ആഭ്യന്തര വകുപ്പില്‍ നിന്ന് തിരുവഞ്ചൂരിനെ മാറ്റാന്‍ തടസം സുകുമാരന്‍ നായര്‍ മാത്രം

 


തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കല്‍ നിന്ന് ആഭ്യന്തര വകുപ്പ് എടുത്തുമാറ്റാന്‍ തടസം എന്‍.എസ്.എസിന്റെ അപ്രീതി ഉണ്ടാകുമെന്ന ഭയം. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയാല്‍ മാത്രം തിരുവഞ്ചൂരിനെ മാറ്റാന്‍ അനുവദിക്കാമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

തുടര്‍ച്ചയായി ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തില്‍ സുകുമാരന്‍ നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മധ്യസ്ഥര്‍ ആശയ വിനിമയം നടത്തിയതായാണു സൂചന. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ സ്വതന്ത്രരായി വിലസുകയും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുകയും ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റു ചെയ്യുകയും ചെയ്യുന്ന വിവരം പുറത്തുവന്നതോടെ തിരുവഞ്ചൂരിന്റെ നില കൂടുതല്‍ പരുങ്ങലിലായെങ്കിലും രക്ഷ സുകുമാരന്‍ നായരുടെ പിടിവാശിയാണ്.

ആഭ്യന്തര വകുപ്പില്‍ നിന്ന് തിരുവഞ്ചൂരിനെ മാറ്റാന്‍ തടസം സുകുമാരന്‍ നായര്‍ മാത്രംലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും പിണക്കാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ല. രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കുന്ന കാര്യത്തില്‍ എ ഗ്രൂപ്പിലെ മറ്റ് നേതാക്കള്‍ക്ക് യോജിപ്പില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് വിയോജിപ്പില്ല. മന്ത്രിസഭയിലേക്കില്ല എന്ന നിലപാടില്‍ രമേശ് ഉറച്ചുനില്‍ക്കുകയാണ് എന്ന് മനസിലാക്കിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഈ തന്ത്രം. രമേശിന് മന്ത്രിയാകാന്‍ താല്പര്യമില്ലെന്ന് അറിയാമായിട്ടും സുകുമാരന്‍ നായര്‍ അദ്ദേഹത്തിനു വേണ്ടി ശാഠ്യം പിടിക്കുന്നത് തിരുവഞ്ചൂരിനെ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചാണെന്നും സൂചനയുണ്ട്.

മുസ്്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്തതിനൊപ്പം നടത്തിയ മന്ത്രിസഭാ പുന:സംഘടനയിലാണ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈവിട്ടതും അത് തിരുവഞ്ചൂരിനെ ഏല്പിച്ചതും. നേരത്തേ വിജിലന്‍സ് വകുപ്പു മാത്രമായി തിരുവഞ്ചൂരിനെ ഏല്‍പിച്ചിരുന്നു.

തന്റെ വിശ്വസ്ഥന്‍ എന്ന നിലയില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണമായും തിരുവഞ്ചൂരിനെ ഏല്‍പിച്ച ഉമ്മന്‍ ചാണ്ടിക്കു തന്നെ വിനയാകുന്ന തരത്തിലാണ് തിരുവഞ്ചൂര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീട് ഭരണ മുന്നണിയില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സോളാര്‍ കേസിലെ പ്രതി സരിതാ നായരുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി സ്റ്റാഫംഗം ടെനി ജോപ്പനെ അറസ്റ്റു ചെയ്യാന്‍ അനുമതി നല്‍കുന്നതില്‍ കാട്ടിയ ധൃതിയോടെയാണ് ഈ വിമര്‍ശനം ശക്തമായത്.

ആഭ്യന്തര വകുപ്പില്‍ നിന്ന് തിരുവഞ്ചൂരിനെ മാറ്റാന്‍ തടസം സുകുമാരന്‍ നായര്‍ മാത്രംജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പുരസ്‌കാരം സ്വീകരിക്കാന്‍ മുഖ്യമന്ത്രി ദോഹയില്‍ പോയ സമയത്താണ് ജോപ്പനെ അറസ്റ്റു ചെയ്തത്. സോളാര്‍ കേസുമായി ബന്ധപ്പെട്ടു പിന്നീട് പലപ്പോഴും ആഭ്യന്തര വകുപ്പിന്റെ സമീപനം വിമര്‍ശന വിധേയമായി.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 20 പ്രതികളെ കോടതി വെറുതേ വിടാന്‍ ഇടയാക്കിയ സാഹചര്യം, ആ വിധിക്കെതിരേ അപ്പീല്‍ പോകാത്തത്, ടി.പി. കേസ് പ്രതി പി. മോഹനനും ഭാര്യ കെ.കെ. ലതിക എം.എല്‍.എയുമായി ഹോട്ടലില്‍ കൂടിക്കാഴ്ചയ്ക്ക് പോലീസ് അവസരമൊരുക്കിയത് തുടങ്ങിയവയെല്ലാം തിരുവഞ്ചൂരിന്റെ അറിവോടെയാണെന്ന വിമര്‍ശനം ഉയര്‍ന്നു. ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് തന്നെ ആഭ്യന്തര മന്ത്രിക്കെതിരേ രംഗത്തു വന്നു.

ഇതിനെല്ലാമൊടുവിലാണ് സര്‍ക്കാരിനു മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ കോഴിക്കോട് ജയിലിലെ ഫേസ്ബുക്ക് ആഘോഷം പുറത്തുവന്നത്.

മുഖം രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് തിരിച്ചെടുത്ത് വീണ്ടും സ്വന്തം ചുമതലയിലാക്കാണ് മുഖ്യമന്ത്രി തീരുമാനിക്കുന്നതെങ്കില്‍ അത് ഏതുവിധത്തിലുള്ള പ്രതികരണങ്ങളാകും ഉണ്ടാക്കുക എന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് ഗുണോ ദോഷമോ ചെയ്യുക എന്നും മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ അടുത്ത ചില കേന്ദ്രങ്ങള്‍ പഠിക്കുന്നതായും സൂചനയുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Thiruvananthapuram, Thiruvanchoor Radhakrishnan, KPCC, Ramesh Chennithala, Oommen Chandy, Muslim-League, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia