വീട്ടുകാരെ കെട്ടിയിട്ട് 42 പവന്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന കൊള്ളാസംഘത്തിലെ 7 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വീട്ടുകാരെ കെട്ടിയിട്ട് 42 പവന്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന കൊള്ളാസംഘത്തിലെ 7 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പളയില്‍ വീട്ടുകാരെ വാളും കത്തിയും കാട്ടി കെട്ടിയിട്ട് ഭീഷണിപ്പെടുത്തി 42 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ അന്തര്‍ സംസ്ഥാന കൊള്ള സംഘത്തിലെ ഏഴു പേരെ കേസന്വേഷിക്കുന്ന കാസര്‍കോട് എസ്.പി എസ്. സുരേന്ദ്രന്‍, കാസര്‍കോട് ഡി.വൈ.എസ്.പിയുടെ ചുമത വഹിക്കുന്ന ക്രൈം ഡിറ്റാച്‌മെന്റ് ഡി.വൈ.എസ്.പി രഘുറാം, കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തു.

ബണ്ട്വാള്‍, പറങ്കിപേട്ട പുതു ഗ്രാമത്തിലെ കുഞ്ചത്ത്കല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖ് (22), ബന്ധു ബണ്ട്വാള്‍ പുതുഗ്രാമം പറങ്കിപേട്ടയിലെ കുഞ്ചത്ത്കല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖ് (29), മംഗലാപുരം ബന്ദര്‍ അന്‍സാരി റോഡിലെ സി.പി. ഹൗസില്‍ അബ്ദുല്‍ ഗഫൂര്‍ (52), കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ മുഹമ്മദ് ഹാരിസ് (34), പുത്തൂര്‍ സാംപ്യ ആര്യപൂ ഗ്രാമത്തിലെ അബ്ദുല്‍ അസീസ് സാംപ്യ (44), കുമ്പള കോയിപ്പാടി അനില്‍ കുംബ്ലെ റോഡിലെ നരസിംഹ പൈ എന്ന മൂര്‍ത്തി (45), മംഗല്‍പാടിയിലെ മുനീറ മന്‍സിലില്‍ ബി.എം. മുഹമ്മദ് അഷ്‌റഫ് (36) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കുമ്പള നഗര മധ്യത്തിലെ അനില്‍ കുംബ്ലെ റോഡില്‍ കൃഷ്ണാ അനുഗ്രഹയില്‍ ഡിസംബര്‍ 22ന് ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് കവര്‍ച നടന്നത്. വീട്ടുടമ വിട്ടല്‍ ഷേണായി (81), ഭാര്യ രോഹിണി (64), മകന്‍ മംഗലാപുരത്തെ ഇക്കണോമിക് ട്രാന്‍സ്‌പോര്‍ട്ട് ഉടമ രാജേഷ് ഷേണായി (43), ഭാര്യ അനൂഷ (40), മകന്‍ അക്ഷയ് (എട്ടുമാസം), വിട്ടല്‍ ഷേണായിയുടെ മകള്‍ കല്‍പന (46), മകള്‍ വിദ്യാലക്ഷ്മി (20), ബന്ധുക്കളായ തലശ്ശേരിയിലെ ശ്രീനിവാസ ഷേണായി (70), ഭാര്യ സുനിത (64), രോഹിണിയുടെ സഹോദരി കാഞ്ഞങ്ങാട്ടെ രാധാഭായി പൈ (67) എന്നിവരെ ബന്ദികളാക്കിയാണ് കവര്‍ച നടത്തിയത്.

കൊള്ള നടത്തിയ സംഘത്തിലെ ഒമ്പതു പേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളായ നരസിംഹ പൈ വിട്ടല്‍ ഷേണായിയുടെ അടുത്ത ബന്ധുവാണ്. വിട്ടല്‍ ഷേണായിയാണ് കവര്‍ചാ കേസിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് വെളിപ്പെടുത്തി. ഷേണായിയുടെ വീട്ടില്‍ അഞ്ചു കോടിയോളം രൂപയുടെ കള്ളപണമുണ്ടെന്ന് നരസിംഹ പൈയാണ് മറ്റു പ്രതികളെ വിവിരമറിയിച്ചത്. ഇവരാണ് അന്തര്‍ സംസ്ഥാന കൊള്ള സംഘത്തിന് വിവിരം കൈമാറിയത്.

രണ്ടു മാസം മുമ്പുതന്നെ വീട് കൊള്ളയടിക്കാനുള്ള പദ്ധതി സംഘം തയ്യാറാക്കിയിരുന്നു. ഇതിന് ആദ്യം മറ്റൊരു സംഘത്തെയാണ് ഏര്‍പാടാക്കിയിരുന്നത്. ഇവര്‍ കുമ്പളയിലെ വീടിന് സമീപമെത്തി നിരീക്ഷിക്കുകയും തിരക്കേറിയ സ്ഥലമായതിനാല്‍ തങ്ങള്‍ക്ക് കവര്‍ച സാദ്ധ്യമല്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് ബാംഗ്ലൂര്‍ കേന്ദ്രമാക്കിയ കൊള്ള സംഘത്തെ ചുമതല ഏല്‍പിച്ചത്. ഇവരാണ് കവര്‍ച ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മംഗലാപുരത്ത് താമസിച്ചാണ് സംഘം കവര്‍ച പദ്ധതി നടപ്പാക്കിയത്. വീട്ടില്‍ കയറിയ ഉടനെ പണമെവിടെ വെച്ചിരിക്കുന്നതെന്നാണ് ഇവര്‍ അന്വേഷിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊള്ള സംഘത്തെ കണ്ട് ഭയന്ന് നിലവിളിച്ച കുഞ്ഞിന് പാലു കൊടുക്കാന്‍ അമ്മയോട് ആവശ്യപ്പെട്ട കൊള്ള സംഘത്തിലെ ഒരാള്‍ സന്‍മനസ്സ് കാണിച്ചിരുന്നു. കവര്‍ച സംഘത്തില്‍ മൂന്നു പേര്‍ മുഖംമൂടി ധരിച്ചിരുന്നു. മറ്റുള്ളവരില്‍ ഒരാള്‍ മുടി നീട്ടി വളര്‍ത്തിയ ആളും, മറ്റൊരാള്‍ താടി വെച്ച ആളുമാണെന്ന് ഗൃഹനാഥന്‍ വിട്ടല്‍ ഷേണായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൊള്ള സംഘത്തിലെ ഒമ്പതുപേരും പാന്റും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലാണ് ഇവര്‍ സംസാസരിച്ചിരുന്നത്. രാജേഷ് ഷേണായി അകത്തെ മുറിയില്‍ കിടക്കുകയായിരുന്നു. രാജേഷ് ഷേണായിയെ സ്പ്രെ അടിച്ച് മയക്കി കൈകള്‍ പിന്നോട്ടാക്കി കയറുകൊണ്ടു കെട്ടി മുഖത്ത് പ്ലാസ്റ്ററൊട്ടിച്ച് ബന്ധികളാക്കുകയും ചെയ്തിരുന്നു.

സ്ത്രീകളുടെ കരിമണി മാലയും കുട്ടികളുടെ ആഭരണങ്ങളും ഒഴിവാക്കി അലമാരയില്‍ വെച്ചിരുന്നതും ദേഹത്ത് അണിഞ്ഞതുമായ 42 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയുമാണ് സംഘം കവര്‍ച ചെയ്തത്. വീട്ടില്‍ ഇതുകൂടാതെ തറവാട് ക്ഷേത്രത്തിന്റെ നൂറു പവനോളം സ്വര്‍ണം ഉണ്ടായിരുന്നു. ഇതൊന്നും മോഷ്ടാക്കള്‍ കൊണ്ടു പോയിരുന്നില്ല. കവര്‍ചാ സംഘം തിരിച്ചു പോകുമ്പോള്‍ കിടപ്പിലായിരുന്ന വീട്ടമ്മയുടെ കാല് തൊട്ട് വന്ദിച്ച് 'ബോസ്' ആരെയും ഉപദ്രവിക്കരുതെന്ന്' നിര്‍ദേശിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു.

അഞ്ചു കോടിയുടെ കള്ളപ്പണം ഉണ്ടെന്ന വിവിരം അറിഞ്ഞ പ്രതികള്‍ ആദ്യം ആദായ നികുതി വകുപ്പിനെ അറിയിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് കള്ളപ്പണമായത് കൊണ്ട് പരാതി നല്‍കില്ലെന്ന് വിലയിരുത്തിയാണ് കൊള്ള സംഘത്തെ കവര്‍ചാ ചുമതല ഏല്‍പിച്ചത്. അറസ്റ്റിലായ കുഞ്ചത്ത്കല്‍  ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖും അളിയനായ അബൂബക്കര്‍ സിദ്ദിഖും മംഗലാപുരത്തെ ഒരു വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി ഫ്രീപെയ്ഡ് സിം കാര്‍ഡ് എടുത്താണ് കവര്‍ചക്കാര്‍ക്ക് നല്‍കിയത്. പിടിയിലാകാനുള്ള ഒമ്പതു കൊള്ളക്കാരും അന്യ സംസ്ഥാനക്കാരാണെന്ന് പോലീസ് വെളിപ്പെടുത്തി. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വ്‌ധേയമാക്കേണ്ടതു കൊണ്ട് മുഖംമൂടി ധരിച്ചാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയത്.

Related News:
കുമ്പളയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച നടത്തിയത് ക്വട്ടേഷന്‍ സംഘം; നാടകമെന്ന് പോലീസ്

Keywords:  Arrest, House, Robbery, Kasaragod, Mangalore, Gold, Price, Accused, Women, Identity Card, Journalist, Kerala, Kerala Vartha, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia