Follow KVARTHA on Google news Follow Us!
ad

സ്‌കൂളുകളിലെ ഹെയര്‍സ്റ്റൈലിന് സെന്‍സര്‍ വേണോ; കമ്മീഷനെ വെക്കാന്‍ സമയമായി, കമ്മീഷനെ പന്ന്യന്‍ രവീന്ദ്രന്‍ നയിച്ചാലോ?

നിര്‍ബന്ധമല്ലെങ്കില്‍ പോലും അരനൂറ്റാണ്ട് മുമ്പ് വരെ മുസ്ലിംങ്ങളുടെ ഇടയില്‍ വലിയവരും ചെറിയവരും മൊട്ടയടിക്കുക എന്നത് ശീലമുണ്ടായിരുന്നു. അന്നൊക്കെ 'മുടിക്രോപ്പ് ചെയ്യുക' എന്നത് Article, Students, School students and hair style, Aslam Mavila, Management, Parents, Teacher
അസ്‌ലം മാവില

(www.kvartha.com 06/10/2016) നിര്‍ബന്ധമല്ലെങ്കില്‍ പോലും അരനൂറ്റാണ്ട് മുമ്പ് വരെ മുസ്ലിംങ്ങളുടെ ഇടയില്‍ വലിയവരും ചെറിയവരും മൊട്ടയടിക്കുക എന്നത് ശീലമുണ്ടായിരുന്നു. അന്നൊക്കെ 'മുടിക്രോപ്പ് ചെയ്യുക' എന്നത് പച്ചപ്പരിഷ്‌കാരം പോലെയായിരുന്നു കണ്ടിരുന്നത്. മദ്രസ്സയില്‍ പഠിക്കുന്ന കാലത്തു, ഒരു ഉസ്താദ് എന്റെ മുടിപിടിച്ചു കുലുക്കിയായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. നെറ്റിയില്‍ മുടി വീഴുന്നുണ്ട് എന്നായിരുന്നു അന്നാ ഗുരുനാഥന്‍ പറഞ്ഞിരുന്ന കാരണം. അങ്ങിനെയൊരു ശിക്ഷാവിധിയുടെ അശാസ്ത്രീയത എന്റെ പിതാവ് ഗുരുനാഥനെ നല്ല രീതിയില്‍  ബോധ്യപ്പെടുത്തിയപ്പോള്‍ ആ ശിക്ഷാ നടപടി ഉപേക്ഷിച്ചു.

ആ കാലങ്ങളില്‍ വീട്ടുകാര്‍ തന്നെയായിരുന്നു ക്ഷുരകവൃത്തിയില്‍ ഏര്‍പ്പെട്ടിയിരുന്നത്. അന്ന് മിക്കകുട്ടികള്‍ക്കും തലയില്‍ ചൊറി, ചിരങ്ങ് അസുഖവുമുണ്ടാകും. ചുറ്റും കത്രിച്ചു വിടും. ഇല്ലെങ്കില്‍ നീട്ടി മൊട്ടയടിക്കും. മിക്ക സ്ഥലത്തും ചോര ഒലിക്കുന്നുണ്ടാകും. അന്നൊക്കെ ആണ്‍കുട്ടികള്‍ ഒരു നിവൃത്തിയില്ലാതെ അതിനായി മനസ്സില്ലാ മനസ്സോടെ തല കാട്ടിക്കൊടുക്കും.

ചില ഗള്‍ഫ് നാടുകളില്‍ ജയിലുകളില്‍ നിന്നു ശിക്ഷ കഴിഞ്ഞിറങ്ങുന്നവരെ മൊട്ടയടിച്ചായിരുന്നു റിലീസ് ചെയ്യുക. ഇപ്പോഴുമുണ്ടോ ആ നടപടിക്രമം എന്നറിയില്ല. മിക്ക മതങ്ങളിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുടി വെട്ടുക (മുഴുവനായോ ഭാഗികമായോ) നിര്‍ബന്ധവുമാണല്ലോ. ബുദ്ധമതക്കാര്‍ മിക്കവാറും പൂര്‍ണമായും തലമുണ്ഡനം ചെയ്യും. ചിലര്‍ ഫാഷന്റെ ഭാഗമായും തല പൂര്‍ണമായും മുണ്ഡനം നടത്തും. എന്റെ പരിചയത്തിലുള്ള ഒരു ഈജിപ്ഷ്യന്‍ എഞ്ചിനീയറും ഇറ്റാലിയന്‍ എഞ്ചിനീയറും ഉണ്ട്. ഇവര്‍ രണ്ടു പേരുടെയും തലയില്‍ മുടി കിളിര്‍ത്തതായി ഇവിടെയുള്ള ആരും കണ്ടിട്ടില്ല. മുടി കൊഴിച്ചില്‍ തടയാന്‍ ഈ രൂപത്തിലുള്ള  ''അതിക്രമം'' ചെയ്ത് നടക്കുന്ന പോഴത്തക്കാരുമുണ്ട് ഇപ്പോഴും, എല്ലായിടത്തും.

നൈല്‍നദീ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഈജിപ്തില്‍ കുട്ടികളുടെ തലയില്‍ ചെറിയ ഒരു മാര്‍ക്ക് രൂപത്തില്‍ തലമുടിച്ചുരുള്‍ ഉണ്ടാകുമത്രേ, അത് നോക്കിയായിരുന്നു അവരുടെ പ്രായം പണ്ട് കാലങ്ങളില്‍ മനസ്സിലാക്കിയിരുന്നത്. ഈജിപിത് മങ്കമാര്‍  അന്നൊക്കെ തലമുടിയില്‍ പൂക്കള്‍ കൊണ്ട് മോടിപിടിക്കുമായിരുന്നു. സമാനമായ രീതി ഇന്നും നമ്മുടെ നാട്ടിന്‍പ്രദേശങ്ങളില്‍ കാണാം. പുരാതനഗ്രീസില്‍ മിക്കവരും മുടി സ്വര്‍ണനിറഛായം തേച്ചുപതിപ്പിക്കുമായിരുന്നു. ഭടന്മാരല്ലാത്തവര്‍ക്കൊക്കെ താടി വയ്ക്കാനും അനുമതി ഉണ്ടായിരുന്നു. സീസറുടെയും നീറോയുടെയും ഹെയര്‍ സ്‌റ്റൈല്‍ ചരിത്രങ്ങളില്‍ പ്രധാന്യത്തോടെ രേഖപ്പെടുത്തിയതായി കാണാം. പ്രവാചകനും മുടി നീട്ടിയായിരുന്നു വളര്‍ത്തിയിരുന്നത്.

ഇന്ത്യയിലും വൈദികകാലത്ത് കുടുമ സമ്പ്രദായം നിലവില്‍ വന്നു. ദൈവത്തിനു സ്വര്‍ഗത്തിലേക്ക് പിടിച്ചു വലിച്ചിടാന്‍ വേണ്ടിയാണ് (God to pull people into heaven) കുടുമ വെക്കുന്നതെന്ന സങ്കല്‍പം ഈജിപ്ത്, ഇന്ത്യന്‍ മിത്തുകളില്‍ ഉണ്ടത്രേ. പിന്നീട് ഈ ഹെയര്‍ സ്‌റ്റൈല്‍ ഉയര്‍ന്ന ജാതിയില്‍ മാത്രമായി പരിമിതപ്പെട്ടു. ബുദ്ധന്റെ കാലമാകുമ്പോഴേക്കും മുടി  മുകളിലേക്ക് ചുരുട്ടി മകുട രൂപമുണ്ടാക്കി. ഋഷിവര്യന്മാരിലും നാം ഈ സമ്പ്രദായം അതിപുരാതന കാലം മുതലേ കാണുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ മുസ്ലിംകളുടെ വരവോടെ  മറ്റുള്ളവരിലും മുസ്ലിം ഹെയര്‍ സ്‌റ്റൈല്‍  സ്വാധീനിക്കുവാന്‍ തുടങ്ങി.

ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഹെയര്‍കട്ടിങ് വിഷയത്തില്‍ അവരുടേതായ ചില സമ്പ്രദായങ്ങളുണ്ട്. മുന്‍വശം പൂര്‍ണമായി  ക്ഷൗരം ചെയ്തു പിന്നില്‍ നീട്ടിവളര്‍ത്തി കെട്ടിയിടുക അതിലൊന്ന്. ആഫ്രിക്കയില്‍ വിചിത്ര ആചാരങ്ങളാണ് മുടിയുടെ കാര്യത്തില്‍. ചില ഗോത്രവിഭാഗങ്ങളില്‍ വിവാഹതലേന്നാള്‍ വരനും വധുവും മൊട്ടയടിക്കണമത്രെ. ഒരു പുതിയ ജീവിതം തുടങ്ങുമ്പോള്‍ പുതിയ മുടികൂടി കിളിര്‍ക്കട്ടെ എന്നാകും അതിന്റെ പിന്നിലുള്ള ചേതോവികാരം. ചില മതങ്ങളില്‍ പുരോഹിതരും അനുബന്ധ ചടങ്ങുകാരും താടി, മീശയും വെക്കുന്നത് നിരോധിച്ച ചരിത്രവും കാണാം. സെമറ്റിക് മതങ്ങളില്‍ സ്ത്രീകള്‍ യഥേഷ്ടം മുടി വളര്‍ത്താം, പക്ഷെ തലമുടി മറക്കണമെന്ന നിയമവും ഉണ്ട്.

നാം ജീവിക്കുന്ന ലോകത്ത്, ഉത്തരകൊറിയയില്‍ 28  തരം ഹെയര്‍സ്‌റ്റൈല്‍ മാത്രമേ പാടുള്ളൂ എന്നത് അവിടെത്തെ ഭരണാധികാരിയുടെ ഉത്തരവാണ്. അതെങ്ങിനെയുള്ളതാണെന്ന് ഓരോ ക്ഷൗരക്കടയിലും ഫോട്ടോകള്‍ പതിപ്പിച്ചിട്ടുണ്ട് പോലും.  ഓവര്‍സ്മാര്‍ട്ടായാല്‍ വെട്ടിയവനും വെട്ടിച്ചവനും ശിക്ഷ അങ്ങോട്ട് പോയി വാങ്ങിക്കൊള്ളണം.

അത്‌പോലെ അപ്പ്രൂവ്ഡ് ഹെയര്‍സ്‌റ്റൈല്‍ ചാര്‍ട്ട് നമ്മുടെ വിദ്യാലയങ്ങളില്‍ അധ്യാപകരും പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്.  എല്ലാ ഹെയര്‍സ്‌റ്റൈലും ഒറ്റയടിക്ക് ഫ്രീക്ക് ലിസ്റ്റില്‍ പെടുത്തിയാല്‍ മോനെക്കാളും കൂടുതല്‍ ചൂടാകുക തന്തയായിരിക്കും എന്നത് ചില സംഭവങ്ങള്‍ പറയാറുമുണ്ട്.

 പാഠശാലകളിലും പള്ളിക്കൂടങ്ങളിലും മുടിയൂണിഫോം വിഷയങ്ങള്‍  ഇന്നുമിന്നലെയും തുടങ്ങിയതല്ല. കുറച്ചൊക്കെ ഫ്രീഡം കുട്ടികളുടെ മുടിവെട്ടലില്‍ കൊടുക്കുന്നതാണ് ബുദ്ധി. അതവര്‍ ഓവറാക്കാതിരുന്നാല്‍ മതി. ഹെയര്‍സ്‌റ്റൈലിലും ശ്ലീലവും അശ്ലീലവും കണ്ടെത്തുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ഒന്നുമില്ലെങ്കിലും കുട്ടികള്‍ മാസത്തിലൊരിക്കലെങ്കിലും മുടി വെട്ടിയൊതുക്കുന്നുണ്ടല്ലോ. മുടി ഏറ്റവും കുറഞ്ഞത് ചന്തമല്ലേ ? അതവരുടെ മുഖാകൃതിക്കനുസരിച്ചു വെട്ടട്ടെ. ഈ ഒരു നിലപാട് എടുത്താല്‍ ഒരുമാതിരി വെറുപ്പിക്കല്‍ കോലം കുട്ടികളും ഉപേക്ഷിക്കും.

സംവിധായകര്‍ക്കും സംപൂജ്യര്‍ക്കും സിനിമാ നടന്മാര്‍ക്കും  അപൂര്‍വം ചില രാഷ്ട്രീയക്കാര്‍ക്കും  മുടി എങ്ങിനെയും വളര്‍ത്താം എന്ന കാഴ്ചപ്പാടും മാറണം. വലിയവര്‍ പുക വലിച്ചാല്‍  പ്രശ്‌നമില്ല, സിഗരറ്റ്കൂടില്‍ വലിയ അക്ഷരത്തില്‍ ഹാനികരം എന്നെഴുതുന്നതോടെ ഉത്തരവാദിത്വവും കഴിഞ്ഞു എന്ന അന്ധവിശ്വാസം ലോകം മൊത്തം വെച്ച് പുലര്‍ത്തുന്നുണ്ടല്ലോ. എന്നാല്‍ പിന്നെ അവര്‍ക്ക്  കാന്‍സറും വരില്ലായിരിക്കും എന്ന തെറ്റായ സന്ദേശം അത് വഴി ലഭിക്കും.

ചില സ്‌കൂളിലും കോളേജിലുമൊക്കെ കുട്ടികളുടെ പ്രവേശന ദിവസത്തില്‍ രക്ഷിതാക്കളെ മുന്നില്‍ നിര്‍ത്തി പറയുന്ന പത്തു കല്പനകളില്‍ ഒന്ന് ആണ്‍പിള്ളേരുടെ ഹെയര്‍സ്‌റ്റൈല്‍ എങ്ങിനെയായിരിക്കണമെന്നാണ്. 'മുടിയൊക്കെ ചെറുതാക്കി വന്നേക്കണം' ആദ്യത്തെ ഉത്തരവ്.  എന്നിട്ടു ഒരു മനുഷ്യനും തിരിഞ്ഞു നോക്കാത്ത 'മംഗാളന്‍' നിറക്കൂട്ടുള്ള യൂണിഫോമുമിട്ടു വരാന്‍ പറയും. ചില സ്ഥാപനങ്ങളില്‍ ആഴ്ച മൊത്തം  ഈ കോലവും കെട്ടിയാണ് കുട്ടികള്‍ ക്ലാസ്സില്‍ ഇരിക്കുന്നത്. അതിനായി വാശിപിടിക്കുന്ന അധ്യാപകരോ, അവര്‍ നല്ല പൂക്കുപ്പായവും പുത്തന്‍ സാരിയും ഉടുത്തു സ്റ്റാഫ് റൂമിലും ക്ലാസ്സ് മുറികളിലും ഉണ്ടാകും. 'മകന്‍ അമിതമായി പഞ്ചസാര കഴിക്കുന്നു ഉപദേശിക്കണമെന്ന്'' പറഞ്ഞു മകനെ കൊണ്ട് വന്ന പിതാവിനോട് ഗുരുജി തൊട്ടടുത്ത ആഴ്ച മകനെയും കൂട്ടി വരാന്‍ പറയാനുള്ള കാരണം, ആദ്യമാശീലം ഗുരുജി ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു.  ഞാന്‍ ഇങ്ങിനെ വിചാരിക്കുന്നു പിള്ളേര്‍ 'കണ്‍ഫോര്‍ട്ട്' അല്ലെങ്കില്‍ പിന്നെ അവരുടെ റിസള്‍ട്ടും അത്രയൊക്കെ തന്നെയല്ലേ നാം പ്രതീക്ഷിക്കേണ്ടത്.

ഞാന്‍ കുട്ടികളുടെ പക്ഷം നില്‍ക്കുകയല്ല, വിഷയത്തെ നിസ്സാരവല്‍ക്കരിക്കുകയുമല്ല, പക്ഷെ ഹെയര്‍കട്ടിങ്ങിന്റെയും  യൂണിഫോമിന്റെയും വിഷയത്തില്‍ അധ്യാപകരും മാനേജ്‌മെന്റും കാണിക്കുന്ന ഉടുമ്പന്‍ പിടിവാശി  അടിമുടി മാറ്റാന്‍ സമയമായി എന്ന് തന്നെയാണ് എന്റെ പക്ഷം.

എല്ലാത്തിനും കമ്മീഷന്‍ വെക്കുന്നുണ്ടല്ലോ, ഇത് പഠിക്കാനും ഒരു കമ്മീഷന്‍ ആകാം. പന്ന്യന്‍ രവീന്ദ്രനെപ്പോലുള്ളവര്‍ക്ക് ഈ വിഷയത്തില്‍ നിക്ഷപക്ഷമായി വല്ലതും പറയാനും നിര്‍ദ്ദേശിക്കാനുമുണ്ടാകും, അത്തരമൊരു കമ്മീഷന്‍ അദ്ദേഹം നയിക്കട്ടെ.

 Article, Students, School students and hair style, Aslam Mavila, Management, Parents, Teacher

Keywords: Article, Students, School students and hair style, Aslam Mavila, Management, Parents, Teacher