SWISS-TOWER 24/07/2023

ലാ ലീഗയില്‍ പന്തു തട്ടാന്‍ ഭാഗ്യം തുണക്കുമോ? മലപ്പുറത്തുകാരന്‍ ആഷിഖ് വിയ്യാറയലിന്റെ ട്രയല്‍ കം ട്രെയിനിംഗിന്

 


മലപ്പുറം: (www.kvartha.com 22.10.2016) മലപ്പുറത്തുകാരന്‍ ആഷിഖ് കരുണിയനെ ലാ ലീഗയില്‍ പന്തു തട്ടാന്‍ ഭാഗ്യം തുണക്കുമോ? ലാ ലീഗ ക്ലബ്ബായ വിയ്യാറയലിന്റെ ട്രയല്‍ കം ട്രെയിനിംഗിനായി സ്‌പെയിനിലേക്ക് പറക്കാനൊരുങ്ങുകയാണ് ഐഎസ്എല്ലില്‍ എഫ്‌സി പൂനെ സിറ്റിയുടെ താരമായ ആഷിഖ്. ഫുട്‌ബോള്‍ താരങ്ങളുടെയും പ്രേമികളുടെയും സ്വപ്‌നമായ സ്പാനിഷ് ലാ ലീഗയില്‍ ലോകത്തെ വമ്പന്‍ താരങ്ങളോടൊപ്പവും അവരെ നേരിട്ടും കളിക്കാന്‍ മലയാളിയായ ആഷിഖിന് അവസരം കിട്ടിയാല്‍ അത് കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും വലിയ മുതല്‍ കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.

ലോകത്തെ മുന്‍നിര ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന ലാ ലീഗ നേരിട്ട് കാണാന്‍ പറ്റുന്നത് തന്നെ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. എന്നാല്‍ ലാ ലീഗയില്‍ പന്തു തട്ടാന്‍ ആഷിഖിന് ഭാഗ്യമുണ്ടായാല്‍ കേരള ഫുട്‌ബോളിനും മലപ്പുറത്തിനും കായിക ഇന്ത്യക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. പക്ഷേ കീഴടക്കാന്‍ ഇനിയും ഒരുപാട് ദൂരമുണ്ട്. കഠിനാധ്വാനവും ആത്മവിശ്വാസവും കൈവിട്ടില്ലെങ്കില്‍ അതൊരു വലിയ ദൂരമല്ല.

അടുത്തയാഴ്ചയാണ് ആഷിഖ് സ്‌പെയിനിലേക്ക് തിരിക്കുന്നത്. മൂന്നര മാസത്തെ ട്രയല്‍ കം ട്രെയിനിംഗ് ആണ് അവിടെയുള്ളത്. ആഷിഖിന്റെ പ്രകടനത്തില്‍ വിയ്യാറയല്‍ പരിശീലകര്‍ സംതൃപ്തരായാല്‍ വൈകാതെ തന്നെ ഈ മലയാളി ലാ ലീഗ താരമാകും. അല്ലെങ്കില്‍ സ്‌പെയിനില്‍ ലാ ലീഗയിലെ ലോകോത്തര താരങ്ങളോടൊപ്പം പരിശീലനം നേടിയതിന്റെ അനുഭവ സമ്പത്തുമായി ഇന്ത്യയിലേക്ക് തിരിക്കാം.

വിയ്യാറയലിന്റെ രണ്ടാം ഡിവിഷന്‍ ടീമിലേക്കാണ് ആഷിഖിന് അവസരം കിട്ടിയിട്ടുള്ളത്. കളിക്കാരെ ട്രയല്‍ കം ട്രെയ്‌നിംഗിന് അയക്കുന്നത് സംബന്ധിച്ച് എഫ്‌സി പുനെയും വിയ്യാറയലും തമ്മില്‍ ധാരണയായതാണ് ആഷിഖ് കരുണിയന് അവസരം ലഭിച്ചത്. ഐഎസ്എല്‍ മൂന്നാം സീസണില്‍ കാലിന് പരിക്കേറ്റ ആഷിഖിന് ഇതുവരെ കളത്തിലിറങ്ങാനായിട്ടില്ല.

ഇന്ത്യന്‍ അണ്ടര്‍ 19 ടീം അംഗം കൂടിയാണ് ആഷിഖ്. ഐഎസ്എല്ലില്‍ എഫ്‌സി പുനെ സിറ്റിയുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ആഷിഖ് ഒപ്പിട്ടിരിക്കുന്നത്. അണ്ടര്‍ 18 ഐ ലീഗില്‍ പുനെ എഫ്‌സിയുടെ ജഴ്‌സിയണിഞ്ഞു. മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പൂനെ എഫ്‌സി അക്കാദമിയിലത്തെിയ ആഷിഖ് അവിടെ നിന്നാണ് എഫ്‌സി പുനെ സിറ്റിയിലെത്തിയത്.

ലാ ലീഗയില്‍ പന്തു തട്ടാന്‍ ഭാഗ്യം തുണക്കുമോ? മലപ്പുറത്തുകാരന്‍ ആഷിഖ് വിയ്യാറയലിന്റെ ട്രയല്‍ കം ട്രെയിനിംഗിന്


Keywords:  Kerala, Sports, World, Malappuram, Football, Player, FC Pune City, India, ISL, FC Pune, Viyyarial, Ashique Karuniyan, MSP HSS, Training.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia