Follow KVARTHA on Google news Follow Us!
ad

മുക്കുന്നിമലയിലേക്ക് വി.എസ്. വീണ്ടും, മാസങ്ങള്‍ക്കുശേഷം, പാര്‍ട്ടിയെ അവഗണിച്ച്

ഒരു നാടിന്റെ ഭീതിയും പോരാട്ടവുമായിമാറിയിരിക്കുന്ന മുക്കുന്നിമലയിലെ നയമവിരുദ്ധ പാറ ഖനനപ്രദേശം സന്ദര്‍ശിക്കാന്‍ Kerala, V.S Achuthanandan, CPM, VS again to Mukkunni Mala, Attack, Party.
തിരുവനന്തപുരം: (www.kvartha.com 22.09.2014) ഒരു നാടിന്റെ ഭീതിയും പോരാട്ടവുമായിമാറിയിരിക്കുന്ന മുക്കുന്നിമലയിലെ നയമവിരുദ്ധ പാറ ഖനനപ്രദേശം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ രണ്ടാമതും എത്തുന്നു, മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം. ചൊവ്യാഴ്ച വൈകുന്നേരമാണ് വി.എസിന്റെ സന്ദര്‍ശനം. മാസങ്ങളായി മേഖലയിലെ ജനങ്ങള്‍ ഈ ഖനന ഭീകരതയ്‌ക്കെതിരായ സമരത്തിലാണ്. കെവാര്‍ത്ത ഇതു റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്തെ സിപിഎം നേതൃത്വം നാട്ടുകാരുടെ സമരത്തോടു കാര്യമായ ആഭിമുഖ്യം കാണിക്കാതെ മുഖംതിരിച്ചു നില്‍ക്കുമ്പോഴാണ് വി.എസിന്റെ സന്ദര്‍ശനം എന്ന പ്രത്യേകതയുണ്ട്.

മുക്കുന്നിമലയിലെ പാറഖനന കേന്ദ്രങ്ങള്‍, എംസാന്‍ഡ് യൂണിറ്റുകള്‍, കുടിവെള്ള ചൂഷണ കിണറുകള്‍, സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം തുടങ്ങിയവ വി.എസ്. നേരിട്ടുകണ്ടു മനസിലാക്കും. തുടര്‍ന്ന് അവിടെവെച്ചുതന്നെ മാധ്യമങ്ങളോടു നിലപാടു വ്യക്തമാക്കുമെന്നാണു സൂചന. സന്ദര്‍ശനത്തിനുശേഷം  ഇടയ്‌ക്കോടു ജംഗ്ഷനില്‍ പൊതുയോഗവും ചേരും. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിലുള്ള ഉയര്‍ന്ന മലനിരകളാണ് മുക്കുന്നിമല. പശ്ചിമഘട്ടത്തിന്റെ സംക്ഷിത മേഖലയാണിത്. അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള പാറ ഖനനം മൂലം കൂറ്റന്‍ ഗര്‍ത്തങ്ങള്‍ മുക്കുന്നിമലയില്‍ രൂപപ്പെട്ടിരിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ സമീപഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത ഭീതിയോടെ കാണുകയാണ് നാട്ടുകാര്‍.
അനിയന്ത്രിത പാറ ഖനനത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളില്‍പെട്ടതാണ് പ്രദേശവാസികളെ ബാധിച്ചിരിക്കുന്ന നിരവധി രോഗങ്ങള്‍. ശ്വാസകോശ സംബന്ധമായ സിലിക്കോസിസ്, ബ്ലാക്ക് ലംഗ്‌സ് എന്നിവയും ക്യാന്‍സറും ഹൃദ്രോഗവും ത്വക്ക് രോഗങ്ങളും പരക്കെയുണ്ട്. അന്തരീക്ഷ, ശബ്ദ, ജല മലിനീകരണം മൂലം കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉണ്ടാകുന്ന പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇതിനൊക്കെപ്പുറമേയാണ്. ഇടയ്‌ക്കോട്-അരിക്കട മുക്ക് റോഡിന്റെ വശങ്ങളിലും മുക്കുന്നിമലയുടെ അടുത്തുമുള്ള എല്ലാ വീടുകളിലും കുറഞ്ഞത് ഒരാളെങ്കിലും ഖനനത്തിന്റെ ഫലമായുണ്ടാകുന്ന ഏതെങ്കിലും രോഗത്തിന്റെ പിടിയിലാണ്. 

മുക്കുന്നിമലയിലെ പാറ ഖനനവും പാറ ഉല്‍പന്നങ്ങളുടെ നിര്‍മാണവും അടിയന്തരമായി നിര്‍ത്തിവയ്പിക്കുക, മുക്കുന്നിമലയിലെ പാറ ഖനനവുമായി ബന്ധപ്പെട്ടു 'വ്യവസായ യൂണിറ്റുകള്‍ക്ക്' നല്‍കിയിരിക്കുന്ന ലൈസന്‍സുകള്‍ റദ്ദാക്കുക, ഇനി പുതുക്കി നല്‍കാതിരിക്കുക, അനധികൃതമായി ഖനനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുക, ഖനനം മൂലം രോഗികളായവര്‍ക്ക് ചികില്‍സാ സഹായവും നല്‍കുക, കുടിവെള്ള മലിനീകരണം തടയുക, പ്രദേശത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുക എന്നീ കാര്യങ്ങളാണ് പ്രധാനമായും സമര സമിതിയും നാട്ടുകാരും ആവശ്യപ്പെടുന്നത്.

ക്വാറിയെ എതിര്‍ത്തതിന്റെ പേരില്‍ മാസങ്ങള്‍ക്കു മുമ്പ് ക്വാറി മാഫിയയുടെ ഗൂണ്ടകള്‍ വീടുകയറി ആക്രമണം നടത്തിയത് വാര്‍ത്തയായപ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇവിടെ വന്നിരുന്നു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി വേണ്ടതു ചെയ്യാം എന്ന് ഉറപ്പ് നല്‍കിയാണ് വി.എസ്. പോയത്. പക്ഷേ, അതിനുശേഷവും പാറമടകളില്‍ വെടിയൊച്ച നിലച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വി.എസ്. വീണ്ടും എത്തുന്നത്.
Kerala, V.S Achuthanandan, CPM, VS again to Mukkunni Mala, Attack, Party

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, V.S Achuthanandan, CPM, VS again to Mukkunni Mala, Attack, Party.

Post a Comment