Follow KVARTHA on Google news Follow Us!
ad

അലുവാലിയമാര്‍ മാപ്പര്‍ഹിക്കുന്നില്ല

ന്ത്യാ രാജ്യത്തിന്റെ കണക്ക് പെട്ടിയുടെ താക്കോല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് കേന്ദ്ര ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ മൊണ്ടേ സിങ്ങ് അലുവാലിയെയാണ്. ഇന്ത്യയുടെ സമ്പത്ത് ഇതിനകത്ത് ഭദ്രമെന്നാണ് ഇതുവരെ പറഞ്ഞു നടന്നിരുന്നത് . ഇത് നൂറ് കോടി ജനങ്ങള്‍ വിശ്വസിച്ചു. ഇപ്പോള്‍ പറയുന്നു എനിക്ക് തെറ്റ് പറ്റിപ്പോയെന്ന്. പണപ്പെരുപ്പത്തിന്റെ തോത് നിയന്ത്രിക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും തടയിടാനായില്ലെന്നാണ് കുറ്റ സമ്മതം.  രൂപയുടെ മൂല്യമിടിഞ്ഞതോടെ ഇന്ത്യയിലേക്ക് വിദേശ ധനം ഒഴുകുകയാണ്. ഒറ്റ ദിവസം തന്നെ ശരാശരി നാല്‍പ്പത്തഞ്ച് ശതമാനം പണമൊഴുക്ക് ബാങ്ക് വഴി മാത്രം വരുന്നു. കുഴല്‍പ്പണവും കള്ളക്കടത്തും തകൃതിയാവുന്നു. സാധാരണ തൊഴില്‍ മേഘലയില്‍ പോലും അറുനൂറു മുതല്‍ ആയിരം രൂപാ വരെ ദിവസക്കുലി വാങ്ങിയാലും ചിലവിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനാവുന്നില്ല. ഇന്ത്യയെ മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും നൂറ്റിപ്പത്ത് കോടി ജനങ്ങളെ ചുളുവിലക്ക് വില്‍ക്കപ്പടുകയാണ്. രൂപയുടെ മൂല്യം കടലാസിനു തുല്യമായി മാറുന്ന അവസ്ഥയോട് ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ അധികാരത്തിലിലേറ്റിയ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മറുപടി പറയിക്കാന്‍ അവര്‍ പിറവത്തെ പ്രയോജനപ്പെടുത്തുമോ?


റോഡിന്റെ ഉപഭോക്താക്കളുമായി സംവേദിക്കാന്‍ വീണ്ടും വരുമെന്ന് മന്ത്രി
റോഡുകളുടെ സ്ഥിതി പരിതാപകരമായി തുടരുകയാണ്. അവസ്ഥ പഠിക്കാന്‍ വന്ന മന്ത്രി വേദനകള്‍ പങ്കു വെച്ചു കൊണ്ടാണ് തിരിച്ചു പോയത്. അറ്റക്കുറ്റ പണികള്‍ പോലും കൃത്യമായി നടക്കുന്നില്ല. ഉദ്യോഗസ്ഥര്‍ നന്നേ കുറവ് . ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് വികസനം. ശാശ്വത വികസനം സ്വപ്നം കാണല്‍ മാത്രം. അറ്റക്കുറ്റ പണികള്‍ നടക്കുന്ന റോഡുകള്‍ക്കും ഒരു മഴക്കപ്പുറത്തെ ആയുസ് നല്‍കാന്‍ അധികൃതര്‍ ചെയ്യാറില്ല. താങ്ങാന്‍ കഴിയാവുന്നതിനും പത്തിരട്ടി ഭാരമാണ് റോഡുകള്‍ താങ്ങുന്നത്. റോഡ് നിര്‍മ്മാണ രീതി തന്നെ ശാസ്ത്രീയമാക്കേണ്ടിയിരിക്കുന്നു. എസ്റ്റിമേറ്റില്‍ ഇന്നും സ്വീകരിച്ചു പോരുന്നത് ബ്രിട്ടീഷുകാരന്റെ കാലത്തെ കീഴ്‌വഴക്കങ്ങളാണ് . മാറിയ സാങ്കേതിക വിദ്യകളൊന്നും തന്നെ മാറ്റത്തിന്റെ ഏഴയലത്ത് പോലും എത്തിയിട്ടില്ല. സമ്പൂര്‍ണ മാറ്റത്തിന് ധാരാളം പണം വേണം. റോഡ് യൂസേര്‍സ് ഫോറം ഭാരവാഹികള്‍ മന്ത്രിയെ ചെന്ന് കണ്ടു. ജനങ്ങളുടെ ആശങ്കകള്‍ പങ്കു വെച്ചു.
നടക്കാത്ത സ്വപ്നങ്ങളുടെ ഭാണ്ഡമഴിച്ചു. ഏതായാലും ഒരു കാര്യം മന്ത്രി സമ്മതിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടേയും, സര്‍ക്കാര്‍ പ്രതിനിധികളും, എന്‍ജിനീയര്‍മാരും, കരാറുകാരും ഒരുമിച്ചിരിക്കട്ടെ. ഒരു സംവാദമാവാം. ഞാനും വരാം. ജനങ്ങളോട് കാര്യം പറയാം. നിലവിലുള്ള അവസ്ഥകള്‍ അവരുമറിയട്ടെ. പരാതിക്കാരെ സമാധാനിപ്പിച്ച് മന്ത്രി കണ്ണൂരിലേക്ക് പേയി. അടുത്തു തന്നെ തിരിച്ചു വരുമെന്ന ഉറപ്പുമായി.

കണ്ണീരൊപ്പിയും കണ്ണു നനഞ്ഞും മുഖ്യമന്ത്രി
കാസര്‍കോടിലെ പതിനായിരങ്ങള്‍ മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ്. പരാതിയുടെ ഭാണ്ഡക്കെട്ടുമായി.ഡിസബര്‍ രണ്ടിന് തങ്ങളുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളക്കുമെന്നവര്‍ കരുതുന്നു. അന്നാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. പോയ വാരത്തില്‍ ഇത് ഏറണാകുളത്തിലായിരുന്നു. വെളുപ്പാം കാലത്ത് മൂന്നരക്കാണ് ജനസമ്പര്‍ക്കം അവസാനിച്ചത്.
റവന്യൂ ഊദ്യോഗസ്ഥര്‍ പലരും ഇരുന്നിടത്തു തന്നെ മയങ്ങിയിട്ടും മുഖ്യമന്ത്രിക്ക് മയക്കമില്ലാത്ത രാത്രി. ഉണര്‍ന്നിരിക്കുന്ന മുഖ്യമന്ത്രിയോടൊപ്പമെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. തകരുന്ന ബ്യൂറോക്രസിയുടെ തളരുന്ന ചിറകുകളായിരുന്നു ഏറണാകുളത്ത് കണ്ടത്. 65ല്‍ പരം സര്‍ക്കാര്‍ വകുപ്പുകള്‍ തളര്‍ന്നു വീണപ്പോഴും മുഖ്യന്റെ ഓജസ്സ് കൂടിവരികയായിരുന്നു.തിക്കിലും തിരക്കിലും പെട്ട് പലരും തളര്‍ന്നു വീണു.

യാത്രക്കാരെ പോക്കറ്റടിച്ച് നേടിയത് 1250 കോടി
സെപ്തമ്പര്‍ 15നാണ് പെട്രോളിന് 3.14രൂപ കൂട്ടിയത്. നവമ്പര്‍ 15ന് 1.85 രൂപ കുറച്ചു. കൃത്യം രണ്ടു മാസത്തെ കാലയളവില്‍ എണ്ണ കമ്പനികള്‍ പൊതുജനത്തിന്റെ കഴുത്ത് ഞെരിച്ച് കീശയില്‍ കൈയ്യിട്ടു വാരിയത് 1250 കോടി രൂപ. കൂടിയ വിലക്ക് കമ്പനി വിറ്റത് 25 ലക്ഷം ടണ്‍ പെട്രോള്‍ ഉല്‍പ്പന്നങ്ങളാണ്.വില കൂട്ടി സമയത്തേക്കാള്‍ ലോക വിപണിയില്‍ ക്രൂഡ് ഓയലിന് വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കമ്പനി പെട്രോള്‍ വില കുറച്ചത്. മാത്രമല്ല ഇതിനിടയില്‍ രൂപയുടെ മുല്യവും ഇടിഞ്ഞു വീണു. സെപ്തമ്പറില്‍ ഡോളര്‍ നിരക്ക് 46.29 ആയിരുന്നെങ്കില്‍ വില കുറഞ്ഞപ്പോളുള്ള നിരക്ക് 49.30 ആയി ഉയര്‍ന്നു. എന്നിട്ടു വില കുറച്ചതിനുള്ള കാരണം യുപിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്താനുള്ള കമ്പനികളുടെ കരുതല്‍ മാത്രമായിരുന്നു. അടുത്ത തെരെഞ്ഞെടുപ്പ് വേളയില്‍ ജനം ഇത് തിരിച്ചറിയുമോ എന്തോ.

നടുവൊടിഞ്ഞ ചികില്‍സാ പദ്ധതി
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികില്‍സ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കേരളത്തില്‍ താളം തെറ്റുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രമാക്കിയ ഈ പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പടിയിറങ്ങി തുടങ്ങി. കാസര്‍കോട് ഏതാനും ചില ആശുപത്രികളില്‍ മാത്രമെ ഇപ്പോള്‍ ഈ സൗകര്യമുള്ളു. കൃത്യമായി പണം ലഭ്യമാകാത്തതാണ് പദ്ധതി അസ്ഥമിക്കാന്‍ കാരണമായി തീരുന്നത്. കൊടുക്കാനുള്ള കുടിശിക കൊടുത്തു തീര്‍ക്കാത്ത പക്ഷം ബാക്കി ആശുപത്രികളും പിന്മാറുമെന്ന് കേരള പ്രൈവറ്റ് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ പ്രസ്ഥാവിച്ചിട്ടുണ്ട്.

ജയില്‍ ചപ്പാത്തിക്കിനി ജയിലില്‍ കേറേണ്ട
ജയിലിലെ ചപ്പാത്തി രുചിച്ചു നോക്കാന്‍ ആഗ്രഹമുള്ളവര്‍ക്കിനി ജയിലില്‍ കിടക്കാതെ തന്നെ അത് സാദ്ധ്യമാവും. ജയില്‍ തടവുകാര്‍ ഉണ്ടാക്കുന്ന ചപ്പാത്തി പൊതു മാര്‍ക്കറ്റിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. ജയിലില്‍ നിന്നും നിര്‍മ്മിക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് കേരളത്തിനു പുറത്തും, വിദേശത്തും നല്ല മാര്‍ക്കറ്റാണുള്ളത്. ജയിലിലെ ബീഡി നിര്‍മ്മാണവും പ്രസിദ്ധമാണ്. കണ്ണൂര്‍ സെന്റര്‍ ജയിലിലെ പച്ചക്കറി തോട്ടം സുപ്രസിദ്ധമാണ്. ചീമേനിയിലെ തുറന്ന ജയിലിലും ഉല്‍പ്പാദന പ്രകൃയകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.


-പ്രതിഭാ രാജന്‍

Keywords: Varthavaram, Prathibha-Rajan, Article

Post a Comment