SWISS-TOWER 24/07/2023

ലോക്കേഷന്‍ ക്യാമറയില്‍ നിന്നും മുഖംതിരിച്ച് ഞാന്‍ കരഞ്ഞു: കുഞ്ചാക്കോ ബോബന്‍

 


കുഞ്ഞികണ്ണന്‍ മുട്ടത്ത്‌

കാസര്‍കോട്: (www.kvartha.com 14.06.2014) എന്‍ഡോസള്‍ഫാന്‍ ദുരിതംപേറി കഴിയുന്ന കുരുന്നുകളുടെ ദയനീയാവസ്ഥകണ്ട് ക്യാമറിയില്‍ നിന്നും മുഖംതിരിച്ചുപോയി ഞാന്‍ കരഞ്ഞതായി നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഇവരുടെ അവസ്ഥകണ്ട് രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി.

ഡോ. ബിജു സംവിധാനം ചെയ്യുന്ന 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍വെച്ചാണ് താന്‍ കരഞ്ഞതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംവിധായകന്‍ ഡോ. ബിജുവിനോടൊപ്പം സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

കാസര്‍കോട്ട് ആദ്യമായാണ് വന്നത്. ഈ സിനിമയുടെ കഥയ്ക്കും കഥാപാത്ത്രതിനും മരിച്ചരുമായും ജീവിച്ചിരിക്കുന്നവരുമായും സാമ്യമുണ്ട്. പച്ചയായ ജീവിതങ്ങള്‍തന്നെയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഈ സിനിമയില്‍ എന്റേത് അഭിനയമാണെന്ന് പറയാന്‍ കഴിയില്ല. അവരോടൊപ്പമുള്ള ഒരാള്‍തന്നെയാണ്. മനുഷ്യത്വമുള്ളവര്‍ക്ക് ഈ കാഴ്ചകണ്ടാല്‍ വേദനിക്കാതിരിക്കാന്‍ കഴിയില്ല. പലപ്പോഴും വേദന അടിച്ചമര്‍ത്തിയാണ് തനിക്ക് അഭിനയിക്കേണ്ടിവന്നത്. അക്കാദമിക്ക് സിനിമമാത്രമായി ഈ ചിത്രം ചര്‍ച്ചചെയ്യേണ്ടതല്ല. ലോകത്ത് തന്നെ ഈ ചിത്രം ചര്‍ചച്ചെയ്യേണ്ടതാണ്. വിഷമഴയില്‍ ദുരിതംപേറി കഴിയുന്നവരുടെ  ഗ്രാമത്തിലേക്ക് പോയപ്പോള്‍ അവര്‍ക്ക് വീടുകളിലേക്കെത്താന്‍ വഴിപോലുമില്ലെന്നത് ഏറെവേദനിപ്പിച്ചുവെന്ന് കുഞ്ചാക്കോ കൂട്ടിച്ചേര്‍ത്തു.

34 വര്‍ഷമായി വൈകല്യംബാധിച്ച് കഴിയുന്ന മകനെനോക്കിക്കഴിയുന്ന ഒരു അമ്മയെകണ്ടപ്പോള്‍ അമ്മമാരോടെല്ലാം കൂടുതല്‍ ബഹുമാനം തോന്നി. വിഷമഴയുടെ ദുരന്തം പുറംലോകത്തെത്തിക്കുന്ന പ്രസ് ഫോട്ടോഗ്രാഫറുടെ റോളിലാണ് താന്‍ അഭിനയിക്കുന്നത്. നടന്‍ കൃഷ്ണപ്രസാദ് ഈ ചിത്രത്തില്‍ റിപോര്‍ട്ടറാണ്.

എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ഇവിടത്തെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ പരിശ്രമിക്കുമെന്നും കുഞ്ചാക്കോബോബന്‍ കൂട്ടിച്ചേര്‍ത്തു. എന്റെ ഭാര്യയെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ടിവിയിലും വാര്‍ത്താ മാധ്യമങ്ങളിലും കണ്ടതിനെക്കാള്‍ തീവ്രമാണ് ഇവിടത്തെ കാഴ്ചയെന്നാണ്. ഈ സിനിമചെയ്യാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ പോലും സാധിക്കില്ല. പിറ്റേദിവസം ഷൂട്ട്‌ചെയ്യേണ്ട രംഗങ്ങള്‍ സംവിധായകന്‍ പറഞ്ഞുതന്നാല്‍ അതേപോലെ ഷൂട്ട് ചെയ്യാന്‍ മറ്റുസിനിമകളില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇവിടെ ഇതിനൊന്നും എനിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞ് കുഞ്ഞാക്കോ ബോബന്‍ വികാരാധീനനായി.

കാര്‍ഷികവൃത്തി ആശ്രയിച്ചുകഴിയുന്ന കുടുംബത്തിലെ അംഗമായ താന്‍ ഇനി സിനിമയിലായാലും ജീവിതത്തിലായാലും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണമായ കീടനാശിനികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ചിത്രത്തില്‍ റിപോര്‍ട്ടറായെത്തുന്ന നടന്‍ കൃഷ്ണപ്രസാദ് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് എന്‍ഡോസള്‍ഫാന്‍ വിഷയമാക്കി സിനിമയെടുക്കാന്‍ തയ്യാറായതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. ഗ്രാമത്തിലെ പ്രകൃതിയുടേയും കാര്‍ഷിക വൃത്തിയുടേയും രംഗങ്ങള്‍ ഉള്‍പെടുത്തേണ്ടതുകൊണ്ടാണ് മഴക്കാലത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുമാനിച്ചത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടംനടത്തിയ ലീലാകുമാരിയമ്മയും ശ്രീപെദ്രയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ അതേ വ്യക്തികളായാണ് അഭിനയിക്കുന്നത്. ചീഫ് ഫോട്ടോഗ്രാഫറായി നെടുമുടിവേണുവാണ് എത്തുന്നത്. ഈ ചിത്രത്തില്‍ നായികയില്ല. ഒരു ഫോട്ടോഗ്രാഫറുടെ വീക്ഷണ കോണിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ചിത്രീകരിക്കുന്നത്. ഇതിന്റെ തിരക്കഥ തന്റേതുതന്നെയാണെന്ന് ഡോ. ബിജു കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. സിനിമയുടെ അന്തരീക്ഷത്തിലല്ല ചിത്രീകരണം നടക്കുന്നത്. സാധാരണ ജീവിതം പകര്‍ത്തുകയാണ്. പൂര്‍ണമായി സഹകരിക്കുന്നവരെമാത്രമേ ചിത്രത്തില്‍ കാണിക്കുന്നുള്ളു. ഇരകളെ ക്യാമറയ്ക്കുമുന്നില്‍ കൊണ്ടുവരുന്നത് അവരുടെ സ്വകാര്യതയ്ക്ക് തടസ്സമാണെന്ന് പറയുന്നതുകൊണ്ടാണ് ഇതില്‍ സഹകരിക്കാന്‍ തയ്യാറായവരെ മാത്രം ചിത്രത്തില്‍ ഉള്‍പെടുത്തിയത്.

സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, ഷംസാദ്, പ്രകാശ് ബാരെ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എം.ജി. രാധാകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് സിനിമയായ രാംലീലയില്‍ സൗണ്ട് കൈകാര്യം ചെയ്ത ജയദേവനാണ് ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് നടത്തുന്നത്. മേക്കപ്പ് പട്ടണം ഷാജി. സുജാര്‍ വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'പേരറിയാത്തവന്‍' എന്നചിത്രത്തിന് ശേഷമാണ് ഡോ. ബിജു പുതിയചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനകം നാല് ചിത്രങ്ങള്‍ സംവിധാനംചെയ്ത ബിജുവിനൊപ്പം ഈ ചിത്രങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരും പുതിയ ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്.

ലോക്കേഷന്‍ ക്യാമറയില്‍ നിന്നും മുഖംതിരിച്ച് ഞാന്‍ കരഞ്ഞു: കുഞ്ചാക്കോ ബോബന്‍

ലോക്കേഷന്‍ ക്യാമറയില്‍ നിന്നും മുഖംതിരിച്ച് ഞാന്‍ കരഞ്ഞു: കുഞ്ചാക്കോ ബോബന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kunchacko Boban, Kunjacko Boban, Film, Endosulfan, Entertainment, Kasaragod, Krishnaprasad, Valiya Chirakulla Pakshikal.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia