Analysis | കേരളത്തിലെ വീടുകൾ പെട്ടെന്ന് നശിക്കുന്നത് എന്തുകൊണ്ട്? ഞെട്ടിക്കുന്ന വസ്തുതകൾ

 
why kerala houses are crumbling faster than ever
why kerala houses are crumbling faster than ever

Photo Credit: Facebook / Suresh Madathil Valappil

● നിർമ്മാണ നിലവാരം കുറഞ്ഞതാണ് പ്രധാന പ്രശ്നം.
● മേൽക്കൂരയുടെ രൂപകൽപ്പന വീടിന്റെ ആയുസിനെ ബാധിക്കുന്നു.
● വീട് നിർമ്മാണം ഒരു നിക്ഷേപമായി കണക്കാക്കണം.

(KVARTHA) വീട് എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. മിക്കവരുടെയും സ്വപ്നവുമാണിത്. എന്നാൽ ഒരു വീടിന്റെ ആയുസ് എത്രത്തോളം ആയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? പണ്ട് കാലത്ത് തലമുറകളോളം നിലനിന്ന വീടുകൾ, ഇന്ന് പത്തു പതിനഞ്ചു വർഷം കൊണ്ട് തന്നെ ജീർണാവസ്ഥയിലാകുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇന്നത്തെ കാലത്ത് വീടുകൾ എന്തുകൊണ്ട് ഇത്രയും പെട്ടെന്ന് നശിച്ചു പോകുന്നു? കേരളത്തിലെ വീടുകൾക്ക് ആയുസ് കുറയുന്നതിന്റെ കാരണങ്ങൾ തേടി സുരേഷ് മടത്തിൽ വളപ്പിൽ എന്ന ഉപയോക്താവ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഈ ചർച്ചയിലേക്ക് വെളിച്ചം വീശുന്നു.

ഒരു വീടിന്റെ ആയുസ് നിർണയിക്കുന്ന ഘടകങ്ങൾ

ഒരു കെട്ടിടത്തിന്റെ ആയുസ് അതിന്റെ രൂപകൽപ്പന, നിർമ്മാണ നിലവാരം, ഉപയോഗിക്കുന്ന മെറ്റീരിയൽസ്, പരിപാലനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സർക്കാർ സെക്രട്ടേറിയറ്റിന്റെ ആയുസും ഒരു വീടിന്റെ ആയുസും  തമ്മിൽ വ്യത്യാസമുണ്ടാകുന്നത് ഇതു കൊണ്ടാണ്.

നമ്മുടെ വീടുകൾക്ക് എത്ര കാലം നിലനിൽക്കണം?

നമ്മൾ പണിയുന്ന വീടുകൾ കുറഞ്ഞത് നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കാൻ പര്യാപ്തമായ ശക്തിയുള്ളതായിരിക്കണം. എന്നാൽ യാഥാർഥ്യം അങ്ങനെയല്ല. പല വീടുകളും പത്തോ ഇരുപതോ വർഷം കൊണ്ട് ജീർണിച്ചു തുടങ്ങുന്നു. ഇതിന് നിരവധി കാരണങ്ങളുണ്ട്.

നിർമാണ നിലവാരം: വേണ്ടത്ര ഗുണമേന്മയുള്ള മെറ്റീരിയലുകൾ ഉപയോഗിക്കാത്തതും, ശാസ്ത്രീയമായ രീതിയിൽ നിർമ്മാണം നടത്താത്തതും പ്രധാന കാരണങ്ങളാണ്. കോൺക്രീറ്റിന്റെ ഗുണനിലവാരം കുറയുന്നതും വലിയ പ്രശ്‌നമാണ്. വാട്ടർ-സിമന്റ് റേഷ്യോ പാലിക്കാത്തത്, കോൺക്രീറ്റ് നന്നായി കോംപാക്ട് ചെയ്യാത്തത്, കമ്പിയുടെ വിന്യാസം ശരിയായില്ലാത്തത് എന്നിവ കോൺക്രീറ്റിന്റെ ബലം കുറയ്ക്കുന്നു.

മേൽക്കൂരയുടെ പ്രശ്നങ്ങൾ: കേരളത്തിലെ വീടുകളിൽ പരന്ന സ്ലാബുകൾ വ്യാപകമായി ഉപയോഗിക്കുന്നത് വലിയ പ്രശ്‌നമാണ്. കോൺക്രീറ്റ് വെള്ളം ആഗിരണം ചെയ്യുന്ന സ്വഭാവമുള്ളതിനാൽ പരന്ന സ്ലാബുകളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കോൺക്രീറ്റിനെ ദ്രവിപ്പിക്കുകയും കെട്ടിടത്തിന്റെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു. വീടുകൾക്ക് ആവശ്യമായ പരിപാലനം നൽകാത്തതും ഒരു പ്രശ്നമാണ്.

എന്താണ് പരിഹാരം?

ഗുണമേന്മയുള്ള നിർമ്മാണം എന്നത് നിലനിൽക്കുന്നതിനും ഭാവി തലമുറകൾക്ക് കൈമാറുന്നതിനും അത്യാവശ്യമാണ്. ഒരു വീട് നിർമ്മിക്കുമ്പോൾ നമ്മൾ ഗുണമേന്മയുള്ള മെറ്റീരിയലുകളും ശാസ്ത്രീയമായ നിർമ്മാണ രീതികളും ഉപയോഗിക്കണം. വിലകുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് പണിത വീടുകൾ വളരെ വേഗം ജീർണ്ണിക്കുകയും നമുക്ക് അധിക ചെലവുകൾ വരുത്തുകയും ചെയ്യും.

മേൽക്കൂരയുടെ രൂപകൽപ്പന വീടിന്റെ ആയുസിൽ വളരെ പ്രധാനമായ ഒരു ഘടകമാണ്. ചെരിഞ്ഞ മേൽക്കൂരകൾ വെള്ളം കെട്ടി നിൽക്കുന്നത് തടയുന്നതിനും വീടിനെ നനവ് ബാധിക്കുന്നത് തടയുന്നതിനും സഹായിക്കും. മേൽക്കൂരയുടെ ശരിയായ രൂപകൽപ്പന വീടിന്റെ മൊത്തത്തിലുള്ള സൗന്ദര്യവും വർദ്ധിപ്പിക്കും.

വീട് നിർമ്മാണം ഒരു നിക്ഷേപമായി കണക്കാക്കാം. അതുകൊണ്ട്, വീടിന്റെ പരിപാലനം വളരെ പ്രധാനമാണ്. സമയോചിതമായ പരിപാലനം വീടിന്റെ ആയുസ് വർദ്ധിപ്പിക്കുകയും അതിന്റെ മൂല്യം നിലനിർത്തുകയും ചെയ്യും. വീടിന്റെ വിവിധ ഭാഗങ്ങൾ പതിവായി പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നത് നല്ലതാണ്.

വീട് നിർമ്മാണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നത് വളരെ പ്രധാനമാണ്. എല്ലാവരും ഗുണമേന്മയുള്ള വീടുകൾ നിർമ്മിക്കാൻ ശ്രമിക്കണം. ഒരു എഞ്ചിനീയറിന്റെ സഹായത്തോടെ വീട് നിർമ്മാണം ആരംഭിക്കുന്നത് നല്ലതാണ്. അവർ നിങ്ങളെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.

ഒരു വീട് എന്നത് നമ്മുടെ കുടുംബത്തിന്റെ ഭാവി തലമുറകൾക്കായി സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ട്, വീട് നിർമ്മിക്കുമ്പോൾ നാം എടുക്കുന്ന തീരുമാനങ്ങൾ വളരെ പ്രധാനമാണ്. വീട് നിർമ്മാണം ഒരു നിക്ഷേപമാണെന്ന ബോധം നമുക്കുണ്ടാകണം. 

why kerala houses are crumbling faster than ever

സുരേഷ് മടത്തിൽ വളപ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഈയിടെയാണ് അബുധാബിയിൽ വച്ച് ഒരു സുഹൃത്ത് എന്നോട് ചോദിക്കുന്നത്.
'ഒരു വീടിന് എത്ര ആയുർ ദൈർഖ്യം കാണും ..?'
'അൻപത് വർഷം  ? അറുപതു വർഷം..?'
ഞാൻ ഒന്നും പറഞ്ഞില്ല.
കാരണം അങ്ങനെയൊരു കണക്കില്ല, എത്ര ആയുർ ദൈർഖ്യം വേണം എന്ന് അത് പണിയുന്ന  നമ്മളാണ്  തീരുമാനിക്കുന്നത്.
ഒന്നുകൂടി വിശദമാക്കിയാൽ ഓരോ കെട്ടിടവും എത്ര നാൾ നിലനിൽക്കണം എന്ന് അത് രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ തീരുമാനിക്കപ്പെടുന്നു എന്നർത്ഥം.
എന്ന് വച്ചാൽ എന്റെ  വീടിന്റെ ആയുസ്സല്ല തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് വേണ്ടത്, സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ ആയുസ്സല്ല കൂടംകുളത്തെ ആണവ റിയാക്ടർ കെട്ടിടത്തിന് വേണ്ടത്.
ഒരു കെട്ടിടം പൂർണ്ണാരോഗ്യത്തോടെ അതിൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങൾ എല്ലാം പൂർത്തീകരിക്കുന്ന കാലഘട്ടത്തെയാണ് കെട്ടിടത്തിന്റെ സർവീസ് പിരിയഡ് എന്ന് പറയുന്നത്.
ഇനിയാണ് ചോദ്യം.
നാം പണിയുന്ന വീടുകൾക്ക് എത്ര  സർവീസ് പിരിയഡ് ഉണ്ടായിരിക്കണം ..?
ഉത്തരം ലളിതമാണ്, വീട് പണിയുന്ന വ്യക്തിക്കും, കുറഞ്ഞ പക്ഷം അയാളുടെ പങ്കാളിക്കും അവരുടെ ജീവിതാവസാനം വരെ കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും സൃഷ്ടിക്കാതെ ആ കെട്ടിടം നിലനിൽക്കണം.
എന്ന് വച്ചാൽ നാൽപ്പത്തി അഞ്ചു വയസ്സ് പ്രായമുള്ള ഒരാൾ നിർമ്മിക്കുന്ന വീട് ഏറ്റവും കുറഞ്ഞത് നാൽപ്പതു കൊല്ലം എങ്കിലും പൂർണ്ണാരോഗ്യത്തോടെ നിലനിൽക്കും വിധമായിരിക്കണം അതിന്റെ നിർമ്മാണം.
നടക്കില്ല മോനെ ദിനേശാ, നടക്കില്ല.
പറയാൻ കാരണമുണ്ട്.
ഇക്കഴിഞ്ഞ മാസം ഞാൻ ഏതാണ്ട് കേരളത്തിലെ മുഴുവൻ ജില്ലകളും സന്ദർശിച്ചു, പല സൈറ്റുകളും കണ്ടു, പരിണാമ സിദ്ധാന്തത്തിലെ നമ്മുടെ പൂർവികരെ അനുസ്മരിപ്പിക്കും വിധം  പല വീടുകളുടെയും മുകളിൽ വലിഞ്ഞു കയറി.
ഇവയിൽ കുറെയേറെ എണ്ണം പഴയ കെട്ടിടങ്ങളായിരുന്നു, അവയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി അവലോകനം നടത്തുക എന്നതായിരുന്നു എന്റെ യാത്രാ ലക്‌ഷ്യം.
വേദനയോടെ പറയട്ടെ, ജീർണ്ണാവസ്ഥ പ്രാപിച്ച  ആ കെട്ടിടങ്ങളിൽ പലതിന്റെയും പ്രായം പതിനെട്ടു മുതൽ മുപ്പതു വർഷം വരെ ആയിരുന്നു. 
ഇത് പോസ്റ്റ് ചെയ്യും മുൻപേ ഇതേ  വിഷയവുമായി എന്നോട് സംസാരിച്ച ഒരു സുഹൃത്തിന്റെ വീട്ടിൽ പതിമ്മൂന്നു കൊല്ലം ആയപ്പോഴേക്കും സ്ളാബിൽ ജീർണ്ണതയുടെ സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു.
മുപ്പത്തി മൂന്നു കൊല്ലം ആയ കെട്ടിടത്തിന്റെ ഉള്ളിൽ കയറി പരിശോധിക്കാൻ ഞാൻ ഭയന്നുപോയ സന്ദർഭം ഉണ്ട്.
ഇനി നമുക്ക് വർത്തമാനകാലത്തിലേക്കു വരാം.
നിങ്ങൾ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വീട് ഒരു ഇരുപത്തഞ്ചു കൊല്ലത്തിനപ്പുറം ആ അവസ്ഥയിൽ എത്തിയാൽ നിങ്ങൾ എന്ത് ചെയ്യും ..?
എന്ന് വച്ചാൽ നിലവിൽ നാല്പത്തഞ്ചു വയസ്സ് പ്രായമുള്ള ഒരാൾക്ക് ഇത്രയും വർഷം പിന്നിടുമ്പോൾ എഴുപതു വയസ്സായിരിക്കും.
വരുമാനവും ആരോഗ്യവും നഹി.
മക്കൾ ഒപ്പം ഉണ്ടാവണം എന്നോ, ഉണ്ടെങ്കിൽ തന്നെ അവർക്കൊപ്പം താമസിക്കാം എന്നോ ഒരു ഗ്യാരണ്ടിയും ഇല്ല.
കയ്യിൽ നീക്കിയിരുപ്പായി ഉള്ള പണം എടുത്തു രണ്ടാമതൊരു വീട് വെക്കാം എന്ന് വിചാരിച്ചാൽ പിന്നീടങ്ങോട്ടുള്ള കാലം ഹുദാഗവാ.
അതാണ് ഞാൻ മുൻപ് പറഞ്ഞത്, ഏതാനും വർഷങ്ങൾക്കപ്പുറം  കേരളം കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഒരു ശ്മശാന ഭൂമി ആയിത്തീരും, അപ്പോഴും അതിനുള്ളിൽ നിരാശരായ ഒരു ജനസഞ്ചയം ഉണ്ടായിരിക്കും എന്ന്.
ഇപ്പറഞ്ഞത് മുപ്പതും ഇരുപത്തഞ്ചും വർഷം മുൻപുള്ള കെട്ടിടങ്ങളുടെ കാര്യമാണ്, നിലവിലെ കെട്ടിടങ്ങളുടെ നിർമ്മാണ നിലവാരം പരിഗണിക്കുമ്പോൾ അവയുടെ  ആയുർ ദൈർഖ്യം മുൻപ് പറഞ്ഞതിലും കുറയും.
അത്രമാത്രം അസംബന്ധങ്ങളാണ് നമ്മുടെ വീട് നിർമ്മാണ മേഖലയിൽ ഇപ്പോൾ നടക്കുന്നത്.
വീട് നിർമ്മാണ രംഗത്ത് മലയാളിക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ എന്തൊക്കെ  ആണ് എന്ന് ചോദിച്ചാൽ അമിതമായ വലുപ്പം, ആവശ്യമില്ലാത്ത മുറികൾ, എണ്ണത്തിൽ അധികമുള്ള ടോയ്‍ലെറ്റുകൾ എന്നിവ ഒക്കെയായിരിക്കും പതിവുള്ള  ഉത്തരം.
എന്നാൽ അല്ല, വീടിന്റെ ഉറപ്പ് എന്ന ഘടകത്തെ അവഗണിച്ചുകൊണ്ട് കേവലം ഭംഗിക്ക് മാത്രം മുൻ‌തൂക്കം കൊടുത്തുകൊണ്ടുള്ള നിർമ്മാണം നിമിത്തം ഒരാളുടെ ജീവിതകാലത്തിനുള്ളിൽ രണ്ടു വീട് നിർമ്മിക്കേണ്ടിവരുന്നു എന്നതാണ് മലയാളിക്ക് സംഭവിക്കുന്ന, അല്ലെങ്കിൽ സംഭവിക്കാൻ പോകുന്ന ഏറ്റവും വലിയ അബദ്ധം.
കേവലം ബാഹ്യ ഭംഗി എന്നതിലപ്പുറം ഈ വക ഒരു ചിന്തയും ഒരു ശരാശരി മലയാളിക്കില്ല.
ഇനി ഈ വിഷയത്തെ നമുക്ക് ശെരിക്കും ഒന്ന് പഠിക്കാം.
അതിനായി ഒരു കെട്ടിടത്തിന്റെ ഭാഗങ്ങളെ നാം മനസ്സിലാക്കിയിരിക്കണം.
സാങ്കേതികമായി ഒരു കെട്ടിടത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്. അത് നമ്മുടെ വീടായാലും അങ്ങ് ദുഫായിയിലെ ബുർജ് ഖലീഫ ആയാലും അങ്ങനെത്തന്നെയാണ്.
ഒന്ന് - മണ്ണിനടിയിൽ  ഉള്ള, കെട്ടിടത്തെ താങ്ങി നിർത്തുന്ന തറ, അഥവാ എൻജിനീയറിങ് ഭാഷയിൽ സബ് സ്ട്രക്ച്ചർ.
രണ്ട് -   തറക്ക് മുകളിൽ ഉള്ള, ഭിത്തിയും, ലിന്റലും, ഗോവണിയും ഒക്കെ ഉൾപ്പെടുന്ന സൂപ്പർ സ്ട്രക്ച്ചർ.
മൂന്ന് -  ഈ സൂപ്പർ സ്ട്രക്ച്ചറിന് മുകളിലായി ഒരു കുടപോലെ പ്രവർത്തിക്കേണ്ട മേൽക്കൂര അഥവാ റൂഫ്.  
നിലവിലെ കേരളീയ സാഹചര്യത്തിൽ രണ്ടാമത്തെയും, മൂന്നാമത്തെയും  എലമെന്റുകളുടെ സ്ഥിതി അതീവ ദയനീയമാണ്.
ആദ്യത്തെ ഘടകമായ തറ ആരോഗ്യത്തോടെ നിലനിൽക്കുന്നു എങ്കിൽ അതിനു കാരണം നമ്മുടെ ജാഗ്രതയല്ല, മറിച് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന കരിങ്കല്ലിന്റെ സ്വാഭാവിക ഈടും, കേരളത്തിലെ മണ്ണിന്റെ തരക്കേടില്ലാത്ത ഭാര്യ ദ്വഹന ശേഷിയും കാരണമാണ്.
എന്താണ് മേൽക്കൂരയ്ക്ക് സംഭവിക്കുന്നത് എന്ന് നോക്കാം.
കഴിഞ്ഞ ഏതാനും ദശകങ്ങളായി കേരളത്തിലെ  മേൽക്കൂരകൾ കോൺക്രീറ്റ് നിർമ്മിതമാണ്.
ഈ കോൺക്രീറ്റ് എന്നത് വെള്ളത്തെ ആഗിരണം ചെയ്യുന്ന ഒരു പദാർത്ഥമാണ്.
അത് എത്രമാത്രം ജലം ആഗിരണം ചെയ്യുന്നു എന്നത് അതിന്റെ ദൃഢതയേയും, എത്ര സമയം വെള്ളം  അതിൽ തങ്ങി  നിൽക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.
ദൃഢത ഏറിയ കോൺക്രീറ്റ് കുറഞ്ഞ  അളവിൽ വെള്ളം വലിച്ചെടുക്കുമ്പോൾ ദുർബലമായ കോൺക്രീറ്റ് കൂടുതൽ വലിച്ചെടുക്കുന്നു.
അതുപോലെ ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയിൽ നിന്നും വെള്ളം എളുപ്പത്തിൽ ഊർന്നു പോകുമ്പോൾ പരന്ന സ്ളാബിൽ അത് കൂടുതൽ നേരം നിൽക്കുന്നു.
പരന്ന സ്ളാബിൽ വെള്ളം കെട്ടി നിൽക്കാൻ വേറെയും കാരണങ്ങൾ ഉണ്ട്.
അതിലൊന്നാണ് സ്ളാബിനു സ്വാഭാവികമായി ഉണ്ടാകുന്ന സാഗിങ്, അഥവാ മധ്യഭാഗം താഴ്ന്നു പോകുന്ന സവിശേഷത.
നഗ്ന നേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ പിടി കിട്ടില്ലെങ്കിലും വെള്ളം ദിവസങ്ങളോളം കെട്ടി നിൽക്കാൻ ഇത് ധാരാളമാണ്.
എന്ന് വച്ചാൽ ദൃഢത ഇല്ലാതെ നിർമ്മിക്കുന്ന ഒരു പരന്ന കോൺക്രീറ്റ്  മേൽക്കൂര നശിച്ചു  പോകാൻ ഉള്ള സാധ്യത ഒരു ചെരിഞ്ഞ മേൽക്കൂരയെക്കാൾ പല മടങ്ങാണ്.
ഞാൻ കണ്ടതും അതാണ്.
തീർന്നില്ല.
പരന്ന മേൽക്കൂര നശിച്ചു പോകാൻ ഇനിയുമുണ്ട് കാരണങ്ങൾ.
അവക്ക് മുകളിൽ സ്വാഭാവികമായി കെട്ടി നിൽക്കാൻ സാധ്യതയുള്ള ജൈവാവശിഷ്ടങ്ങളും പൊടിമണ്ണും വെള്ളത്തെ പിടിച്ചു നിർത്തുന്നു.
പരിപാലനത്തിന് സാധ്യത ഏറെ കുറവായ അപ്പർ റൂഫുകളിലാണ് ഇതിന്റെ ആക്രമണം രൂക്ഷം.
ഇതെല്ലാം കൂടി ചേർന്നാണ് പത്തോ അമ്പതോ വർഷം നിലനിൽക്കേണ്ട വീടിന് അകാല മൃത്യു കുറിക്കുന്നത്.
എന്ന് വച്ചാൽ പല സാഹചര്യത്തിലും വീടിന്റെ നിർമ്മാണത്തിന് വേണ്ടി എടുത്ത വായ്പ്പ മുഴുവനായി തിരിച്ചടക്കും മുന്നേ ഉടമ അടുത്ത വീടിന് വേണ്ടി പ്ലാൻ വരപ്പിക്കാൻ പോകേണ്ട അവസ്ഥയാണ്. 
ആരാണ് ഇതിനുത്തരവാദി ..?
പലരും ഉണ്ട്.
അതിൽ പരന്ന സ്ളാബുകളെ പ്രമോട്ട് ചെയ്യുന്ന കോൺട്രാക്ടർ ലോബി മുതൽ, ചെരിഞ്ഞ മേൽക്കൂര നിർമ്മിച്ചെടുക്കാൻ കഴിയാത്ത, അല്ലെങ്കിൽ മിനക്കെടാത്ത  ത്രീഡിക്കാർ വരെയുണ്ട്.
നിർമ്മാണ സാങ്കേതിക വിദ്യയുമായി പുലബന്ധം പോലുമില്ലാത്ത സോഷ്യൽമീഡിയാ വിദഗ്ദന്മാർ പരത്തുന്ന തെറ്റിധാരണകൾ വേറെ.
നിർമ്മാണത്തിലെ എളുപ്പമാണ് കോൺട്രാക്ടര്മാരെയും പല എൻജിനീയർമാരെയും പരന്ന മേൽക്കൂരയെ പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
അതുപോലെ വിദഗ്ധ തൊഴിലാളികളുടെ ഈ രംഗത്തുനിന്നുള്ള പിന്മാറ്റവും ഒരു പ്രശ്നമാണ്. 
കുറഞ്ഞ കൂലിക്കു അന്യ സംസ്ഥാന തൊഴിലാളികളെ ലഭിക്കും എന്ന സ്ഥിതി വന്നതോടെ എളുപ്പം പണി തീർക്കാവുന്ന പരന്ന മേൽക്കൂരകളിലേക്ക് എൻജിനീയർമാരും കോൺട്രാക്ടര്മാരും ശ്രദ്ധ തിരിച്ചു.
അതോടെ നല്ല ഒന്നാംതരമായി ചെരിഞ്ഞ മേൽക്കൂര രൂപപ്പെടുത്താൻ കഴിഞ്ഞിരുന്ന നമ്മുടെ തച്ചന്മാർ കളമൊഴിഞ്ഞു.
ഷട്ടറിങ് മെറ്റേറിയൽ ആയി മരത്തിനു പകരം സ്റ്റീൽ ഷീറ്റുകൾ എത്തിയതോടെ ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരകൾ ഏറെക്കുറെ അവസാനിച്ചു.
ടേൺ ഓവർ വർധിപ്പിക്കാനായി പെയിന്റ് കമ്പനികൾ സോഷ്യൽ മീഡിയ വഴിയും, പത്ര - മാസികകൾ വഴിയും കേരളത്തിൽ കുത്തിവച്ച പെട്ടിവീടുകൾ തരംഗമായതോടെ ഇത് ഏതാണ്ട് പൂർണ്ണമായി.
എന്നാൽ ഇതിന്റെ ഒക്കെ പരിണതഫലം വരാനിരിക്കുന്നതേയുള്ളൂ, ഏതാണ്ട് ആരംഭിച്ചു എന്ന് പറയാം.
അതിന്റെ സൂചനയാണ് ഇതിനൊപ്പമുള്ള ചിത്രങ്ങൾ.
ഇപ്പോൾ  പറഞ്ഞത് ഒരു കെട്ടിടത്തിന്റെ മർമ്മപ്രധാനമായ രണ്ടു ഘട്ടങ്ങളിൽ മേൽക്കൂരയെ കുറിച്ച് മാത്രമാണ്.
നിലവിൽ നാം നിർമ്മിക്കുന്ന പരന്ന കോൺക്രീറ്റ്  മേൽക്കൂരയുടെ ആയുസ്സു വർധിപ്പിക്കാൻ എന്ത് ചെയ്യാമെന്ന് നോക്കാം.
ഭിത്തി അടങ്ങുന്ന സൂപ്പർ സ്ട്രക്ച്ചറിനെക്കുറിച്ചു പിന്നീട് പറയാം.
 മേൽക്കൂരയുടെ ആയുസ്സു വർധിപ്പിക്കാൻ അടിസ്ഥാനപരമായി രണ്ടു കാര്യങ്ങളാണ് ചെയ്യാനുള്ളത്.
ഒന്ന് -  കോൺക്രീറ്റിന്റെ ഗുണനിലവാരം വർധിപ്പിക്കുക.
രണ്ട്  -  സ്ളാബിലേക്കു വെള്ളം പെനിട്രേറ്റ് ചെയ്യാനുള്ള സാധ്യത കുറക്കുക.
വിശദമായി നോക്കാം.
കോൺക്രീറ്റിന്റെ ആയുസ്സു വർധിപ്പിക്കാനായി പ്രാഥമികമായി ചെയ്യേണ്ടത് അതിന്റെ വാട്ടർ - സിമെന്റ് റേഷ്യോ കർശനമായി പാലിക്കുക എന്നതാണ്.
നിങ്ങൾ ഏതു ബ്രാൻഡ് സിമന്റും കമ്പിയും ഉപയോഗിച്ചിട്ടും കാര്യമില്ല, കോൺക്രീറ്റ് തെയ്യാറാക്കുന്ന പ്രൊസീജറിൽ പാകപ്പിഴവ് വന്നാൽ സർവ്വതും തീർന്നു.
മിക്സിലെ വെള്ളത്തിന്റെ അളവ്  വർധിക്കും തോറും കോൺക്രീറ്റിനു ഒരു സ്പോഞ്ചു സ്വഭാവം കൈവരും, അത് കൂടുതൽ വെള്ളത്തെ ആഗിരണം ചെയ്യും.
മിക്സിലെ വെള്ളം പോലെത്തന്നെ പ്രധാനമാണ് കോംപാക്ഷൻ.
വെള്ളം കുറച്ചു നിർമ്മിച്ച കോൺക്രീറ്റ് വൈബ്രെറ്ററുകൾ ഉപയോഗിച്ച് നന്നായി കോംപാക്ട് ചെയ്തെടുക്കുമ്പോളാണ് മികച്ച കോൺക്രീറ്റ് ലഭിക്കുന്നത്.
നന്നായി കോംപാക്ട് ചെയ്യുക എന്ന് പറയുമ്പോൾ അധികമായി കോംപാക്ട് ചെയ്യുക എന്നർത്ഥമില്ല.
അതിനും ഒരു കയ്യും കണക്കുമുണ്ട്.
മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങൾ പോലെ പ്രാധാന്യമുള്ളതാണ് സ്ളാബിനുള്ളിലെ കമ്പിയുടെ വിന്യാസം.
എത്ര കമ്പി ഉപയോഗിച്ച് എന്നതിലല്ല, ആവശ്യമായ കമ്പി എങ്ങനെ വിന്യസിച്ചു എന്നതിലാണ് കോൺക്രീറ്റ് എലമെന്റുകളുടെ ഉറപ്പ് ഇരിക്കുന്നത്.
ഈ വിന്യാസം പൂർണ്ണമായും തീരുമാനിക്കുന്നത് സ്ട്രക്ച്ചറൽ എൻജിനീയറിങ് നിയമങ്ങളാണ്.
അതായത് നൂറു വീട് ചെയ്തു പരിചയിച്ച ഒരു മേസ്തിരിക്ക് പോലും വ്യക്തമായ തിയറിയുടെ പിൻബലമില്ലാതെ ഇക്കാര്യം തീരുമാനിക്കാനാവില്ല.
ഇനിയുള്ളത് സ്ളാബിൽ വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനെക്കുറിച്ചാണ്.
കേരളത്തിലെ കാലാവസ്ഥാ സാഹചര്യം പരിഗണിക്കുമ്പോൾ ചെരിഞ്ഞ മേൽക്കൂരകളാണ് അഭികാമ്യം എങ്കിലും പരന്ന ഇടങ്ങളും ആവശ്യമാണ്.
സ്ളാബും, സോളാർ പാനലും ഒക്കെ ഉറപ്പിക്കാനുള്ള ഇടം, ഓപ്പൺ ടെറസ് ഒക്കെ ഇവയിൽ പെടും.
ഇവിടെ സ്ളാബിനു നേരിയ ഒരു ഡ്രൈനേജ് സ്ലോപ് കൊടുത്താൽ മതി, വെള്ളം തനിയെ ഊർന്നു പൊയ്ക്കോളും.
അതുപോലെ പരന്ന സ്ളാബുകളിൽ നിന്നുള്ള ഡ്രൈനേജ് പൈപ്പുകൾക്കു നല്ല വ്യാസം വേണം.
അല്ലാത്തപക്ഷം പൈപ്പിന് കുറുകെ  തടഞ്ഞു  നിൽക്കുന്ന ചെറിയ ഒരു ഇലപോലും സ്ളാബിന്റെ ഉപരിതലത്തിൽ വെള്ളക്കെട്ടുണ്ടാകും.
അതുപോലെ സ്ളാബിന്റെ ഉപരിതലത്തിൽ പിന്നീട് ചെയ്യുന്ന പ്ലാസ്റ്ററിങ്ങും വെള്ളത്തെ പിടിച്ചു നിർത്തും.
പ്ലാസ്റ്ററിങ് ചെയ്യണം എന്ന് നിർബ്ബന്ധമാണെങ്കിൽ അത് സ്ലാബ് കോൺക്രീറ്റ് ചെയ്തു അരമണിക്കൂറിനുള്ളിൽ നടത്തണം.
അതായത് കോൺക്രീറ്റിങ്ങിനൊപ്പം തന്നെ പ്ലാസ്റ്ററിങ് നടത്തണം എന്നർത്ഥം.
പരന്ന സ്ളാബുകളുടെ ഉപരിതലം കുറഞ്ഞപക്ഷം മഴക്കാലത്തിനു മുൻപും ശേഷവും ഊപ്പലും പൊടിയും കളഞ്ഞു   വൃത്തിയാക്കി വെക്കണം. 
അതുപോലെ സ്ളാബിന്റെ മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന ചെടികളും മരങ്ങളും വെട്ടിക്കളയണം. ഇവയിൽ നിന്ന് വീഴുന്ന ഇലകൾ സൃഷ്ടിക്കുന്ന ജൈവാവശിഷ്ടങ്ങൾ സ്ളാബിന്റെ ആയുസ്സിന് വലിയ ഭീഷണിയാണ്.
സ്ളാബിന്റെ ഉപരിതലത്തിൽ നേരിട്ട് വെക്കുന്ന വാട്ടർ ടാങ്കുകളുടെ അടിയിലും വെള്ളം കെട്ടി നിൽക്കാം, ഇവിടെയും ലീക്ക് സംഭവിക്കും.
ലീക്കിന്റെ ആരംഭത്തിനായി കാത്തു നിൽക്കാതെ വാട്ടർ പ്രൂഫിങ്  നടത്തുന്നതും കൊള്ളാം.
എന്നാൽ നമ്മുടെ സാഹചര്യത്തിൽ  ഇത്തരം കാര്യങ്ങളിൽ എല്ലാം ക്രിയാത്മകമായ ഇടപെടൽ നത്തതാണ് കഴിയുന്നത് എൻജിനീയർമാർക്കോ, വീട് പണിയുന്നവർക്കോ അല്ല.
അതാത് വീട്ടിലെ വീട്ടമ്മമാർക്കാണ്.
അതെങ്ങനെ എന്ന് പിന്നീട് പറയാം. 
ഒരർത്ഥത്തിൽ ഞാൻ ഉദ്ദേശിക്കുന്നതും ഈ രംഗത്തെ സ്ത്രീ ശാക്തീകരണമാണ്..

#KeralaRealEstate #ConstructionQuality #HouseMaintenance #KeralaNews #HomeImprovement #BuildingMaterials

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia