SWISS-TOWER 24/07/2023

ഓണാഘോഷവും ഭക്ഷണവുമില്ലാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസികളുടെ നില്‍പ് സമരം

 


തിരുവനന്തപുരം: (www.kvartha.com 06.09.2014) ഉത്രാടവും തിരുവോണവും ആഘോഷങ്ങളും മാത്രമല്ല, നേരത്തിനു ഭക്ഷണം പോലുമില്ലാതെ ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ ആദിവാസികളുടെ നില്‍പ് സമരം. ആദിവാസിഭൂമി കൈയ്യേറ്റക്കാരില്‍ നിന്നു തിരിച്ചെടുത്തു നല്‍കണമെന്നും ആദിവാസിക്ഷേമം സംബന്ധിച്ച വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കണമെന്നും കണ്ണൂരിലെ ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ആദിവസികള്‍ക്കു പകരം ഉറപ്പു കൊടുത്ത ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

ഒരു മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ ഭരണാധികാരികളോ പ്രതിപക്ഷമോ തിരിഞ്ഞുനോക്കുന്നില്ല. എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ആദിവാസികള്‍ നടത്തിയ ശ്രദ്ധേയമായ കുടില്‍കെട്ടി സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ഗോത്ര മഹാസഭ ഇപ്പോഴത്തെ സമരത്തെ വിശേഷിപ്പിക്കുന്നത്.

കുടില്‍കെട്ടി സമരം ഒരു ഘട്ടമെത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി ഇടപെടുകയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രഖ്യാപനം വയനാട്ടിലാണു നടത്തിയത്. ആദിവാസികള്‍ക്കൊപ്പം ആന്റണി ആടുകയും ചെണ്ട കൊട്ടുകയും ചെയ്തു. എന്നാല്‍ ആ ആവേശം പിന്നീട് വാക്ക് പാലിക്കാന്‍ കാണിക്കാതിരുന്നതിനേത്തുടര്‍ന്നാണ് മുത്തങ്ങ ഭൂമി കൈയേറ്റ സമരം നടത്തിയത്. അത് വെടിവെയ്പിലും ആദിവാസികള്‍ക്കെതിരായ പോലീസ് വേട്ടയിലുമാണു കലാശിച്ചത്. അന്നത്തെ വാക്കുകള്‍ തന്നെ ഇപ്പോഴും പൂര്‍ണമായി പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ നില്‍പ് സമരം നടത്തുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആദിവാസികള്‍ മാറി മാറി പകല്‍ മുഴുവന്‍ നിന്നുകൊണ്ടാണു സമരം ചെയ്യുന്നത്. അടുത്ത ഘട്ടമായി സമരത്തിന്റെ ദിശ ഏതുവിധം മാറുമെന്ന സൂചനകളില്ല.

ബാര്‍ ലൈസന്‍സ് വിവാദം, അതിനു തുടര്‍ച്ചയായ മദ്യനയമാറ്റം, പ്ലസ് ടു വിവാദം. ടൈറ്റാനിയം, പാമോലിന്‍ കേസുകളിലെ കോടതി വിധി തുടങ്ങിയവയില്‍ കുടുങ്ങിയ സര്‍ക്കാരിന് ആദിവാസികളുടെ സമരത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും നേരം കിട്ടുന്നില്ല. കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെ ഇത്തരം പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ കൊണ്ടുവരാന്‍ ഇടപെടുന്നവര്‍ എന്നു പ്രതീക്ഷിക്കപ്പെടുന്നവരില്‍ നിന്നും യാതൊരു പരിഗണനയും ആദിവാസി സമരത്തിനു കിട്ടിയില്ല. മറ്റു സാമൂഹ്യ സംഘടനകളുടെ സമീപനവും ഇതുതന്നെ. എഴുത്തുകരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് കഴിഞ്ഞ ദിവസം സമരപ്പന്തലില്‍ എത്തിയതു മത്രമാണ് ഇതിന് അപവാദം. അവര്‍ സി കെ ജാനുവിനും മറ്റുമൊപ്പം നിന്ന് ആന്റണി മോഡിലില്‍ ചെണ്ട കൊട്ടി മാധ്യമ ശ്രദ്ധ നേടിയതിനപ്പുറം ആ സന്ദര്‍ശനം കൊണ്ട് ആദിവസി സമരക്കാരോട് അധികൃതര്‍ അനുഭാവം കാണിക്കാന്‍ അത് ഉപകരിച്ചില്ല.
ഓണാഘോഷവും ഭക്ഷണവുമില്ലാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസികളുടെ നില്‍പ് സമരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ടി. സിദ്ദിഖ് നല്‍കിയ തെരഞ്ഞെടുപ്പ് കേസില്‍ കാസര്‍കോട്ട് മത്സരിച്ച 3 സ്ഥാനാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്

Keywords:  Kerala, Thiruvananthapuram, Kannur, Strike, Tribes in Kerala organised 'standing agitation' in front of secretariat.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia