SWISS-TOWER 24/07/2023

പുരുഷന്മാരെന്താ സാര്‍, ഇങ്ങനെ?

 


കൂക്കാനം റഹ്‌മാന്‍ 

ജോസഫൈന്‍ അച്ഛനോടൊപ്പം കോട്ടയത്തിനു പോയതായിരുന്നു. ചെറുപുഴക്കടുത്തുളെളാരു കൊച്ചു ഗ്രാമത്തില്‍ കുടുംബ സമേതം ജീവിച്ചു വരികയാണ് ജോസഫൈന്‍. നാട്ടില്‍  നിന്ന് അച്ഛന്‍ മകളെ കാണാന്‍ വന്നതായിരുന്നു. പ്രായാധിക്യം മൂലം ഒറ്റയ്ക്കുളള യാത്ര പ്രയാസമായതിനാല്‍ തിരിച്ചു പോകാന്‍ അവള്‍ സഹായിയായി ചെന്നതാണ്. കോട്ടയത്ത് അച്ഛനെ വീട്ടിലെത്തിച്ചു. അടുത്ത ദിവസം തിരിച്ചു വരാന്‍ തീരുമാനിച്ചു.

ട്രെയിന്‍ റിസര്‍വേഷന്‍ കിട്ടാത്തതിനാല്‍ യാത്ര ബസിലാകാമെന്ന് വെച്ചു. കോട്ടയത്തു നിന്ന് അതിരാവിലെ പുറപ്പെട്ടു. പല ബസുകളില്‍ മാറി മാറിക്കയറി രാത്രി ഏഴുമണിയോടെ തളിപ്പറമ്പിലെത്തി. അന്ന് ഡിസംബര്‍ ഒന്ന്. തളിപ്പറമ്പില്‍ നിന്ന് വടക്കോട്ടു ബസുകളൊന്നും പോകുന്നില്ലെന്ന് ആരോ പറഞ്ഞറിഞ്ഞു. അന്ന് വൈകുന്നേരമാണ് പെരുമ്പക്കടുത്ത് ഒരു ബിജെപി പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ സംഭവമുണ്ടായത്. അതു മൂലം റോഡ് ബ്ലോക്കായിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന് ഭയന്ന് ബസുകളെല്ലാം ഓട്ടം നിര്‍ത്തിയിരിക്കയാണ്.

ജോസഫൈന്‍ ഒറ്റയ്ക്കാണ്. സമയം രാത്രി. അവള്‍ ആകെ ഭയന്നു വിറക്കുകയായിരുന്നു. ആരോടെങ്കിലും പ്രശ്‌നം പറയാമെന്നു വെച്ചാല്‍ ഇന്നത്തെകാലമല്ലേ, എന്താണ് സംഭവിക്കുകയെന്നു പറയാന്‍ പറ്റില്ലല്ലോ?. ജോസഫൈന്‍ ആരാണെന്നറിയേണ്ടെ? നാല്‍പതിനോടടുത്ത പ്രായം. ഭര്‍ത്താവും രണ്ട് മക്കളുമടങ്ങിയതാണ് കുടുംബം. ഒരു കാര്‍ഷിക കുടുംബം. തന്റേടമുണ്ട്. ജീവിക്കാന്‍ പഠിച്ചവളാണ്. പ്രശ്‌നങ്ങളെ തന്റേടത്തോടെ അതി ജീവിക്കാനുളള കഴിവുണ്ട്. ഇതൊക്കെയാണ് ജോസഫൈന്റെ പ്രകൃതമെങ്കിലും ഇപ്പോള്‍ അവളുടെ മനസ് അങ്കലാപ്പിലാണ്. സമയം രാത്രി. കൂടെ ആരുമില്ല. പയ്യന്നൂരില്‍  രാഷ്ട്രീയസംഘട്ടനം നടക്കുന്നു.

വീട്ടിലെത്തിയേ പറ്റൂ. ബസ് സ്റ്റാന്‍ഡിലായതിനാല്‍ അല്‍പം ആശ്വാസം. ആളും വെളിച്ചവുമൊക്കെ ഉണ്ടല്ലോ?. ഇതൊക്കെ ചിന്തിച്ചു പ്രായസപ്പെട്ടു നില്‍ക്കുകയായിരുന്നു ജോസഫൈന്‍. എവിടേക്കാ പോകേണ്ടത്? ഒരു മധ്യവയസക്കന്‍ അടുത്തു വന്നു ചോദിച്ചു. കണ്ടാല്‍  കുഴപ്പക്കാരനല്ലെന്ന് തോന്നി. മനസിലുളള പ്രയാസം മറച്ചു പിടിച്ചു കൊണ്ട് സത്യസന്ധമായി പറയാമെന്ന് കരുതി. 'ചെറുപുഴയ്ക്കാണ്'. പിന്നെ അയാള്‍ പയ്യന്നൂരിലുണ്ടായ പ്രശ്‌നത്തെക്കുറിച്ചും, ബസ് ഇല്ലാത്തതിനെക്കുറിച്ചൊക്കെ പറഞ്ഞു. അതൊക്കെ ജോസഫൈന്‍ മുളിക്കേണ്ടു.

'ഞാനും ബസ് കാത്തു നില്‍ക്കുകയാണ്'. അയാള്‍ പറഞ്ഞു. 'എങ്ങോട്ടേക്ക്?' അവള്‍ അന്വേഷിച്ചു. 'പിലാത്തറവരേയേ പോകേണ്ടു. പിലാത്തറയിലാണ് താമസം. അതിന് ബസ് കാണുന്നില്ലല്ലോ എന്താ ചെയ്യാ?' അയാള്‍ പരിഭവിക്കുന്നത് കേട്ടു. പിന്നേയും അയാള്‍ പലതും പറഞ്ഞു കൊണ്ടേയിരുന്നു. അവള്‍ മുളിക്കേട്ടുകൊണ്ടും.

പുരുഷന്മാരെന്താ സാര്‍, ഇങ്ങനെ?

സമയം എട്ടരയോടടുക്കുന്നു. ഇടയ്ക്കിടെ അയാള്‍ വാച്ചു നോക്കുന്നുണ്ട്. പറഞ്ഞിരിക്കേ പയ്യന്നൂരേക്കുളള ഒരു കെഎസ്ആര്‍ടിസി ബസ് വന്നു. എല്ലാഭാഗത്തു നിന്നും ആളുകള്‍ ഓടിയെത്തി. മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നവരുണ്ടായിരുന്നു. ജോസഫൈന്‍ ബസില്‍  തളളിക്കയറി. ബസ് പയ്യന്നൂര്‍ സ്റ്റാന്‍ഡിലെത്തി. അവള്‍ ഇറങ്ങി. അപ്പോഴതാ തളിപ്പറമ്പില്‍ നിന്ന് സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയും ബസില്‍ നിന്നിറങ്ങി അവളുടെ അടുത്തേക്കു വരുന്നു. പിലാത്തറയില്‍ ഇറങ്ങേണ്ട ആള്‍ എന്തിനാ ഇവിടെ ഇറങ്ങിയത് എന്നവള്‍ മനസില്‍  പറഞ്ഞു.

ജോസഫൈന്‍ സ്റ്റാന്‍ഡില്‍  വെളിച്ചം കിട്ടുന്ന ഭാഗത്തേക്ക് മാറി നിന്നു. സമയം അപ്പോഴേക്കും ഒമ്പതര കഴിഞ്ഞിരുന്നു. ചെറുപുഴയ്ക്ക് ഇനി ബസുകിട്ടുമോയെന്നവള്‍ പലരോടും തിരക്കി. വ്യക്തമായി ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രശ്‌നം ഉടലെടുത്തപ്പോള്‍ തന്നെ ടൗണിലെ കടകളെല്ലാം അടച്ചിരുന്നു. സ്റ്റാന്‍ഡില്‍  ഒന്നു രണ്ട് പെട്ടിക്കടകള്‍ തുറന്നു കിടപ്പുണ്ട്.

അയാള്‍ വീണ്ടും ജോസഫൈന്റെ അടുത്തേക്കു വന്നു. അവള്‍ക്ക് ഇതേവരെയുണ്ടായ ധൈര്യം അല്‍പാല്‍പം ചോര്‍ന്നു പോകാന്‍ തുടങ്ങി. ഇയാളെന്തോ പിശകാണെന്ന് അവളുടെ മനസു പറഞ്ഞു. വീടെവിടെയാണെന്ന് കൃത്യമായി പറയണമെന്ന് അയാള്‍ ആവശ്യപ്പെട്ടു കുടുംബ കാര്യം അന്വേഷിച്ചു. ജോസഫൈന്‍ ചിലതിനൊക്കെ മറുപടി കൊടുത്തു. എന്താണ് പറയുന്നതെന്നു പോലും ആ സമയത്ത് ഓര്‍മയില്ലായിരുന്നു. യാത്രികമായി എന്തൊക്കെയോ പറഞ്ഞു.

ഒരാണ്‍ തരി അടുത്തുണ്ടാകുന്നത് നല്ലതാണെന്ന് ജോസഫൈന്‍ ചിന്തിച്ചു. ഒറ്റയ്ക്ക് ഒരു സ്ത്രീ ഇറങ്ങി ഒരു സ്ഥലത്തു നിന്നാല്‍ അത് കൂടുതല്‍ അപകടകരമാവും. അതുകൊണ്ട് അയാളെ വെറുപ്പിക്കാതെ കാര്യങ്ങള്‍ നീക്കണം. കെണിയില്‍ അകപ്പെടുത്തുമോ എന്ന ഭയവും ഉളളാലെയുണ്ട്.

എങ്ങിനെ അയാളെ വിശ്വസിക്കും! പിലാത്തറയില്‍  ഇറങ്ങേണ്ട ആള്‍ പയ്യുന്നൂരില്‍  ഇറങ്ങുന്നു. അവളുടെ പിറകേ തന്നെ കൂടുന്നു. കാര്യങ്ങളെല്ലാം അമ്പേഷിക്കുന്നു. ഒരു ദുഷ്ടലാക്കോടെയുളള സമീപനം തന്നെ.

ഇടയ്ക്ക് അയാള്‍ക്കൊരു ഫോണ്‍ വന്നു. ങാ എന്താവേണ്ടത്? ഞാന്‍ പയ്യന്നൂരുണ്ട്. മറുപടി കേട്ടപ്പോള്‍ ജോസഫൈന്‍ ഉറപ്പിച്ചു. അയാളുടെ ഭാര്യയാണ് വിളിച്ചതെന്ന്. പാവം സ്ത്രീ അവള്‍ എത്ര നല്ല വിശ്വാസത്തിലായിരിക്കും വീട്ടില്‍  കഴിച്ചു കൂടുന്നത്. ഭര്‍ത്താവായ മനുഷ്യന്‍ ഉടന്‍ വരും എന്ന ചിന്ത അവള്‍ക്കുണ്ടാകില്ലേ? അവളുടെ ഭര്‍ത്താവ് ഒരു സ്ത്രീയുടെ പിറകേ  നടക്കുന്നുണ്ട് എന്ന് അവള്‍ക്കറിയില്ലല്ലോ? അയാള്‍ ഭാര്യയുടെ ഫോണ്‍ വിളിക്ക് ദേഷ്യത്തോടെയല്ലേ മറുപടി നല്‍കിയത്? ഇതല്ലേ പുരുഷന്മാര്‍. സ്വന്തം ഭാര്യ വീട്ടില്‍ കാത്തിരിക്കുന്നു. അത് വിസ്മരിച്ച്  ഈ പുരുഷന്‍ യാത്രയ്ക്കിടയില്‍  കണ്ടു മുട്ടിയ ഒരു സ്ത്രീയുടെ പിറകേ നടക്കുന്നു...

ആ സമയം ജോസഫൈന്‍ ചിന്തിച്ചത് ഇത്തരം പുരുഷന്മാരെക്കുറിച്ചായിരുന്നു. അയാള്‍ അവളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. ഒരു കുസലുമില്ലാതെ അവള്‍ നമ്പര്‍ പറഞ്ഞു. അവള്‍ക്കറിയാമല്ലോ ഇതൊരു ശല്യമായിത്തീരുമെന്ന്. ഒരു നമ്പര്‍ തെറ്റിച്ചാണ് പറഞ്ഞു കൊടുത്തത്. ഉടനെ അവള്‍ പറഞ്ഞു അത് ഹസ്ബന്റിന്റെ നമ്പറാണ്. അതില്‍ വിളിച്ചേക്കരുതേയെന്ന്. ഒരു പൊട്ടന്‍ കളിയും കളിച്ചു. എന്റെ നമ്പര്‍ എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ലായെന്നും താങ്കളുടെ നമ്പര്‍ തരൂ അതിലേക്ക് വിളിച്ചു തരാമെന്നും പറഞ്ഞു.

അതിന് മറുപടി കിട്ടും മുമ്പേ അയാള്‍ ചോദിച്ചു. 'ദാഹം തോന്നുന്നില്ലേ?' 'അയ്യോ നല്ല ദാഹം തോന്നുന്നു.' അവള്‍ പറഞ്ഞു. അടുത്തുളള പെട്ടിക്കടയിലേക്ക് ചെല്ലാമെന്നായി. കൂടെ അവളും ചെന്നു. പെട്ടിക്കട അയാളുടെ സുഹൃത്തിന്റേതാണോ എന്ന് സംശയം. പെട്ടിക്കടക്കാരന്റെ ചെവിയില്‍ അയാള്‍ എന്തോ കുശുകൂശുക്കുന്നത് ശ്രദ്ധിച്ചു.

എന്തോ അപകടമുണ്ടെന്ന് മണത്തറിഞ്ഞ അവള്‍ പറഞ്ഞു.
'എനിക്ക് തൊണ്ടവേദനയാ; തണുത്തത് പറ്റില്ല'
'ഹോട്ടലൊന്നും അടുത്തില്ലല്ലോ?'
അയാള്‍ പറഞ്ഞു.
'എന്നാല്‍ എനിക്കുവേണ്ട-വീട്ടിലെത്തട്ടെ'

വീണ്ടും അവള്‍ പഴയ സ്ഥാനത്തു ചെന്നു നില്‍പായി. അയാളും അവിടേക്കെത്തി. ഈ ശല്യത്തില്‍ നിന്ന് എങ്ങിനെ ഒഴിയാം? അവള്‍ ചിന്തിച്ചു ഇനി അയാളുടെ അടുത്ത നമ്പര്‍ എന്തായിരിക്കും എന്ന് ചിന്തിച്ച് നി ക്കേ... അതാ പുളിങ്ങോത്തേക്കുളള ബസ് വരുന്നു. എന്നാല്‍ ഞാന്‍വരട്ടേ എന്ന് പറഞ്ഞു അവള്‍ ബസിലേക്ക് പാഞ്ഞുകയറി. അണ്ടിപോയ അണ്ണാനെപോലെ അയാള്‍ അവിടെ നില്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചു. ഹോ...രക്ഷപെട്ടു അവള്‍ മനസില്‍ പറഞ്ഞു. പുരുഷന്മാരെന്താ സാര്‍ ഇങ്ങിനെ? പെണ്ണിനെ കാണുമ്പോള്‍ എല്ലാം മറന്നു പോകുന്നുവോ? കെണിയില്‍ വീഴ്ത്താന്‍ എന്തൊക്കെ കാണിക്കുന്നു അവര്‍...?.

പുരുഷന്മാരെന്താ സാര്‍, ഇങ്ങനെ?
Kookkanam Rahman
(Writer)
Keywords:  Article, Kookanam-Rahman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia