Follow KVARTHA on Google news Follow Us!
ad

മാവോയിസ്റ്റ് ദമ്പതികളിലെ ഭാര്യ വീടുവിടും മുമ്പ് വി.എസിനു കത്തെഴുതി

കേരളത്തിലെ മാവോയിസ്റ്റ് നേതാവായി പോലീസ് കണക്കാക്കുന്ന രൂപേഷിന്റെ ഭാര്യ ഷീന ഭര്‍ത്താവിന്റെ വഴി Kerala, Maoist, V.S Achuthanandan, Chief Minister, Letter, High Court, Police, Custody, CPI (ML)
തിരുവനന്തപുരം: കേരളത്തിലെ മാവോയിസ്റ്റ് നേതാവായി പോലീസ് കണക്കാക്കുന്ന രൂപേഷിന്റെ ഭാര്യ ഷീന ഭര്‍ത്താവിന്റെ വഴി തെരഞ്ഞെടുത്ത് ഒളിവില്‍തന്നെ. അതിനു കാരണം, കേരളത്തിലെ പോലീസും സര്‍ക്കാരുമാണെന്ന് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഹൈക്കോടതി ജീവനക്കാരിയായിരുന്ന അവര്‍ അദ്ദേഹത്തിനു കത്തെഴുതി. കത്ത് വി.എസ്. അവഗണിച്ചതിനു പിന്നാലെയാണ് ഷീനയും വീടുവിട്ടിറങ്ങിയത്.

കഴിഞ്ഞ ദിവസം വയനാട്ടിലെ കാട്ടില്‍ തൊഴിലാളികളെ തടഞ്ഞുവച്ച മാവോയിസ്റ്റുകളെന്നു കരുതുന്നവരുടെ സംഘത്തില്‍ രൂപേഷും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. തൊഴിലാളികള്‍ പറഞ്ഞ അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഷീന ഇവര്‍ക്കൊപ്പമുണ്ടോ എന്നും കേരളത്തില്‍ തന്നെ അവരുണ്ടോയെന്നും പോലീസിനു വ്യക്തതയില്ല. രൂപേഷ്-ഷീന ദമ്പതികള്‍ക്കു വേണ്ടി പോലീസ് വര്‍ഷങ്ങളായി വലവിരിച്ചു കാത്തിരിക്കുകയാണ്. കഴിഞ്ഞ മാസം മാവേലിക്കരയില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇവരുടെ മകളായിരുന്നു. കസ്റ്റഡിയില്‍വച്ച് പോലീസ് ഈ കുട്ടിയോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തല്‍ വിവാദമാവുകയും ചെയ്തു.
Kerala, Maoist, V.S Achuthanandan, Chief Minister, Letter, High Court, Police, Custody, CPI (ML)

സി.പി.ഐ. (എം.എല്‍.), റെഡ്ഫഌഗ് പ്രവര്‍ത്തകനായിരുന്ന രൂപേഷ് കുറേ വര്‍ഷങ്ങളായി മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഷീന അവരുടെ പ്രവര്‍ത്തകയായിരുന്നില്ല. എന്നാല്‍ മനുഷ്യാവകാശ, പ്രതിരോധ ഗ്രൂപ്പുകളുമായി സഹകരിച്ചിരുന്നു. അതേസമയംതന്നെ ഹൈക്കോടതിയിലെ ജോലിയുമായി സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയുമായിരുന്നു.

പശ്ചിമബംഗാളിലെ നന്ദിഗ്രാം പ്രക്ഷോഭത്തോടെയാണ് ഇവരുടെ ജീവിതഗതി മാറിയത്. നന്ദിഗ്രാം പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചിലരെ ഇവര്‍ എറണാകുളത്തെ വീട്ടില്‍ താമസിപ്പിച്ചു എന്ന് ആരോപണം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചെത്തി. പിടികിട്ടാപ്പുള്ളികളെയോ പോലീസ് തിരയുന്നവരെയോ അല്ല താന്‍ വീട്ടില്‍ താമസിപ്പിച്ചതെന്നും നന്ദിഗ്രാം സമരത്തോട് അനുഭാവമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയാണെന്നുമായിരുന്നു ഷീനയുടെ വിശദീകരണം. എന്നാല്‍ പോലീസ് പിന്നെയും പലതവണ അവരുടെ വീട്ടില്‍ റെയ്ഡ് നടത്തി. ഹൈക്കോടതിയിലെ ജോലിക്കു പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.

മാവോയിസ്റ്റാണെന്ന മട്ടില്‍ സഹപ്രവര്‍ത്തകരുള്‍പെടെ പെരുമാറാന്‍ പോലീസ് റെയ്ഡുകള്‍ ഇടയാക്കിയതാണ് ജോലിക്കു പോകാതിരിക്കാന്‍ കാരണമായത്. ഇതേത്തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഷീന വിശദമായ തുറന്ന കത്തെഴുതിയത്. താന്‍ നന്ദിഗ്രാം പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ പോലീസ് തെരയുന്നവരെ ഒളിച്ചു താമസിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു കത്ത്. തന്നെയും കുടുംബത്തെയും പോലീസ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണം എന്ന അഭ്യര്‍ത്ഥനയായിരുന്നു കത്തിന്റെ കാതല്‍.

കത്തിനോടു വി.എസ്. പ്രതികരിച്ചില്ല. ഏതാനും ദിവസങ്ങള്‍ക്കു ശേഷം വി.എസിന് മറ്റൊരു കത്തുകൂടി അവര്‍ അയച്ചു. കത്ത് മാധ്യമങ്ങളില്‍ വരികയും മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഇടപെടല്‍ ഉണ്ടാകാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പോലീസില്‍ നിന്നുള്ള സമീപനം കൂടുതല്‍ കര്‍ക്കശമായെന്നു വിശദീകരിക്കുന്നതായിരുന്നു രണ്ടാമത്തെ കത്ത്. മാത്രമല്ല, തന്നെ മാവോയിസ്റ്റ് മുദ്രകുത്തി പീഡിപ്പിക്കുന്ന സാഹചര്യത്തില്‍ താനും ഭര്‍ത്താവിന്റെ മാതൃക പിന്തുടര്‍ന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുകയാണെന്നും അതില്‍ അവര്‍ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളെന്നെ മാവോയിസ്റ്റാക്കി എന്ന് വി.എസിനോട് തുറന്നടിക്കുന്ന കത്ത് കേരളത്തിലെ മനുഷ്യാവകാശ-പ്രതിരോധ ഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതിനു ശേഷമാണ് മാവോയിസ്റ്റ് ദമ്പതികളാണ് കേരളത്തിലെ മാവോയിസ്റ്റ് ഗ്രൂപ്പിനെ നയിക്കുന്നത് എന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കിയതും ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതും.

കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ കാട്ടില്‍ കണ്ടുവെന്ന് തൊഴിലാളികള്‍ പറയാനിടയാക്കിയ സംഭവം മാവോയിസ്റ്റുകള്‍ തന്നെ ആസൂത്രണം ചെയ്തതാകാം എന്നാണ് പോലീസ് കരുതുന്നത്. തങ്ങള്‍ ഇവിടെയൊക്കെയുണ്ട് എന്ന് അറിയുമ്പോള്‍ പോലീസിന്റെ തിരച്ചില്‍ ആ വഴിക്കു ശക്തമാകും എന്നും ഈ സാഹചര്യം മുതലാക്കി മറ്റെന്തോ പ്രവര്‍ത്തനം അവര്‍ ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടാകും എന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍. അതിനു തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി വാര്‍ത്ത സൃഷ്ടിക്കുകയായിരിക്കുമത്രേ ചെയ്തത്.

Keywords: Kerala, Maoist, V.S Achuthanandan, Chief Minister, Letter, High Court, Police, Custody, CPI (ML), Intelligence Report, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News 

Post a Comment