SWISS-TOWER 24/07/2023

മലയാളം അട്ടിമറിച്ചതിന് പിന്നില്‍ ആര്?

 


കൂക്കാനം റഹ്‌മാന്‍

മുക്കെന്തിന് മലയാളം പഠിക്കണം മാഷെ? ഇംഗ്ലിഷ് പഠിച്ചാലല്ലേ നടുനിവര്‍ത്തി നടക്കാന്‍ പറ്റു. അംഗീകാരം കിട്ടു. അതിനിടയില്‍ പുലിവാലു പിടിച്ചത് മലയാളത്തിന് ശ്രേഷ്ഠ പദവി കിട്ടിപ്പോയി എന്നതുകൊണ്ടാണ്. അതും പ്രകോപനം നടത്തി വാങ്ങിയതാണെന്ന് മുഖ്യമന്ത്രി പറയുന്നു. ശ്രേഷ്ഠ പദവി അറിഞ്ഞു തന്നതല്ല. അതിനു വേണ്ടിവന്നു മന്ത്രിമാരുടെ ഡല്‍ഹി യാത്രയും മറ്റും. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാര്‍ മലയാളികളായി നാലഞ്ചു പേരുളളതും അതിനു തുണയായി.

കേരളത്തില്‍ ജോലി നേടാന്‍ പത്താംതരം വരെയെങ്കിലും മലയാളം പഠിച്ചിരിക്കുകയോ, അല്ലെങ്കില്‍ ഒരു യോഗ്യതാ പരീക്ഷാ ജയിച്ചിരിക്കുകയോ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുളള എക്കുറപ്പ് മന്ത്രിമാര്‍ക്ക് വേണ്ടേ?. കാസര്‍കോട്ട് കന്നട സംസാരിക്കുന്നവര്‍ പ്രതിഷേധവുമായി വന്നു. അവിടെ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി. പരീക്ഷ അവര്‍ അലങ്കോലമാക്കി. അതു കൊണ്ട് മാത്രം എടുത്ത തീരുമാനം മാറ്റാന്‍ മന്ത്രി സഭ തീരുമാനിച്ചു. എന്ന് വിശ്വസിക്കാന്‍ മലയാളികള്‍ക്കാവില്ല.

എല്ലാം വോട്ടുബേങ്കിന് അടിയറവെക്കുകയാണ്. മഞ്ചേശ്വരം ഭാഗത്തുളള കര്‍ണ്ണാടകക്കാരുടെ വോട്ട് കിട്ടാന്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചേ മതിയാകൂ എന്ന് ലീഗുകാര്‍ കണക്കുകൂട്ടി. ഇംഗ്ലീഷ് പഠിച്ചാല്‍ വിദേശത്തുകൂടി ജോലികിട്ടും എന്ന് ചിലര്‍ കണക്കുകൂട്ടി. ഇവരെല്ലാരുംകൂടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നതില്‍ ലീഗുകാരും ഇം ഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റും മിടുക്കരാണല്ലോ?

കന്നട, തമിഴ്, ഉറുദു, തെലുങ്ക് തുടങ്ങി പല ഭാഷകളും മാതൃഭാഷയായിട്ടുളളവര്‍ കേരളത്തില്‍ ജീവിച്ചു വരുന്നുണ്ട്. അവര്‍ മലയാളവും സ്വായത്തമാക്കുന്നുണ്ട്. കേരളത്തില്‍ സാധാരണ തൊഴില്‍ തേടി എത്തുന്നവര്‍ വളരെ കുറച്ചു കാലം കൊണ്ടു തന്നെ മലയാളം സംസാരിക്കാന്‍ പഠിക്കുന്നു. അവര്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ ഇവിടുത്തെ ഭാഷ പഠിച്ചേ പറ്റൂ. പരസ്പരം ഇടപെടാനും, കാര്യങ്ങള്‍ ഗ്രഹിക്കാനും മലയാളം പഠിച്ചില്ലെങ്കില്‍ രക്ഷയില്ലെന്നവര്‍ക്കറിയാം.

ഇതേ പ്രകാരം കേരളം വിട്ടു പുറത്തു പോകുന്ന മലയാളി അവരെത്തിപ്പെടുന്ന ദേശത്തിലെ ഭാഷ പഠിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നുണ്ട്. എങ്കില്‍ മാത്രമെ തൊഴില്‍ മെച്ചപ്പെടുത്തി ജീവിക്കാന്‍ പറ്റുവെന്ന് അവര്‍ക്കാറിയാം. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ മലയാളം പഠിചച്ചിരിക്കണം എന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ അതിനെതിരെ വാളോങ്ങുന്നവരെ ശ്രദ്ധിക്കുക തന്നെ വേണം. അത്തരക്കാരെ ഭയന്നു കൊണ്ട്, എടുത്ത തീരുമാനം മഷി ഉണങ്ങും മുമ്പേ മാറ്റി പറയുന്ന ഭരണാധികാരികളെക്കുറിച്ച് നമുക്കു ലജ്ജിക്കുകയെങ്കിലുമാവാം.

ആരാണ് മലയാളത്തിന്റെ വിരോധികള്‍? അതിലൊന്ന് ഇവിടെ വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മാധ്യമം വിദ്യാഭ്യാസ ലോബിയാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ പത്താം തരം പാസായി വരുന്നവര്‍ ജോലിയില്‍ പ്രവേശിച്ച് പ്രോബേഷന്‍ പിരിയഡ് കഴിയുന്നതിന് മുമ്പേ മലയാളം യോഗ്യതാ പരീക്ഷ ജയിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശവും ഇപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കയാണ്. ചുരുക്കി പറഞ്ഞാല്‍ മലയാളത്തിന് അപമാനം വരുത്തിവെക്കുന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കളും, വോട്ട് ബാങ്കില്‍ കണ്ണും നട്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുമാണ്.

നമ്മുടെ സാംസ്‌ക്കാരിക വകുപ്പു മന്ത്രി കെ.സി. ജോസഫിന്റെ ഒരു വഴുവഴുപ്പന്‍ പ്രസ്താവന പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'തീരുമാനം മാറ്റി വെച്ചിട്ടേയുളളൂ, നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിട്ടില്ലായെന്ന്'. ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ മലയാളികള്‍ക്ക് കാര്യം തിരിച്ചറിയാന്‍ കഴിയില്ലെന്നോ, മന്ത്രിക്ക് തെറ്റു പറ്റിയോ? മലയാളം മാതൃഭാഷയല്ലാത്ത ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ ജോലി ചെയ്യുമ്പോള്‍ മലയാളം ഭാഷ പഠിക്കണമെന്ന് നിര്‍ബ്ബന്ധമുണ്ടല്ലോ? ഇത് ജോലിക്കും ബാധകമാക്കേണ്ടതല്ലേ? ഇതിനെന്തിനാണ് എതിര്‍പ്പ്? ഈ എതിര്‍പ്പിനെ നേരിടാന്‍ ചങ്കുറപ്പില്ലാതെ മന്ത്രി പുംഗവന്മാര്‍ ഉഴറുന്നതെന്തിന്?
മലയാളം അട്ടിമറിച്ചതിന് പിന്നില്‍ ആര്?

നാല്പതുവര്‍ഷം മുമ്പ് തുടങ്ങി വെച്ച പ്രക്രിയയാണിത്. ഉദ്യോഗസ്ഥര്‍ മലയാളം കൈകാര്യം ചെയ്യാന്‍ കഴിവുളളവരാവണം എന്നത്. എങ്കിലേ പൊതുജനത്തിന് ഉപകാര പ്രദമായ രീതിയില്‍ അവര്‍ക്ക് കാര്യങ്ങള്‍ ചെയ്തു പോകാന്‍ പറ്റൂ. അന്ന് മുതലേ പ്രശ്‌നവും തുടങ്ങി. പ്രോബേഷന്‍ പിരിയഡ് കഴിയുന്നതിന് മുമ്പേ മലയാളം പരീക്ഷ പാസാകണം എന്ന നീക്കത്തെ ആദ്യമെതിര്‍ത്തു, സിലബസ് ടഫ് ആണെന്ന് പരാതിപ്പെട്ടു. അതിനാല്‍ കുറച്ചു കൂടി ലഘുവാക്കി,. തുടര്‍ന്ന് 45 ശതമാനം മാര്‍ക്ക് വേണം വിജയിക്കാന്‍ എന്നതും പ്രക്ഷോഭം മൂലം 35 ശതമാനമാക്കി കുറച്ചു. ഇപ്പോള്‍ പറയുന്നത് മലയാളം പഠിക്കുകയേവേണ്ടാ എന്നാണ്.

നമുക്കെല്ലാവര്‍ക്കും ഇംഗ്ലീഷ് പഠിക്കാം. എന്തിന് മലയാളം? ഇവിടുത്തെ യാചകര്‍ പോലും ഇംഗ്ലീഷില്‍ യാചിക്കട്ടെ. എങ്കിലല്ലേ മേലാളര്‍ക്കു മനസ്സിലാവൂ. ഇംഗ്ലീഷ് പഠിച്ചാല്‍ നാട്ടിലും വിദേശത്തും ജോലികിട്ടും. ഭാഷാസ്‌നേഹംകൊണ്ട് മലയാളം പഠിക്കുന്നവര്‍ നാട്ടില്‍ ജോലികിട്ടിയില്ലെങ്കില്‍ പിന്നെ തെണ്ടിനടക്കട്ടെ. സത്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റത്തിന് പിന്നില്‍ കന്നഡ, തമിഴ് ന്യൂനപക്ഷങ്ങള്‍ മാത്രമാണോ? വിദേശത്ത് കൂടി ജോലി പ്രതീക്ഷിക്കുന്ന ഇംഗ്ലീഷ് ലോബികള്‍ക്കും ഈചരടുവലിക്കുപിന്നില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.?

സ്വന്തം ഭാഷയോട് ഇത്രയേറെ നികൃഷ്ടത പുലര്‍ത്തുന്നൊരു സമൂഹം മലയാളികള്‍ മാത്രമാണ്. തൊട്ടടുത്ത അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 83% പേര്‍ മാത്രമാണ് തമിഴ് സംസാരിക്കുന്നവര്‍, കര്‍ണാടകയില്‍ അത് 88% പേര്‍ പക്ഷെ കേരളത്തില്‍ 96% പേര്‍ മലയാളം സംസാരിക്കുന്നു.

മേല്‍സൂചിപ്പിച്ച സംസ്ഥാനങ്ങളിലൊക്കെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കണമെങ്കില്‍ അവിടുത്തെ മാതൃഭാഷ അറിഞ്ഞിരിക്കണമെന്ന് നിര്‍ബ്ബന്ധമാണ്. അവിടങ്ങളിലൊക്കെ സഞ്ചരിക്കുമ്പോഴറിയാം എല്ലാ അറിയിപ്പുകളും, തിരിച്ചറിയല്‍ ബോര്‍ഡുകളും അതാത് ഭാഷയില്‍ മാത്രമാണ്. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും മനസ്സിലാക്കിയിട്ടും സ്വന്തം ഭാഷയെ അവഹേളിക്കുകയും ഇംഗ്ലീഷിനോടു മമത കാണിക്കുകയും ചെയ്യുന്നു നമ്മുടെ ഭരണാധിക്കാരികള്‍.

ഇവിടെ ജോലിചെയ്യുന്നവര്‍ ഇവിടത്തെ ഭാഷ പഠിക്കുന്നത് അവര്‍ക്കും, ഇടപടേണ്ട നാട്ടുകാര്‍ക്കും ഉപകാര പ്രദമായിരിക്കും. ശ്രേഷ്ഠാ ഭാഷാ പദവി നേടിയ മലയാളം സ്വന്തം നാട്ടില്‍ പഠിക്കേണ്ടെന്ന് ഉത്തരവിടുമ്പോള്‍ മുറിവേല്‍ക്കുന്നത് മലയാളികളുടെ ആത്മാഭിമാനത്തിനാണ്.
മലയാളം അട്ടിമറിച്ചതിന് പിന്നില്‍ ആര്?
Kookkanam Rahman
(Writer)

അല്ലെങ്കില്‍ വേണ്ട സാര്‍ നമുക്ക് മലയാളം വേണ്ട- എല്ലാം ഇംഗ്ലീഷിലാവാം. നമുക്കങ്ങിനെ മലയാളത്തെ മറക്കാം. നമുക്ക് മന്ത്രിപ്പണി മതി. ഭരണത്തിലിരുന്ന് സുഖിച്ചാല്‍ മതി. അതിനെന്തു നാണക്കേടും സഹിക്കാം- ഇതിനപ്പുറമൊന്നും ഇന്ന് കേരളം ഭരിക്കുന്നവര്‍ക്ക് ചെയ്യാനൊക്കില്ലെന്ന് ഭൂമി മലയാളത്തിലുളളവര്‍ക്കെല്ലാം അറിയുന്ന സത്യമാണ്.

Keywords: Kookkanam Rahman, Article, Malayalam, Language, English Language, School, PSC Exam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia