Follow KVARTHA on Google news Follow Us!
ad

അരുവിക്കര പിടിച്ച് കേരളം പിടിക്കാന്‍ സിപിഎം പിണറായിയെ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നു

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ പിണറായി വിജയനെ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ Kerala, CPM, Pinarayi Vijayan, By Election, Congress, Pinarayi Vijayan to contest at Aruvikkara by election?.
തിരുവനന്തപുരം: (www.kvartha.com 14/04/2015) അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ പിണറായി വിജയനെ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ അരുവിക്കര മല്‍സരം അതിനിര്‍ണായകമായി മാറാന്‍ ഇടയാക്കുന്നതാണ് സിപിഎമ്മിന്റെ പുതിയ നീക്കം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിയും അടക്കമുള്ള ഉന്നത നേതാക്കള്‍ കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും മറ്റുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. അവരുടെ നിലപാടും അനുകൂലമായാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീരുമാനം പ്രഖ്യാപിക്കും.

ഒരുപക്ഷേ, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പേതന്നെ സിപിഎം അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങാനും സാധ്യതയുണ്ട്. കോണ്‍ഗ്രസ് ഇപ്പോഴും സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ തര്‍ക്കത്തിലാണ്. അന്തരിച്ച ജി കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖയെ മല്‍സരിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അതിനോട് യോജിക്കുന്നില്ല. അത് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല എന്നുമാത്രം. എന്നാല്‍ തിരുവനന്തപുരം ഡിസിസി സുലേഖയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ചുകഴിഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗമാകാന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിയുന്ന കെ മോഹന്‍കുമാറും മറ്റു ജില്ലാ നേതാക്കളും സുലേഖ വരുന്നതിനെതിരാണ്. പകരം ജില്ലയിലെ സജീവ കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും മല്‍സരിക്കണം എന്നാണ് അവരുടെ നിലപാട്. സ്വയം സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് ഇപ്പോള്‍തന്നെ പ്രചാരണം തുടങ്ങിയവരുമുണ്ട്.

ഇടതുമുന്നണി മുമ്പ് ആര്‍എസ്പിക്ക് കൊടുത്തിരുന്ന സീറ്റാണ് അരുവിക്കരയും അതിനുമുമ്പ് ആ മണ്ഡലത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന ആര്യനാടും. അവിടെ ആര്‍എസ്പി വിജയിച്ചിട്ടുമുണ്ട്. അതിനുമുമ്പ് സിപിഎമ്മിന്റെ പ്രമുഖ നേതാവും ഇപ്പോഴത്തെ ആറ്റിങ്ങല്‍ എംപി എ സമ്പത്തിന്റെ പിതാവുമായ കെ അനിരുദ്ധനും അവിടെ വിജയിച്ചിട്ടുണ്ട്. കാര്‍ത്തികേയന്‍ അനിരുദ്ധനെ തോല്‍പ്പിച്ചതോടെയാണ് മണ്ഡലം യുഡിഎഫിനു തുടര്‍ച്ചയായി വിജയം നല്‍കിയത്. അതില്‍ കാര്‍ത്തികേയന്റെ വ്യക്തിപ്രഭാവവും വലിയ പങ്ക് വഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അത് യുഡിഎഫിന്റെ കുത്തക മണ്ഡലമല്ല എന്നു സിപിഎം ചൂണ്ടിക്കാണിക്കുന്നു.

മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയുമായ എം വിജയകുമാറിനെയാണ് സിപിഎം ഇതുവരെ സജീവമായി പരിഗണിച്ചിരുന്നത്. പിണറായി സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ വിജയകുമാറിനെത്തന്നെയാകും പരിഗണിക്കുക എന്ന് അറിയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ നിന്നോ കണ്ണൂരിലെത്തന്നെ ധര്‍മടത്തുനിന്നോ പിണറായി മല്‍സരിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അരുവിക്കരയിലെ വിജയം യുഡിഎഫിനു വന്‍ തിരിച്ചടിയാകുമെന്നതുകൊണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായി അതുമാറും എന്നതുകൊണ്ടുമാണ് മാറിച്ചിന്തിക്കുന്നത്.

Kerala, CPM, Pinarayi Vijayan, By Election, Congress, Pinarayi Vijayan to contest at Aruvikkara by election?.

Keywords: Kerala, CPM, Pinarayi Vijayan, By Election, Congress, Pinarayi Vijayan to contest at Aruvikkara by election?.