Follow KVARTHA on Google news Follow Us!
ad

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: അക്ഷരം സ്‌നേഹിക്കുന്നവര്‍ അണിനിരക്കുക

ചില ഉദ്യമങ്ങള്‍ (missions) നമ്മുടെ മനസ്സില്‍ ഒരുപാട് കാലം തങ്ങി നില്‍ക്കും. ഒരു ഉദാഹരണം സമ്പൂര്‍ണ്ണ സാക്ഷരത. ഒരു കാലത്തു നമ്മുടെ Article, Aslam Mavilae, Education, Pinarayi vijayan, Ramesh Chennithala, Inauguration, kasaragod, Thiruvananthapuram, Literacy, Campaign, Launching, Programme,
അസ്‌ലം മാവില

(www.kvartha.com 27.01.2017) ചില ഉദ്യമങ്ങള്‍ (missions) നമ്മുടെ മനസ്സില്‍ ഒരുപാട് കാലം തങ്ങി നില്‍ക്കും. ഒരു ഉദാഹരണം സമ്പൂര്‍ണ്ണ സാക്ഷരത. ഒരു കാലത്തു നമ്മുടെ നാട്ടിന്‍പ്രദേശങ്ങളിലടക്കം സാക്ഷരത തന്നെയായിരുന്നു സംസാരവിഷയം. പ്രസ്തുത വിഷയം ലോകത്തെമ്പാടും ചര്‍ച്ചചെയ്‌തെന്നും ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നുവെന്നതും തൊഴിലന്വേഷണത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ പോയപ്പഴാണ് ഞാനൊക്കെ മനസ്സിലാക്കുന്നത്. അന്നത്തെ ഇന്ത്യയിലെ മൊത്തം സാക്ഷരതയുടെ കണക്ക് ലോകത്തിന്റെ മുന്നിലുണ്ട്. അത്‌കൊണ്ട് കേരളത്തിലെ സാക്ഷരതാ യജ്ഞം എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. സമ്പൂര്‍ണ്ണ സാക്ഷരതാ മിഷന്‍ മലയാളത്തിനും മലയാളിക്കും നല്‍കിയ പോപ്പുലാരിറ്റി അത്ര വലുതായിരുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വെറും ഒരു പ്രതിജ്ഞ ചൊല്ലലില്‍ മാത്രമൊതുക്കാതെ അതിന്റെ സത്തയുള്‍ക്കൊണ്ടുകൊണ്ട് പൊതുജനപങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ ഒരുമിച്ചു ശ്രമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ആവറേജിനപ്പുറമുള്ള ഔട്ട്പുട്ടാണ് നമ്മെ കാത്തിരിക്കുന്നത്.

അറിഞ്ഞിടത്തോളം ജി ഇ പി മിഷന്റെ (General Education Protection Mission) ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇവയാണ്:-

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കുക, സ്‌കൂളുകളില്‍ ഹരിതനിയമാവലി (Green Protocol) നടപ്പാക്കുക.

പൊതുവിദ്യാലയങ്ങളാണ് മലയാളത്തിന്റെ ഉയിരും ഊര്‍ജവും. ഇന്ന് നിലനില്‍ക്കുന്ന മലയാളിയുടെ രാഷ്ട്രീയ സാക്ഷരതയ്ക്കും സഹവര്‍ത്തിത്ത്വമനോഭാവത്തിനും സാമൂഹികസാംസ്‌കാരിക ഇടപെടലുകള്‍ക്കും പൊതുവിദ്യാലയങ്ങള്‍ നല്‍കിയ പങ്ക് ചെറുതല്ല. ഏറ്റചെറുപ്പമില്ലാതെ എല്ലാവരെയും ഒന്നായി കാണാനുള്ള മഹത്തായ സന്ദേശം ഈ പള്ളിക്കൂടങ്ങളാണ് നമുക്ക് നല്‍കിയത്, ആ ക്യാംപസുകളാണ് അതിനു വഴിവെച്ചത്.  

പൊതു വിദ്യാലയങ്ങള്‍ ഇന്ന് അവഗണിക്കപ്പെടുകയാണോ? മതിയായ പരിഗണന നാമാരും പൊതുവിദ്യാഭ്യാസത്തിനു വെച്ച് നല്‍കുന്നില്ലേ? അങ്ങിനെയാണെങ്കില്‍ മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങളെ മാറ്റിയെടുക്കാന്‍ കൂട്ടായ ശ്രമം നടത്തേണ്ടതല്ലേ?

പൊതുവിദ്യാലയങ്ങളിലെ നിലവിലുള്ള പോരായ്മകള്‍ കണ്ടറിഞ്ഞു പരിഹരിക്കുന്നതോടൊപ്പം മറ്റേത് വിദ്യാലയങ്ങളെക്കാളും കിടപിടിക്കുന്ന വിധത്തില്‍ മികച്ച രീതിയില്‍ ഇന്‍ഫ്രാസ്‌ട്രെച്ചര്‍ സൗകര്യമൊരുക്കുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുമുണ്ടാകുമ്പോഴാണ് നേരത്തെ പറഞ്ഞ മിഷന്‍ ലക്ഷ്യം പ്രാപിക്കുകയുള്ളൂ. ഒപ്പം ഒരു നാടിന്റെ കൂട്ടായ മനസ്സും പ്രയത്‌നവും അതിന്റെ ഓജസ്സ് വര്‍ധിപ്പിക്കും.

വിദ്യാലയ വികസന പദ്ധതി തയാറാക്കല്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഹൈടെക് വിദ്യാലയങ്ങള്‍, ഇംഗ്ലീഷ് പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ഭാഷ-ശാസ്ത്ര-ഗണിത പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ജൈവവൈവിധ്യ ഉദ്യാനം എന്നീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു പൊതു വിദ്യാഭ്യാസ മേഖല വീണ്ടുെടപ്പിന് തയാറാകുന്നുവെന്ന് മിഷന്റെ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ഉത്തരവാദപ്പെട്ട വകുപ്പില്‍നിന്നുള്ള ഈ പ്രസ്താവന വളരെ ഗൗരവത്തോട് കൂടിയാണ് വിദ്യാഭ്യാസ പ്രവര്‍ത്തകരും രക്ഷിതാക്കളും പൊതുജനവും നോക്കിക്കാണുന്നത്.

പത്തിരുപത്തഞ്ച് വര്‍ഷം മുമ്പുള്ള സാഹചര്യമല്ല ഇന്ന് കേരളത്തില്‍ പ്രത്യേകിച്ചുള്ളത്. സൗകര്യങ്ങള്‍ തേടിയാണ് രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ പഠനത്തിന് അയക്കുന്നത്. ഓട്ടയുള്ള മേല്‍ക്കൂരയും കൈകാല്‍ പൊളിഞ്ഞ ബഞ്ചും ഡസ്‌കും കാറ്റ് മാത്രം വരുന്ന വാട്ടര്‍ ടാപ്പും ഒരുകോപ്പുമില്ലാത്ത ലാബും കണ്ടാല്‍ ഇന്നത്തെ കുട്ടികള്‍ ആ ഭാഗത്തേക്ക് മുഖം തന്നെ കാണിക്കില്ലെന്ന് അധികൃതര്‍ക്ക് തിരിച്ചറിവുണ്ടാകണം. തൊട്ടടുത്ത് സര്‍ക്കാര്‍ സ്‌കൂള്‍ ഉണ്ട്. അധ്യാപകരുമുണ്ട്. സര്‍ക്കാരേതര സ്‌കൂളുകളിലുളളതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്നുമറിയാം. പക്ഷെ, എന്തോ ചിലതിന്റെ കുറവുകളാണ് രക്ഷിതാക്കളെ മുറ്റത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ആ 'എന്തോ ചിലതുകള്‍' എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അവയ്ക്കുള്ള പരിഹാരം കൂട്ടായി കാണാനായാല്‍ തീര്‍ച്ചയായും ഈ മിഷന്‍ വിജയിക്കുമെന്നതിന് തര്‍ക്കമില്ല.

കുട്ടികളുടെ പഠന പാഠ്യേതര വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അവരുടെ അഭിരുചികള്‍ കണ്ടറിഞ്ഞു മുന്നോട്ട് പോകാന്‍ അധ്യാപകരക്ഷാകര്‍ത്താക്കള്‍ പരിശ്രമിക്കേണ്ടതുണ്ട്. അനുഭവസ്ഥരായ വിദ്യാഭ്യാസ വിചക്ഷണരുടെ ഇടപെടലുകളോട് കൂടി ഒരു student centered വിദ്യാഭ്യാസം നടപ്പിലാക്കുവാനും ആവശ്യമെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ മാന്വലില്‍ കാതലായ മാറ്റം വരുത്തുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കണമെങ്കില്‍ ഭഗീരഥപ്രയത്‌നം ചെയ്യാന്‍ ആദ്യം മുന്‍കൈ എടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഒന്നാമതും രണ്ടാമതും അധ്യാപകരും തുടര്‍ന്ന് നാട്ടുകാരുമാണ്, അതേത് പ്രദേശത്തെ സ്‌കൂളാണെങ്കിലും. അച്ചടക്കം ആദ്യം തുടങ്ങേണ്ടത് സ്വജീവിതത്തില്‍ അധ്യാപകരായിരിക്കണം. ഏറ്റവും മികച്ച ട്രെയിനിങ്ങുകളാണ് ഓരോ അധ്യയനവര്‍ഷവും സര്‍ക്കാര്‍ ചെലവില്‍ അധ്യാപകര്‍ക്ക് ലഭിക്കുന്നത്. അതിന്റെ ഔട്പുട്ട് ഉണ്ടാകുന്നുണ്ടോ എന്ന് എഇഒ തൊട്ട് മുകളിലുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഗ്രാമ -ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഭരണകൂടങ്ങളും വിദ്യാഭ്യാസസമിതികളും ഇടക്കിടക്ക് അന്വേഷിക്കുകയും പഴുതുള്ളിടത്ത് പരിഹാരമുണ്ടാക്കുകയും വേണം. അധ്യാപക രക്ഷാകര്‍തൃ സമിതികളില്‍ അനുഭവസ്ഥരായ രക്ഷിതാക്കളെ ഉള്‍പ്പെടുത്തുകയും അവരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കുയും ചെയ്യണം. പിടിഎ എസ്എംസി സമിതികള്‍ക്ക് ചെറുതല്ലാത്ത റോള്‍ ഈ വിഷയത്തില്‍ ഉണ്ട്.

പട്ടാള ചിട്ടയുടെയും കാര്‍ക്കശ്യത്തിന്റെയും കാലം കഴിഞ്ഞെന്നു പറയുമ്പോഴും ലിബറല്‍ അറ്റ്‌മോസ്ഫിയര്‍ പശ്ചാത്തലമൊരുക്കിയുള്ള ക്ലാസുകള്‍ എങ്ങിനെയാണെന്ന് നാട്ടുകാരെയല്ല ആദ്യം ബോധ്യപ്പെടുത്തേണ്ടത് അധ്യാപകരെയാണ്. അവരാണല്ലോ ഇതിന് തുടക്കം കുറിക്കേണ്ടത്. ഒരു അധ്യയന വര്‍ഷം ആയിരം സകര്‍മ്മക മണിക്കൂര്‍ എന്ന ജി ഇ പി മിഷന്റെ ലക്ഷ്യം സ്വാഗതാര്‍ഹമാണ്, അത് ഫലം കാണുമെങ്കില്‍. വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് സംസ്ഥാനമെന്ന ജി ഇ പി മിഷന്റെ മറ്റൊരു സുപ്രധാന ലക്ഷ്യവും വളരെ നല്ലത് തന്നെ. അവയൊക്കെ വളരെ പ്രതീക്ഷയോട് കൂടിയാണ് പൊതുജനം നോക്കികാണുന്നത്.

ജനുവരി 27, വെള്ളിയാഴ്ച നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ കാമ്പയിന്‍ ലോഞ്ചിങ് വിജയിപ്പിക്കേണ്ടത് നാട്ടിലെ ഓരോരുത്തരുടേയും ബാധ്യതകൂടിയാണ്. വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക കലാ കായിക രംഗങ്ങളില്‍ സജീവമുള്ള മുഴുവന്‍ കൂട്ടായ്മകളും നാട്ടുകാരും വിശിഷ്യാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സദുദ്യമത്തില്‍ പങ്കാളികളാവുക. തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രഖ്യാപന ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുന്നത്. നമ്മുടെ കുട്ടികളുടെയും വരും തലമുറയുടെയും നല്ല ഭാവിക്കായ് നാമോരുരുത്തരും ഈ മഹദ്‌യജ്ഞത്തിന്റെ ഭാഗമാകുക.

Keywords: Article, Aslam Mavilae, Education, Pinarayi vijayan, Ramesh Chennithala, Inauguration, Kasaragod, Thiruvananthapuram, Literacy, Campaign, Launching, Programme, Join Public Education Drive