Follow KVARTHA on Google news Follow Us!
ad

അരുണിന്റെ പാര്‍ട്ടി അംഗത്വവും വിഎസിന്റെ പത്തനംതിട്ട സദാചാരവും

വിഎസിന്റെ പത്തനംതിട്ട പ്രസംഗം ബഹുജോര്‍. പാര്‍ട്ടി അംഗങ്ങളില്‍ സ്വഭാവ ഗുണമില്ലാത്തവരെ ഈ പാര്‍ട്ടിയില്‍ വെച്ചു പുലര്‍ത്തുകയില്ലെന്ന താക്കിതും. ശരിയുടെ പാത വിരിച്ച് രാഷ്ട്രീയത്തിന് അഴിമതിക്കറയേല്‍പ്പിക്കാതെ കൂടെ നടത്തിച്ച വിഎസ് അല്ലെങ്കില്‍ പിന്നെ ഇത് പറയാന്‍ മാത്രം പാതിവൃത്യം മറ്റാര്‍ക്ക്? സ്വന്തം പാര്‍ട്ടിയിലെ ശശി സ്വപാര്‍ട്ടി നേതാവിന്റെ ബന്ധുവിനേപ്പോലും സ്വഭാവ ദൂഷ്യക്കൂട്ടിലേക്ക് കൂട്ടി കൊണ്ടു പോയി പീഢിപ്പിച്ചപ്പോള്‍ പാര്‍ട്ടി പറഞ്ഞത് മദിരാശിയില്‍ പോയി കഴുത്തിന് ചികില്‍സിക്കാന്‍. വിഎസ് പറഞ്ഞു ഈ രോഗത്തിന് ചികില്‍സ ഇതല്ല. ഒടുവില്‍ വിഎസിന്റെ ഒറ്റ മൂലി വിജയിച്ചു. ശശി കറുത്ത കോട്ടണിഞ്ഞു. ഈ പാതയിലൂടെ ഇനിയും ഇറങ്ങി നടന്നലയേണ്ടി വരും. പാര്‍ട്ടി അംഗത്തിന്റെ സ്വഭാവ ദൂഷ്യ പട്ടിക സ്ത്രീ വിഷയം കൊണ്ട് മാത്രമവസാനിക്കുന്നതല്ല, കള്ളു കുടിയും അനധികൃത സമ്പാദനവും ആഢ്യ ജീവിതവും ഒക്കെ ദൂഷ്യം തന്നെ. ഇതിന് തടയിടാനാണ് തെറ്റു തിരുത്ത് കൊണ്ടു വന്നത്. ജന മനസുകളിലെ തെറ്റുതിരുത്തലിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളേയും യുവാക്കളെയും മഹിളകളേയും കൂട്ടി കേരളമാസകലം മദ്യ വിരുദ്ധ പ്രകടനങ്ങളും ക്യാമ്പയിനുകളും സെമിനാറുകളും നടന്നു. ബഹു വര്‍ണ്ണ പേസ്റ്ററുകള്‍ കേരളത്തിന്റെ മുതുകില്‍ നിറം ചാര്‍ത്തി. സംസ്ഥാന തല ഉദ്ഘാടനം മഞ്ചേശ്വരത്ത് സ്വന്തം വിഎസ്. സ്വന്തം വീട്ടിലുമുണ്ട് ഒരു കള്ളു കുടിയിനെന്ന് പിന്നീടാണ് കേരളമറിഞ്ഞത്. ഇളം കാറ്റു പോലെ നൈര്‍മല്യമുള്ള ഇവനെന്റെ പ്രിയ പുത്രന്‍ അരുണ്‍ കുമാര്‍. ഗോള്‍ഫ് കളി കുറ്റമല്ലാതായാല്‍ സമ്മതിക്കാം. അനധികൃത സമ്പാദനവും ആഢ്യ ജീവിതവും മകനില്ലെങ്കില്‍ പോകട്ടെ. വലിയ വലിയ കളികളൊക്കെയാകുമ്പോള്‍ അല്‍പ്പം കള്ളു കുടിയുമൊക്കെ ആകാമെന്നായി വിഎസ് പക്ഷം. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇതെന്തെ വാര്‍ത്താ വാരം ഇപ്പോള്‍ ഓര്‍ത്തെടുത്തെടുക്കണം? വിഎസിന്റെ പത്തനം തിട്ട പ്രസംഗം തന്നെ . വീട്ടിലിരിക്കുന്ന പൂച്ചക്കുമുണ്ട് പാര്‍ട്ടി മെമ്പര്‍ഷിപ്പ്. അരുണ്‍കുമാറിന് ഈ സ്വഭാവ ദൂശ്യങ്ങളൊന്നും ബാധകമല്ലേ?. ആലപ്പുഴയിലെ പുന്നപ്ര നോര്‍ത്ത് എ ബ്രാഞ്ചിലെ അംഗമാണ് സഖാവ് അരുണ്‍ കുമാര്‍.



വൈക്കോലിന് തീ കൊടുക്കുന്ന വൈക്കോ
ഡിഎംകെയുടെ കൊലക്കൊമ്പന്‍ വൈക്കോ അറസ്റ്റിലായി. കേരളത്തിലേക്ക് വരുന്ന തമിഴ്‌നാട് റോഡ് ഉപരോധിച്ചതിനാണിത്. തമിഴ് മക്കളെ കത്തിച്ചു വിടാന്‍ ഒരു ഉശിരന്‍ രജനീകാന്ത് പടം സ്റ്റൈലില്‍. അണ്ണന്മാര്‍ക്ക് നഞ്ച് നാനായി എന്തിനാ? മലയാളികളുടെ കടകളും വീടുകളും അഗ്നി നക്കി തുടച്ചു. അവിടുത്തെ മുഖ്യാ ധാരാ പത്രങ്ങള്‍ മഞ്ഞപത്രങ്ങളായി. ശബരി മലയിലെത്തുന്ന ഭക്തരെ വരെ കേരളം ആക്രമിക്കുന്നുവത്രെ. ദ്രാവിഡ കഴകങ്ങള്‍ ഇന്ത്യയുടെ അഖണ്ഠതയ്ക്ക് നേരെ വടിവാളു വീശുകയാണ്. ഇതൊക്കെ നടക്കുമ്പോഴും നമ്മളുടെ മുഖ്യമന്ത്രിയുടെ പ്രസ്താവന ക്ഷമാശീലം കൊണ്ട് കേരളത്തിലെ തമിഴ് മക്കളുടെ മാനവും മുതലും സംരക്ഷിക്കണമെന്നാണ്.

ശുംഭശ്രി പുരസ്‌ക്കാരത്തിന് സാദ്ധ്യത
പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്തുന്നത് ഇനിയും തുടരുമെന്ന് എംവി ജയരാജന്‍. അവകാശ ശരണങ്ങളുടെ ഉല്‍ഭവ കേന്ദ്രങ്ങളാണ് പാതയോരം. മഹാത്മജിയും എകെജിയും ഇഎംഎസും പാതയോരമാണ് രാഷ്ട്രത്തിന്റെ തട്ടകമാക്കിയത്. ആ പാത ഉപേക്ഷിക്കില്ല. ഗതാഗത തടസുമുണ്ടാക്കി ലക്ഷങ്ങള്‍ പൊങ്കാലയിടുന്നത് കോടതി കാണുന്നില്ലെ? എന്തു കൊണ്ടു തടയുന്നില്ല. രാഷ്ടീയത്തില്‍ നിന്നും അരാഷ്ടീയ വാദം മുളച്ചു പൊങ്ങാന്‍ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം അടിയറ വെക്കരുത്. അതെവിടെയും എപ്പോഴും പറയാന്‍ കഴിയണം. പൊതു മുതല്‍ നശിപ്പിക്കുന്നതും, പൊതുയോഗം നടത്തുന്നതും ഒരു കണ്ണിലുടെ കാണരുത്. അവാര്‍ഡിന് പഞ്ഞമില്ലാത്ത കേരളത്തില്‍ ഒരു ശുംഭശ്രി അവാര്‍ഡെവിടെനിന്നെനിന്നെങ്കിലും പൊങ്ങി വന്നാല്‍ ആദ്യത്തേതിന് ആളെ അന്വേഷിക്കക്കേണ്ട. ജയരാജന് വാര്‍ത്താ വാരത്തിന്റെ ആസംശകള്‍.

വെളുത്തമ്പുവിന് വയസായി; ഡിസിസിക്കും വയസായി മോനെ
വയസന്മാര്‍ക്ക് എവിടെയെങ്കിലും അടങ്ങി കൂടി ഇരുന്നു കൂടെയെന്ന് കോണ്‍ഗ്രസ് യുവതുര്‍ക്കി രാഹുല്‍ ഗാന്ധി. 40-50 വയസിനിടയിലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ വിരളമെന്നാണെന്നും ഇത് സംഘടനയെ കുറച്ചൊന്നുല്ല വലക്കുന്നതെന്നും ഇതിനൊരു പരിഹാരം വേണമെന്നുമാണ് എഐസിസി സെക്രട്ടറി രാഹുലിന്റെ അഭിപ്രായം. പഴയവര്‍ക്ക് വല്ല പെന്‍ഷനോ മറ്റോ കൊടുത്ത് വീട്ടിലിരുത്തിയാലും തരക്കേടില്ല. വയസന്മാരുടെ കോണ്‍ഗ്രസ്സ് ആധിപത്യത്തിനും കാരണം വയസന്‍ തന്നെ. രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം പ്രധാന വയസന്‍ നരസിംഹറാവുവിന്റെ കാലത്ത് 1991 മുതല്‍ 1998 വരെ യുവാക്കളെ അടുപ്പിച്ചില്ല. ബഹു ഭാഷാ പണ്ഡിതനായ റാവു പറഞ്ഞതൊന്നും പിള്ളേര്‍ക്ക് തിരിഞ്ഞുമില്ല. 1990ലെ ഉത്തര്‍ പ്രദേശ് തെരെഞ്ഞെടുപ്പില്‍ മഹാ ഭുരിപക്ഷം സീറ്റുകളും ബിഎസ്പിക്ക് കാണിക്ക വെച്ച് കോണ്‍ഗ്രസ് ആത്മഹത്യ ചെയതതും, ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന യുപി എന്നെന്നേക്കുമായി നഷ്ടപ്പെട്ടതും, പ്രാദേശിക-മത പാര്‍ട്ടികളുടെ വലയില്‍ കോണ്‍ഗ്രസ് യുപിഎ എന്ന കപടവേഷക്കുരുക്കിലകപ്പെട്ടതും ഇതിനുദാഹരിക്കാം. കാസര്‍കോടിലെ വെളുത്തമ്പുവിന് വയസായി ഡിസിസിക്കും വയസായി മോനെ. പെയ്ന്റടിച്ച പുത്തന്‍ യുവ നേതാക്കള്‍ രാഹുലിന്റെ പ്രസ്താവനയുടെ ആനന്ദ ലഹരിയിലാണ്.

ബര്‍ലിന്‍ മതില്‍ പൊളിക്കുന്നു
ലോക മതിലുകള്‍ പലയിടത്തും പൊളിഞ്ഞിട്ടുണ്ട്. ഒരിക്കലും പൊളിക്കില്ലെന്നുറപ്പിച്ചു കെട്ടിയ ബര്‍ലിന്‍ മതില്‍ പോലും പൊളിക്കപ്പെട്ടു. ഇന്ത്യാ അതിര്‍ത്ഥിയല്‍ ഇന്ത്യ കെട്ടിയ മതില്‍ ചൈനയിലെ പട്ടാളം തകര്‍ത്തതിന് രാജ്യ സഭയില്‍ സമാധനം പറയാന്‍ സമാധാന പ്രിയനായ ആന്റണിക്ക് കഴിഞ്ഞില്ല. വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് ഇന്‍കം ടാക്‌സിന്റെ പിടിയിലായ മോഹന്‍ ലാലിന് ലെഫ്റ്റണന്‍ കേണല്‍ സ്ഥാനം കൊടുക്കാമെന്ന കടുത്ത തീരുമാനങ്ങളൊക്കെ എടുത്ത മന്ത്രി സഭയിലെ രണ്ടാം നമ്പര്‍കാരന്‍ ഒന്നാമനെ പോലെ മൗനവൃതം വിദ്വാന് ഭൂഷമെന്നുരുവിട്ടു കഴിയുമ്പോള്‍ കേരളത്തില്‍ വിഎസിന്റെയും പിണറായിയുടേയും മതില്‍ കെട്ടുകള്‍ തകര്‍ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

ഭഗവത് ഗീത തീവ്ര വാദമെന്ന് റക്ഷ്യന്‍ കോടതി;
ദേശീയ വേദ പുസ്തകമാക്കണമെന്ന് ബിജെപി

സംഭവാമി യുഗേ യുഗേ എന്ന് പറഞ്ഞ് ഇന്ത്യക്ക് മാറി നില്‍ക്കാന്‍ കഴിയുന്നതല്ല റക്ഷ്യയിലെ ഭരണ ഘടനാ (ക്ഷമിക്കണം) ഭഗവത്ഗീതാ പ്രതിസന്ധി. സൈബീരിയന്‍ കോടതി ഈ ഗ്രന്ഥം നിരോധിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മാര്‍ക്‌സിസത്തിലും, മാവോയീസത്തിലുമല്ല, ശ്രീകൃഷ്ണയിസത്തിലാണത്രെ തീവ്ര വാദം. ഇന്ത്യന്‍ വംശജര്‍ കുലുങ്ങിയിട്ടും കോടതി കുലുങ്ങിയില്ല. ഒടുവില്‍ ഇന്ത്യയിലെ ബിജെപിയുടെ കോര്‍ട്ടിലാണ് പന്ത്. ഒരുത്തരം പറയാതെ പാര്‍ലിമെന്റ് കൂടേണ്ടെന്നായി അവര്‍. ഇന്ത്യയുടെ പ്രതിഷേധം എംബസി വഴി പറന്നതായി വിദേശ കാര്യ മന്ത്രി എസ് എം കൃഷ്ണ പാര്‍ലിമെന്റിനെ സമാധാനിപ്പിച്ചു. അപ്പോഴാണ് ബിജെപിയുടെ അടുത്ത വെടി. ജനാധിപത്യ രാഷ്ട്രമെന്നു പറഞ്ഞു ഇനിയും കാത്തു നില്‍ക്കാനാവില്ല, ദേശീയ ഗാനം പോലെ ഭഗവത് ഗീതയെ ദേശീയ വേദഗ്രന്ഥമായി പ്രഖ്യാപിക്കണം.

മീന്‍ മണക്കുന്നിടം പാലിന്റെ നാറ്റം
പെരിയ വളവില്‍ മഹാരാഷ്ട്രയുടെ വകയായി പാലഭിഷേകം. ജില്ലയ്ക്ക് കുടിക്കാന്‍ മഹാരാഷ്ട്രിയില്‍ നിന്നും ഇറക്കു മതി ചെയ്യുന്ന ടാങ്കറാണ് പെരിയയില്‍ മറിഞ്ഞത്. സ്ഥിരമായി മീന്‍ വെള്ളം റോഡിലൊഴുക്കുന്ന വളവാണിത്. അമിതമായ മീന്‍ കൊഴുപ്പും, വാട നാറ്റവും നാടിനന്റെ സമ്പത്ത്. ചീഞ്ഞ മീനീന്റെ സുഗന്ധം ആസ്വദിച്ചുറങ്ങുന്ന നാട്ടുകാര്‍ ലോറി അപകടത്തില്‍ പെട്ടതറഞ്ഞത് പെട്ടെന്ന് എരുമ പാലിന്റെ നറുമണം മുക്കിനെ അലോസരപ്പെടുത്തിയപ്പോഴാണ്. കേന്ദ്രീയ വിദ്യാലയം വഴിയില്‍ നില്‍ക്കുന്ന പെരിയയിലെ ജനത്തിന്റെ രണ്ടു തലവിധികളാണ് എന്‍ഡോസള്‍ഫാനും മാലിന്യവും.

ചട്ടഞ്ചാലില്‍ മുന്നര കോടി വിതറുന്നു
ചട്ടഞ്ചാല്‍ റോഡില്‍ മൂന്നര കോടി വിതറുന്നു. ജനം കരുതിയിരിക്കണം. ചെര്‍ക്കളം മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള അഞ്ച് കി.മീറ്റര്‍ റോഡാണ് പുനര്‍ നിര്‍മ്മിക്കുന്നത്. നിലവിലുള്ള റോഡ് മാന്തിയെടുത്ത് ഒന്നര അടി കുഴിച്ച് കരിങ്കല്‍ പാകി, അതിനു മീതെ അര ഇഞ്ചിന്റെയും കാല്‍ ഇഞ്ചിന്റെയും രണ്ടു പാളികളിലായി ടാറിങ്ങ് ചെയ്യും. ആധുനിക സംവിധാനത്തില്‍ രുപ കല്‍പന ചെയ്ത പണിയില്‍ രണ്ട് കി.മീറ്റര്‍ ഓവുചാലും, നിലവില്‍ സ്ഥാപിച്ചിട്ടുള്ളതു പോലെ മറ്റു ആറു വളവുകളില്‍ സിമന്റ് കട്ട കൊണ്ട് ഇന്റര്‍ ലോക്ക് ചെയ്യും. തുക കുറച്ച് കാട്ടി പണിയില്‍ കൃത്രിമം നടക്കുന്നത് തടയാന്‍ റോഡ് യുസേര്‍സ് ഫോറം രംഗത്തുണ്ട്. ജനങ്ങലുടെ ഒരു കണ്ണുണ്ടാവണം.


-പ്രതിഭാ രാജന്‍

Keywords: Varthavaram, Prathibha-Rajan, Article

Post a Comment