Follow KVARTHA on Google news Follow Us!
ad

പഠിച്ച വിദ്യാലയങ്ങളെ പാടേ മറക്കുന്നതെന്ത് കൊണ്ട്?

കഴിഞ്ഞദിവസം എന്റെ ശ്രദ്ധയില്‍പെട്ട ഒരു നല്ല സംസാരം ഇതാണ്. ആരാധനാലയങ്ങള്‍ക്കെന്നപ്പോലെ വിദ്യാലയങ്ങളെയും സഹായിക്കണം. പിണറാArticle, Students, Teachers, School development, Aided schools, Why we forget our school?.
അസ് ലം മാവില

(www.kvartha.com 06/09/2016) കഴിഞ്ഞദിവസം എന്റെ ശ്രദ്ധയില്‍പെട്ട ഒരു നല്ല സംസാരം ഇതാണ്. ആരാധനാലയങ്ങള്‍ക്കെന്നപ്പോലെ വിദ്യാലയങ്ങളെയും സഹായിക്കണം. പിണറായിയാണ് ഇത് പറഞ്ഞത് എന്നത് കൊണ്ട് തള്ളിക്കളയരുത്. ആരാധനാലയങ്ങള്‍ക്ക് നല്‍കുന്നത് പോലെ ഒരിക്കലെങ്കിലും തങ്ങള്‍ പഠിച്ച വിദ്യാലയങ്ങളെ സഹായിക്കാന്‍ തയ്യാറായാല്‍ വലിയ അത്ഭുതങ്ങള്‍ നടക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശരിയല്ലേ?

ശരിയാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പലരും താന്‍ പഠിച്ച വിദ്യാലയങ്ങളെ പ്രത്യേകിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളെ കണ്ട ഭാവം നടിക്കാറില്ല. എന്നാല്‍ എല്ലാ വികസനവും ആ സ്‌കൂളുകളില്‍ വേണം താനും. ഇന്‍ഫ്രാ സ്ട്രച്ചര്‍ (അടിസ്ഥാന സൗകര്യങ്ങള്‍) എല്ലാ അര്‍ത്ഥത്തിലും ആ സ്‌കൂളില്‍ ഉണ്ടായേ തീരൂ എന്ന് വാശിയും പിടിക്കും. താന്‍ പഠിച്ച, തന്റെ മക്കള്‍, ബന്ധുക്കള്‍, അയലത്തെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് എന്തെങ്കിലും മനസറിഞ്ഞു കൊടുക്കുമോ? അത് മാത്രമില്ല. ഉള്ളവന്റെ കാര്യമാണ് പറയുന്നത്. ഇല്ലാത്തവന്റെയല്ല. ഇല്ലാത്തവന്‍ കൊടുക്കുന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ലല്ലോ.

നമ്മുടെ സ്‌കൂളുകളുടെ ഒരാവശ്യം പറഞ്ഞാല്‍ എന്തെന്ത് ഞൊടി ന്യായങ്ങളായിരിക്കും തിരിച്ചങ്ങോട്ട് പറയാന്‍ ഉണ്ടാവുക? മാറിമാറി വരുന്ന സര്‍ക്കാരുകളെയും വിദ്യാഭ്യാസ വകുപ്പിനെയും വഴിക്ക് വെച്ചും തട്ടുകടയിലും ഊണിനിരുന്ന നേരത്തും പ്രാര്‍ത്ഥനാലയം വിട്ടു വരുമ്പോഴും കുറ്റം പറയാനേ നേരമുണ്ടാകൂ. കൊടുക്കാന്‍ കൈ പോക്കറ്റിലേക്ക് നീളില്ല. എന്നാല്‍ അതേ സ്‌കൂളില്‍ ഒരു നിസാര പ്രശ്‌നം ഉണ്ടായെന്ന് മണം പിടിച്ചാല്‍ മാത്രം മതി, അന്നത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചു അതിന്റെ പിന്നാലെ സൈക്കളെടുത്തു ഓടുകയും ചെയ്യും. ആര്?  കൊടുക്കാന്‍ നിവൃത്തി ഉള്ളവന്‍.

കുട്ടികളുടെ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഒരു അധ്യാപകന്‍ നല്ല ഒരാശയം പറഞ്ഞാല്‍, അതിനെ സഹായിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എത്ര പേര്‍ നിറഞ്ഞ മനസ്സോടുകൂടി തയ്യാറാകാറുണ്ട്? കുറഞ്ഞത് അവനവന്‍ ജീവിക്കുന്ന ലൊക്കാലിറ്റിയിലെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ മുന്നോട്ട് വരേണ്ടതല്ലേ? സര്‍ക്കാര്‍ സ്‌കൂളിന് വല്ലതും കയ്യയഞ്ഞു കൊടുത്താല്‍ നരകം കിട്ടുമോന്ന് ഭയപ്പെടുന്നവര്‍ വിശ്വാസികളില്‍ തന്നെ ഉണ്ടോന്നാണ് എന്റെ ബലമായ സംശയം. പിന്നെന്തു കൊണ്ടാണ് ഹേയ്, സ്‌കൂള്‍ വിഷയം വരുമ്പോള്‍ കൈ പോകേണ്ട കീശയിലേക്ക് വിരല്‍ വരെ പോകാത്തത്?

ഇന്നലെ പൊടിപൂരം കല്യാണവും നടത്തി അതിന്റെ പോര്‍സും പോരിശയും പറഞ്ഞിരിക്കുമ്പോള്‍ ഒരു രസീത് കുറ്റിയുമായി വീട്ടിലേക്ക് വരുന്ന വാധ്യാരെയും പിടിഎ അധികൃതരെയും ഒരു ഓഞ്ഞ സുഖാന്വേഷണവും ''ഇപ്പോഴും ഇതൊക്കെത്തന്നെയാണല്ലേ'' എന്ന ഒളിയമ്പും നവമാധ്യമം  വഴി പണ്ടെങ്ങോ കേട്ട ഒരു പ്രശ്‌നം ''ഒത്തുതീര്‍ന്നോന്ന്'' അന്വേഷിച്ചും ഈ സ്‌കൂളില്‍ മാത്രം പഠനനിലവാരം കുറവെന്ന പരാതി പറച്ചിലും പണപ്പിരിവ് സര്‍ക്കാര്‍ ഗസറ്റിലുണ്ടോന്ന് മറുവാദം പറഞ്ഞും വന്നതിനു 100 എഴുതിച്ചു പിന്നെത്തരാമെന്ന് പറഞ്ഞുവിടുന്ന മാന്യ മഹാ ദേഹങ്ങള്‍ ഇന്ന് കൂടിക്കൂടി വരുന്നുണ്ടെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. അന്ന് തലേദിവസം വരെ വേറെ പല  രസീതുകളും വേണ്ടുവോളം മുറിച്ച കക്ഷിയുടെ അടുത്ത് നിന്നാണ് ഈ നിലപാടുകള്‍ എന്നോര്‍ക്കണം. അത് പക്ഷെ അമ്പല- മസ്ജിദ് - ഇടവക- പാര്‍ട്ടി പരിപാടികള്‍ക്കാണെന്നു മാത്രം. ആര്? സഹകരിക്കാന്‍ നിവൃത്തി ഉള്ളവന്‍.

എല്ലാത്തിനും സംഘടിക്കും. ഒത്തുകൂടും. ഒരുമിക്കും. ഇപ്പോള്‍ എന്തിനാണ് കൂട്ടായ്മകള്‍ ഇല്ലാത്തത്? എന്തെന്ത് ഉത്സാഹമാണവയ്‌ക്കൊക്കെ! എല്ലാം ശരിയാണ്. നല്ലതുമാണ്. പക്ഷെ, പഠിച്ച പാഠശാലയുടെ കീഴില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒന്നിക്കലിന് മാത്രം ഒരുപാട് സാങ്കേതിക തടസ്സം പറയുന്നതെന്തിനാണ്? അതിന്റെ കാരണം മാത്രമറിയില്ല. (കാരണം ഉണ്ടെങ്കിലല്ലേ?)

അണ്‍എയ്ഡഡ് സ്‌കൂളുകള്‍ വന്നതോട് കൂടിയാണ് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ അന്തരീക്ഷം തന്നെ മലീമസമായതെന്നു തോന്നുന്നു. പിള്ളാരെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള തിക്കിത്തിരക്കില്‍ സ്വന്തം ഉമ്മറപ്പടിക്കടുത്തുള്ള സ്‌കൂളിന്റെ കാര്യം വരെ ചിലര്‍ മറന്നു കളഞ്ഞു. നല്ലോണം ഇംഗ്ലീഷ് പഠിച്ചു ഈ സര്‍ക്കാര്‍ സ്‌കൂളിനെ തോല്‍പ്പിക്കാന്‍ വേണ്ടി മക്കളെ അയച്ച അണ്‍എയ്ഡഡ് സ്‌കൂളുകളുകളെ കഥയാണെങ്കിലോ ചെറിയ പൈസക്ക് സാറമ്മാരെ കിട്ടാഞ്ഞിട്ട് പുറമ്പോക്കില്‍ നിന്നും ആളെ പിടിക്കാനുള്ള ഓട്ടത്തിലുമായിരിക്കും. ''ഇവര്‍ പഠിപ്പിച്ച ഇംഗ്ലീഷാണ് കഴിഞ്ഞ പത്ത് പതിനഞ്ചു വര്‍ഷമായി നമ്മുടെ കേരളത്തിലെ അന്തരീക്ഷ മലിനീകരണത്തിന് മുഖ്യ കാരണമെന്ന്'' ഒരു രക്ഷിതാവ് എന്നോട് അയാളുടെ വിഷമം കൊണ്ട് പറഞ്ഞത് ഓര്‍മ്മ വരുന്നു. ഇത് ഇവിടെ സൂചിപ്പിച്ചത്, സര്‍ക്കാര്‍ സ്‌കൂളുകളോട് സഹകരിക്കുമെന്ന് പ്രതീക്ഷ ഉണ്ടായവര്‍ തന്നെ ഇന്ന് ചിത്രത്തില്‍ കാണാത്തതിന്റെ കാരണം പറയാന്‍ വേണ്ടിയാണ്.

ഇമ്മാതിരി നേര്‍ഒളിയമ്പുകളെയ്ത് പറയുന്നത് നിവൃത്തി ഇല്ലാത്തവരെ കുറിച്ചല്ല. താന്‍ പഠിച്ച സ്‌കൂളിനെ മനഃപൂര്‍വ്വമോ അവഗണനയുടെയും
അവജ്ഞയുടെയും ഭാഗമായോ മറന്നു കളയുന്ന അത്യാവശ്യം നിവൃത്തി ഉള്ളവരെ കുറിച്ചാണ്. അറിവ് നേടുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നു എല്ലാ വിശ്വാസികള്‍ക്കും അറിയാം. അതിന് വേണ്ടിയാണല്ലോ നമ്മുടെ കണ്‍മുമ്പില്‍ ഈ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇക്കാണുന്ന നിലയിലും വിലയിലും എത്തിയവരൊക്കെ ഈ പാഠശാലകളില്‍ നേരത്തെ അക്ഷരം പഠിക്കാന്‍ വന്നവരുമാണല്ലോ.

ആരാധനാലങ്ങളുമായും ആഘോഷങ്ങളുമായും ആചാരങ്ങളുമായും സഹകരിക്കാന്‍ നാം എങ്ങിനെയൊക്കെ അഡ്ജസ്റ്റ് ആകുന്നുണ്ടോ അത് പോലെ വേണ്ട, അതിന്റെ പത്തിലൊരു അംശമെങ്കിലും അഡ്ജസ്റ്റ് ആകാന്‍ നാം തയ്യാറാകണ്ടേ? ഇതിനുള്ള ''യെസ്/ നോ'' പറയുന്നതിന് മുമ്പ് വീണ്ടും മുഖ്യമന്ത്രിയുടെ പ്രസ്താവന നമുക്ക് ഒന്ന് കൂടി വായിക്കാം.
Article, Students, Teachers, School development, Aided schools, Why we forget our school?.

Keywords: Article, Students, Teachers, School development, Aided schools, Why we forget our school?.