നഷ്ടമായത് ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളിനക്ഷത്രം

 


ADVERTISEMENT


നഷ്ടമായത് ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളിനക്ഷത്രം

ഉത്തര നേപ്പാളിലെ മലനിരകളില്‍ തട്ടി ചെറു യാത്രാ വിമാനം കത്തിയെരിഞ്ഞപ്പോള്‍ 15 പേര്‍ കൊല്ലപ്പെടുകയും, അതില്‍ ഉദിച്ചുയര്‍ന്ന വെള്ളിനക്ഷത്രമായ മലയാളികളുടെ പ്രിയ ബാലതാരം തരുണിയുമുണ്ടെന്ന റിപ്പോര്‍ട്ട് മലയാളികളുടെ ഹൃദയത്തില്‍ വിങ്ങലാണുണ്ടാക്കിയത്.

രണ്ട് സിനിമകൊണ്ടുതന്നെ മലയാളികളുടെ പൊന്നോമനയായി മാറിയ തരുണിക്ക് പുതിയ അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ദാരുണമായ മരണവാര്‍ത്ത കേള്‍ക്കാന്‍ ഇടയായത്. സംവിധായകന്‍ വിനയന്റെ രണ്ട് ചിത്രങ്ങളിലാണ് തരുണി മലയാളത്തില്‍ ആകെ അഭിനയിച്ചത്. പ്രേത കഥയായ വെള്ളിനക്ഷത്രത്തില്‍ അഭിനയത്തിന്റെ ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് തരുണി അനശ്വരമാക്കിയത്. സത്യം എന്ന സിനിമയുടെ ഗതി തന്നെ മാറ്റിമറിക്കുന്ന കഥാപാത്രമായിരുന്നു ഈ കൊച്ചു അഭിനയിത്രിയുടേത്. മരിച്ചവരില്‍ തരുണിയുടെ മാതാവും ഉള്‍പ്പെട്ടിരുന്നു.

രസ്‌ന, കോള്‍ഗേറ്റ്, സഫോള, റിലയന്‍സ് മൊബൈല്‍ തുങ്ങി നിരവധി പരസ്യങ്ങളിലും മുംബൈ സ്വദേശിനിയായ തരുണിയുടെ പൊലിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ മനസില്‍ തരുണി തിളക്കമുള്ള ഒരു വെള്ളിനക്ഷത്രമാണെന്നാണ് വിനയന്‍ അനുസ്മരിച്ചത്. അഭിനയ രംഗത്ത് മികച്ച സംഭാവനകള്‍ ചെയ്യാന്‍ കഴിവുണ്ടായിരുന്ന അത്ഭുത പ്രതിഭയായിരുന്നു അകാലത്തില്‍ അണഞ്ഞുപോയത്. തരുണിയുടെ നൃത്തം പോലും കൊച്ചുകുട്ടികളുടെയും മുതിര്‍ന്നവരുടേയും ഹൃദയം കവര്‍ന്നിരുന്നു.

അമിതാഭ് ബച്ചനൊപ്പം ടിവി പരസ്യത്തിലൂടെയാണ് തരുണിയുടെ സിനിമയിലേക്കുള്ള ചുവടുമാറ്റം. അഭിനയരംഗത്തു വരുമ്പോള്‍ അഞ്ചുവയസുണ്ടായിരുന്ന തരുണിക്ക് മരിക്കുമ്പോള്‍ പതിമൂന്നു വയസായിരുന്നു. ഓമനത്തമുള്ള മുഖമാണ് തരുണിക്ക് പ്രേക്ഷക മനസില്‍ പ്രത്യേകം ഇടംലഭിക്കാന്‍ കാരണമായത്. ഇതുകൂടാതെ ആരിലും ഇഷ്ടം തോന്നിക്കുന്ന കുസൃതിയും തരുണിക്ക് കൈമുതലായുണ്ടായിരുന്നു. ഷൂട്ടിംഗ് ലോക്കേഷനുകളില്‍ എല്ലാവരുടേയും ഓമനയായിരുന്നു തരുണി എന്ന് സിനിമയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നവര്‍ പറയുന്നു.

മലയാളം അറിയില്ലെങ്കിലും ഒന്നോ രണ്ടോ തവണ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അത് ഭംഗിയായി അവതരിപ്പിക്കാന്‍ തരുണി മിടുക്കിയായിരുന്നു. അന്യഭാഷയില്‍ നിന്നും വരുന്ന മുതിര്‍ന്ന പല നായിക-നായകന്മാരും കഷ്ടപ്പെട്ട് മലയാള ഡയലോഗ് പറയാന്‍ പാടുപെടുന്നത് ഊറിചിരിക്കാന്‍ വക നല്‍കുന്നതാണെങ്കിലും തരുണിക്ക് ഇത്തരം വെല്ലുവിളകള്‍ ഒന്നും തന്നെ നേരിടേണ്ടി വന്നിരുന്നില്ലെന്ന് സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകര്‍ പറയുന്നു. മലയാള സിനിമയിലെ കോമഡി സീനുകളില്‍ കോമഡി താരങ്ങള്‍ക്കൊപ്പം തരുണി കസറുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വെള്ളിനക്ഷത്രത്തില്‍ തരുണിയുടെ പ്രകടനം കണ്ട് കോമഡി തമ്പുരാന്‍ സലിംകുമാര്‍പോലും പൊട്ടിച്ചിരിച്ചിരുന്നു. തരുണിയുടെ നഷ്ടം മലയാളികള്‍ക്ക് ഏറെ നൊമ്പരമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഉത്തര നേപ്പാളില്‍ പര്‍വത മുകളിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് ചെറു യാത്രാവിമാനം തകര്‍ന്നുവീണത്. പൊഖാര പട്ടണത്തില്‍നിന്നും ടിബറ്റ് അതിര്‍ത്തിയിലെ ജോംസോമിനടുത്തുള്ള പ്രമുഖ ഹിന്ദു തീര്‍ഥാടനകേന്ദ്രമായ മുക്തിനാഥിലേക്കു വിമാനം ചാര്‍ട്ടര്‍ ചെയ്തു പോയവരാണു ദുരന്തത്തിനിരയായത്.

Keywords: Tharuni, Cine artist, Death, Air crash, Nepal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia