എന്നെ കരയിച്ച മകന്റെ ആ ചോദ്യം

 


കൂക്കാനം റഹ്‌മാന്‍ 

(www.kvartha.com 24.08.2014)
വ്യക്തിപരമായ കാര്യങ്ങള്‍ പൊതുജന സമക്ഷം അറിയിക്കുന്നത് പോരായ്മയാണ്. പക്ഷേ ചിലത് സമൂഹം മനസിലാക്കുന്നത് അവര്‍ക്കും ഗുണകരമാവും. ആ ഒരു ചിന്തയാണ് ഈ ആഴ്ച വായനക്കാരുമായി പങ്കിടുന്നത്.

ജുലായ് 25 മുതല്‍ ഒരു മാസക്കാലം ഗള്‍ഫില്‍ മകന്റെയൊപ്പമായിരുന്നു ഞാന്‍. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ടേ അവനെ കിട്ടൂ. അപ്പോള്‍ പുറത്തിറങ്ങി കാഴ്ചകള്‍ കാണും. പകല്‍ സമയം വീട്ടിനകത്തായിരിക്കും. വായിക്കാന്‍ നിരവധി പുസ്തകങ്ങള്‍ അവന്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. കമ്പ്യൂട്ടറും, ടി.വിയും സജ്ജീകരിച്ചിട്ടുണ്ട്. അതൊക്കെ പ്രയോജനപ്പെടുത്തും. കണ്ട കാഴ്ചകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കും.

മകന്‍ മാധ്യമ പ്രവര്‍ത്തകനാണ്. ഒമാനിലെ പ്രധാന ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഒമാനിലെ സീനിയര്‍ റിപോര്‍ട്ടറാണ്. അതു കൊണ്ട് പല വിഷയങ്ങളെ കുറിച്ചും സമയം കിട്ടുമ്പോഴോക്കെ ചര്‍ച്ച നടത്തും. തികച്ചും ഫ്രണ്ട്‌ലിയാണ് ചര്‍ച്ച. അച്ഛനും മകനും എന്നതിലുപരി സുഹൃത്തുക്കളായാണ് ഞങ്ങള്‍ പരസ്പരം ചര്‍ച്ചയിലേര്‍പെടുന്നത്.

ആഗസ്റ്റ് 11 ന് രാത്രി ഞങ്ങളുടെ ചര്‍ച്ച സ്വയം വിലയിരുത്തുന്നതിലേക്ക് എന്നെ നയിച്ചു. ഞാന്‍ സ്വാര്‍ത്ഥനാണ്. ഭാര്യയ്ക്കും, മക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ ജീവിച്ചതെന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. എനിക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചത്. ഭാര്യ ഉണ്ടാവുകയെന്നതും, മക്കളുണ്ടാവുകയെന്നതും എന്റെ ആവശ്യമായിരുന്നു. അവരെ വളര്‍ത്തിയതും, പഠിപ്പിച്ചതും, ജോലി നേടിക്കൊടുക്കാന്‍ ശ്രമിച്ചതുമൊക്കെ എനിക്കു വേണ്ടിയായിരുന്നു. എനിക്കുവേണ്ടി മാത്രം. എന്നിട്ടും എന്റെ സ്വാര്‍ത്ഥമനസ് പറഞ്ഞത് 'ഇവര്‍ക്കു വേണ്ടിയല്ലേ നീ ജീവിച്ചത്' എന്നാണ്.

രക്ഷിതാക്കളില്‍ പലരും ഇങ്ങനെ ധരിച്ചുവെച്ചിട്ടുണ്ട്. ഒന്നു മനസുതുറന്നു ചിന്തിച്ചു നോക്കിയാല്‍ അപ്പോഴറിയാം എല്ലാം അതാതാള്‍ക്കു വേണ്ടി മാത്രമാണ് ചെയ്തതെന്നും ജീവിച്ചതെന്നും. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും, രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പിച്ച വ്യക്തിയാണെന്നുമൊക്കെ നാം വാചാലമായി പറയാറുണ്ട്. ആത്യന്തികമായി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയുടെ ആന്തരാത്മാവ് പറയും ആളുകളുടെ അംഗീകാരം കിട്ടുകയെന്ന സ്വാര്‍ത്ഥത അതിനു പിന്നിലുണ്ടെന്ന്.

രാജ്യത്തിനു വേണ്ടി മരിച്ചവര്‍, തൂക്കിലേറിയവര്‍, വിപ്ലവം നയിച്ചവര്‍ എന്നൊക്കെ പറയുമ്പോഴും ആ വ്യക്തിയുടെ ഉളളിന്റെ ഉളളില്‍ 'ഞാന്‍' എന്ന ബോധം ഉണ്ടാവും, തീര്‍ച്ച. അതിലൂടെ എനിക്ക് വലിയവനാകാം എന്ന മോഹം. അല്ലെങ്കില്‍ ലോകം എന്നെ അംഗീകരിക്കുമെന്ന ചിന്ത ഇത്തരം പ്രവര്‍ത്തി ചെയ്യാന്‍ വ്യക്തിയെ പ്രചോദിപ്പിക്കുന്നു.

ഞങ്ങള്‍ തമ്മില്‍ നടന്ന ചര്‍ച്ച ഇതായിരുന്നില്ല. അന്ന് ഉച്ചഭക്ഷണത്തിന് അവന്റെ സഹപ്രവര്‍ത്തകനായ സലിംജോസ് ഉണ്ടായിരുന്നു. ജീവിതാനുഭവങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ വിവാഹവും മക്കളും ചര്‍ച്ചയായി. കൃസ്ത്യനായ സലിം, ഹിന്ദുവായ വിനയയെയാണ് വിവാഹം ചെയ്തത്. മൂത്തമകള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ സൈക്കോളജിയില്‍ ഗ്രാജുവേറ്റ് ചെയ്യുന്നു. ഇന്റര്‍റിലീജിയന്‍ വിവാഹമായതിലും, അതില്‍ പിറന്ന കുട്ടി 'സ്‌നേഹാമോള്‍' സ്വയം അതില്‍ അഭിമാനിക്കുന്നതായും സലിം പറഞ്ഞു. ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നു. മതത്തിനകത്തുനിന്നുണ്ടായ പ്രശ്‌നങ്ങള്‍ അവഗണിച്ചു കൊണ്ടാണ് അവര്‍ മുന്നോട്ടുകുതിക്കുന്നത്.
ഭാര്യ വിനയ തിരുവന്തപുരത്ത് എല്‍.ഐ.സി. ഡവലപ്‌മെന്റെ് ഓഫീസറായി ജോലി ചെയ്യുന്നു. അവര്‍ കേരളത്തിലെ ആദ്യ വനിതാ എല്‍.ഐ.സി. ഡവലപ്‌മെന്റ് ഓഫീസര്‍ കൂടിയാണ് എന്നറിയാന്‍ കഴിഞ്ഞു.

മകന്റെ കമന്റ് ഇപ്രകാരമായിരുന്നു. 'ഉപ്പ ഇന്റര്‍റിലീജിയന്‍' വിവാഹം ചെയ്ത സലീമിനെ അഭിനന്ദിച്ചു. നല്ലതു തന്നെ. പക്ഷേ ഞാന്‍ മുമ്പ് അന്യമതക്കാരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തോട്ടെ എന്ന് അപേക്ഷിച്ചപ്പോള്‍ നിരസിച്ചത് ശരിയാണോ?

ഉത്തരം മുട്ടുന്ന ചോദ്യമായിരുന്നു. നീ ഇന്നത്തെ സ്ഥിതിയിലായിരുന്നെങ്കില്‍, അല്ലെങ്കില്‍ നമ്മള്‍ ഇന്നത്തെ സ്ഥിതിയിലായിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനേയെന്നായിരുന്നു എന്റെ മറുപടി. മകനിന്ന് അറിയപ്പെടുന്ന ഒരു ജേര്‍ണലിസ്റ്റാണ്. സാമൂഹ്യമായും സാമ്പത്തികമായും മോശമല്ലാത്ത അവസ്ഥയിലാണ്. അന്നതായിരുന്നില്ല എന്നേ എനിക്ക് മറുപടിയായി പറയാനുണ്ടായിരുന്നുളളൂ.

ഇക്കാര്യം പറയുമ്പോള്‍ എഞ്ചിനീയറായ അവന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവള്‍ പ്രതികരണം ചിരിയിലൊതുക്കി. അന്നങ്ങിനെയൊക്കെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെയൊരു കൂടിയിരുത്തമോ, ചര്‍ച്ചയോ നടക്കില്ലെന്നായിരിക്കാം അവളുടെ മനോഗതം.

ഉപ്പ ഒരു സാമൂഹ്യ പ്രവര്‍ത്തകനായതിനാല്‍ സ്ത്രീധനത്തിനെതിരെയും സ്വര്‍ണമോഹത്തെയും എതിര്‍ത്തു സംസാരിക്കുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അനിയത്തി (അവന്റെ അനിയത്തി ഷമീറ. ഇന്ന് അധ്യാപികയാണ്) സ്വര്‍ണമാല, പാദസരം, കമ്മല്‍ ഇതൊക്കെ തനിക്കും വേണമെന്ന് അടുത്തവീട്ടിലെ അവളുടെ പ്രായക്കാരിയായ പെണ്‍കുട്ടി ധരിച്ചത് കണ്ടപ്പോള്‍ കരഞ്ഞു പറഞ്ഞതും ഓര്‍മയുണ്ട് . അന്ന് ഉപ്പ പറഞ്ഞു, 'മോള്‍ക്ക് സ്വര്‍ണം വേണ്ട, സ്വര്‍ണ മോഹം ഉപേക്ഷിക്കണം' എന്നൊക്കെ.

പക്ഷേ അവളുടെ കല്യാണാലോചന വന്നപ്പോള്‍ വരന്റെ വീട്ടുകാരുടെ ആവശ്യത്തിനുമുമ്പില്‍ ഉപ്പയുടെ ആദര്‍ശം ഉപേക്ഷിക്കേണ്ടിവന്നില്ലേ?

മകളുടെ വിവാഹം നടക്കേണ്ടത് എന്റെ ആവശ്യം മാത്രമായിരുന്നില്ല. മൊത്തം കുടുംബത്തിന്റേതായിരുന്നു. ഡൗറി കൊടുക്കില്ല എന്നതില്‍ ഞാന്‍ ഉറച്ചു നിന്നു. മകള്‍ക്കും സ്വര്‍ണമോഹമില്ലായിരുന്നു. അവള്‍ ഇന്നും സ്വര്‍ണം ധരിക്കാന്‍ ഇഷ്ടപ്പെടാത്തവളാണ്. ഒരു കൃസ്ത്യന്‍ മിഷനറി സ്‌കൂള്‍ അധ്യാപികയായതിനാല്‍ അവിടുത്തെ സിസ്റ്റര്‍മാരെ അനുകരിക്കാനാണ് അവള്‍ക്കിഷ്ടം. ബന്ധുക്കള്‍ മിക്കവരും വിവാഹ സമ്മാനമായി സ്വര്‍ണം നല്‍കിയതിനാല്‍ (ആവശ്യപ്പെട്ടില്ലെങ്കിലും) മോശമല്ലാത്തരീതിയില്‍ അവള്‍ക്കും സ്വര്‍ണം ലഭിച്ചു.

അതിനുകൂട്ടുനില്‍ക്കേണ്ടിവന്നു എന്നതു ശരി തന്നെയാണ്. മറ്റുമാര്‍ഗമില്ലായിരുന്നു എന്നതാണ് സത്യം.
നോക്കണേ മക്കള്‍ വളരുമ്പോള്‍ അവര്‍ ചോദ്യം ചെയ്യുന്ന രീതി. അവര്‍ക്കു കൂടി അനുകൂലമായ രീതിയില്‍ തീരുമാനം എടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്താലും ഉളളിലുളള വിമര്‍ശനം അവര്‍ അവസരം കിട്ടുമ്പോള്‍ പുറത്തെടുക്കുന്നു.

മക്കള്‍ ശത്രുക്കളല്ല. അവര്‍ ശത്രുതാമനോഭാവത്തോടെയല്ല വിമര്‍ശനം ഉന്നയിക്കുന്നത് എന്ന ധാരണയും രക്ഷിതാക്കള്‍ക്കുണ്ടാവണം.

പക്ഷേ, അവന്‍ കാണാതെ അറിയാതെ ഞാന്‍ കിടപ്പുമുറിയില്‍ കയറി കുറേനേരം കരഞ്ഞു. ചോദ്യം ചെയ്തതിലുളള വൈഷമ്യമല്ല. അതിലെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ട്. ചെയ്തുപോയ തെറ്റുകള്‍ തിരിച്ചെടുക്കാനാവില്ലല്ലോ? ചെയ്തതെല്ലാം സ്വാര്‍ത്ഥതയ്ക്കുവേണ്ടിയാണ്. സമൂഹത്തില്‍ മോശക്കാരനാവാതിരിക്കാനാണ്. വിമര്‍ശന വിധേയനാകാന്‍ ഭയമുളളതിനാലാണ്. ഇതൊന്നും മനസിലാക്കാന്‍ മക്കള്‍ക്കാവാത്തതെന്തേയെന്ന ചിന്ത വന്നപ്പോഴാണ്. ആത്മാര്‍ത്ഥതയ്ക്ക് നേരെ ചോദ്യമുയര്‍ന്നപ്പോള്‍ മനസ് വിങ്ങിപ്പോയി.

രാവിലെ എണീറ്റപ്പോള്‍ അവന്‍ അടുത്തുവന്നു ചോദിച്ചു 'ഞാന്‍ ചോദിച്ചതില്‍ ഉപ്പയ്ക്ക് വിഷമം തോന്നിയോ? 'അപ്പോള്‍ വീണ്ടും മനസ് വിങ്ങിപ്പൊട്ടി. അവനും കണ്ണീരൊപ്പുന്നുണ്ടായിരുന്നു. 
എന്നെ കരയിച്ച മകന്റെ ആ ചോദ്യം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Article, Family, Lifestyle & Fashion, Kookanam-Rahman, Father, Friends, Inter cast Marriage, Intelligence, Read my personal experience 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia