Follow KVARTHA on Google news Follow Us!
ad

വഖഫ് ബോര്‍ഡ് ആസ്ഥാന മന്ദിര നിര്‍മാണം: സാമ്പത്തിക ക്രമക്കേടുകളില്ലെന്ന് റിപ്പോര്‍ട്ട്

സംസ്ഥാന വഖഫ് ബോര്‍ഡിനുവേണ്ടി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം 2006ല്‍ Kochi, Kerala, B.M. Jamal, Wakf Board, Paloli Muhammed, Vigilance Director, Report, Malayalam News, Kerala Vartha.
Kochi, Kerala, B.M. Jamal, Wakf Board, Paloli Muhammed, Vigilance Director, Report, Malayalam News, Kerala Vartha.
B.M. Jamal
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിനുവേണ്ടി കലൂര്‍  ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം 2006ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ ഒന്നും തന്നെയില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇടതു സര്‍ക്കാരിന്റെ കാലത്ത് പാലൊളി മുഹമ്മദ്കുട്ടി വഖഫ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന വേളയിലാണ് വഖഫ് ബോര്‍ഡിനെയും സി.ഇ.ഒ. ബി.എം. ജമാലിനെയും ലക്ഷ്യംവെച്ച് റിട്ടയേര്‍ഡ് ജഡ്ജ് എം.എ. നിസാര്‍ ചെയര്‍മാനായും അബൂബക്കര്‍ ചേങ്ങാട്ട് മെമ്പര്‍ സെക്രട്ടറിയായും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്.

33 മാസക്കാലം അന്വേഷണം നടത്തിയ നിസാര്‍ കമ്മീഷന്‍ മൊത്തം 24 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പിച്ചിരുന്നു. 22 റിപ്പോര്‍ട്ടുകളിലും ജസ്റ്റിസ് എം.എ. നിസാറിനോടൊപ്പം ഒപ്പു വെച്ചുവെങ്കിലും അവസാന കാലഘട്ടത്തില്‍ മെമ്പര്‍ സെക്രട്ടറി കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സഹകരിച്ചിരുന്നില്ല. വഖഫ് ബോര്‍ഡിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തെ സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ പൊതുമാരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയറെക്കൊണ്ട് കെട്ടിടം പരിശോധിപ്പിക്കുകയും അപാകതകള്‍ ഒന്നും തന്നെയില്ലെന്നും വളരെ നല്ലനിലയിലുള്ള കെട്ടിടമാണെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മെമ്പര്‍ സെക്രട്ടറി വിയോജിക്കുകയും കെട്ടിട നിര്‍മാണം സംബന്ധിച്ച് ഒരു പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് അന്നത്തെ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിക്ക് നേരിട്ട് സമര്‍പിക്കുകയുമാണ് ചെയ്തത്. സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ അനുകൂല റിപ്പോര്‍ട്ട് മറച്ചുവെച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കെട്ടിട നിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടെന്നും സംസ്ഥാന സര്‍ക്കാരിനേയും സെട്രല്‍ വഖഫ് കൗണ്‍സലിനേയും കബളിപ്പിച്ചിട്ടുണ്ടെന്നും ആയതുകൊണ്ട് സി.ഇ.ഒ. ബി.എം. ജമാലിനെ തല്‍ സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തി വിജിലന്‍സ് എന്‍ക്വയറി നടത്തണമെന്നും മെമ്പര്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിട്ടയേര്‍ഡ് ജഡ്ജ് എം.എ. നിസാര്‍ ചെയര്‍മാനും റിട്ടയേര്‍ഡ് എ.പി.പി. അബൂബക്കര്‍ ചേങ്ങാട്ട്  മെമ്പര്‍ സെക്രട്ടറിയായും ഉള്ള കമ്മീഷന്റെ കെട്ടിട നിര്‍മാണത്തെ സംബന്ധിച്ച് വെവ്വെറെയുള്ള റിപ്പോര്‍ട്ടുകളില്‍ ഏതാണ് അംഗീകരിക്കേണ്ടത് എന്ന റവന്യൂ വകുപ്പിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ  മന്ത്രി പാലൊളി മുഹമ്മദ്കുട്ടി കെട്ടിട നിര്‍മാണത്തെ സംബന്ധിച്ച് മെമ്പര്‍ സെക്രട്ടറി സമര്‍പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാനാണ് കാബിനറ്റിലേക്ക് സമര്‍പിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ഇ.ഒ. ബി.എം.ജമാലിനെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് 2010 ഓഗസ്റ്റില്‍ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെ മറികടക്കാന്‍ ഇടതു സര്‍ക്കാരിന്റെ അവസാന കാലത്ത് 2011 മാര്‍ച്ചില്‍ ചീഫ് ടൗണ്‍ പ്ലാനറെക്കൊണ്ട് കെട്ടിടം പരിശോധിപ്പിച്ച് ഒരു റിപ്പോര്‍ട്ട് ലഭ്യമാക്കി ഒരു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയാണുണ്ടായത്.

വിജിലന്‍സ് വകുപ്പ് ഫയല്‍ പഠിച്ചതിനുശേഷം കെട്ടിട നിര്‍മാണത്തെ സംബന്ധിച്ച് ഏത് കാര്യത്തിലാണ് അന്വേഷണം നടത്തേണ്ടതെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ സി.ഇ.ഒ. ബി.എം. ജമാലിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകളും സാമ്പത്തിക ക്രമക്കേടുകളും കണ്ടുപിടിക്കണം എന്ന മറുപടിയാണ് അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടി ഫയലില്‍ ഉത്തരവിട്ടത്. തുടര്‍ന്ന് എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കെട്ടിട നിര്‍മാണത്തിന്റെ റിക്കോഡുകള്‍ പരിശോധിക്കുകയും വഖഫ് ബോര്‍ഡ് ആസ്ഥാന മന്ദിര കെട്ടിടം പരിശോധിക്കുകയും ചെയ്ത് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിക്കുകയാണുണ്ടായത്. കെട്ടിട നിര്‍മ്മാണത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഒന്നുമില്ലെന്നും എന്നാല്‍ റസിഡന്‍ഷ്യല്‍ ഏരിയായിലുള്ള നിര്‍മാണത്തിന്റെ അംഗീകാരം ലഭിച്ചതിനുശേഷം അതില്‍ വഖഫ് ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയത് റെഗുലറൈസ് ചെയ്ത് ടാക്‌സ് ഇനത്തില്‍ കൊച്ചി കോര്‍പറേഷനില്‍ ബാക്കി തുക അടയ്ക്കണമെന്നും മാത്രമാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ള നിര്‍ദേശം.

അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനത്തിനിടയില്‍  തന്നെ ചെയര്‍മാന്‍ എം.എ. നിസാറും മെമ്പര്‍ സെക്രട്ടറിയും തമ്മില്‍  അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. വഖഫ് എന്‍ക്വയറി കമ്മീഷന്‍ കൂടാതെ അതേ കാലഘട്ടത്തില്‍ എം.എ. നിസാര്‍ മെമ്പര്‍ ആയും അബൂബക്കര്‍ ചേങ്ങാട്ട് സെക്രട്ടറിയായും ഗുണ്ടാ ആക്ട് ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നു. വഖഫ്  അന്വേഷണ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ആയിരിക്കെ അന്വേഷണ കമ്മീഷന്റെയും ഗുണ്ടാ ആക്ട് ബോര്‍ഡിന്റെയും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി 2009ല്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഗുണ്ടാ ആക്ട് ബോര്‍ഡിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും അബൂബക്കര്‍ ചേങ്ങാട്ടിനെ മാറ്റണമെന്നും അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കഴിവില്ലെന്നും പറഞ്ഞ് മുന്‍ ജഡ്ജിമാരായ എം. മോഹന്‍ദാസും എം.എ. നിസാറും ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വഖഫ് അന്വേഷണ കമ്മീഷന്റെ കാര്യത്തിലും ഇവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഏതുവിധേനയും ബി.എം. ജമാലിനെതിരെ റിപ്പോര്‍ട്ട് ചെയ്യണമെന്ന മെമ്പര്‍ സെക്രട്ടറിയുടെ നിലപാടുകള്‍ക്ക് മുന്‍ ജഡ്ജിയായിരുന്ന ചെയര്‍മാന്‍ എം.എ.നിസാര്‍ കൂട്ടുനിന്നിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹത്തിന് ഗുണ്ടാ ആക്ട് ബോര്‍ഡിലെ അംഗത്വവും പോലീസ് കംപ്ലെയിന്റസ് അതോറിറ്റി ചെയര്‍മാന്‍ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പിച്ചതിനുശേഷം അബൂബക്കര്‍ ചേങ്ങാട്ടിനെ അന്നത്തെ സര്‍ക്കാര്‍ ഹജ്ജ് കമ്മറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി ആയി നിയമിക്കുകയും, നിയമിച്ച ഉടനെതന്നെ ശമ്പളവും യാത്രാപടിയും വര്‍ദ്ധിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. വഖഫ് അന്വേഷണ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ ഹോണററേറിയവും മറ്റ് ആനുകൂല്യങ്ങളും അന്നത്തെ സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചുവെങ്കിലും ചെയര്‍മാന്‍ എം.എ. നിസാറിന് നാളിതുവരെ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല.

1999ല്‍ വഖഫ് വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടിയുടെ കാലത്തു നടന്ന റിക്രൂട്ട്‌മെന്റില്‍ സി.ഇ.ഒ ആയി ബി.എം.ജമാലിന് നിയമനം ലഭിച്ചിരുന്നുവെങ്കിലും നിയമനം നടത്താതെ റാങ്ക് ലിസ്റ്റ് ക്യാന്‍സല്‍ ചെയ്തിരുന്നു. തുടര്‍ന്ന് നീണ്ടുനിന്ന നിയമയുദ്ധത്തിലൂടെയാണ് ബി.എം.ജമാല്‍ സംസ്ഥാന വഖഫ് ബോര്‍ഡ് സി.ഇ.ഒ. ആയി നിയമനം നേടിയത്. വീണ്ടും ഭരണത്തില്‍ വന്ന പാലൊളി മുഹമ്മദ്കുട്ടി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചതും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരുപറഞ്ഞ് കെട്ടിടം നിര്‍മ്മാണത്തിലും മറ്റും വന്‍ അഴിമതിയുണ്ടെന്നും മറ്റും പറഞ്ഞ് മന്ത്രി നേരിട്ട് മാധ്യമങ്ങള്‍ മുഖേന കൊട്ടിഘോഷിച്ചതും അസ്ഥാനത്തായെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീന്‍ പറഞ്ഞു.

ഭാവിയിലെങ്കിലും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുമ്പോള്‍ ജുഡീഷ്യറിയില്‍ നിന്നല്ലാത്ത ആളുകളെ ഇത്തരം കമ്മീഷനുകളില്‍ നിയമിക്കുന്നത് നീതിപൂര്‍വമായ അന്വേഷണത്തെ ബാധിക്കുമെന്നും സി.ഇ.ഒ. ബി.എം. ജമാല്‍ അഭിപ്രായപ്പെട്ടു. മെമ്പര്‍ സെക്രട്ടറിയില്‍ നിന്നുണ്ടായ അനുചിതമല്ലാത്ത സമീപനത്തെക്കുറിച്ചും മറ്റും 2009 ഫെബ്രുവരിയില്‍ തന്നെ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.എ. നിസാര്‍ മുമ്പാകെ തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തിയിരുന്നതായും ബി.എം. ജമാല്‍ പറഞ്ഞു.

Keywords: Kochi, Kerala, B.M. Jamal, Wakf Board, Paloli Muhammed, Vigilance Director, Report, Malayalam News, Kerala Vartha.

Post a Comment