Follow KVARTHA on Google news Follow Us!
ad

ഭരണാധികാരികള്‍ മനുഷ്യരുടെ കൂടെയോ അതോ തെരുവുനായ്ക്കളുടെ കൂടെയോ?

കേരളം ഒരിക്കല്‍ കൂടി, പ്രത്യേകിച്ച് തെക്കന്‍ ജില്ലകള്‍, മറ്റെല്ലാ വിഷയങ്ങളെന്ന പോലെ ശ്രദ്ധാകേന്ദ്രമാകുകയാണ്. തെരുവുനായ്ക്കളാണ് ഇപ്പോള്‍ കൊണ്ടുപിടിച്ച Article, Dog, attack, Assault, Stray dog issues in Kerala, Thiruvananthapuram, Varkala, Aslam Mavila, Waste, Cleaning, Pharmacy.
അസ്‌ലം മാവില 

(www.kvartha.com 30.10.2016) കേരളം ഒരിക്കല്‍ കൂടി, പ്രത്യേകിച്ച് തെക്കന്‍ ജില്ലകള്‍, മറ്റെല്ലാ വിഷയങ്ങളെന്ന പോലെ ശ്രദ്ധാകേന്ദ്രമാകുകയാണ്. തെരുവുനായ്ക്കളാണ് ഇപ്പോള്‍ കൊണ്ടുപിടിച്ച ചര്‍ച്ചാ വിഷയം. നായ്ക്കള്‍ ഇല്ലാഞ്ഞിട്ടാണോ, അതല്ല കടിക്കാഞ്ഞിട്ടാണോ, അതുമല്ല കടിച്ചത് അതത്ര വാര്‍ത്തകളില്‍ ഇടം കിട്ടാഞ്ഞിട്ടാണോ, ഇവിടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കരുതലിലാണെന്ന് തെരുവ് പട്ടികള്‍ മനസ്സിലാക്കിയത് കൊണ്ടാണോ   എന്നറിയില്ല തെക്കന്‍ ജില്ലകളിലെ വാര്‍ത്താകോളങ്ങളില്‍ വരുന്നത്ര ജനശ്രദ്ധ വടക്കന്‍ ജില്ലകളില്‍ ഈ വിഷയം പെട്ടിട്ടുമില്ല. (കഴിഞ്ഞ ബുധനാഴ്ച ഫാത്തിമ നസ്രിന്‍ എന്ന രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കോഴിക്കോട് തെരുവുനായ്ക്കള്‍ ആക്രമിച്ചതു മറന്നു കൊണ്ടല്ല ഈ കുറിപ്പ്).

വര്‍ക്കലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്വന്തം വീടിന്റെ കോലായില്‍ കിടന്നുറങ്ങുകയായിരുന്ന തൊണ്ണൂറ് വയസ്സുള്ള ഗൃഹനാഥനെയാണ് തെരുവ് നായ്ക്കള്‍ വളരെ ഭീകരമായി കടിച്ചു കീറിയത്. മുറിവേല്‍ക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു ഭാഗവും ബാക്കിയില്ല. അത്രനല്ല വീടുണ്ടായിട്ടും ആ വൃദ്ധന്‍ എന്തിനാണ് രാത്രി സ്വന്തം വീടിന് പുറത്തു കോലായില്‍ തന്നെ കിടക്കാന്‍ തെരഞ്ഞെടുത്തതെന്നത് വേറെ ചോദ്യം. വാര്‍ത്ത വന്നത് വീട്ടില്‍ കയറി തെരുവ് നായ്ക്കള്‍ കടിച്ചു എന്നായിരുന്നു. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ പറയുന്നത് വീട്ടിന് പുറത്തുള്ള കോലായില്‍ കിടക്കുമ്പോഴും. വീട് നികുതി അടക്കുന്ന മാനദണ്ഡം അനുസരിച്ചു തുറസ്സായ ഈ സ്ഥലവും പഞ്ചായത്തു കണക്കില്‍ വീട്ടില്‍ തന്നെ പെടുമായിരിക്കും. പട്ടികടിയോളം തന്നെ മാനുഷിക പരിഗണന വെച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പ്രായമുള്ളവരെ വീട്ടിന് പുറത്തിട്ട് ഉറങ്ങാന്‍ വിടുന്ന കുടുംബ പശ്ചാത്തല പ്രശ്‌നങ്ങളും. ഖേദകരമെന്ന് പറയട്ടെ, വീട്ടില്‍ പ്രായമേറെയായുള്ളവരെ പരിചരിക്കുന്ന വിഷയത്തില്‍ സ്വന്തം വീട്ടുകാര്‍ കാണിക്കുന്ന നിരുത്തരവാദ സമീപനത്തെ കുറിച്ചുള്ള വിഷയം ഈ ബഹളത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ വഴിമാറുകയാണ് ചെയ്യുന്നത്.

തെരുവ് നായ്ക്കളുടെ ശല്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ നാടുകളില്‍ ഈ പ്രശ്‌നങ്ങളുണ്ട്. അതത്  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും പട്ടിപിടുത്തക്കാര്‍ വളയം എറിഞ്ഞു പട്ടികളെ പിടിച്ചു കൊണ്ടിരുന്നത് വളരെ ചെറുപ്പത്തില്‍ തന്നെ ഞങ്ങളൊക്കെ കാണുന്ന കാഴ്ചകളുമായിരുന്നു. അത് കൊണ്ടൊന്നും തെരുവ് നായ്ക്കള്‍ക്ക് പട്ടിസ്‌നേഹികള്‍ പറയുന്ന രൂപത്തിലുള്ള വംശ നാശം നടന്നതായി എവിടെയും റിപ്പോര്‍ട്ടില്ല.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിന്റെ പതിനൊന്നാം വകുപ്പില്‍ മനുഷ്യനു പ്രത്യക്ഷത്തില്‍ വിപത്താകുന്ന മൃഗങ്ങളെ  കൊല്ലാന്‍ നിയമമുണ്ട്. അവര്‍ ഇങ്ങോട്ട് ശല്യം ചെയ്യുന്നത് കൊണ്ടാണല്ലോ കൊല്ലാന്‍ അങ്ങിനെയൊരു നിയമം നിലവില്‍ വരുന്നത്. സുപ്രീം കോടതിയിലെ കേസും എബിസി (Animal Birth Cotnrol)യും മനുഷ്യന്റെ ജീവനും സ്വത്തിനും ഒരിക്കലും പ്രതിബന്ധമാകരുത്.

തെരുവ് നായ്ക്കളെ വെച്ച് പൊറുപ്പിക്കരുതെന്ന് പറയുമ്പോഴൊക്കെ കേള്‍ക്കുന്ന സര്‍ക്കാര്‍ ഉപദേശങ്ങളാണ് വന്ധ്യകരണം. മനസ്സിലാകാത്തത് അതും ഇതും തമ്മില്‍ എന്ത് ബന്ധമെന്നാണ്. കടിക്കുന്ന പട്ടിയുടെ പിറക്കാന്‍ പോകുന്ന കുട്ടികളാണ് ഇപ്പോള്‍ നാട്ടില്‍ ശല്യം ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തോന്നിപ്പോകും ഇവരുടെ പറച്ചില്‍ കേട്ടാല്‍. അല്ലെങ്കിലും സ്‌റ്റെറിലൈസേഷന്‍ എന്നത് എബിസിയുടെ ഭാഗമല്ലേ? പത്ത് ലക്ഷത്തോളം നായ്ക്കള്‍ കേരളത്തിലുണ്ട്. അതില്‍ 70 ശതമാനവും തെരുവ് നായ്ക്കളാണ്. ഇവയെ മാത്രം പിടിച്ചു കൂട്ട വന്ധീകരണ പ്രക്രിയ യജ്ഞം നടത്തിയാല്‍ തന്നെ 4 വര്‍ഷമെടുക്കുമത്രേ. അതും പട്ടിപിടുത്തക്കാര്‍ ആവശ്യത്തിനുണ്ടെങ്കില്‍. ഭരണാധികാരികള്‍ മനുഷ്യരുടെ കൂടെ നില്‍ക്കുകയാണോ അതല്ല തെരുവ് പട്ടികളുടെ കൂടെയോ?

ബന്ധപ്പെട്ട സംസ്ഥാന മന്ത്രി, മേനകയെയല്ല നോക്കേണ്ടത്. അവര്‍ അങ്ങ് ഡല്‍ഹിയില്‍ ഇരുന്ന് വിളിച്ചു പറയുന്നത് കേട്ട് ഇവിടെ മുട്ട് വിറക്കണോ? കേരളക്കരയില്‍ നമുക്കാണ് പട്ടികടിഏല്‍ക്കുന്നത്. വരുന്നിടത്തു വെച്ച് കാണാമെന്ന ഉറച്ച തീരുമാനത്തില്‍ തെരുവ് നായ്ക്കളെ അടിയന്തിരമായി കൈകാര്യം ചെയ്യാനുള്ള നീക്കങ്ങളാണ് ഇനി ആവശ്യം. ഇനി ആരെയാണ് കാത്തിരിക്കുന്നത്? ഭരണാധികാരികള്‍ മനുഷ്യരുടെ കൂടെ നില്‍ക്കുകയാണോ അതല്ല തെരുവ് പട്ടികളുടെ കൂടെയോ? ഈ വിഷയത്തില്‍ ജസ്റ്റിസ് സിരിജഗന്‍ നിരീക്ഷിച്ചത് കൂടി കൂട്ടി വായിക്കുക, ഇതിങ്ങനെ തുടര്‍ന്ന് പോയാല്‍ ജനം നിയമം കയ്യിലെടുക്കുമെന്ന്.

സ്‌ട്രേ ഡോഗ്‌സ് എന്ന് പറഞ്ഞാല്‍ തന്നെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവയല്ലേ. കൂടും കടുംബവുമില്ലാത്ത വര്‍ഗ്ഗം. ആരുടെയും കൂട്ടിലോ കുടുംബത്തിലോ ഇവര്‍ താമസവുമല്ല. വിണ്ണും മണ്ണുമാണ് അവര്‍ക്ക് വിഷ്ണു ലോകം. രാത്രി കാലങ്ങള്‍ വിട്ട് പകല്‍ വെളിച്ചത്തിലാണ് ഇപ്പോള്‍ തെരുവ് നായ്ക്കള്‍ വിഹരിക്കുന്നത്. അടുത്ത ഇര അതിന് ആരുമാകാം. ചെറുതോ വലുതോ എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമില്ലല്ലോ. കൂട്ടം കൂട്ടമായാണ് ഒരു പേടിയുമില്ലാതെ യഥേഷ്ടം അലഞ്ഞ് തിരിയുന്നത്. ഇവയെ നിയന്ത്രിക്കാന്‍ അപ്പപ്പോഴുള്ള പരിഹാരമാണ് ആവശ്യം. കടിച്ച പട്ടികള്‍ ഉണ്ടാകുമല്ലോ. അവയെ കൊല്ലാമല്ലോ. വന്ധ്യകരണം മറ്റൊരു വഴിക്കും നടക്കട്ടെ. അല്ലെങ്കില്‍ തന്നെ വന്ധ്യംകരിച്ച നായ്ക്കള്‍ കടിക്കില്ലെന്നത് മൃഗസ്‌നേഹികളുടെ വെറും വായിലുള്ള തിയറിയല്ലേ? ശാസ്ത്രീയമായി തെളിയിച്ചതൊന്നുമല്ലേയല്ല.

മനുഷ്യന്റെ ദൈനംദിന ജീവിതത്തിനു മൃഗങ്ങള്‍ ശല്യമാകുമ്പോള്‍ അവയെ വച്ച് പൊറുപ്പിക്കണമെന്ന് പറയുന്നിടത്താണ് പ്രശ്‌നം. അപ്പോഴാണ് പലര്‍ക്കും അവരങ്ങനെ പറയാനുള്ള കാരണങ്ങളിലേക്ക് അന്വേഷണം നടത്താന്‍ തോന്നുന്നത്. പട്ടി വിഷയം വരുമ്പോള്‍ എടുത്ത് ചാടാറുള്ള മേനക ഗാന്ധി കേരളത്തിലെ ജനങ്ങളുടെ ജീവന് വേണ്ടിയല്ല കഴിഞ്ഞ ആഴ്ച സംസാരിച്ചത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിളിച്ചു ആരാഞ്ഞതും കടിയേറ്റവരെ കുറിച്ചുമല്ല, തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ വേണ്ടിയാണ്. അവര്‍ക്കെതിരെ ചുമത്താന്‍ വല്ല നിയമമോ ആപ്പ ഊപ്പയോ മറ്റോ ഉണ്ടെന്നായിരുന്നു.

2001 മുതല്‍ തന്നെ ഈ വിഷയം കേരളത്തിന്റെ പൊതുമനസ്സില്‍ ഉണ്ട്. ജസ്റ്റിസ് സിരിജഗന്‍ സമിതി ഒരു റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത് വന്ധ്യകരണമെന്നത് അടിയന്തിര പരിഹാരമല്ലെന്നാണ്. 2001 വരെ കേരളത്തിലെ തെരുവ് നായ്ക്കളെ കുറിച്ചും വളര്‍ത്തു നായ്ക്കളെ കുറിച്ചും ശരിയായ റിപ്പോര്‍ട്ടും കണക്കുകളും ഉണ്ടായിരുന്നുവത്രെ. തുടര്‍ന്ന് വന്ന കേരള സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച വിഷയത്തില്‍ തുടര്‍ പ്രവര്‍ത്തനത്തിന് സൗകര്യം ചെയ്തിട്ടില്ലെന്നതും ചേര്‍ത്ത് വായിക്കുക.

ചില കണക്കുകള്‍ വായിക്കാന്‍ ഇവിടെ എഴുതാം. പേവിഷ വാക്‌സിന് കേരള മെഡിക്കല്‍ കോര്‍പറേഷന്റെ ലിസ്റ്റില്‍ ഉള്ള സര്‍ക്കാര്‍ ഫാര്‍മസികളില്‍ വില 6,500 രൂപ. പുറത്തു നിന്നും ഇതിന് 20,000 രൂപ. അനൗദ്യോഗിക കണക്ക്പ്രകാരം ഒരു വര്ഷം നടക്കുന്നത് 7,000 കോടി രൂപയുടെ ഇടപാടുകള്‍. വാക്‌സിനേക്കാളും കൂടുതല്‍ ഫാര്‍മസികള്‍ വാങ്ങിക്കൂട്ടുന്നതും ഡോക്ടര്‍മാര്‍ പ്രിസ്‌െ്രെകബ് ചെയ്ത് കൊടുക്കുന്നതും ബൂസ്റ്റര്‍ ഡോസും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വരെ 85%  വാങ്ങുന്നത് ഒരു ടെന്‍ഡറും ക്ഷണിക്കാതെ ഒരൊറ്റ കമ്പനിയില്‍ നിന്നും! ശല്യം ചെയ്യുന്ന തെരുവ് നായ്ക്കളെ വനപുരിക്ക് അയക്കണമെന്ന് പറയുമ്പോള്‍ പ്രതിഷേധ സ്വരവുമായി വരുന്നതാകട്ടെ മരുന്ന് കമ്പനിക്കാര്‍ക്ക് പരോക്ഷമായി വക്കാലത്തുമായി ചില വക്കീല്‍ മാഫിയയും. എന്ത് മനസ്സിലാക്കാം? ആര് ആരുമായി നീക്കുപോക്കുകള്‍?

ഒരു കാര്യം കൂടി നമ്മുടെയും ശ്രദ്ധയില്‍ ഉണ്ടാകുന്നത് അതിലും നല്ലതാണ്. തെരുവ് നായ്ക്കള്‍ക്ക് യഥേഷ്ടം അലഞ്ഞു തിരിയാനുള്ള സാഹചര്യമുണ്ടാക്കുന്നതും നമ്മള്‍ തന്നെയാണ്. ശുചിത്വമെന്നൊക്കെ പേരിനു പറയുമെങ്കിലും അതിന്റെ നാലയലത്തു നാമെത്തിയെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുമോ? വീട്ടില്‍ നിന്ന് കളയുന്ന ഉച്ഛിഷ്ടങ്ങള്‍ മുതല്‍ കന്നുകാലികളുടെയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മറ്റുമുള്ള അവശിഷ്ടങ്ങള്‍ വരെ ശരിയായ രീതിയിലാണോ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്? പാതയോരവും പള്ളിക്കൂട മുറ്റങ്ങളും പുഴകളും തോടുകളും മറ്റുമല്ലേ ഇപ്പോഴും നമ്മുടെ ചിത്രത്തിലുള്ള വേസ്റ്റ് മാനേജ്‌മെന്റ് സ്‌പോട്ടുകള്‍. അവിടെപ്പിന്നെ പട്ടികള്‍ സംഘമായിട്ടല്ലേ വരിക? അന്നത്തെ ജംഗ് ഫുഡ് കിട്ടിയില്ലെങ്കില്‍ അത് അക്രമ സ്വഭാവം കാണിക്കാതിരിക്കുമോ?

തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യാന്‍ ശക്തമായി മുറവിളി കൂട്ടുന്ന സ്വരം അല്പം കുറയാതെ തന്നെ ഒരു പുതിയ വേസ്റ്റ് മാനേജ്‌മെന്റ് സംസ്‌കാരം നമ്മുടെ കുടിലുകളില്‍ നിന്ന് തന്നെ തുടങ്ങാനുള്ള മുറവിളിയും ഒപ്പം ഉയരട്ടെ.
Article, Dog, attack, Assault, Stray dog issues in Kerala, Thiruvananthapuram, Varkala, Aslam Mavila, Waste, Cleaning, Pharmacy.

Keywords: Article, Dog, attack, Assault, Stray dog issues in Kerala, Thiruvananthapuram, Varkala, Aslam Mavila, Waste, Cleaning, Pharmacy.