Follow KVARTHA on Google news Follow Us!
ad

ബൊളീവിയന്‍ പ്രക്ഷോഭവും തൊഴിലാളികളുടെ പങ്കും

ലാറ്റിനമേരിക്കന്‍ രാജ്യമാണ് ബൊളീവിയ. അയല്‍ രാജ്യങ്ങള്‍ ബ്രസീല്‍, പരാഗ്വേ, അര്‍ജന്റീന, ചിലി, പെറു. മൂന്നില്‍ ഒരു ഭാഗവും പര്‍വത നിരകള്‍. ഖനികളാല്‍ struggle, Article, Clash, Brazil, Peru, Argentina, Spain, Government, Murder, PM, Bolivia, Minister, Aslam Mavila.
അസ്‌ലം മാവില 

(www.kvartha.com 04.09.2016) ലാറ്റിനമേരിക്കന്‍ രാജ്യമാണ് ബൊളീവിയ. അയല്‍ രാജ്യങ്ങള്‍ ബ്രസീല്‍, പരാഗ്വേ, അര്‍ജന്റീന, ചിലി, പെറു. മൂന്നില്‍ ഒരു ഭാഗവും പര്‍വത നിരകള്‍. ഖനികളാല്‍ സമ്പന്നമാണ് ബൊളീവിയ, 53 ശതമാനം പൗരന്മാര്‍ ദരിദ്രരാണെങ്കിലും. സ്‌പെയിനിന്റെ അധീനത്തിലുള്ളപ്പോള്‍ ബൊളീവിയലില്‍ നിന്നും ഖനനം ചെയ്ത വെള്ളി കൊണ്ടായിരുന്നു സ്പാനിഷ് ഭരണാധികാരികള്‍ കൊട്ടാരം മോടിപിടിപ്പിച്ചിരുന്നത്. (അന്ന് ബൊളീവിയയുടെ പേര് അപ്പര്‍ പെറു എന്നായിരുന്നു. ഇന്നും പ്രധാനപ്പെട്ട ഔദ്യോഗിക ഭാഷ സ്പാനിഷാണ്). വെള്ളീയം (tin) ഖനനത്തില്‍ ലോകപ്രശസ്തമാണ് ബൊളീവിയ.

ചില നിബന്ധകള്‍ പാലിച്ചു കൊണ്ട് 10 വയസ്സ് മുതല്‍ തൊഴില്‍ ചെയ്യാന്‍ നിയമപ്രാബല്യം നല്‍കിയ ലോകത്തിലെ ഏക രാജ്യം കൂടിയാണ് ബൊളീവിയ. പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ള ഈ രാജ്യം ഇതിനു ന്യായം പറയുന്നത് വിശന്നു പൊരിയുന്ന അവര്‍ പിന്നെ പണിയെടുക്കാതെ എന്തുചെയ്യണമെന്നാണ്. 2014 മുതല്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്.

ഇത് കൊണ്ടൊന്നുമല്ല ബൊളീവിയ ലോക മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ പിടിച്ചത്. ഇക്കഴിഞ്ഞ ആഴ്ച, ആഗസ്ത് 25 നു അവിടെ ഒരു കൊലപാതകം നടന്നു. ഖനന സംബന്ധമായ ബൊളീവിയയില്‍ മാസങ്ങളായി പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. പ്രക്ഷോഭങ്ങള്‍ നിരന്തരം നടന്നു. വഴിതടയല്‍ സമരം തുടങ്ങിയതോടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പ്രക്ഷോഭകാരികള്‍ ആദ്യം കൊല്ലപ്പെട്ടു. അതോടെ പ്രശ്‌നം രൂക്ഷമാവുകയും എല്ലാം നിയന്ത്രണം വിടുകയും ചെയ്തു. ഖനിത്തൊഴിലാളികളുമായി ചര്‍ച്ചക്ക് വേണ്ടി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് പ്രതിനിധിയായി നിയോഗിച്ചത് ഉപആഭ്യന്തര മന്ത്രി റുഡോള്‍ഫോ ഇലാനിസിനെയായിരുന്നു. പകുതി വഴിക്ക് പ്രക്ഷോഭകാരികള്‍ അദ്ദേഹത്തെയും സഹായിയെയും  തട്ടിക്കൊണ്ട് പോയി. മന്ത്രിയെ അടിച്ചു കൊന്നു കളഞ്ഞു. സഹായിയെ നിഷ്‌കരുണം പ്രഹരിച്ചു  ജീവച്ഛവമാക്കി വിടുകയും ചെയ്തു.

പിറ്റേദിവസം രാവിലെ ഹൈവേയുടെ ഒരു ഭാഗത്തു ബ്ലാങ്കെറ്റില്‍  പൊതിഞ്ഞു ഉപേക്ഷിച്ച നിലയിലാണ്  മന്ത്രിയുടെ മൃതദേഹം കാണപ്പെട്ടത്. വടി കൊണ്ടടിച്ചും കല്ലെറിഞ്ഞും ആക്രമിക്കപ്പെട്ട ഇലാനിസ്, വാരിയെല്ലുകള്‍ തകര്‍ന്നും തലച്ചോറില്‍ നിന്ന് രക്തം വാര്‍ന്നുമാണ് മരണപ്പെട്ടത്. വികാരഭരിതനായനാണ് ആഗസ്ത് 31 നു പ്രസിഡണ്ട് മൊറാലിസ് TELESUR ടിവിയില്‍ കൂടി ജനങ്ങളെ അഭിസംബോധന  ചെയ്തത് 'My colleagues told me that Deptuy Minister Illanes suffered more than Christ,' ആറ് മണിക്കൂര്‍ നീണ്ട ക്രൂര മര്‍ദ്ദനങ്ങള്‍ക്കൊടുവിലാണ് പോലും മന്ത്രി മരിക്കുന്നത്!

ബൊളീവിയന്‍ ഖനികളില്‍ മിക്കവയും സ്വയംഭരണ സഹകരണ സംഘങ്ങള്‍ക്ക് കീഴിലാണ്. ആഗോള തലത്തില്‍ ഉത്പന്നങ്ങള്‍ക്ക് ഉണ്ടായ വിലയിടിവ് സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവരെ സാരമായി ബാധിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തില്‍ അയവു വരുത്തണമെന്നാണ്  ആവശ്യം. അതിന്റെ ഭാഗമായിട്ടാണ് രാജ്യാന്തര സ്വകാര്യ കമ്പനികളെ ഖനികള്‍ ഏല്‍പ്പിച്ചു അതില്‍  താങ്കള്‍ക്ക് കൂടി പങ്കാളിത്തം ഉണ്ടാക്കി കൊണ്ടുള്ള ഖനന മാനേജ്‌മെന്റെന്ന നിര്‍ദ്ദേശം തൊഴിലാളികള്‍ മുന്നോട്ട് വച്ചത്.

ഇറക്കുമതി ചെയ്യുന്ന യന്ത്ര സാമഗ്രികളുടെ മേലുള്ള നികുതിയില്‍ ഇളവ് വരുത്തുക, ഊര്‍ജ മേഖലയില്‍ സബ്‌സിഡി നല്‍കുക, ഉപകരാര്‍ തൊഴിലാളികള്‍ സംഘടിച്ചു യൂണിയന്‍ ഉണ്ടാക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയവയും  ഇവരുടെ ആവശ്യങ്ങളില്‍ പെട്ടതാണ്. സ്വജനപക്ഷപാതവും സര്‍വ്വാധിപത്യവുമാണ് നിലവിലുള്ള ബൊളീവിയന്‍ പ്രസിഡന്റ്  കാണിക്കുന്നതെന്ന ആരോപണം വേറെയും. ഒരു ലക്ഷം തൊഴിലാളികളാണ്  ഇതിന്നായി സംഘടിച്ചു ഇറങ്ങിയത്. അയല്‍ രാജ്യങ്ങളായ പെറുവിലും, ചിലിയിലും സ്വകാര്യ കമ്പനികളാണ് ഖനികള്‍ അടക്കി വാഴുന്നതെന്ന് ഇതോട് കൂടി കൂട്ടിവായിക്കുക.

ഏറ്റവും പുതിയ ക്യാബിനറ്റ് മീറ്റിങ്ങില്‍ ഖനി സഹകരണ സംഘങ്ങള്‍ക്ക് നേരെയാണ് ഇവോ മൊറാലിസ്  പിടുത്തമിട്ടിരിക്കുന്നത്. ഖനി മന്ത്രാലയത്തിന് കൂടുതല്‍ അധികാരവും നല്‍കി. ഉത്പാദന അളവ്,  വരുമാനം, ലാഭ വിഹിത വിതരണം തുടങ്ങിയ അടക്കം  ഖനവുമായി ബന്ധപ്പെട്ടു ആവശ്യപ്പെടുന്ന ഏതു രേഖകളും  സഹകരണ സംഘങ്ങള്‍ ഇനി ഗവണ്മെന്റിനു സമര്‍പ്പിക്കണം. വീഴ്ച വരുത്തുന്ന സംഘങ്ങളുടെ രജിഷ്ട്രേഷന്‍ സ്വയമേവ റദ്ദാക്കപ്പെടും. ഗവമെന്റിന്റെ പുതിയ നിലപാടിനോട് ഇത് വരെ പ്രക്ഷോഭകാരികള്‍ പ്രതികരിച്ചിട്ടില്ല.

2005 ല്‍ നടന്ന ഖനി തൊഴിലാളി പ്രക്ഷോഭം അവസാനം അന്നത്തെ പ്രസിഡണ്ട് കാര്‍ലോസ് മേസയുടെ രാജിയിലാണ് കലാശിച്ചത്. ഒരു കാലത്തു ഖനി ജീവനക്കാരുടെ അരുമയായിരുന്ന നിലവിലുള്ള പ്രസിഡന്റ് ഇവോ മൊറാലസ് തനിക്ക് നല്‍കിയ പിന്തുണയ്ക്ക് അങ്ങോട്ടു നന്ദി കാണിച്ചത് യൂണിയന്‍ നേതാക്കളെ കുഞ്ചിക സ്ഥാനങ്ങളില്‍ അവരോധിച്ചായിരുന്നു. അതിനിടയിലാണ് തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ യൂണിയന്‍ നേതാക്കളുടെ അറിവോട് കൂടി ഖനിജീവനക്കാര്‍ അടിച്ചു കൊല്ലുന്നത്.

ഗവണ്‍മെന്റിന്റെ ഏറ്റവും പുതിയ തീരുമാനത്തില്‍ പ്രക്ഷോഭകാരികള്‍ തൃപതരാവില്ലെന്ന് ഭരണാധികാരികള്‍ക്കും അറിയാം. ഒരു മന്ത്രിയുടെ ജീവന്‍ അപഹരിക്കലോടു കൂടി  ഖനി ജീവനക്കാരുടെ പ്രക്ഷോഭം ഇപ്പോള്‍ തല്ക്കാലം കെട്ടടങ്ങിയിട്ടുണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ പൂര്‍വാധികം ശക്തിയോടു കൂടി പ്രക്ഷോഭം തിരിച്ചു വരുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇനിയൊരു വട്ടം കൂടി (നാലാം വട്ടം) ഭരിക്കാമെന്ന മോഹം കഴിഞ്ഞ ഫെബ്രവരിയില്‍ തന്നെ നാട്ടുകാര്‍ പൊളിച്ചു കയ്യില്‍ കൊടുത്തത് കൊണ്ട് പ്രസിഡന്റ് ഇവോ മൊറാലിസിനു പ്രക്ഷോഭകരെ വലിയ സോപ്പിടേണ്ട ആവശ്യവുമില്ലല്ലോ.


Keywords: struggle, Article, Clash, Brazil, Peru, Argentina, Spain, Government, Murder, PM, Bolivia, Minister, Aslam Mavila.