തൊഴില്‍ അധ്യാപനം; വയറു പിഴക്കാന്‍ പെയിന്റടി

 


തൊടുപുഴ: (www.kvartha.com 23.05.2015) അധ്യാപനമാണ് തൊഴില്‍. പക്ഷെ വയറുപിഴക്കാന്‍ വേറെ പണി നോക്കണം. അങ്ങനെ ഗത്യന്തരമില്ലാതെ അവര്‍ പെയിന്റും ബ്രഷുമെടുത്ത് പെയിന്റിംഗിനിറങ്ങി. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ഒരു കൂട്ടം അധ്യാപകര്‍. രണ്ട് വര്‍ഷത്തോളമായി ശമ്പളമില്ലാതെ ഇതേസ്‌കൂളില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ അധ്യാപകരാണിവര്‍.

ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ പകരുന്ന ഇവര്‍ ജീവിക്കാന്‍ തീരെ നിവൃത്തിയില്ലാതായതോടെയാണ് അധ്യാപനത്തോടൊപ്പം മറ്റ് ജോലികള്‍ക്കും പോകാന്‍ തുടങ്ങിയത്. അങ്ങനെയാണ് സ്വന്തം സ്‌കൂളിന്റെ പെയിന്റിംഗ് ജോലിയും ഏറ്റെടുത്തതെന്ന് എം.എഡ് കഴിഞ്ഞ ജിന്‍സ് .കെ. ജോസ് പറയുന്നു. സ്‌കൂള്‍ അവധിദിവസങ്ങളില്‍ പുറത്തു പോയി പെയിന്റടിച്ചും മറ്റ് ജോലികള്‍ ചെയ്തുമാണ് നിത്യചെലവിനുള്ള പണം സമ്പാദിക്കുന്നതെന്ന് മറ്റൊരു അധ്യാപകനായ ജെയിംസ്.

ഇവരുടെ ദുരവസ്ഥകണ്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദേവസ്യാച്ചന്‍ തന്നെ മുന്‍കൈ എടുത്ത് പെയിന്റിംഗ് ജോലികള്‍ മറ്റാര്‍ക്കും നല്‍കാതെ ഇവരെ ഏല്‍പ്പിക്കുകയായിരുന്നു. അധ്യാപകരുടെ നിയമന നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാത്തതാണ് ഇവര്‍ക്ക് ശമ്പളം ലഭിക്കാതിരിക്കാന്‍ കാരണം. നിയമനം അംഗീകരിക്കാന്‍ യോഗ്യതയുണ്ടായിട്ടും സര്‍ക്കാര്‍ ഇവര്‍ക്കുനേരെ കണ്ണടയ്ക്കുകയാണ്. 2011 മുതല്‍ നിയമിച്ച പല അധ്യാപകര്‍ക്കും ഇതുതന്നെയാണ് ഗതി.

ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വനിതാ അധ്യാപകരും ഇവിടെയുണ്ട്. തൊടുപുഴ സെന്റ്.സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ഉള്‍പ്പെടെ പല സ്‌കൂളുകളിലും വര്‍ഷങ്ങളായി ശമ്പളമില്ലാതെ അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇടുക്കി ജില്ലയില്‍ മുന്നൂറോളം അധ്യാപകര്‍ ശമ്പളമില്ലാതെ ദുരിതത്തിലാണ്. 2011 മുതല്‍ പെന്‍ഷന്‍, മരണം, രാജി, പുതിയ നിയമനം എന്നീ തസ്തികകളില്‍ നിയമനം ലഭിച്ചവര്‍ക്ക് ഇന്നേവരെ ശമ്പളം ലഭിച്ചിട്ടില്ല. ഇതു മൂലം മറ്റു തൊഴിലുകള്‍ ചെയ്ത് കുടുംബം പോറ്റേണ്ട അവസ്ഥയാണ് അധ്യാപകര്‍ക്ക്.
തൊഴില്‍ അധ്യാപനം; വയറു പിഴക്കാന്‍ പെയിന്റടി

തൊഴില്‍ അധ്യാപനം; വയറു പിഴക്കാന്‍ പെയിന്റടി
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ അധ്യാപകര്‍ സ്‌കൂളിലെ പെയിന്റിംഗ് ജോലികള്‍ ചെയ്യുന്നു

Keywords:  Kerala, Thodupuzha, Idukki, Painter, Government-employees, school, Teacher, Employees, Teachers, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia