Follow KVARTHA on Google news Follow Us!
ad

'''ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ''; എല്ലാവര്‍ക്കും കക്കൂസെന്ന ലക്ഷ്യത്തിലേക്ക് കേരളം

മുമ്പൊന്നും നമ്മുടെ നാട്ടില്‍ വീടിനോടനുബന്ധിച്ച് കക്കൂസുകള്‍ ഉണ്ടാവുക എന്നത് അത്ര വലിയ നിര്‍ബന്ധമുള്ള കാര്യമല്ലായിരുന്നു. അപൂര്‍വ്വം വീട്ടുവളപ്പില്‍ Article, Kerala, Toilet, Pinarayi vijayan, Narendra Modi, open-air toilet, Open Defecation Free, CM, India.
അസ്‌ലം മാവില

(www.kvartha.com 01.09.2016) മുമ്പൊന്നും നമ്മുടെ നാട്ടില്‍ വീടിനോടനുബന്ധിച്ച് കക്കൂസുകള്‍ ഉണ്ടാവുക എന്നത് അത്ര വലിയ നിര്‍ബന്ധമുള്ള കാര്യമല്ലായിരുന്നു. അപൂര്‍വ്വം വീട്ടുവളപ്പില്‍ അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ കക്കൂസ് ഉണ്ടാകും. ബാത്ത് റൂമുകളുള്ള ബെഡ്‌റൂമുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. സ്‌കൂളികളിലൊന്നും ആളോഹരി ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഈയിടെ വരെ ഉണ്ടായിരുന്നില്ലല്ലോ. പെണ്‍കുട്ടികളും അധ്യാപികമാരും വനിതാ ജീവനക്കാരും അന്നൊക്കെ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ എത്രമാത്രമായിരിക്കും? ഓപ്പണ്‍ മലമൂത്ര വിസര്‍ജ്ജനം അന്നൊന്നും വിഷയവുമല്ലായിരുന്നു.

ഇന്ത്യയിലെ തന്നെ, പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് പൂര്‍ണമായി അവസാനിപ്പിച്ച ആദ്യത്തെ സംസ്ഥാനമായി ഈ നവംബര്‍ ഒന്നിന് കേരളം പ്രഖ്യാപിക്കപ്പെടുകയാണ്. 'Open Defecation Free State'. അങ്ങിനെയൊരു സംഭവം നമ്മുടെ സംസ്ഥാനത്തു പ്രാവര്‍ത്തികമാകുമെങ്കില്‍ അതൊരു ചരിത്രമായിരിക്കും.

ലോകത്ത് 15 ശതമാനം പേരും തുറന്ന സ്ഥലങ്ങളില്‍ തൂറുന്നവരാണ്. അതില്‍ തന്നെ പകുതി ഇന്ത്യക്കാരും.  തൊട്ട് പിന്നാലെയുള്ള രാജ്യങ്ങള്‍ ഇന്ത്യാനേഷ്യ, പാകിസ്ഥാന്‍, നൈജീരിയ, എത്യോപ്യ, സുഡാന്‍, ഫിലിപ്പൈന്‍സ് എന്നിവയും. ഇന്ത്യയില്‍ 45% പേര്‍ക്കും പ്രാഥമിക കൃത്യം നിറവേറ്റാന്‍ സൗകര്യങ്ങളില്ല. മിക്ക സംസ്ഥാനങ്ങളിലെയും ചിത്രം കിട്ടാന്‍ വേണ്ടി ഒരു ദീര്‍ഘദൂര തീവണ്ടിയാത്ര നടത്തിയാല്‍ മതി. കുറ്റിച്ചെടികള്‍ മാത്രം മറയാക്കി പ്രഭാതകൃത്യം നിര്‍വ്വഹിക്കുന്നവര്‍.

നാല് വര്‍ഷങ്ങള്‍ മുമ്പ് ജോലി അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെ മാഹിമയില്‍ താമസിക്കുന്ന കാലം. താമസ സ്ഥലത്തു നിന്നും റെയില്‍വേ സ്‌റ്റേഷന്‍ വരെ അതിരാവിലെ മൂക്ക് പൊത്തി നടന്നു പോകുന്നത് റോഡ് മുഴുവന്‍ മുഖത്തോടു മുഖം നോക്കി കുത്തിയിരിക്കുന്ന സ്ഥിരം കാഴ്ചയും കണ്ടാണ്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് മുംബൈ നഗരത്തിലെ റോഡുകള്‍ ഏതാണ്ട് മുഴുവനും പ്രഭാതങ്ങളില്‍ പൊതു കക്കൂസുകളാണ് പോലും.

എന്തെന്ത് പകര്‍ച്ച വ്യാധികളാണ് ഇത് മൂലമുണ്ടാകുന്നത്! ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ചു ഇതിന്റെ വ്യാപ്തി കൂടും. വായുവും വെള്ളവും ചുറ്റുപാടുമൊക്കെ മലീമസമാകുന്ന ഒരവസ്ഥ ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഉണ്ടാക്കുന്ന പരിണിത ഫലങ്ങള്‍ പ്രവചനാതീതവുമാണ്. കൂടുതലും ആണുങ്ങളാണ് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മൂത്രിച്ചും തൂറിയും പരിസരം വൃത്തികേടാക്കുന്നത്. വിദ്യാഭ്യാസമുള്ളവര്‍ പോലും ഇതില്‍ നിന്ന് മാറി ചിന്തിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം.

ഗള്‍ഫ് നാടുകളില്‍ ഇന്ത്യക്കാരും ഫിലിപ്പൈന്‍സുകളും നഗരപ്രദേശങ്ങളില്‍ മതില്‍ കാണുന്നിടത്തൊക്കെ  നിന്ന് മൂത്രമൊഴിക്കുന്നത് കാണാം. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടു പോലും പ്ലാസ്റ്റിക് കുപ്പിയില്‍ മൂത്രിച്ചു സാഹസം കാണിക്കുന്നവര്‍ വരെ ഉണ്ട്. കാലങ്ങളായുള്ള ഈ ശീലം മാറ്റിയെടുക്കാന്‍ നിരന്തരമായ ഇടപെടലുകളും ബോധവത്കരണവും ഒരു ഭാഗത്തു നടക്കണം. കക്കൂസ് സൗകര്യം ഇല്ലാത്ത വീടുകളുടെ ശരിയായ കണക്കെടുപ്പ് അതാത് ലോക്കല്‍ ബോഡികള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയും അവ നിര്‍മ്മിച്ച് കൊടുക്കാനുള്ള സാമ്പത്തിക സഹായമോ സബ്‌സിഡിയോ നല്‍കുകയും വേണം. പരസ്യമായി പൊതു സ്ഥലങ്ങളില്‍ വിസര്‍ജ്ജനം ചെയ്യുന്നത് മ്ലേച്ഛമെന്ന് സ്‌കൂള്‍ തലം തൊട്ട് തന്നെ പഠിപ്പിക്കുന്ന ശീലം ഉണ്ടാകണം.

പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ വരെ നാം എത്ര പിറകിലാണ്. വെള്ളം ഉണ്ടെങ്കില്‍ അത് ശരിയായ രൂപത്തില്‍ ഉപയോഗിക്കില്ല. തുറന്ന ടാപ് അടക്കില്ല. സ്വാകാര്യത നഷ്ടപ്പെടുമാറ് വാതിലുകള്‍ ചവിട്ടി പൊളിക്കാന്‍ നാം ഉഷാറുമാണ്. മതിലുകള്‍ ടോയ്‌ലറ്റ് സാഹിത്യം കൊണ്ട് മലീമസമാക്കും. സാമൂഹ്യ ദ്രോഹികളുടെ ഇടമായി വരെ പൊതുകക്കൂസുകള്‍ മാറാറുണ്ട്. ഒരു പക്ഷെ ഇതിന് ചെറിയ മാറ്റം വന്നത്  സുലഭ് ശൗച്യാലയ് എന്ന പേരില്‍ pay toilet സമ്പ്രദായം വന്നതിനു ശേഷമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ സമ്പ്രദായം ഉണ്ട്. പൊതുകക്കൂസുകള്‍ ആവശ്യക്കാര്‍ക്ക് മാത്രം ഉപയോഗിക്കുവാനും അവ വൃത്തിയോട് കൂടി നിലനിര്‍ത്തുവാനുമാണ് pay toilet രീതി നിലവില്‍ വന്നത്.

എല്ലാ തെരഞ്ഞെടുപ്പുകളിലെ പ്രകടന പത്രികകളിലും കക്കൂസുകള്‍ ബോള്‍ഡ് അക്ഷരത്തില്‍ തന്നെയാണ് അച്ചടി മഷി പുരളുക. ഭരണം കയ്യില്‍ കിട്ടുന്നതോടെ ഭരണാധികാരികളുടെ വിചാരം ഇലക്ഷന്‍ കഴിഞ്ഞതോടെ നാട്ടുകാര്‍ മൊത്തം വയര്‍ സ്തംഭനം വന്നു ഒന്നിനും രണ്ടിനും പോകാറില്ലെന്നാണ് (അങ്ങിനെ വയര്‍ സ്തംഭനം വരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്തല്ലേ വരേണ്ടത്.. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വായിച്ചും നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ടും!).

'Toilets first, temples later' 2014ലെ മോദിയുടെ പ്രസംഗം. അതിന്റെ ചുവട് പിടിച്ചു കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശിന്റെ തകര്‍പ്പന്‍ ഡയലോഗ് Practicing good hygiene is as important as performing good Puja'. ആരും മറന്നിട്ടുമുണ്ടാകില്ല. കക്കൂസുകളെക്കാളും കൂടുതല്‍ ആരാധനാലയങ്ങളാണ് നമുക്കുള്ളതെന്നു മുമ്പൊരിക്കല്‍ കേന്ദ്ര മന്ത്രിയായിരുന്ന ഇതേ ജയറാം രമേശ് തന്നെയാണ് പറഞ്ഞത്.

2005 ല്‍ ഹരിയാനയില്‍ ഒരു കാമ്പയിന്‍ നടന്നു. 'NO TOILET, NO BRIDE' കാമ്പയിന്‍. ''കക്കൂസില്ലേ, മണവാട്ടിയുമില്ല'' എന്നായിരുന്നു സര്‍ക്കാര്‍ മുദ്രാവാക്യം. 2012 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ NO LAVATORY NO BRIDE കാമ്പയിന്‍ സംഘടിപ്പിച്ചു. പ്രഭാത കൃത്യത്തിന് സൗകര്യമൊരുക്കാന്‍ വരന്‍ തയ്യാറല്ലെങ്കില്‍ വിവാഹാലോചന നിരസിക്കാനായിരുന്നു ആഹ്വാനം. സ്ത്രീകള്‍ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി മറ പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രഭാത കൃത്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. സ്ത്രീകളും പെണ്‍കുട്ടികളും കൂട്ട മാനഭംഗത്തിനു ഇരയാകുന്നത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ ഇത്തരം   കഷ്ടതകള്‍ കണ്ടു സഹിക്കാത്തത് കൊണ്ടാകാം നമ്മുടെ രാജ്യത്തിന്റെ മുഖഛായയ്ക്ക് മങ്ങലേല്‍ക്കുന്ന കാപ്ഷന്‍ അവര്‍ക്ക് തെരഞ്ഞെടുക്കേണ്ടി വന്നത്.

കേരള സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടു കൂടി നോക്കി കാണേണ്ടതുണ്ട്. Open Defecation Free പദ്ധതി വിജയകരമായി പ്രാവര്‍ത്തികമായാല്‍ ബി സി 300 കളില്‍ ജീവിച്ച കൗടില്യന്റെ ആവശ്യമായിരിക്കും കേരളത്തില്‍ പ്രാബല്യത്തില്‍ വരിക. കേരളം വിജയിച്ചാല്‍ ലോകത്തിനു മുന്നില്‍ മലയാളികള്‍ ഒരിക്കല്‍ കൂടി ആദരിക്കപ്പെടും. ശരിയായ നയങ്ങളും സമയാസമയത്തുള്ള രാഷ്ട്രീയ തീരുമാനങ്ങളും പ്രതിജ്ഞാബദ്ധമായ പ്രജകളും ഉള്ളിടത്ത് എന്താണ് വിജയിക്കാത്തത്?

പൊതുസമൂത്തിന്റെ സഹകരണം വളരെ പ്രധാനമാണ്. സമ്പൂര്‍ണ്ണ സാക്ഷരതയുടെ വിഷയത്തിലും ജനകീയാസൂത്രണ കാമ്പയിനിലും ഡിജിറ്റല്‍ സംസ്ഥാന പ്രഖ്യാപനത്തിലും കേരളത്തിനു ഉപകാരപ്പെടുന്ന  വികസന വിഷയങ്ങളിലും വിജയിച്ചതിന് പിന്നില്‍ കക്ഷിരാഷ്ട്രീയം മറന്നുള്ള നമ്മുടെ ഒന്നിക്കലാണ്. അമേരിക്കയിലെ ചില സ്റ്റേറ്റ്‌സുകളെ പോലും പിന്നിലാക്കി കേരളം ആരോഗ്യ രംഗത്ത് മുന്നേറിയിട്ടുണ്ട്. സാനിറ്റേഷന്‍ വിഷയത്തില്‍ പ്രത്യേകിച്ച് പൊതു ജനങ്ങളും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരേ മനസ്സോടു കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ''open-air toilet' ഇന്ത്യയാണ്. ആ പേരുദോഷത്തില്‍ നിന്നും കേരളം മാറി നില്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. നമ്മള്‍ മാറിനിന്നാല്‍ മതി. ആദ്യമല്‍പം വല്ലായ്ക തോന്നുമെങ്കിലും കുറച്ചു കണ്‍ട്രോള്‍ ചെയ്ത് ഒരുമ്പെട്ടാല്‍ ഏറ്റവും കുറഞ്ഞത് റോഡ് സൈഡിലും മതിലിനു നേരെയും നാണവും മാനവുമില്ലാതെ പട്ടിയെപ്പോലെ മൂത്രമൊഴിക്കുന്നത് നിര്‍ത്താന്‍ പറ്റും. നമുക്കിങ്ങിനെ ആഗ്രഹിക്കാം 'വെളിമ്പ്രദേശ ശൗച്യം' ഇനി ഓര്‍മ്മകളില്‍ മാത്രം ആകട്ടെ.

Article, Kerala, Toilet, Pinarayi vijayan, Narendra Modi, open-air toilet, Open Defecation Free, CM, India.

Keywords: Article, Kerala, Toilet, Pinarayi vijayan, Narendra Modi, open-air toilet, Open Defecation Free, CM, India.