നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നടി അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com 06.09.2014)നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ തമിഴ്, കന്നഡ നടി അറസ്റ്റില്‍. ചെന്നൈ സ്വദേശിനി ശ്രുതി ചന്ദ്രലേഖ (22)യെയാണ് വാഴാഴ്ച രാത്രി ബംഗളൂരുവില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയതത്. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഇവരെ സഹായിച്ച ഏഴു പേരില്‍ നാലു പേരെയും പോലീസ് അറസ്റ്റു ചെയ്തു, മറ്റ് മൂന്നു പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചു വരികയാണ്.

തിരുനെല്‍വേലി സ്വദേശിയും ബിസിനസുകാരനുമായ റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സോ (35) യാണ് കൊല്ലപ്പെട്ടത്. തന്നെ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ്  നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നുവെന്നും സമ്മതിക്കാത്തതിനെ തുടര്‍ന്ന് പീഡനം പതിവാണെന്നും ഇതേതുടര്‍ന്നാണ് കൊല നടത്തിയതെന്നും പോലീസിനു നല്‍കിയ മൊഴിയില്‍ ശ്രുതി പറയുന്നു.

പതിനാറാം വയസില്‍ വിവാഹിതയായ ശ്രുതി നേരത്തെ  മഞ്ജുനാഥ് എന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഈ വിവാഹം പരാജയമായതോടെ മഞ്ജുനാഥില്‍ നിന്നും വിവാഹ മോചനം നേടിയ ശ്രുതി സേലത്ത് വെച്ച് പരിചയപ്പെട്ട പ്രിന്‍സോയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. പ്രിന്‍സോയും നേരത്തെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം പിരിഞ്ഞതിനെ തുടര്‍ന്നാണ് ശ്രുതിയെ വിവാഹം ചെയ്യുന്നത്.

ബിസിനസുകാരനായ പ്രിന്‍സോയ്ക്ക് നഷ്ടം സംഭവിച്ചതോടെയാണ് ശ്രുതിയുമൊത്ത് മധുരവോയലിലേക്ക് മാറിയത്. അവിടെ വെച്ച് സുഹൃത്തുക്കളായ ഉമാചന്ദ്രന്‍, ജോണ്‍ പ്രിന്‍സണ്‍ എന്നിവരുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ സ്ഥാപനം തുടങ്ങി. എന്നാല്‍ സുഹൃത്തുക്കള്‍ ലാഭ വിഹിതം ചോദിക്കാന്‍ തുടങ്ങിയതോടെ  പ്രിന്‍സോ ബിസിനസ് ബംഗളൂരുവിലേക്ക് മാറ്റുകയും സ്വന്തമായി ബിസിനസ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സുഹൃത്തുക്കള്‍ ബിസിനസില്‍ തങ്ങള്‍ മുടക്കിയ പണം തിരിച്ചു തന്നേ മതിയാവൂ എന്ന് പറഞ്ഞ് തുടര്‍ച്ചയായി ശല്യം ചെയ്തു തുടങ്ങിയപ്പോള്‍ ശ്രുതിയെ നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച് കാശുണ്ടാക്കാന്‍ പ്രിന്‍സോ ശ്രമിച്ചു. ഇതിനു വേണ്ടി ശ്രുതിയെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെ   പ്രിന്‍സോയെ കൊല്ലാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ശ്രുതി പദ്ധതിയിടുകയായിരുന്നു.

ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജനുവരി 18ന് പ്രിന്‍സോയെ മധുരവോയലിലുള്ള തന്റെ വീട്ടിലേക്ക്  വിളിച്ചു വരുത്തിയ ശ്രുതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു.  കൊലപാതകത്തിനുശേഷം ഉമാചന്ദ്രന്‍, പ്രിന്‍സണ്‍ എന്നിവരും അവരുടെ സുഹൃത്തുക്കളുമായ ഗാന്ധിമതിനാഥന്‍, വിജയ്, റഫീക് ഉസ്മാന്‍ എന്നിവരുടെ സഹായത്തോടെ തിരുനെല്‍വേലിയിലെ പാളയംകോട്ടയില്‍ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടി. പിന്നീട്  പ്രിന്‍സോയുടെ 75 ലക്ഷം വിലവരുന്ന സ്വത്തുക്കള്‍ ശ്രുതിയും സുഹൃത്തുക്കളും ചേര്‍ന്ന് വീതിച്ചെടുക്കുകയും ചെയ്തു.

കൊല ചെയ്ത് രണ്ടാഴ്ചയ്ക്കു ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രുതി പോലീസില്‍ പരാതി നല്‍കി. ശ്രുതിയെ കൂടാതെ പ്രിന്‍സോയുടെ സഹോദരന്‍ ജസ്റ്റിനും ഇതേകാരണം ചൂണ്ടിക്കാട്ടി  പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷം നടത്തുന്നതിനിടെ  പ്രിന്‍സോയുടെ കാര്‍ ജസ്റ്റിന്‍ കണ്ടെത്തിയതോടെയാണ്  കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. തുടര്‍ന്ന് മേയ് 10ന് പ്രിന്‍സണെയും കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്  രണ്ടു ദിവസത്തിന് ശേഷം പ്രിന്‍സോയുടെ മൃതദേഹവും കണ്ടെത്തി.  സുഹൃത്തുക്കള്‍ അറസ്റ്റിലായതോടെ  ഒളിവില്‍ പോയ ശ്രുതി മൂന്നു മാസത്തോളം ബംഗഌരുവിലെ ഒരു പണമിടപാടുകാരന്റെ വീട്ടില്‍ താമസിച്ചു വരുന്നതിനിടെയാണ്  വ്യാഴാഴ്ച  അറസ്റ്റിലായത്.

നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച  ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നടി അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Chennai, Husband, Friends, Police, Arrest, Marriage, Complaint, Brother, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia