» » » ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും പാശ്ചാത്യമാധ്യമങ്ങളും

അസ്‌ലം മാവില

(www.kvartha.com 14.08.2016) ആഗസ്ത് 15. പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൂട്ടത്തില്‍ പലപ്പോഴും പാശ്ചാത്യര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഉള്‍പ്പെടുത്താന്‍ മറക്കാറുണ്ട്.  അവര്‍ക്ക് അന്നേ ദിവസം വല്ല കൊച്ചമ്മമാരുടെ ജന്മദിനമോ മറ്റോ ഉണ്ടെങ്കില്‍ അതായിരിക്കും പ്രസിദ്ധം ചെയ്യാന്‍ താല്‍പര്യം. എല്ലായിടത്തും മീഡിയ ഒരു വിഷയമാണല്ലോ.

അവര്‍ക്കൊക്കെ നന്നായി അറിയാം എന്നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ആരാണ് ഗാന്ധിയെന്നും ആരൊക്കെയാണ് ഈ മഹത്തായ ദൗത്യത്തിന് നേതൃത്വം നല്‍കിയതെന്നും മറ്റും. പക്ഷെ, അവര്‍ക്കൊക്കെ പണ്ടേ താല്പര്യം ഇന്ത്യയെ എങ്ങിനെയൊക്കെ പറ്റുമോ അങ്ങിനെയൊക്കെ വഷളാക്കി ചിത്രീകരിക്കാനാണ്. ഇന്ത്യയുടെ വളര്‍ച്ച, സാമൂഹ്യപരിഷ്‌കരണം, സഹിഷ്ണുത, കൗടുംബിക വ്യവസ്ഥ, പ്രതിരോധ സാങ്കേതികത, ഐ.ടി. രംഗത്തുള്ള വളര്‍ച്ച, ഭാഷാ വൈവിധ്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ അവയൊന്നും അവരുടെ റിപ്പോര്‍ട്ടുകളില്‍ വരുന്നില്ലല്ലോ, വന്നാല്‍ തന്നെയും ഒറ്റക്കോളങ്ങളില്‍ ഒതുക്കിക്കളയും. ബഹിരാകാശ ഉദ്യമങ്ങള്‍ വരെ അവരുടെ മീഡിയകളില്‍ പരിഹസിക്കും വിധത്തിലാണല്ലോ കാര്‍ട്ടൂണുകളില്‍ പോലും പ്രത്യക്ഷപ്പെടുന്നത്! കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നടക്കുന്ന അന്താരാഷ്ട്രാ വിമാന യാത്രകള്‍ക്ക് ശേഷവും എന്തെങ്കിലും മാറ്റമുണ്ടായോ? ഇല്ലല്ലോ. ഇപ്പോഴും ഇതൊക്കെ തന്നെയാണ് സ്ഥിതി!

ഇന്ത്യക്കാരെ മൊത്തം റാപിസ്റ്റസ്, അസഹിഷ്ണുക്കള്‍, അഴിമതിക്കാര്‍, ജാതിക്കോമരങ്ങള്‍, തൂങ്ങിച്ചാകുന്നവര്‍ എന്നൊക്കെ generalize, സാമാന്യവല്‍ക്കരിക്കാനാണ് ABC, BBC, CNN പോലുള്ളവര്‍ക്ക് എപ്പോഴും താല്പര്യം. അതിനു ഒരു മാറ്റവും വരുത്തിയിട്ടുമില്ല. അതിനപ്പുറമുള്ള ഒരു ഇന്ത്യയെ ലോകത്തിനു മുമ്പില്‍ പ്രൊജക്റ്റ് ചെയ്യാന്‍ നമുക്കെങ്കിലും സാധിക്കണം. ചേരി തിരിഞ്ഞു നിസ്സാര വിഷയങ്ങളെ പോലും പര്‍വ്വതീകരിച്ചും ആടിനെ പേപട്ടിയാക്കിയും അവതരിപ്പിക്കാന്‍ നടത്തുന്ന വൃഥാ വ്യായാമ തിരക്കുകള്‍ക്കിടയില്‍ ഇന്ത്യന്‍ മീഡികള്‍ക്ക് ഇവര്‍ക്കൊരു പ്രതിരോധം തീര്‍ക്കാന്‍ പോലും സമയം ഉണ്ടാകാറില്ലല്ലോ. ചില ചെയ്തികള്‍ കണ്ടാല്‍ അന്താരാഷ്ട്രാ മീഡിയാഭീകരതയ്ക്ക് ''കൂട്ടത്തിലൊരു താങ്ങ്'' പോലെയാണ് നമ്മുടെ മീഡിയകളില്‍ പലരും തിരക്ക് കൂട്ടുന്നതെന്ന് തോന്നിപ്പോകുന്നു.

നടേ പറഞ്ഞ അന്താരാഷ്ട്രാ ചാനലുകളുടെ നിരന്തര അന്തിറ്റെലികാസ്റ്റുകള്‍ ഒന്ന് കൊണ്ട് മാത്രം വിദേശ ടൂറിസ്റ്റുകളുടെ സന്ദര്‍ശന ലക്ഷ്യങ്ങളില്‍ ഒന്നില്‍ നിര്‍ബന്ധപൂര്‍വ്വം മുംബൈയിലെ ചേരിപ്രദേശങ്ങള്‍ (slums & slumdog) കടന്നു വരുന്നത് അങ്ങിനെയാണ്. അവര്‍ക്കവയൊക്കെ ഒന്ന് നോക്കി ഇളിക്കണം, ഉള്ളതാണോന്ന് ഉറപ്പ് വരുത്തണം അത്രേയുള്ളൂ. മാത്രമല്ല ഒരുകാലത്തെ തങ്ങളുടെ കോളനിവല്‍ക്കരണവും കൊളോണിയല്‍ റൂളും ന്യായീകരിക്കാന്‍ കൂടിയാണ് പാശ്ചാത്യ മീഡിയകളും അവരുടെ ഭരണകൂടങ്ങളും പൃഷ്ടം താങ്ങികളും എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഹൈലൈറ്റ് ചെയ്യുന്ന ഈ ദുരവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രമിക്കാറുണ്ടോ? അതുണ്ടാകുകയുമില്ലല്ലോ.

ആരെന്ത് കുറ്റം പറഞ്ഞാലും ഇന്ത്യ ഇന്നും ഒരു അത്ഭുതമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 06 ന്  സഊദിയില്‍ നിന്ന് ഇറങ്ങുന്ന SAUDI GUZZETTE ല്‍ അതിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് Mr. Khaled Almaeena സൂചിപ്പിച്ചത് പോലെ ''India belongs to all. No one has a monopoly as the Indian Constitution clearly states. The beatuy of India lies in its secularism.'' (ഇന്ത്യ എല്ലാവര്‍ക്കുമുള്ളത്. ഏതെങ്കിലുമൊരാള്‍ക്ക് കുത്തകാവകാശപ്പെട്ടതല്ലെന്ന് ഇന്ത്യന്‍ ഭരണഘടന. മതേതരത്വത്തിലാണ് ഇന്ത്യയുടെ സൗന്ദര്യംതന്നെ).  തമിഴ്‌നാട് നടന്ന വെള്ളപ്പൊക്ക ദുരിതത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മാനവ ജനതയെ അഭിവാദ്യം ചെയ്തു കൊണ്ട് എഴുതിയ എഡിറ്റോറിയലിലാണ് അദ്ദേഹം ഇത് കുറിച്ചത്. പള്ളിയും അമ്പലവും മസ്ജിദും അന്നവിടെ സര്‍വ്വവും നഷ്ടപ്പെട്ടു ഒഴുകി എത്തിയവരെ  സ്വീകരിക്കാന്‍ തയ്യാറായി, ആരും ജാതിയും ചോദിച്ചില്ല, മതവും വര്‍ണ്ണവും വര്‍ഗ്ഗവും ഒന്നുമെന്നു അദ്ദേഹം എഴുതുന്നുണ്ട്.

നടേ സൂചിപ്പിച്ച മതേതരത്വമെന്ന സൗന്ദര്യം നിലനിര്‍ത്താന്‍ നമുക്കാകണം. അതിനു ക്രമ ഭംഗം (disorder) വരുത്താനോ താറുമാറാക്കാനോ ആരെയും അനുവദിക്കരുത്. വര്‍ഗ്ഗീയതയും അസഹിഷ്ണുതയും ഒരേ സമയം ഭാഷയും ആക്ഷനുമായി മാറുന്ന ഭയ വിഹ്വല സാഹചര്യം  നമ്മുടെ ഇന്ത്യക്കും മാനവികതയ്ക്കും പറ്റിയ ഒന്നല്ല. നാമെല്ലാം ഒന്നാണെന്ന ചിന്തയും പ്രവര്‍ത്തിയും നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ ആഗസ്റ്റിന്റെ വരവ് നമുക്ക് ഊര്‍ജവും ഉന്മേഷവും നല്‍കണം.

ഭക്ഷണത്തിലെ മെനു തീരുമാനിക്കുന്നത് പോലും അവനവന്‍ അല്ലാതാകുന്ന ഒരു സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത് എന്നും അറിയാം. കര്‍ഷകനും കടക്കാരനും തൂങ്ങുന്നതും പോരാഞ്ഞു മാട്ടിനെ തെളിച്ചവനെയും മതം നോക്കി അതേ മരക്കൊമ്പില്‍ കെട്ടിത്തൂക്കുന്നതും അറിയാം. അര്‍ണാബിനെ പോലെ മിനിബോക്‌സില്‍ ഇരുന്നു ആര്‍മാദിക്കുന്നവര്‍ ഒരല്‍പം സ്ഥലകാല ബോധത്തോടെ സത്യാസത്യങ്ങളെ വിവേചിക്കാന്‍ സമയം കണ്ടെത്തിയിരുന്നെങ്കില്‍ ഇത്തരം എരിയുന്ന തീയ്ക്ക് എണ്ണയൊഴിക്കുന്നതെങ്കിലും കുറക്കാമായിരുന്നു.

ഇന്ത്യയുടെ നല്ല മുഖം നമുക്ക് ഇനിയും ലോകത്തിനു മുന്നില്‍ കാണിക്കേണ്ടതുണ്ട്. അതിനു ആത്മാര്‍ത്ഥമായ ശ്രമം പൗരന്മാരുടെ ഭാഗത്തു നിന്നും ഭരണാധികാരികളുടെ ഭാഗത്തു നിന്നുമുണ്ടാകേണ്ടതുമുണ്ട്. നിര്‍ഭയത്വമുള്ള ഒരു സമൂഹത്തില്‍ മാത്രമേ നല്ല മുഖം ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങിനെയൊരു നിര്‍ഭയത്വാവസ്ഥ ഉണ്ടാക്കാന്‍ ആദ്യം മുന്നില്‍ ഉണ്ടാകേണ്ടത് ഇച്ഛാശക്തിയും പ്രതിബദ്ധതയുമുള്ള  ഭരണാധികാരികള്‍ തന്നെയാണ്.

ഇന്ത്യ ജയിക്കട്ടെ, എന്നും, എന്നുമെന്നും.Keywords: Article, August 15, Independence Day, India, World, Saudi, Media, Aslam Maviale, Indian Independence Day and foreign medias.

About irf Kvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date