Follow KVARTHA on Google news Follow Us!
ad

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പാതിരായ്ക്ക് കടയും തുറന്നിരിക്കുന്നവരോട്

കഴിഞ്ഞദിവസവും റിപോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ ഒരു കടയില്‍ ജോലി ചെയ്യുന്ന ഒരു സെയില്‍സ്മാന്‍ പാതിരായ്ക്ക് ഒന്നും രണ്ടും പറഞ്ഞു Article, Night, Aslam Mavila, Night Duty, Shop, Attack, Gulf, Malayali, Robbery, Cheating
അസ്‌ലം മാവില

(www.kvartha.com 18/08/2016) കഴിഞ്ഞദിവസവും റിപോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ ഒരു കടയില്‍ ജോലി ചെയ്യുന്ന ഒരു സെയില്‍സ്മാന്‍ പാതിരായ്ക്ക് ഒന്നും രണ്ടും പറഞ്ഞു  ആക്രമിക്കപ്പെട്ടു. കഴിഞ്ഞ മാസമാണ് ഒരു മലയാളി വെടിയേറ്റു മരിച്ച വാര്‍ത്ത വായിച്ചത്. നാല്‍പത് വയസ്സുള്ള ആലംകോട് സ്വദേശി. ഭക്ഷണം കഴിച്ചു പേയ്‌മെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം. അത് മൂത്ത് മൂത്ത് വഴക്കിലേക്ക്. അവിടെ നിന്നും ഇറങ്ങിപ്പോയ ആ കാലമാടന്മാര്‍  തിരിച്ചു വന്നത് തോക്കുമായി. അവിടെ ജോലിചെയ്യുന്ന ബാക്കി നാലുപേരെ ആട്ടിയോടിച്ചാണ് അവര്‍ ഈ ഹതഭാഗ്യനെ വെടിവെച്ചിട്ടത്. ഒരുമാസം പോലും ആയിട്ടില്ല സമാനമായ മറ്റൊരു റിപോര്‍ട്ട് നാം വായിച്ചതും കേട്ടതും. പെട്രോള്‍ സ്‌റ്റേഷനിലാണ് അന്നൊരു മലയാളി  വെടിയേറ്റ് മരിച്ചത്. അതും പണ സംബന്ധമായ പ്രശ്‌നം തന്നെ.

(പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ മുമ്പ് എന്റെ നാട്ടുകാരന്‍ ഗള്‍ഫ്മരുഭൂമിയില്‍ കൊല്ലപ്പെട്ടത് ഓര്‍മ്മ വരുന്നു. മണി എക്‌സ്‌ചേഞ്ചിലെ ജോലിയും കഴിഞ്ഞു, വരുന്ന വഴിക്ക് കാത്തിരുന്നായിരുന്നു ഒരു കൂട്ടം കാലമാടന്മാര്‍ ആ സാധുവായ മനുഷ്യനെ നിഷ്ടൂരം വധിച്ചു കളഞ്ഞത്.)

ചില സ്ഥലങ്ങള്‍ ഉണ്ട്. കസ്റ്റമേഴ്‌സ് വരില്ലെങ്കില്‍ പോലും പാതിരായ്ക്കു ഹോട്ടലും ബഖാലയും തുറന്ന് ചിലര്‍ ഇരിപ്പുണ്ടാകും. പ്രത്യേകിച്ച് മലയാളികള്‍. വല്ലപ്പോഴും വരുന്ന ഇടപാടുകാരനോ വഴിപോക്കനോ വണ്ടിക്കാരനോ മറ്റോ ആണ്ഇവരുടെ അസ്ഥാനത്തെ പ്രതീക്ഷ. രാത്രി ''ചാമ''മിട്ടു ഇരിക്കുന്നതിന്റെ ഉദ്ദേശം ഇതല്ലെങ്കില്‍ വേറെ എന്താണെന്ന് പറയട്ടെ. കറണ്ട് ബില്ലും കത്തിയ ബള്‍ബും ഒക്കെ കണക്ക് കൂട്ടി നോക്കിയാല്‍ വലിയ ലാഭമൊന്നും ഈ കുത്തിയിരുപ്പിന് ഉണ്ടാകില്ല. കമ്പനിക്ക് നഷ്ടമായിരിക്കും മിക്കവാറും ഉണ്ടാകുക.

ടെലഫോണ്‍ കാര്‍ഡ് വാങ്ങും, കാശ് വണ്ടിയില്‍ വെച്ച് മറന്നെന്ന് പറഞ്ഞു ഗാഡിവാല കസ്റ്റമര്‍ റോഡിലേക്ക് വിളിക്കും. ഇവന്‍ വെപ്രാളത്തില്‍ ഗല്ലയും തുറന്ന് പാന്റ്‌സും മെപ്പോട്ട് വലിച്ചു ഇറങ്ങി ഓടും. പിന്നെ ഉണ്ടാകുന്ന ഉന്തലും തള്ളലിലും മിക്കപ്പോഴും കടക്കാരന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍സാണ് പൊട്ടുക. ടെലഫോണ്‍ കാര്‍ഡും മാള്‍ബറോ സിഗരറ്റും ബെസ്റ്റ് കടലയും തണുത്ത കോളയും വാങ്ങിയവന്‍ വണ്ടി പറപറപ്പിച്ചു എത്തേണ്ടിടത്ത് എത്തിയിട്ടുമുണ്ടാകും. കടയില്‍ മൂലയ്ക്ക് വെച്ച കുപ്പി പൊട്ടിയ  മീശക്കാരന്റെ എണ്ണ തേച്ചു ''കുത്തായി'' കൊള്ളാന്‍  ഒരവസരമായി. മിക്ക ആള്‍ക്കാരും ഇത് പറയാറില്ല എന്നതാണ് വാസ്തവം.

എനിക്ക് ഇത് വരെ മനസിലായിട്ടില്ല ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എന്തിനാണ് ഇവര്‍ കൂമനെ പോലെ രണ്ടു ചാമത്തിലും (രണ്ടാം യാമം) സ്ഥാപനവും തുറന്നിരിക്കുന്നത്? ഉറക്കം മാത്രമല്ല, ജോലി ചെയ്യാനുള്ള ഉന്മേഷവും നഷ്ടപ്പെടും. കടയുടമകളാണ് ശ്രദ്ധിക്കേണ്ടത്. ''മൊതലാകണ്ടേടോ?'' എന്നോട് ഒരു സുപ്രമാമു (സൂപ്പര്‍ മാര്‍ക്കറ്റ് മുതലാളി) പറഞ്ഞതാണ്. ദീര്‍ഘ ദൂര റോഡിന്റെ അങ്ങേപ്പുറവും ഇങ്ങേപ്പുറവും ചില റിമോട്ട് ഏരിയയിലും ഇമ്മാതിരി കടകള്‍ വെറുതെ തുറന്നിരിക്കുന്നത് കണ്ടിട്ടിട്ടുണ്ട്. പണിക്കാര്‍, ഈ പാവങ്ങള്‍ അവരോട് നാം ഒന്ന് ചോദിച്ചു രണ്ടാമത് ഒന്ന് പറഞ്ഞാല്‍ പെട്ടെന്ന് അവര്‍ക്ക് ദേഷ്യം വരും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പകല്‍ മുഴുവന്‍ ജോലി ചെയ്ത ക്ഷീണത്തില്‍ ഒന്ന് റൂമെത്താന്‍ ഒരുക്കം കൂട്ടുന്നവരാണ് അവരൊക്കെ. ഒരു ദിവസം പോലും ഇവര്‍ക്ക് ഒഴിവും നല്‍കില്ല. അരമണിക്കൂര്‍ വല്ല ദിവസം വൈകിയാല്‍ ഒടുക്കത്തെ ''കിരികിരി'' ആയിരിക്കും. അതിനിടയില്‍ നിസ്സാരമായി തോന്നാവുന്ന വല്ല വിഷയത്തിലായിരിക്കും പാതിരാ പണിക്കാര്‍ ചൂടാകുക.

ഭാഷയും ഒരു വിഷയമാണ്. മറ്റൊരുത്തന്റെ ഭാഷ ചൂടായ നേരത്തൊക്കെ ''ഏലും താലു''മില്ലാതെ പറയാന്‍ തുടങ്ങിയാല്‍ കേള്‍ക്കുന്നവന് നാം ഉദ്ദേശിക്കുന്ന രൂപത്തിലായിരിക്കില്ല അര്‍ഥം പിടികിട്ടുക. നമ്മള്‍ പിന്നെ എല്ലാ ഭാഷയും റൊക്കമായി ഏറ്റെടുത്തു കൈകാര്യവും ചെയ്യും. (കാലിടറി വീണപ്പോള്‍ ''അല്‍ഹംദുലില്ലാഹ്'' എന്ന് സഹതാപം ചൊരിഞ്ഞ എന്റെ പഴയ  ഗുജറാത്തി തുസാല്‍ ബായി മാനേജരുടെ കപാലം നോക്കി തലയിലെ ''വട്ടെ''ടുത്ത്  വീക്കിയ അറബിയെ ഓര്‍മ്മ വരുന്നു. പുള്ളി ഉദ്ദേശിച്ചത് ''ഇന്നാലില്ലാഹ്'', വായിന്നു വന്നത് സന്തോഷം കൊണ്ട് പറയേണ്ട വാക്കും!)

പെങ്ങളെ കെട്ടിയവന്‍ തന്ന വിസ, അമ്മോശന്‍ മരുമകനെ നന്നാക്കാന്‍ കൂട്ടുകാരനോട് പറഞ്ഞൊപ്പിച്ച വിസ, നാട്ടില്‍ ''കുരുത്തക്കേടി''ല്‍ സഹിക്കാതായപ്പോള്‍ കുടുംബക്കാര്‍ ''ഒന്‍ത്തിക'' ഇട്ടൊപ്പിച്ച പണിയോട് കൂടിയുള്ള വിസ, വീട്ടില്‍ തന്റെ ജേഷ്ഠനോ ഉപ്പയോ ഗള്‍ഫ്കടമൊതലാളിയായ അയല്‍ക്കാരനെ നാട്ടില്‍ സഹായിച്ചു  എന്നത് കൊണ്ട് മാത്രം കയ്യയച്ചു സഹായിച്ച ''സ്മരണ'' വിസ. അങ്ങിനെ എന്തെങ്കിലും ഒന്നായിരിക്കും ഇതൊക്കെ. വന്നതിനു രണ്ടു കൊല്ലമോ വരുന്ന വെക്കെഷനോ കണക്കാക്കിയോ മാത്രം ''പണ്ടാരടങ്ങാന്‍'' നിയ്യത്തും ചെയ്ത പുതുവിസക്കാരനെ കഴിയുന്നത്ര മൊതലാക്കാനാണ് കടമുതലാളി ഇന്‍സും ജിന്നും ഉറങ്ങുന്ന നേരത്തു ഉറക്കമൊഴിപ്പിച്ചു കടയില്‍ ഇരുത്തുന്നത്.

സത്യം, അങ്ങിനെയുള്ള പണിക്ക് നില്‍ക്കരുത്. വേണ്ട എന്ന് പറഞ്ഞു ഇട്ടേച്ചു പോകണം. നമ്മുടെ ആരോഗ്യവും ആയുസ്സും ബാക്കിയുണ്ടാകും. ടപ്പേന്ന്‌പൊട്ടാനും  ആരാന്റെ കൈക്കും തോക്കിനും ഇരയാകാനും പ്രവാസീ, താങ്കള്‍ എല്ലുമുറിഞ്ഞു പണിയെടുത്ത ശരീരം നേര്‍ച്ചക്കിടാന്‍ തയ്യാറാകണോ? ഉറക്കമില്ലാത്ത അവസ്ഥയുണ്ടായാല്‍ നമ്മുടെ നാക്കിന്റെ നിയന്ത്രണവും മനസ്സിന്റെ സന്തുലനവും ബുദ്ധിയുടെ പ്രവര്‍ത്തനവും എല്ലാം disorder ആകും, താളംതെറ്റും. താറുമാറാകും. നിസ്സാരമെന്നു പകല്‍ ചിന്തിക്കുന്നത് പാതിരായ്ക്ക് സാരമുള്ളതായി തോന്നും, തോന്നിപ്പിക്കും.

വിദേശത്തായാലും സ്വദേശത്തായാലും അവനവന്റെ സുരക്ഷ വളരെ പ്രധാനമാണ്.നമ്മുടെ നാട്ടിലും രാവേറെ കഴിഞ്ഞു കടയും പൂട്ടി മൊബൈലില്‍ സൊറപറഞ്ഞു വരുന്നവര്‍ ഉണ്ട്. എന്തൊരു തൊന്തരവാണ് അവര്‍ അത് വഴി ഉണ്ടാക്കുന്നത്. ഒരു വൈകി വരവിലോ, വൈകി ഇരിക്കലിലോ, നാക്കുപിഴയിലോ നമ്മുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുത്താന്‍ സാഹചര്യം ഉണ്ടാക്കരുത്. എവിടെയും, എപ്പോഴും. എല്ലാ നാട്ടിലെയും ''സുപ്രമാമു''മാരും  എന്റെ കുറിപ്പ് വായിക്കുന്നുണ്ടാകുമല്ലോ.

Keywords: Article, Night, Aslam Mavila, Night Duty, Shop, Attack, Gulf, Malayali, Robbery, Cheating