Follow KVARTHA on Google news Follow Us!
ad

ഗള്‍ഫ് രാജ്യങ്ങളില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അപകടങ്ങള്‍ വിടാതെ പിന്തുടരുന്നു. ഞാന്‍ ഉള്‍പ്പെടുന്ന യാമ്പു ലൊക്കാലിറ്റിയില്‍ നിന്ന് ഇന്നലെ കേട്ട വാര്‍ത്ത. റാബിഗിനടുത്തു യാമ്പു ജിദ്ദ റോഡില്‍ പച്ചക്കറി വണ്ടി (പിക്ക്അപ്പ് ) ട്രെയിലറില്‍ ഇടിക്കുന്നു. ഡ്രൈവര്‍ Article, Gulf, Driving, Aslam Mavila, Accident, Death,
അസ്‌ലം മാവില

(www.kvartha.com 18/07/2016) അപകടങ്ങള്‍ വിടാതെ പിന്തുടരുന്നു. ഞാന്‍ ഉള്‍പ്പെടുന്ന യാമ്പു ലൊക്കാലിറ്റിയില്‍ നിന്ന് ഇന്നലെ കേട്ട വാര്‍ത്ത.  റാബിഗിനടുത്തു  യാമ്പു ജിദ്ദ റോഡില്‍  പച്ചക്കറി വണ്ടി (പിക്ക്അപ്പ് ) ട്രെയിലറില്‍ ഇടിക്കുന്നു. ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍. കൂടെയുണ്ടായിരുന്ന ഭാര്യയും കുട്ടിയും തല്‍ക്ഷണം മരിക്കുന്നു. ഇയ്യിടെയായി റോഡപകടങ്ങള്‍ വാര്‍ത്തപോലും അല്ലാതെയായി മാറിക്കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൂടെ ജോലി ചെയുന്ന ബീഹാറിലെ എഞ്ചിനീയര്‍ കണ്‍മുമ്പില്‍ വെച്ചാണ് അമിത വേഗത ഒന്ന് കൊണ്ട് മാത്രം നിയന്ത്രണം വിട്ട് യെല്ലോ ലൈനിനു ചാരം സ്ഥാപിച്ച താത്കാലിക കോണ്‍ക്രീറ്റ് ബ്ലോക്കിലിടിച്ചു അതി ദാരുണമായി മരണപ്പെട്ടത്.

fraction of Second അല്ലെങ്കില്‍ blink of an eye-star എന്നു പറയാവുന്ന സമയത്തു നടക്കുന്ന മയക്കം, കൂടെ ഇരിക്കുന്നവരുമായി അശ്രദ്ധമൂലം നടക്കുന്ന സംസാരം, റെഡ് സിഗ്‌നല്‍ തലനാരിഴയ്ക്ക് ക്രോസ്സ് ചെയ്യാനുള്ള തിടുക്കം, ഓവര്‍ ടെയ്ക്ക് ചെയ്യുമ്പോള്‍ മറന്ന് പോകുന്ന നിയമങ്ങള്‍   തുടങ്ങിയവയാണ് ലോങ്ങ് റൂട്ടില്‍ മിക്ക അപകടങ്ങള്‍ക്കും കാരണങ്ങള്‍. വളരെ അപൂര്‍വ്വമായാണ് ടയര്‍ പൊട്ടിത്തെറിച്ചും മറ്റും അപകടങ്ങള്‍ സംഭവിക്കുന്നത്.

മയക്കം വരുന്നുവെന്ന് തോന്നുമ്പോള്‍ അമാന്തിച്ചു നില്‍ക്കാതെ സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് വണ്ടി പാര്‍ക്ക് ചെയ്തു ഒരല്‍പം വിശ്രമിച്ചാല്‍ തന്നെ ഒരു പാട് അപകടങ്ങള്‍ ഒഴിവാകും. എന്റെ കൂടെ ജോലി ചെയ്യുന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ അബൂബക്കര്‍ തന്റെ അനുഭവം പങ്കിട്ടു. പത്ത് മിനിറ്റ് വിശ്രമം പിന്നീടുള്ള നാലഞ്ച് മണിക്കൂറിനുള്ള ഊര്‍ജ്ജം കൂടിയാണത്രെ. അത്ഭുതകരമായ ഒരു രക്ഷപ്പെടലിനു ശേഷം അദ്ദേഹത്തിന് നല്‍കിയ പാഠം.

സഹയാത്രികരോട് സംസാരിക്കാം, വളയത്തിലാണ് തന്റെയും മറ്റുള്ളവരുടെ ജീവിതമുള്ളതെന്ന  ഉത്തരാവാദിത്വബോധം ഉണ്ടാകണം. മഞ്ഞ,  ചെമപ്പ് സിഗ്‌നലോട് കൂടി അന്നത്തെ ഗതാഗതം സ്തംഭിക്കുമെന്ന തെറ്റായ ധാരണയും തിരുത്താന്‍ വണ്ടിയോടിക്കുന്നവര്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ റെഡ് സിഗ്‌നല്‍ മറികടക്കാന്‍ ഇത്ര പാടുപെട്ടു ശ്രമിക്കുന്നത്?

റോഡ് ക്രോസ്സ് ചെയ്യുന്ന യാത്രക്കാരും അല്പം പ്രായോഗികബുദ്ധി ഉപയോഗിക്കണം. ഡ്രൈവറും മിററും  ബ്രൈക്കുമൊക്കെ വണ്ടിയില്‍ ഉള്ളത് ശരിതന്നെ. യാമ്പു ജിദ്ദ പോലുള്ള ഹൈവേകളില്‍ കത്തിച്ചു വിടുന്ന വണ്ടികള്‍ റോഡ് ക്രോസ്സ് ചെയ്യുന്നവരെ മൈന്‍ഡ് ചെയ്യാറില്ല എന്നതും  മറ്റൊരു ശരിയാണ്. ട്രെയിലര്‍, ട്രക്ക്  മുതലായ ഹെവി വണ്ടികള്‍ക്ക് മുന്നില്‍ ഓര്‍ക്കാപ്പുറത്ത് ചാടിയാല്‍ ഡ്രൈവര്‍ വിചാരിച്ചാലും പോലും നിങ്ങള്‍ രക്ഷപ്പെട്ടുവെന്നു വരില്ല. റമദാനിന്റെ അവസാനദിവസങ്ങളില്‍ ഒന്നില്‍ പതിവ് പ്രഭാത നടത്തത്തില്‍ യാമ്പു ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് ബില്‍ഡിങ്ങിന് മുന്നില്‍ സമാനമായ അപകടം നേരില്‍ കണ്ടതും ഇപ്പോഴും കണ്‍വെട്ടത്തു നിന്ന് മാറിയിട്ടില്ല. മുന്നും പിന്നും നോക്കാതെ റോഡ് ക്രോസ്സ് ചെയ്യുമ്പോള്‍ അമിത വേഗതയില്‍ ഓടുന്ന ട്രെയിലറിനു മുന്നില്‍ അന്ന് അതിരാവിലെ നാല് ജീവനുകളാണ് തല്‍ക്ഷണം നഷ്ടപ്പെട്ടത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടകങ്ങള്‍ മേയുന്ന ഭാഗങ്ങളില്‍ വരെ പ്രത്യേക ബോര്‍ഡ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. അത് പോലും മാനിക്കാതെ ചിലര്‍  അപകടം വരുത്തും. ഒട്ടകങ്ങളുടെ നീളമുള്ള കാലുകളില്‍ വണ്ടി തട്ടുന്നതോടെ ഭാരമുള്ള ബാക്കി ഭാഗം വാഹനങ്ങള്‍ക്ക് മേലെ വീഴുന്നു. പിന്നെ ആരും രക്ഷപ്പെടാറുമില്ല. ഭീമമായ ബ്ലഡ് മാണിയാണ് ഒട്ടക അപകടങ്ങളില്‍ ഉടമസ്ഥര്‍ ക്ലൈം ചെയ്യുന്നതും. (ചില അറബ് രാജ്യങ്ങളില്‍ ഒരു മനുഷ്യന്റെ ബ്ലഡ് മണി തുക (Diyyah) 100 ഒട്ടകങ്ങളുടെ വിലയ്ക്ക് തുല്യമാണ് എന്നതും സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. നേരത്തെ ഉള്ളതിനേക്കാളും മൂന്നിരട്ടിയാക്കി  ഇപ്പോള്‍ അത് 3,00,000 റിയാലോ മറ്റോ ആണെന്ന് തോന്നുന്നു.  ഇത്തരം കേസുകളില്‍ പെട്ട്  ഒരു പാട് ഡ്രൈവര്‍മാര്‍ ബ്ലഡ് മണി നല്‍കാന്‍ പറ്റാതെ ജയിലുകളില്‍ ജീവിതം തള്ളിനീക്കുന്നത്  നാം വായിക്കാറുമുണ്ട്.)

വഴി, പാത,  വാഹനം ഇതൊക്കെ ഉപകാരമാണ് മനുഷ്യന്. അവ ഉപയോഗിക്കേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍. അതിന്റെ അവകാശം വണ്ടി ഓടിക്കുന്നവര്‍ക്ക് മാത്രമല്ല കാല്‍ നടയാത്രക്കാര്‍ക്കും കൂടി ഉള്ളതാണ്. അവിടെയും ചില ചിട്ടവട്ടങ്ങളും യെസ് നോ-കളുമുണ്ട്. റോഡ് നിയമങ്ങളും അതിന്റെ മര്യാദകളും എല്ലാവരും ആദരിച്ചേ മതിയാകൂ. വഴിയാത്രക്കാരന് റോഡ് മുറിച്ചു കടക്കാന്‍ വണ്ടിയോടിക്കുന്നവര്‍ സന്മനസ്സ് കാണിക്കണം. എല്ലാ സമയവും നിങ്ങള്‍ വണ്ടിയിലല്ലല്ലോ, നിങ്ങളും നാളെ ഇതേ പോലെ റോഡ് മുറിച്ചു കടക്കേണ്ടവനുമാണ്. സിഗ്‌നലുകള്‍, സീബ്രാ ലൈന്‍ ഇതൊക്കെ എല്ലാവരും പാലിക്കുവാനും ശഠിക്കണം. വെട്ടിച്ചും മിന്നിച്ചും ഓടിക്കാന്‍ ഒരിക്കലും പൊതു പാത ഉപയോഗിക്കരുത്. ഇന്ന് രാവിലെ പുതുതായി ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടി വണ്ടിയോടിക്കുന്നവരും ഈ നിരത്തില്‍ തന്നെ ഉണ്ടെന്ന ബോധം ഓരോ ഡ്രൈവര്‍മാര്‍ക്കുമുണ്ടാകണം. (കൊള്ളി പിശാച് എന്ന തലക്കെട്ടില്‍ ഈ കുറിപ്പ് കാരന്‍ തന്നെ പ്രസ്തുത വിഷയം മുമ്പ് ഇതേ പംക്തിയില്‍  എഴുതിയിട്ടുണ്ട്)

വല്ലപ്പോഴും ഗള്‍ഫ് നാടുകളിലെ ആസ്പത്രി കാഷ്വല്‍റ്റിയില്‍ പോയവര്‍ക്ക് അവിടെ അനുഭവിക്കുന്ന ദീന രോദനം മറക്കാന്‍ കഴിയുമോ?  നിര്‍ത്താതെയുള്ള ആംബുലന്‍സിന്റെ സൈറണ്‍. ഓടിക്കിതച്ചു ഇറങ്ങുന്ന ബന്ധുക്കളും അല്ലാത്തവരും. പിന്നെ  സ്‌ട്രെച്ചര്‍. ജഡതുല്യ ശരീരങ്ങള്‍. അവ വാരിക്കൊണ്ടു ഓടുന്നവര്‍. അവയവയം നഷ്ടപ്പെട്ടവര്‍. അവരുടെ കൂട്ട നിലവിളികള്‍. ബോധം നഷ്ടപ്പെട്ടവരും അല്ലാത്തവരും. അവിടെ ആരും ആരെയും കാണില്ല. അവര്‍ക്ക് ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിയാല്‍ മതി. മെഡിക്കല്‍ ടീമിലെ ആരെയെങ്കിലും കണ്ടാല്‍ മതി. ജീവനുണ്ടോ? അത് തിരിച്ചു കിട്ടുമോ? അപകടം തരണം ചെയ്‌തോ? നിലവിളികള്‍ നിസ്സഹായമാകുന്ന അവസ്ഥ. നിദ്രാവിഹീനമായ രാത്രികള്‍. ഫോണ്‌കോളുകള്‍ക്ക് മറുപടി പറഞ്ഞു തളരുന്ന പകലുകള്‍. Fraction of Second-ല്‍ നടന്ന സൂക്ഷമതക്കുറവിന്റെ ബാക്കി ചിത്രങ്ങള്‍. ഒരു അശ്രദ്ധയുടെ ബാക്കി പത്രങ്ങള്‍.

ആരോട് പറയാന്‍? എന്നാലും അവനവനു ഒരു തീരുമാനത്തിലെത്താം ഇനി ഒരു ദുരന്ത വാര്‍ത്ത നമ്മുടെ കൈപ്പിഴ കൊണ്ട് വരാതിരിക്കട്ടെയെന്ന്.


Keywords: Article, Gulf, Driving, Aslam Mavila, Accident, Death, Driver, Sleep.