ഫ്ലക്‌സ് നിരോധനം: ഉമ്മന്‍ ചാണ്ടിയുടേത് ഷോ എന്ന് ഐഎന്‍ടിയുസി; സുധീരനും കത്ത്

 


തിരുവനന്തപുരം:(www.kvartha.com 04.10.2014) സംസ്ഥാന സര്‍ക്കാരിന്റെ ഫ്ലക്‌സ് നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. പരസ്യമായി ഫ്ലക്‌സ് നിരോധനത്തെ എതിര്‍ത്തു പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരന്‍ കത്തയച്ചു.

ഗാന്ധിജയന്തി ദിനത്തില്‍ മുഖ്യമന്ത്രി ടിവി ചാനലുകള്‍ക്കു മുന്നില്‍ സ്വന്തം പടമുള്ള ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ച് 'ഷോ' കാണിക്കുമ്പോള്‍ നൂറുകണക്കിന് തൊഴിലാളികള്‍ ജീവിക്കാന്‍ വേറെന്തു വഴി കണ്ടെത്തും എന്നറിയാതെ നീറുകയായിരുന്നു എന്ന് കത്തില്‍ പറയുന്നു. ഫ്ലക്‌സ് സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതൊഴിവാക്കാം. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഓര്‍ക്കാതെ പൊടുന്നനെ നിരോധന തീരുമാനമെടുക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തിലെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടാണെന്നും അതില്‍ തങ്ങള്‍ക്കു സന്തോഷമുെന്നുമുള്ള പരിഹാസവും കത്തിലുള്ളതായാണു വിവരം.

കെപിസിസി പ്രസിഡന്റിന്റെ ജനരക്ഷായാത്രയുടെ മുദ്രാവാക്യങ്ങളിലൊന്ന് ഫ്ലക്‌സ് നിരോധനമാണ്. അത് മുന്‍കൂട്ടി മനസിലാക്കി മുഖ്യമന്ത്രി ഒരു മുഴം മുമ്പേ എറിഞ്ഞതാണെന്നു സംശയിച്ചാല്‍ കുറ്റം പറയാനാകുമോ എന്നും ചന്ദ്രശേഖരന്റെ കത്തില്‍ ചോദിക്കുന്നു.

അതിനിടെ, കേന്ദ്രത്തില്‍ നരേന്ദ്രമോഡി റോഡ് വൃത്തിയാക്കുന്നതും മറ്റും അനുകരിക്കാന്‍, അവിടെ തേങ്ങ ഉടയ്ക്കുമ്പോള്‍ ഇവിടെ ചിരട്ട ഉടയ്ക്കുകയെങ്കിലും ചെയ്യാനുള്ള പരിഹാസ്യമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് യുഡിഎഫിന്റെ ഒരു ചെറുകക്ഷിയുടെ പ്രമുഖ നേതാവ് തലസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകരോടു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് ചര്‍ച്ചയായിട്ടുണ്ട്. പറഞ്ഞത് സ്വകാര്യമാണെങ്കിലും അത് രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യമായതുകൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്തയാക്കി. എന്നാല്‍ പ്രസിദ്ധീകരിക്കും മുമ്പേ നേതാവ് കാര്യമറിഞ്ഞ് ഇടപെട്ടു. ഇതോടെ പ്രസിദ്ധീകരിക്കാത്ത വാര്‍ത്ത മുന്നണി നേതാക്കള്‍ക്ക് ലേഖകന്‍ ഇ മെയില്‍ ചെയ്തും പ്രിന്റെടുത്തു നേരിട്ടും ഉള്‍പ്പെടെ കൊടുത്തുവെന്നാണു വിവരം.

ബാര്‍ വിവാദം, പ്ലസ് ടു ആരോപണം എന്നിവയ്ക്കു പിന്നാലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു പാളയത്തില്‍ നിന്നു തന്നെ എതിര്‍പ്പു നേരിടുന്ന പ്രശ്‌നമായി മാറുകയാണ് ഫ്ലക്‌സ് നിരോധനവും. അതേസമയം, മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞത് മറികടക്കാന്‍ വെള്ളക്കരവും മറ്റും കൂട്ടുന്നതിനെതിരേ മുന്‍ ധനമന്ത്രി വക്കം പുരുഷോത്തമന്‍ രംഗത്തുവന്നത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

ഫ്ലക്‌സ് നിരോധനം: ഉമ്മന്‍ ചാണ്ടിയുടേത് ഷോ എന്ന് ഐഎന്‍ടിയുസി; സുധീരനും കത്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Flex ban is CM's shows, Says INTUC leader, Thiruvananthapuram, Kerala, CM, Oommen Chandy, Mahatma Gandhi, Channel, UDF, Letter, Protest, Flex boards
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia