ടൈംസ് നൗ എതിര്‍ത്തപ്പോള്‍ ടിവി നൗ ടിവി ന്യൂ ആയി; രംഗപ്രവേശത്തിനു തീയതികള്‍ പലവട്ടം മാറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.07.2014) ചേംബര്‍ ഓഫ് കൊമേഴ്‌സ് ആരംഭിക്കുന്ന ടിവി നൗ മലയാളം ന്യൂസ് ചാനലിന്റെ പേര് ടിവി ന്യൂ എന്നു മാറ്റി. ദേശീയ ഇംഗ്ലീഷ് ചാനല്‍ ടൈംസ് നൗ ആവശ്യപ്പെട്ടതുപ്രകാരമാണു പേരുമാറ്റം. തങ്ങളുടെ പേരുമായി സാദൃശ്യമുള്ള പേര് ഉപയോഗിച്ചാല്‍ നിയമപരമായി നേരിടുമെന്ന് ടൈംസ് നൗ അറിയിച്ചതായാണു വിവരം.

തങ്ങള്‍ പേരുമാറ്റുകയാണെന്നും മാധ്യമ രംഗത്തു നിലനിര്‍ത്തേണ്ട സൗഹര്‍ദ അന്തരീക്ഷം തകരാതിരിക്കാനാണ് ഇതെന്നും ടിവി ന്യൂ സിഇഒ ഭഗത് ചന്ദ്രശേഖര്‍ ചാനലിന്റെ വെബ്‌സൈറ്റില്‍ വിശദീകരിച്ചു.

ദേശീയ ചാനലായ ടൈംസ് നൗ തങ്ങളുടെ പേരിനോട് സാമ്യമുണ്ടെന്ന് കാണിച്ച് ടി.വി.നൗ വിനെതിരെ പരാതി നല്‍കിയിരുന്നു. ഇതാണ് പേര് മാറ്റത്തിന് ഇടയാക്കിയത്. ഇത് സംബന്ധിച്ച് പരാതിയുമായി ടൈംസ് ഗ്രൂപ്പ് ട്രിബ്യൂണലിനെയും സമീപിച്ചിരുന്നു. ടൈംസ് നൗ വിന് അനുകൂലമായ ഉത്തരവാണ് ട്രിബ്യൂണലില്‍ നിന്നും ഉണ്ടായത്. തുടര്‍ന്ന് കേസിനും വക്കാലത്തിനും പോകേണ്ടെന്ന് വെച്ച് പേര് മാറ്റത്തിന് ചാനല്‍ മാനേജ്‌മെന്റ് തയ്യാറാകുകയായിരുന്നു.

അതിനിടെ, പലവട്ടം തീരുമാനിച്ചുമാറ്റിവെച്ച ശേഷം ലോഞ്ചിംഗ് തീയതി തീരുമാനിച്ചു. തീയതികളില്‍ പലതും പുറത്തുവിടുന്നതിനു മുമ്പേതന്നെ മാറ്റുകയാണുണ്ടായത്. പരീക്ഷണ സംപ്രേഷണത്തില്‍ വാര്‍ത്തകളില്‍ വന്‍തോതില്‍ തെറ്റുകളും അബദ്ധങ്ങളുമുണ്ടായതാണു കാരണം എന്ന് അറിയുന്നു. ജൂലൈ 14 ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന തീയതി.

ന്യൂസ് ടീമിനു നേതൃത്വം നല്‍കുന്നവരുടെ പരിചയക്കുറവാണു പ്രധാന പ്രശ്‌നം എന്ന് ചൂണ്ടിക്കാട്ടി, ഇവരെ മാറ്റാന്‍ മാനേജ്‌മെന്റ് സിഇഒ ഭഗത് ചന്ദ്രശേഖറിനു നിര്‍ദേശം നല്‍കിയെങ്കിലും അതു നടപ്പാക്കിയില്ല. ഭഗത് ചന്ദ്രശേഖറിന്റെ ഭാര്യയും നേരത്തേ മറ്റൊരു സ്വകാര്യ ചാനലിലെ വാര്‍ത്താ അവതാരകയുമായിരുന്ന നിഷ, ജീവന്‍ ടിവിയില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ എന്നിവരാണ് മുഖ്യമായും ന്യൂസ് ഡെസ്‌കിന്റെ ചുമതല വഹിക്കുന്നവര്‍.

മുഴുവന്‍ സമയ ന്യൂസ് ചാനലില്‍ പ്രവര്‍ത്തിച്ചോ ന്യൂസ് ഡെസ്‌കിനു നേതൃത്വം നല്‍കിയോ ഇരുവര്‍ക്കും പരിചയമില്ല. അത്തരം പരിചയമുള്ളവരെ ദൈനംദിന വാര്‍ത്താ ബുള്ളറ്റിനുകളുടെ ചുമതലയേല്‍പ്പിക്കാനുള്ള നിര്‍ദേശമാണത്രേ നടക്കാതെ പോയത്. ഇതേത്തുടര്‍ന്ന്, ടിവി നൗ തുടങ്ങും മമ്പേതന്നെ എഡിറ്റോറിയില്‍ വിഭാഗത്തില്‍ ശക്തമായ ചേരിതിരിവും രൂപപ്പെട്ടിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.ടി. നാസര്‍ കഴിഞ്ഞ ദിവസം ടിവി നൗ വിട്ടത് ഇതിന്റെ ഭാഗമായാണെന്ന് സൂചനയുണ്ട്.

കേരളത്തിന്റെ വികസനത്തിനു മികച്ച സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്ന ഉത്തരവാദ മാധ്യമ പ്രവര്‍ത്തനം (റെസ്‌പോണ്‍സിബിള്‍ ജേര്‍ണലിസം) ആകണം തങ്ങളുടെ ചാനല്‍ നിര്‍വഹിക്കുക എന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആശയം. തുടക്കം മുതല്‍ അവര്‍ ആ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ചാനലിന്റെ എഡിറ്റോറിയല്‍ നയവും അതിന് അനുസരിച്ച് രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭഗത് ചന്ദ്രശേഖര്‍ ഈ നയത്തിനു വിരുദ്ധമായ നിര്‍ദേശങ്ങളാണ് എഡിറ്റോറിയല്‍ ടീമിനു നല്‍കിവരുന്നത് എന്ന് മാനേജ്‌മെന്റിന് പരാതിയുണ്ട്.

ഇത് അവര്‍ ഭഗത് ചന്ദ്രശേഖറിനോടുതന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ജില്ലാ ബ്യൂറോകളില്‍ നിന്നു വരുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും നെഗറ്റീവ് സ്വഭാവമുള്ളവയാണ്. അവയെല്ലാം പരീക്ഷണ സംപ്രേഷണത്തില്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. പൂര്‍ണ സംപ്രേഷണം തുടങ്ങിയാലും ഇതുതന്നെയാകും സംഭവിക്കാന്‍ പോകുന്നത് എന്ന അഭിപ്രായം രൂപപ്പെട്ടതോടെ പ്രകോപിതരായ മാനേജ്‌മെന്റ് തീയതികള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്നാണു വിവരം. ഇതിനിടെ, ചാനല്‍ ഇപ്പോഴത്തെ നിലയില്‍ മറ്റാര്‍ക്കെങ്കിലും വില്‍ക്കാനും നീക്കമുള്ളതായി അറിയുന്നു. ഒരു പ്രമുഖ ദിനപത്ര ഗ്രൂപ്പ് ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ഒരുവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ സ്വപ്‌ന പദ്ധതിയായി ആരംഭിച്ച ചാനല്‍ മറിച്ചുവില്‍ക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ വലിയൊരു വിഭാഗം വഴങ്ങിയിട്ടുമില്ല.

ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ഇന്ത്യാവിഷന്‍ എന്നീ പ്രമുഖ ന്യൂസ് ചാനലുകള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ അമൃത ടിവി, മീഡിയ വണ്‍, കൗമുദി ടിവി, സൂര്യ ടിവി എന്നീ ചാനലുകള്‍ ബുദ്ധിമുട്ടുകയാണ്. വാര്‍ത്താരംഗത്ത് ആദ്യത്തെ നാലു ചാനലുകള്‍ പുലര്‍ത്തുന്ന മേധാവിത്വത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളല്ലാത്ത മറ്റുള്ളവയുടെ ഇടയ്ക്കിടെയുള്ള ബുള്ളറ്റിനുകള്‍ക്ക് നേരിടാന്‍ കഴിയുന്നില്ല. സൂര്യ ടിവി എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളിലൂടെയും അമൃത ടിവി രാത്രി 10നു സംപ്രേഷണം ചെയ്യുന്ന ന്യൂസ് അറ്റ് ടെന്‍ ബുള്ളറ്റിനിലൂടെയുമാണ് വാര്‍ത്താ രംഗത്ത് പിടിച്ചു നില്‍ക്കുന്നത്. മീഡിയ വണ്ണിന് ഇതുവരെ ശ്രദ്ധ നേടാന്‍ സാധിച്ചിട്ടുമില്ല. അതിനിടയിലാണ് ടിവി നൗ പോരടിച്ചും താഴ്ന്ന നിലവാരത്തിലും രംഗപ്രവേശത്തിനു ശ്രമിക്കുന്നത്. ഇതില്‍ മാനേജ്‌മെന്റു മാത്രമല്ല ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും ആശങ്കയിലാണ്.


ടൈംസ് നൗ എതിര്‍ത്തപ്പോള്‍ ടിവി നൗ ടിവി ന്യൂ ആയി; രംഗപ്രവേശത്തിനു തീയതികള്‍ പലവട്ടം മാറ്റി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്വര്‍ണക്കടത്ത് കൊല: പ്രതികള്‍ റിമാന്‍ഡില്‍; കൊലയ്ക്കുപയോഗിച്ച കത്തിയും വാഹനവും കണ്ടെടുത്തു

Keywords:  Kerala, Thiruvananthapuram, Name, Channel, Website, News, Management, TV Now, TV New, Surya TV, News Channel, TV now is ready as TV new; but still in dilemma.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia