ജയരാജന്റെ രാജിയെ മറികടന്ന സിപിഎം സക്കീര്‍ഹുസൈന്‍, ജയന്തന്‍ വിവാദങ്ങളുടെ കുരുക്കില്‍; നിലവിട്ടപ്പോള്‍ പാതി നടപടിയും പാതി സംരക്ഷണവും

 


തിരുവനന്തപുരം: (www.kvartha.com 05/11/2016) ആറുമാസം തികയുന്നതിനു മുമ്പ് ഒരു മന്ത്രിരാജിവയ്‌ക്കേണ്ടി വന്ന പിണറായി സര്‍ക്കാരിന് വലിയ പ്രതിഛായാ നഷ്ടം ഉണ്ടാകാതെ 'മാനേജ്' ചെയ്‌തെങ്കിലും സര്‍ക്കാര്‍ വന്നശേഷം പാര്‍ട്ടി ന്തൃത്വത്തിന്റെ തലവേദന പ്രാദേശിക നേതാക്കള്‍ക്കുണ്ടാകുന്ന പേരുദോഷം. സംഘടനാതലത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ സമര്‍ത്ഥമായി മറികടക്കാറുള്ള സിപിഎം ഇപ്പോഴത്തെ വിവാദങ്ങള്‍ക്കുമുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ്.

കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈന്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി എന്ന പരാതി മൂടിവയ്്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി ഇപ്പോള്‍ അയാളെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തേണ്ടി വന്നു. അപ്പോഴും എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുസ്ഥാനത്തു നിന്നും സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും മാറ്റാതെ സംരക്ഷിക്കാന്‍ ശ്രമിച്ച് പിടിച്ചു നില്‍ക്കാനാണ് ശ്രമം. മാത്രമല്ല, ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുതന്നെ എം എം ലോറന്‍സിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്തമായ നിലപാട് എടുത്തതുകൊണ്ടുമാത്രമാണെന്നും പുറത്തുവന്നിരിക്കുകയാണ്.

നടപടി ആലോചിക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സക്കീര്‍ ഹുസൈനെ മാറ്റേണ്ടതില്ല എന്ന നിലപാടായിരുന്നത്രേ സ്വീകരിച്ചത്. പാര്‍ട്ടിയുടെയും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെയും പ്രതിഛായ ഗുരുതരമായവിധത്തില്‍ മോശമാക്കാന്‍ പ്രാദേശിക നേതാക്കളുടെ നടപടികള്‍ ഇടയാക്കുകയാണ്. രാഷ്ട്രീയ കേസുകളില്‍പ്പെട്ട് പാര്‍ട്ടിയുടെ നേതാക്കള്‍ മുമ്പ് അറസ്റ്റിലാവുകയും തടവിലാവുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ബ്ലാക്‌മെയിലിംഗ്, ബലാല്‍സംഗക്കേസുകളിലും പ്രതികളാകുന്നത് പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയന്തനുള്‍പ്പെടെ നാലംഗസംഘം വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയന്തനെയും മറ്റൊരാളെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് മാറ്റേണ്ടിവന്നു. അപ്പോഴും ജയന്തനോട് കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കാന്‍ നിര്‍ദേശിക്കാത്തതിനേച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിയോജിപ്പുണ്ടെന്നാണ് വിവരം. അതിനിടയിലാണ്,ജയന്തനെതിരായ പാര്‍ട്ടി നടപടി അറിയിക്കാന്‍ മാധ്യമങ്ങളെ കണ്ട മുന്‍ നിയമസഭാ സ്പീക്കര്‍കൂടിയായ കെ രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തി വെട്ടിലായിരിക്കുന്നത്. ലൈംഗിക പീഡനക്കേസുകളിലെ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് സുപ്രീംകോടതി വിലക്കിയിട്ടുണ്ട്.

അത് അറിയാത്ത ആളല്ല കെ രാധാകൃഷ്ണന്‍.മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ജയന്തന്റെ പേര് പറഞ്ഞുകൊണ്ടിരിക്കുകയും ഇവരുടെ പേര് പറയാതിരിക്കുകയും ചെയ്യണം എന്നാണോ എന്നായിരുന്നു. രാധാകൃഷ്ണനെതിരേയും കേസെടുക്കേണ്ട സ്ഥിതിയാണ്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ പെരുമാറ്റം നന്നാക്കുന്നതിനേക്കുറിച്ച് പ്ലീനം വിളിച്ചുചേര്‍ത്ത് വിശദമായി ചര്‍ച്ച ചെയ്ത് രൂപരേഖയുണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎം. കാര്യങ്ങള്‍ പിടിവിട്ടുപോകുമ്പോള്‍ പാര്‍ട്ടിയെ നോക്കി പല്ലിളിക്കുന്നത് പ്രത്യേക പ്ലീനം തയ്യാറാക്കിയ ആ പെരുമാറ്റച്ചട്ടവും കൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജയരാജന്റെ രാജിയെ മറികടന്ന സിപിഎം സക്കീര്‍ഹുസൈന്‍, ജയന്തന്‍ വിവാദങ്ങളുടെ കുരുക്കില്‍; നിലവിട്ടപ്പോള്‍ പാതി നടപടിയും പാതി സംരക്ഷണവും

Keywords:  Kerala, CPM, CPM in dilemma; what will do to manage these kind of local leaders, Sakeerhusain, Jayandan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia