Follow KVARTHA on Google news Follow Us!
ad

അക്ഷരങ്ങളുടെ സര്‍വകലാശാലക്ക് പ്രണാമം

സര്‍വസാഹിത്യത്തിന്റെ സര്‍വകലാശാല. മാര്‍ക്‌സിയന്‍ ശില്‍പചാരുതയുടെ പെരുന്തച്ചന്‍. ഒരു വിശേഷണവും Article, Prathibha-Rajan, Book, Writer, CPM, P-Govindapillai
P-Govindapillai, Article
ര്‍വസാഹിത്യത്തിന്റെ സര്‍വകലാശാല. മാര്‍ക്‌സിയന്‍ ശില്‍പചാരുതയുടെ പെരുന്തച്ചന്‍. ഒരു വിശേഷണവും മതിയാകാതെ വരുന്ന വ്യക്തിത്വമാണ് പി.ജി. സോഷ്യലിസം എന്ന വാക്കിന്റെ പദാനുപദങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് മാര്‍ക്‌സിയന്‍ വീക്ഷണത്തിന്റെ ഒഴുക്കിന് വേഗത കൂട്ടിയ ധൈഷണികന്‍. സി.പി.എമ്മിന്റെ തായ്‌വേരുകളിലൊന്ന്. ഒപ്പമുള്ളവരെയെല്ലാം ഉള്ളു തുറന്ന് സ്‌നേഹിക്കുന്ന, ബഹുമാനം ഉറവ പോലെ വാക്കിന്റെ ശക്തി തളം കെട്ടിനില്‍ക്കുന്ന ഏതോ മാസ്മരിക മന്ത്രവാദിയാണ് പി.ജി.

താന്‍ വിശ്വസിച്ച പ്രസ്ഥാനത്തില്‍ നിന്നും പലതവണ ശിക്ഷാനടപടിക്ക് വിധേയമാകേണ്ടി വന്ന വ്യക്തി എന്ന ഖ്യാതി ഒരു പക്ഷെ പി.ജിയുടെ പേരിലായിരിക്കും ചരിത്രം രേഖപ്പെടുത്തിയിരിക്കുക. സംസ്ഥാനക്കമ്മറ്റിയില്‍ നിന്നും ഏറ്റവും താഴെ ഘടകമായ ബ്രാഞ്ചുതലം വരെ അദ്ദേഹത്തെ തരം താഴ്ത്തിയിട്ടുണ്ട്. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പോലെയോ, ഗോപി കോട്ടമുറിക്കലിനെ പോലെയോ, പി. ശശിയെ പോലെയോ ഒരു വേള വി.എസ്സിനെപ്പോലെയോ ഒരിക്കലും നടപടി വന്നപ്പോള്‍ പാര്‍ട്ടിക്കെതിരെ കയര്‍ക്കാന്‍ പി.ജി.യുടെ പേനയില്‍ നിന്നും മഷി ഒഴുകിയില്ല. പാര്‍ട്ടി വിട്ട് കൂട്ടുപിരിയുമ്പോള്‍ തങ്ങളുടെതായ പാര്‍ട്ടി രഹസ്യങ്ങള്‍ മനസ്സിന്റെ കലവറയില്‍ താഴിട്ട് പൂട്ടണമെന്ന് ഉറച്ചു വിശ്വസിച്ച മിതഭാഷിയായ സൈദ്ധാന്തികന്‍. സത്യം തുറന്ന് പറഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ല. സത്യത്തിനോടൊപ്പം നിന്ന രാഷ്ട്രീയക്കാരന്‍.

ഇ.എം.എസിനെതിരെ സംസ്ഥാനകമ്മറ്റിയില്‍ ധൈര്യപൂര്‍വം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയെങ്കിലും ഇ.എംഎസിന്റെ സമ്പൂര്‍ണ കൃതികള്‍ പുസ്തകത്തിലാക്കി പ്രസിദ്ധീകരിക്കുക എന്ന നിയോഗം പൂര്‍ത്തീകരിക്കാന്‍ എ.കെ.ജി. സെന്ററിലെ തന്റെ മുറിയില്‍ 20 മണിക്കൂര്‍വരെ അദ്ദേഹം ചിലവഴിച്ച് ലക്ഷ്യപ്രാപ്തി കണ്ടു. ഇന്ത്യന്‍ മാര്‍ക്‌സിസത്തെ നിധിപോലെ കാക്കുന്ന ഭുതം. പ്രമുഖ നക്‌സല്‍ പ്രവര്‍ത്തകനായ കെ. വേണുവിനെ ഒളിവില്‍ പാര്‍പിച്ചത് കമ്മ്യുണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനമായി കണ്ട് പാര്‍ട്ടി ശിക്ഷിച്ചപ്പോഴും ദേശാഭിമാനിയില്‍ നിന്ന് പിടിച്ച് പുറത്താക്കിയപ്പോഴും പാര്‍ട്ടിക്കെതിരെ ഒരക്ഷരമെഴുതാന്‍ പി.ജി.യുടെ പേന ചലിച്ചില്ല. പി.ജി. പാര്‍ട്ടി വിട്ട് സി.പി.ഐയിലേക്ക് ചേക്കേറുകയാണെന്ന് മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അതിനെ പുച്ഛിച്ചു തള്ളി.

എന്താണ് കമ്മ്യുണിസമെന്ന അന്വേഷണത്തിനിടയില്‍ എം.എന്‍ വിജയന് സ്ഥലജല വിഭ്രാന്തി വന്നുപെട്ടിരിക്കുന്നുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ പി.ജി. വീണ്ടും ശിക്ഷിക്കപ്പെട്ടു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് കാറ്റും വെളിച്ചവും കടക്കാത്ത അറയില്‍ അഭിപ്രായങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യം വളരെ കണിശവും കര്‍ക്കശവുമായിരിക്കണമെന്നുള്ള വിജയന്‍ മാസ്റ്ററുടെ മുന്നറിയിപ്പാണ് പി.ജി.യെ ചൊടിപ്പിച്ചത്. പി.ജി. പറഞ്ഞു. സി.പി.എമ്മിന്റെ വേലി വിള തിന്നുകയാണ്.

ജനകീയ ജനാധിപത്യത്തിലേക്കും സോഷ്യലിസത്തിലേക്കുമുള്ള യാത്രാമദ്ധ്യേ സി.പി.(ഐ.)എം എന്ന പാര്‍ട്ടിക്ക് ഉള്‍പാര്‍ട്ടി ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും വലിയ അളവില്‍ ഉല്‍പ്പാദിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന പി.ജി.യുടെ മാതൃഭൂമിയിലെ ലേഖനം പാര്‍ട്ടിയെ വീണ്ടും അസ്വസ്ഥമാക്കി. പലതിന്റെയും പേരില്‍ സംസ്ഥാനക്കമ്മറ്റിയില്‍ നിന്ന് കൂട്ടുപിരിഞ്ഞെങ്കിലും പാര്‍ട്ടിയോട് വേര്‍പിരിഞ്ഞില്ല. വിജയന്‍ മാസ്റ്റര്‍ പറഞ്ഞതിനെ ന്യായീകരിച്ച പാര്‍ട്ടിക്ക് ഒടുവില്‍ വിജയന്‍ മാസ്റ്ററെ തന്നെ തള്ളി പറയേണ്ടി വന്നത് വര്‍ത്തമാന രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നാം കണ്ടതാണ്. വിജയന്‍ മാസ്റ്റര്‍ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നടപടി എടുക്കാനായില്ല. അത്ര മാത്രം. പാര്‍ട്ടി ശിക്ഷിച്ച പി.ജി. തുടര്‍ന്നും ഒരുമക്കായി പൊരുതി. അതാണ് പി.ജിയുടെ പെരുമ.

തനിക്ക് ശരിയെന്ന് തോന്നിയതെന്തും മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുക എന്ന ശൈലി പാര്‍ട്ടിക്കകത്ത് പി.ജി.യുടെ വളര്‍ച്ചയെ കെടുത്തിയിരുന്നുവെങ്കിലും ശരിയെ വിട്ട് സത്യത്തിനെതിരെ മുഖം തിരിഞ്ഞു നില്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സൈലന്റ്‌വാലി സമരത്തില്‍ സുഗതകുമാരിയോടൊപ്പവും, പരിസ്ഥിതിസംരക്ഷകരോടൊപ്പവും നിന്നപ്പോള്‍ അത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി. ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന ജനകീയ ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്തിയ കമ്മ്യുണിസ്റ്റ് രീതിയെ ശക്തമായി പി.ജി. അപലപിച്ചത് പാര്‍ട്ടിക്ക് നിരക്കാനാകാത്ത പ്രവര്‍ത്തിയായെങ്കിലും പിന്നീട് പാര്‍ട്ടി ഇന്ത്യയിലും പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ പ്രക്രിയയെ താലോലിക്കുകയായിരുന്നു ചെയ്തത് എന്ന് കഴിഞ്ഞ് പോയ പാര്‍ട്ടികോണ്‍ഗ്രസുകള്‍ തന്നെ ആണയിട്ടതാണ്. ഇതു പോലെ അവസരത്തിലും അനവസരത്തിലും തീക്കനല്‍കൊണ്ട് അദ്ദേഹം തല ചൊറിഞ്ഞിട്ടുണ്ട്.

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്താണ് പഞ്ചാബില്‍ പാര്‍ട്ടി ഇല്ലാതാക്കിയതെന്നും മുസ്ലീംലീഗുമായി ബാന്ധവം സ്ഥാപിക്കുന്നത് അധികാര രാഷ്ട്രീയത്തിന് അനിവാര്യമെന്നും, സി.പി.ഐയുമായി ഉടന്‍ ലയിക്കണമെന്നുമുള്ള പാര്‍ട്ടിയുടെ മുഖം കറുപ്പിക്കുന്ന പ്രസ്ഥാവനകള്‍ പലപ്പോഴായി പി.ജി. പുറപ്പെടുവിപ്പിച്ചു. ആ പളുങ്കു പാത്രം സൂക്ഷിച്ചു വെച്ച കണ്ണാടിക്കൂട്ടിനെ നോക്കി നേതൃത്വം കല്ലെറിഞ്ഞു. അറിവിന്റെ ഭാണ്ഡം സദാ ചുമലിലേറ്റി നടക്കുന്ന സാഹിത്യതറവാട്ടിലെ ജന്മി വീണു ചിതറിയെങ്കിലും വീണ്ടും ഒരുമിച്ചു കൂടി പുനര്‍ജനിക്കുന്ന അത്യപൂര്‍വ്വ പ്രതിഭാസമായി മാറിക്കൊണ്ടിരുന്നു. ഒരിക്കലും തലക്കനമോ, പാണ്ഡിത്യജാഡയോ പ്രകടിപ്പിക്കാതെ നിഷ്‌കളങ്കമായ ചിരിയോടെ ഒരു സര്‍വ്വവിജ്ഞാനത്തിന്റെ സര്‍വകലാശാലയായി വര്‍ത്തിച്ചു പിജി. അതു സഞ്ചരിക്കുന്ന പുസ്തകശാലയായിരുന്നു. പാര്‍ട്ടിയുടെ ചങ്ങലക്ക് പലപ്പോഴും ഭ്രാന്ത് പിടിച്ചപ്പോള്‍ അതിനെ തളക്കാന്‍ പി.ജിയുടെ വീക്ഷണങ്ങള്‍ക്കായിട്ടുണ്ട്.

ഓരോ വിദേശ രാജ്യങ്ങളുടെയും വിവരങ്ങള്‍ പി.ജിക്ക് മനഃപാഠമാണ്. 'അവ ഇന്ത്യന്‍ സാഹചര്യങ്ങളുമായി കോര്‍ത്തിണക്കി വിശകലനം ചെയ്യാനുള്ള കഴിവ്' അതാണ് പി.ജി. എന്ന രണ്ടക്ഷരം. കൈരളിചാനല്‍ തുടങ്ങിയപ്പോള്‍ 'പി.ജിയും ലോകവും' എന്ന പ്രതിവാര പംക്തിയിലൂടെ ലോകവിവരങ്ങള്‍ കാച്ചികുറുക്കി അരമണിക്കൂര്‍ നേരം കൊണ്ട് പ്രേക്ഷകര്‍ക്ക് കോരിക്കൊടുത്തു. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ജോലിനോക്കവെ വിദേശരംഗം എന്ന പംക്തിയിലൂടെ സോഷ്യലിസത്തിന്റെ വേദസൂക്തങ്ങളായിരുന്നു പകര്‍ന്ന് തന്നത്. പ്രകൃതി വാക്കുകള്‍ വാരിക്കൊടുത്തു. അതില്‍ ഏതാനും തേന്‍ തുള്ളികള്‍ മലയാളത്തിന്റെ നാവിന്‍ തുമ്പത്ത് ഇറ്റിച്ചു തന്ന് പി.ജി. കടന്നു പോയി.

'ഈ മനുഷ്യന് വായിക്കാനായതിന്റെ പകുതിയെങ്കിലും എനിക്ക് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീഴടക്കിയേനെയെന്ന് 'ഇ.എം.എസ് പറഞ്ഞിട്ടുണ്ട്. ബസ് സ്റ്റാന്റ് മുതല്‍ മുത്രപുരയില്‍ വരെ പി.ജി.ക്കൊപ്പം പുസ്തകങ്ങള്‍ കൂട്ടിനുണ്ടാകും. ഭാര്യയെക്കാള്‍ വലിയ കൂട്ടുകാര്‍ അക്ഷരങ്ങളാണ്.

നാട്ടുജന്മിയും പ്രതാപിയുമായ പിതാവ് മാണിക്കതാഴത്ത് പരമേശ്വരന്‍പിള്ളയുടെ ആഢ്യത്വത്തിന്റെ ചങ്ങലകള്‍ വലിച്ചെറിഞ്ഞ് കോണ്‍ഗ്രസിലൂടെ പൊതുരംഗത്തെത്തിയ പി.ജി. പിന്നെ വിശ്രമിച്ചിട്ടില്ല. തന്റെ വിദ്യാര്‍ത്ഥി ജീവിതം മുതല്‍ക്കുതന്നെ എരിയുന്ന സമരങ്ങളുടെ ചിതയില്‍ സ്വയം ചാടി അഗ്നിശുദ്ധി വരുത്തിയ കമ്മ്യൂണിസ്റ്റാണ് പി.ജി.

പി.ജി.യുടെ ചെറുപ്രായത്തില്‍ അച്ഛന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് നാട്ടില്‍ പുതുതായി അക്ഷരങ്ങള്‍ പിറന്നുവീണത്. അക്ഷരം പഠിക്കാന്‍ എല്ലാ വിഭാഗം കുട്ടികള്‍ക്കും അവസരം കിട്ടി. ജയകേരളമെന്നാണ് സ്‌ക്കൂളിന്റെ പേര്. തന്റെ വക സ്ഥലത്ത് പുതുതായി പണിത വായനാശാലയുടെ നിര്‍മാണത്തിന് മണ്ണുചുമക്കാന്‍ വരെ സാഹിത്യ തറവാട്ടുകാരനായ ജന്മി മുമ്പന്തിയിലുണ്ടായിരുന്നു.

ക്ലാസ്സിലിരിക്കെ 12-ാമത്തെ വയസ്സില്‍ ചാടിപ്പോന്ന് കോണ്‍ഗ്രസിന്റെ ജാഥയില്‍ പങ്കെടുത്തതു മുതല്‍ പി.ജി.യിലെ സ്വാതന്ത്ര്യാപോരാളി ഉണര്‍ന്നെണീറ്റിരുന്നു. ആലുവായിലെ യു.സി. കോളജിലെത്തിയപ്പോള്‍ പി.കെ.വിയും, മലയാറ്റൂരും, എം.എം. ചെറിയാനും മറ്റും ഒപ്പം കൂടി. പിന്നീട് നടന്ന രാഷ്ട്രീയ സംവാദങ്ങളിലാണ് പി.ജി.യിലെ രാഷ്ട്രീയക്കാരന്‍ സ്ഫുടം ചെയ്ത് പുറത്ത് വന്നത്. ക്വിറ്റ് ഇന്ത്യ സമരം നടക്കുമ്പോള്‍ പി.ജി.ക്ക് 20 വയസ്സ്. കമ്മ്യുണിസ്റ്റായതുകൊണ്ട് ആ വിദ്യാര്‍ത്ഥി ജയിലിലായി.

1943ല്‍ പാലക്കാട് പഠിക്കുമ്പോഴാണ് ഇ.എം.എസിനെ കാണുന്നതും, സുഹൃത്താവുന്നതും. പി.ജി.യിലെ കമ്മ്യണിസ്റ്റ് അപ്പോഴേക്കും മലയാളക്കര കീഴടക്കിയിരുന്നു. 1946 ല്‍ സഖാവ് പി.കൃഷ്ണപ്പിള്ള തൊഴിലാളിവര്‍ഗത്തിന് മേല്‍ 'സോഷ്യലിസത്തിന്റെ പ്രയോഗം' എങ്ങനെ ചെലുത്തണമെന്ന ദൗത്യം പി.ജി.യെ ഏല്‍പ്പിച്ചു. പി.ജി. എഴുതിയ മിക്ക പുസ്തകങ്ങളിലും ഈ ദൗത്യത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു.

1948-ല്‍ പഠിക്കാന്‍ പി.ജി. ബോംബെയിലേക്ക് തിരിച്ചുവെങ്കിലും അവിടെയും ചെന്ന് ചാടിയത് റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലേക്കായിരുന്നു. തൊഴില്‍ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ പുള്ളി ജയിലിലും, പിന്നെ ആര്‍തെ, പെര്‍വാഡ ജയിലുകളിലും തടവിലാക്കപ്പെട്ടു. അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അജയ്‌ഘോഷുമായുള്ള ബന്ധവും പരിചയവുമാണ് പി.ജി.യുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായത്. ഈ സമയത്താണ് എസ്.എ. ഡാങ്കയുമായും പി.ജി. ഇടപെടുന്നത്. എസ്.എ.ഡാങ്കെയുടെ മകള്‍ റോസാദേശ് പാണ്‌ഡെ പി.ജി.യുടെ സഹപാഠിയായിരുന്നു. ജയില്‍ പോകുന്നതുവരെ തന്റെ പാഠ്യ വിഷയത്തിന് പുറമെ വിജ്ഞാനവും അന്വേഷണത്വരയുള്ള പുസ്തകങ്ങളും വായിച്ചിരുന്ന പി.ജി. ജയിലിലെ സാഹചര്യങ്ങളില്‍ വെച്ച് വിവിധ സാഹിത്യ പുസ്തകങ്ങളും വായിക്കാന്‍ ഇടവന്നു. അജയ്‌ഘോഷ് ജയിലില്‍ വെച്ച് നല്‍കിയ എത്ത്‌ലിയന്‍ വോയ്‌നിച്ചിയുടെ 'ഗാഡ് ഫ്‌ളൈ' എന്ന പുസ്തകം പി.ജി.യുടെ മനസ്സില്‍ തീകോരിയിട്ടു.

ഈ പുസ്തകത്തിന്റെ മൊഴിമാറ്റമാണ് പിന്നീട് മലയാളത്തിന് കിട്ടിയ അദ്ദേഹത്തിന്റെ ആദ്യമൊഴിമാറ്റ പുസ്തകം. നിരവധി പതിപ്പുകളിറങ്ങിയ കാട്ടുകടന്തലാണ് ഈ വ്യഖ്യാത കൃതി. പിന്നീട് പുറത്തിറങ്ങിയ ഓരോ കൃതികളും സാധാരണക്കാരന് വേണ്ടിയുള്ളതായിരുന്നു. നാല് വാല്യങ്ങളുള്ള മൂലധനം പോലും കൈപുസ്തകമാക്കി മലയാളിക്ക് സമ്മാനിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ പരിവര്‍ത്തന രചനയുടെ തനിമക്കുള്ള ഒരു ഉദാഹരണം മാത്രമാണ്.

കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശ്രീകോവിലിലേക്ക് നിരവധി പേരെ പി.ജി.യുടെ തറവാടായ പുല്ലുവഴിക്കല്‍ സ്ഥിരപ്രതിഷ്ഠരാക്കിയിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി പി.കെ.വി., പി.കെ. ഗോപാലന്‍ നായര്‍, പി.ആര്‍. ശിവന്‍ ഇവര്‍ ഇതില്‍ ചിലര്‍ മാത്രം. പി.കെ.വിയുടെ ഭാര്യ പി.ജി.യുടെ സഹോദരിയാണ്. സി.പി.ഐയുടെ അമരക്കാരന്‍ എം.എന്‍. ഗോവിന്ദന്‍നായരുടെ മരുമകളെയാണ് പി.ജി. വിവാഹം ചെയ്തത്. വി. ശിവന്‍കുട്ടി എം.എല്‍.എ. മകളുടെ ഭര്‍ത്താവും.

ഗ്രന്ഥശാലാസംഘത്തിന്റെയും പു.ക.സ.യുടെയും ജനകീയ ചലചിത്രവികസന കോര്‍പറേഷന്റെയും സ്ഥാപകസംഘാടകരിലൊരാളാണ് പി.ജി. ഇ.എം.എസ് ഭരണകൂടത്തിന്റെ നടത്തിപ്പിനായി അധികാര രാഷ്ട്രീയത്തിന്റെ കൂടെ ചെന്നപ്പോഴും പി.ജി. തന്റെ പുസ്തക ലോകത്തു തന്നെ ഒതുങ്ങി. 1952, 1957, 1965, 1967 വര്‍ഷങ്ങളില്‍ നിയമസാമാജികനായിരുന്നെങ്കിലും കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ ധനമന്ത്രി, വിദ്യാഭ്യസമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭൗതിക മണ്ഡലത്തിന് സാധ്യമായേക്കാവുന്ന സംഭാവനകള്‍ ഏറ്റുവാങ്ങാന്‍ പാര്‍ട്ടിയും പാര്‍ട്ടി സാഹചര്യങ്ങളും മുതിര്‍ന്നില്ല. അധികാരത്തിന്റെ അഴകുള്ള ചിലന്തിവലയില്‍ കുടുങ്ങാതെ രക്ഷനേടിയ വാഗ്മിയാണ് അദ്ദേഹം. മാര്‍ക്‌സിസത്തിന്റെ എഴുത്തച്ഛന്‍.

ആശയങ്ങളോട് കടുകിട വിട്ടുവീഴ്ച ചെയ്യാതെ, 'സമരസപ്പെടുക' എന്ന വാക്കിന്റെ മാത്രം അര്‍ത്ഥമറിയാത്ത ധിഷണനായ മഹാത്മാവ്. ബഹുമാനം കൊണ്ടും ആദരവുകൊണ്ടും ഇ.എം. എസിനോട് എതിര്‍ത്തു സംസാരിക്കാന്‍ മടിച്ചിരുന്നവരുടെ ഇടയില്‍ നിന്നുപോലും ആശയസംഘട്ടനത്തിന് ഒരുങ്ങി പുറപ്പെട്ടിട്ടുണ്ട് പിജി. അതിനായി പാര്‍ട്ടി സംസ്ഥാനക്കമ്മറ്റി അംഗത്വം പോലും പാര്‍ട്ടിക്കു തിരിച്ചു കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. ഒരുപക്ഷെ പി.ജി. അധികാരസ്ഥാനത്ത് നിന്നും വകഞ്ഞ് മാറ്റപ്പെട്ടത് അതുകൊണ്ടായിരിക്കാം.

അവസാനനാളുകളില്‍ കാഴ്ച തീരേ നഷ്ടപ്പെട്ട കണ്ണുമായി കട്ടിയുള്ള ലെന്‍സുപയോഗിച്ച് പി.ജി. വായന തുടര്‍ന്നു. തീരെ വയ്യാതായപ്പോള്‍ വായിക്കാന്‍ ഒരാളെ കൂലിക്ക് വെച്ചു. പ്രസിദ്ധീകരിക്കുന്നതിന് മിനുക്കുപണി മാത്രം ബാക്കിയുള്ള 'സമ്പൂര്‍ണ കേരളചരിത്ര' മെന്ന ബൃഹത് ഗ്രന്ഥം പി.ജി. തയ്യാറാക്കിയത് ഓര്‍മയുടെ ഭണ്ഡാകാരത്തില്‍ നിന്നും ചികഞ്ഞെടുത്ത വാക്കുകള്‍ ഓര്‍ത്തെടുത്ത് എഴുതിപ്പിച്ചു കൊണ്ടായിരുന്നു. അതിന് വേണ്ടി ഒരു ഗ്രന്ഥവും റഫര്‍ ചെയ്യാന്‍ അക്ഷരങ്ങളെ പ്രണയിച്ച ആ തത്വശാസ്ത്രജ്ഞനായില്ല.

ഉറപ്പിക്കാന്‍നോക്കി കൂടുതല്‍ ഇളകിയ പാര്‍ട്ടിയെ നേരില്‍ കണ്ടു കൊണ്ടാണ് പി.ജി. യാത്രയായത്. കാലവര്‍ഷം പോലെ കമ്മ്യൂണിസം ഈ മണ്ണില്‍ പെയ്ത് തീര്‍ക്കാന്‍ ഒരു ജീവിതം മുഴുവന്‍ മാറ്റിവെച്ചതിന്റെ നിരാശയയുമായി പി.ജി. പാതിവഴിയില്‍ നിന്നും അരങ്ങൊഴിയുകയാണ്.



-പ്രതിഭാ രാ­ജന്‍

Keywords: Article, Prathibha-Rajan, Book, Writer, CPM, P-Govindapillai, Memories of P Govindapillai




Post a Comment