പി.സി. തോമസിന്റെ ചാട്ടം പൊളിഞ്ഞു; ഉള്ളിലിരിപ്പ് മാണിക്ക് മനസിലായി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.04.2015) രാഷ്ട്രീയമായി ഗതികെട്ടപ്പോഴാണ് പി സി തോമസ് കെ എം മാണിയെയും മകന്‍ ജോസ് കെ മാണിയെയും പിന്തുണച്ച് രംഗത്തുവന്നതെന്ന് മാണി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഇതോടെ പി സി തോമസിന്റെ ഈ ദിശയിലുള്ള നീക്കം പൊളിഞ്ഞു. മുന്‍ കേരള കോണ്‍ഗ്രസ് നേതാവായ പി സി തോമസ് ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ഇടതുമുന്നണി ഘടക കക്ഷിയായിരുന്നു. എന്നാല്‍ ആ പാര്‍ട്ടിയിലുണ്ടായ പടലപ്പിണക്കങ്ങളേത്തുടര്‍ന്ന് മുന്‍ എംപി സ്‌കറിയാ തോമസും മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തോമസിനെ പുറത്താക്കി. തോമസ് വേറെ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും അതിനെ അംഗീകരിക്കാന്‍ സിപിഎമ്മും ഇടതുമുന്നണിയും തയ്യാറായിട്ടില്ല. സ്‌കറിയാ തോമസ് വിഭാഗത്തെ അംഗീകരിക്കുകയും ചെയ്തു.

രാഷ്ട്രീയമായി പെരുവഴിയിലായ തോമസ് യുഡിഎഫില്‍ നിന്നു പുറത്തായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ചേരാനുള്ള ശ്രമത്തിലാണ്. അതു തുടരുന്നതിനിടെയാണ്, കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ മാണിക്കും മകനും അനുകൂലമായ നിലപാട് പ്രഖ്യാപിച്ചത്. മാത്രമല്ല കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇതിലെ അടവാണ് മാണി ഗ്രൂപ്പ് മനസിലാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസുകള്‍ സഹവര്‍തിത്വത്തോടെ കഴിയണം എന്നാണ് എല്ലാക്കാലത്തും ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മാണി വെള്ളിയാഴ്ച രാത്രി പറഞ്ഞതും പൊളിവാക്കാണെന്നു വ്യക്തമാവുകയാണ്.

'മാണി സാറും മകനും അഴിമതിക്കാരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കോടതിയുടെ കണ്ടെത്തലുകളൊന്നുമില്ലല്ലോ.'' എന്നു തുടങ്ങി മാണിയെയും ജോസ് കെ മാണിയെയും വെള്ളപൂശുന്ന നിലപാട് തോമസ് ആവര്‍ത്തിച്ചത് സിപിഎമ്മിനെയും ബാലകൃഷ്ണ പിള്ളയെയും അമ്പരപ്പിച്ചു. ബാര്‍ കോഴ പ്രശ്‌നത്തില്‍ മാണിയും മകനും വലിയ കുരുക്കില്‍ നില്‍ക്കുമ്പോള്‍ തോമസ് അവരെ വിശുദ്ധരാക്കാന്‍ ശ്രമിച്ചത് പിള്ളയെ പ്രകോപിപ്പിച്ചതായാണു വിവരം. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ലയനത്തിന് പ്രത്യേകിച്ചു സാധ്യതയൊന്നുമില്ലാത്ത സമയത്ത് അദ്ദേഹം സ്വന്തം നിലനില്‍പ്പിനു വേണ്ടി പുതിയൊരു ചര്‍ച്ച ഉണ്ടാക്കുന്നു എന്ന വികാരമാണ് പിള്ളയുടേതത്രേ. പിള്ളയുമായി ലയിച്ച് തോമസ് പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ ഇടതുമുന്നണിയില്‍ ഘടക കക്ഷിയാക്കുന്നത് സിപിഎം പരിഗണിക്കുന്നുണ്ട്. അതിനിടയിലാണ് തോമസിന്റെ മറുകണ്ടം ചാട്ടം.

മാണി ഗ്രൂപ്പിലെ ആഭ്യന്തര പ്രശ്‌നങ്ങളേത്തുടര്‍ന്ന് 2001ല്‍ പുറത്തായ പി സി തോമസ് പിന്നീട് ഐഎഫ്ഡിപി എന്ന പാര്‍ട്ടിയുണ്ടാക്കി ബിജെപി മുന്നണിയില്‍ ചേര്‍ന്നിരുന്നു. വാജ്‌പേയി സര്‍ക്കാരില്‍ സഹമന്ത്രിയുമായി. പിന്നീടാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ലയിച്ച് ഇടതുമുന്നണിയിലെത്തിയത്. ജോസഫ് ഗ്രൂപ്പ് 2011ല്‍ യുഡിഎഫിലേക്ക് പോയപ്പോള്‍ തോമസ് ചെയര്‍മാനായി വേറെ പാര്‍ട്ടിയുണ്ടാക്കി ഇടതുമുന്നണിയില്‍ തുടര്‍ന്നു.

പി.സി. തോമസിന്റെ ചാട്ടം പൊളിഞ്ഞു; ഉള്ളിലിരിപ്പ് മാണിക്ക് മനസിലായി


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kerala, Thiruvananthapuram, K.M.Mani, Party, P.C. Thomas, Congress, P.C. Thomas attempt failed; Mani is aware about his intention.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia