Follow KVARTHA on Google news Follow Us!
ad

ആദിവാസികളുടെ നില്‍പ് സമരം തീര്‍ക്കാന്‍ ലതികാ സുഭാഷിനെ ഇറക്കുന്നു

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന നില്‍പ് സമരം 75 ദിവസങ്ങള്‍ പിന്നിട്ടതോടെ, Lathika Subhash, Nilpu Samaram, Government, BJP, Govt. to take extra effort to resolve tribal strike.
തിരുവനന്തപുരം: (www.kvartha.com 23.09.2014) ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന നില്‍പ് സമരം 75 ദിവസങ്ങള്‍ പിന്നിട്ടതോടെ, അത് 100 ദിവസങ്ങള്‍ തികച്ച് മാധ്യമ ശ്രദ്ധ നേടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി കെപിസിസിയുടെ ആദിവാസിക്ഷേമ ഉപസമിതിയെ കെപിസിസി നേതൃത്വവും സര്‍ക്കാരും രംഗത്തിറക്കി.

ഉപസമിതി കണ്‍വീനറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ലതികാ സുഭാഷ് തിങ്കളാഴ്ച സമരപ്പന്തല്‍ സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമാണ്. സമരം തീരുമെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും കഴിഞ്ഞ ദിവസം പട്ടിക വിഭാഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞത് ഗോത്രമഹാസഭാ നേതാക്കള്‍ നിഷേധിച്ചിരുന്നു. ഇതോടെ സര്‍ക്കാരും സമര നേതൃത്വവും തമ്മില്‍ ഉണ്ടായിരിക്കുന്ന അകല്‍ച്ച പരിഹരിക്കാന്‍ കൂടിയാണ് ലതികാ സുഭാഷിന്റെ ഇടപെടല്‍.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി ജയലക്ഷ്മി എന്നിവരുമായി ലതിക വിശദമായി ആശയ വിനിമയം നടത്തി. സമരം തീര്‍ക്കാനുള്ള പാക്കേജ് തയ്യാറായതായും വിവരമുണ്ട്്. എന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളില്‍പെട്ട, ആദിവാസി പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുബ്രതോ ബിശ്വാസ് ഐഎഎസിന്റെ റിപ്പോര്‍ട്ട് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്താലല്ലാതെ സമരം പിന്‍വലിക്കുന്നതിനേക്കുറിച്ച് ആലോചിക്കാനാകില്ലെന്നാണ് ഗോത്രമഹാസഭയുടെ നിലപാട്. സഭാ നേതാക്കളായ സി.കെ. ജാനുവും എം. ഗീതാനന്ദനും ഇത് വ്യക്തമാക്കിയിട്ടുമുണ്ട്.

നില്‍പ് സമരം എന്ന വേറിട്ട സമര രീതി തുടക്കം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിനിമാ താരങ്ങളും എഴുത്തുകാരി സാറാ ജോസഫും ഉള്‍പ്പെടെ സമരപ്പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ലോകത്തെ അറിയിക്കുകയും ചെയ്തു. സ്വാഭാവികമായും സമരം 100 ദിവസം തികയുന്നത് വന്‍ പ്രാധാന്യമുള്ള വാര്‍ത്തയായി മാറുമെന്ന് സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങളിലും അത് വാര്‍ത്തയാകുന്നതോടെ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുകയും തങ്ങളുടെ കൈയില്‍ നിന്ന് പോവുകയും ചെയ്യുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

കേന്ദ്ര മന്ത്രിമാരോ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയോ ആദിവാസി പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്താല്‍ അത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമായി മാറുന്നത് കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കള്‍ പരസ്പരം പങ്കുവച്ചതായാണു സൂചന. ബിജെപിയുമായി രാഷ്ട്രീയമായി സഹകരിക്കാന്‍ ആദിവാസി, ഗോത്ര മഹാസഭയോ ജാനുവോ തയ്യാറായേക്കില്ല. പക്ഷേ, ഇടപെടലിന് ബിജെപിക്ക് അവസരം ലഭിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ പരാജയമായിരിക്കുമെന്നാണ് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വത്തിന്റെ ആശങ്ക. അതുകൊണ്ടാണ് അടിയന്തര പരിഹാരത്തിനു വഴി തേടുന്നത്.
Lathika Subhash, Nilpu Samaram, Government, BJP, Govt. to take extra effort to resolve tribal strike

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Lathika Subhash, Nilpu Samaram, Government, BJP, Govt. to take extra effort to resolve tribal strike.

Post a Comment