ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുര്‍ക്കി വിദേശകാര്യ മന്ത്രി ദോഹയില്‍

 


ദോഹ: (www.kvartha.com 26.07.2014)ഫലസ്തീനിലെ സമാധാന ചര്‍ച്ചകള്‍ക്കായി തുര്‍ക്കി വിദേശകാര്യ മന്ത്രി ദാവൂദ് ഒഗ്ലോ ദോഹയിലെത്തി.

വെള്ളിയാഴ്ച  ഉച്ചയോടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ   വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, ഖത്തറിലെ തുര്‍ക്കി സ്ഥാനപതി അഹ്മദ് ദീം റോക്ക് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഗസ വിഷയത്തില്‍ ഖത്തറും തുര്‍ക്കിയും ഒരുമിച്ച്  പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ ദാവൂദ് ഒഗ്ലോയുടൈ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രായേല്‍ - ഫലസ്തീന്‍ സമാധാന കരാര്‍ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായി ഫലസ്തീനില്‍ ഒരാഴ്ചക്കാലത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന്റെ   ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനമെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഖത്തര്‍ വിദേശ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയുമായും ഹമാസ് നേതാവ് ഖാലിദ് മിശ്അലുമായും ദാവൂദ് ഒഗ്ലോ ഇക്കാര്യം ചര്‍ച്ച ചെയ്യും.

യു.എസ്, തുര്‍ക്കി, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന കരാര്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിനും ഇക്കാലയളവില്‍ ചര്‍ച്ചകളിലൂടെ സ്ഥായിയായ ഒരു സമാധാനക്കരാറുമാണ് ലക്ഷ്യമിടുന്നത്. ഗസയില്‍ ജുലൈ എട്ടിന് ആരംഭിച്ച ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 870 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളെയും കുട്ടികളെയും അക്രമത്തിനിരയാക്കുന്ന കാഴ്ചകള്‍ വളരെ ദയനീയമാണ്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് റഫാ അതിര്‍ത്തിയിലൂടെ സഹായമെത്തിക്കുന്നതിനും ഇസ്രായേലിന്റെ ഉപരോധം നീക്കുന്നതിനും വെടിനിര്‍ത്തല്‍ വഴിയൊരുക്കുമെന്നും തുര്‍ക്കിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍ ഇസ്രയേല്‍- ഫലസ്തീന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി കൈറോയില്‍ സമാധാനചര്‍ച്ച സംഘടിപ്പിക്കും.

അതേസമയം വെടിനിര്‍ത്തണമെങ്കില്‍  ഇസ്രായേല്‍ എട്ടു വര്‍ഷമായി തുടരുന്ന ഗസ ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. കൂടാതെ ഗിലാദ് ഷാലിത് ഉടമ്പടിയനുസരിച്ച് 2001ല്‍ ജയില്‍ മോചിതരാക്കപ്പെട്ട 60 പേരെ വീണ്ടും അറസ്റ്റ് ചെയ്ത ഇസ്രായേലിന്റെ  നടപടി റദ്ദാക്കണമെന്നും   ഹമാസ് ആവശ്യപ്പെടുന്നുണ്ട്.

സമാധാന ഉടമ്പടിക്കായി യു.എസ് ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ധം ചെലുത്തുമ്പോള്‍ ഹമാസിനെയും ഇതേ വഴിക്ക് നയിക്കാനാണ് ഖത്തറും തുര്‍ക്കിയും ശ്രമിക്കുന്നത്. ആദ്യം ഇരുവിഭാഗങ്ങളും വെടിനിര്‍ത്തുകയാണ് വേണ്ടതെന്നും പിന്നീട് സമാധാനക്കരാര്‍ ചര്‍ച്ച ചെയ്യാമെന്ന  ഈജിപ്ഷ്യന്‍ നയതന്ത്രം ഹമാസ് തളളിയിരുന്നു.

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, അല്‍ അതിയ്യ, ഖാലിദ് മിശ്അല്‍ എന്നിവരുമായി ടെലഫോണില്‍ സംഭാഷണം നടത്തിയ ശേഷമാണ് മുഖാമുഖ സംഭാഷണങ്ങള്‍ക്കായി തുര്‍ക്കി മന്ത്രി ഖത്തറില്‍ എത്തിയത്. ഈജിപ്ത് റഫ അതിര്‍ത്തി അടക്കുകയും പരിക്കേറ്റവരെ പോലും കടത്തിവിടാതിരിക്കുകയും ചെയ്യുന്നത് ഫലസ്തീന്‍ ജനതക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.

മേഖലയില്‍ സമാധാനത്തിനായി മുന്നിട്ടിറങ്ങാന്‍ ഇതും ഖത്തറിനെയും തുര്‍ക്കിയെയും പ്രേരിപ്പിച്ചിട്ടുണ്ട്. അതേസമയം  യു എന്നിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ശനിയാഴ്ച ഗസയില്‍ 12 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും വെടിനിര്‍ത്തലിനോട് അനുകൂല പ്രതികരണം നടത്തിയതായാണ് റിപോര്‍ട്ട്.

ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുര്‍ക്കി വിദേശകാര്യ മന്ത്രി ദോഹയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Doha, Israel, Egypt, Media, Report, Gun attack, Woman, Children, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia