണം. ആഘോഷങ്ങളും കല്യാണആര്‍ഭാടങ്ങളും ലളിതവല്‍ക്കരിക്കാന്‍ അവ  സംഘടിപ്പിക്കുന്നവര്‍ തയ്യാറായേ തീരൂ. ആരാധനാലയങ്ങള്‍ ഇത്തരം വിഷയങ്ങള്‍ക്കുള്ള ഉത്‌ബോധനകേന്ദ്രങ്ങളാകട്ടെ. ജീവന്റെ  ഉത്ഭവവും ഉള്ളടക്കമാണ് (matter & mtarix) ജലമെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകട്ടെ. വരും ദിനങ്ങള്‍ അത്ര ശുഭകരമല്ല. ചൂട് മീനത്തില്‍ മാത്രമുള്ളതല്ല. അത് പണ്ട്; ഇനി തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വരുന്നത് വരെ കേരളത്തിന് എപ്പോഴും മീനമാണ്.

''ഒരു  കാലം വരും; വെള്ളത്തിന് വേണ്ടിയായിരിക്കും അന്ന് പരസ്പരം പോരടിക്കുക.'' ഇത് കുറെയായി നാം water wars എന്ന പേരില്‍  കേള്‍ക്കാന്‍ തുടങ്ങിയിട്ട്.  ഇപ്പോള്‍ അത് പ്രാക്ടിക്കല്‍ ആയിത്തുടങ്ങിയെന്നു വടക്കന്‍ സംസ്ഥാനത്തു നിന്ന് വാര്‍ത്തയും വന്നു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ചിത്വാദ് ഗ്രാമത്തില്‍ ഇന്നലെ ഒരു ലഹള നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  രണ്ടു ഗ്രാമവാസികള്‍ തമ്മില്‍.  ഒരാള്‍ അതിദാരുണമായാണ് മരിച്ചത്. അഞ്ചുപേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലുമാണ്. വിഷയം, വെള്ളം! ജലം പങ്കിട്ടിരുന്ന രണ്ടു ഗ്രാമവാസികള്‍ തമ്മില്‍, വരണ്ടുവറ്റാറായ കിണറിനെ ചൊല്ലിയാണ് വാക്കേറ്റം മൂത്ത് മൂത്ത്  കൊലപാതകത്തില്‍ കലാശിച്ചത്.

ഭൂമിയെ വലയം ചെയ്തിട്ടുള്ളത് മൂന്നില്‍ രണ്ടു ഭാഗവും വെള്ളമെന്നാണ്  നാം പഠിച്ചതും പഠിപ്പിക്കുന്നതും; ശതമാനക്കണക്കില്‍ 70 ശതമാനം.  അതില്‍ ശുദ്ധജലത്തിന്റെ അളവ് രണ്ടു ശതമാനം മാത്രമെന്ന് നാം പഠിക്കാതെ പോയി. അതില്‍ തന്നെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ വെള്ളം എളുപ്പം ലഭിക്കുന്നുമുള്ളൂ. നമ്മുടെ ഉപയോഗരീതിയോ 68 ശതമാനം വരുന്ന ഉപ്പുവെള്ളത്തിന്റെ കണക്ക് പിടിച്ചും. ഒഴുകുന്ന വെള്ളത്തിലും സൂക്ഷമത കാണിക്കണമെന്ന് ദീര്‍ഘ ദര്‍ശനം ചെയത നബിയുടെ വചനം പ്രസംഗിക്കാനും  ഉദ്ധരിക്കാനുമുള്ളതല്ല, എല്ലായ്‌പ്പോഴും പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരാനുള്ളതാണ്.

Keywords: Aslam Mavila, Water, Drinking Water, Control, River, Water Tank, Well, Flast, Control water usage