Fact Check | കാവി വസ്ത്രം ധരിച്ച് സന്യാസികളായി അഭിനയിച്ച മൂന്ന് മുസ്ലിം യുവാക്കളെ പിടികൂടിയോ? വൈറൽ വീഡിയോയുടെ യാഥാർഥ്യം അറിയാം 

 
Three Muslim youths dressed in saffron and pretending to be monks were caught; The video went viral, What Really Happened?
Three Muslim youths dressed in saffron and pretending to be monks were caught; The video went viral, What Really Happened?

Photo Credit: X/ Panchjanya

● പൊലീസ് അന്വേഷണം നടത്തിയതോടെ വസ്തുത പുറത്തുവന്നു 
● മൂന്ന് പേരും ജുനാഗഡ് സ്വദേശികളായ ഹിന്ദുക്കളാണെന്ന് കണ്ടെത്തി 
● ഈ വർഷം ഇടക്കിടെ ഇത്തരം നിരവധി വ്യാജപ്രചാരണം നടന്നിട്ടുണ്ട്.

ദക്ഷാ മനു 

(KVARTHA) മുസ്ലിംങ്ങള്‍ക്കെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ സംഘപരിവാറും അവരുടെ മറ്റ് സംഘടനകളും ആവര്‍ത്തിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ലൗ ജിഹാദ്, ഭൂമി ജിഹാദ് തുടങ്ങിയ നുണക്കഥകള്‍ പൊളിഞ്ഞെങ്കിലും വീണ്ടും വീണ്ടും ലോഡ് കണക്കിന് നുണകളാണ് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് എന്നാണ് വിമർശനം. അതിന്റെ ഏറ്റവും അവസാനത്തേത് നടന്നത് പ്രധാനമന്ത്രിയുടെയും കേന്ദ്രആഭ്യന്തരമന്ത്രിയുടെയും സ്വന്തം നാട്ടിലാണ്.

കാവി വസ്ത്രം ധരിച്ച ഹിന്ദു സന്യാസിമാരുടെ വേഷമിട്ട് മൂന്ന് മുസ്ലിം പുരുഷന്‍മാര്‍ എത്തിയെന്നും അവരെ ചോദ്യം ചെയ്ത് കള്ളി വെളിച്ചത്താക്കിയെന്നുമാണ് വീഡിയോ അവകാശപ്പെടുന്നത്. വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോയില്‍, ഹിന്ദുമതത്തെക്കുറിച്ചുള്ള മൂന്ന് പേരുടെയും അറിവ് പരിശോധിക്കാന്‍ ചില വ്യക്തികള്‍ അവരെ ചോദ്യം ചെയ്യുന്നത് കാണാം.

വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന ആള്‍ കാവി വസ്ത്രം ധരിച്ച മൂന്ന് പുരുഷന്മാരെ സമീപിച്ച ശേഷം, 'കുറഞ്ഞത് ഒരു ശ്ലോകമെങ്കിലും (സംസ്‌കൃതത്തിലെ ഒരു ശ്ലോകം) ചൊല്ലുക, അല്ലെങ്കില്‍ നിങ്ങളെ പോകാന്‍ അനുവദിക്കില്ല. നിങ്ങള്‍ക്ക് എത്ര ദൈവങ്ങളുടെ പേരുകള്‍ അറിയാം? എന്ന് ചോദിക്കുന്നു.  'ഞങ്ങള്‍ ഭോലേനാഥിനെ ആരാധിക്കുന്നു.' എന്ന് സന്യാസി വേഷം ധരിച്ച ഒരാള്‍ മറുപടി നല്‍കി. ഒരു ദേവന്റെ പേര് മാത്രം അറിയാമെങ്കില്‍ അവര്‍ എങ്ങനെ യഥാര്‍ത്ഥ സന്യാസിമാരാകുമെന്ന് അവരെ വെല്ലുവിളിക്കുന്നു. 


ചുറ്റും കൂടിനിന്ന ജനക്കൂട്ടം അവരെ 'ബംഗ്ലാദേശി', 'റോഹിങ്ക്യ' എന്ന് മുദ്രകുത്തുന്നതും ചിലര്‍ അവരെ തല്ലാന്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ റെക്കോര്‍ഡുചെയ്യുന്നയാള്‍ ജനക്കൂട്ടത്തോട്, സന്യാസ വേഷം ധരിച്ചവരില്‍ ഒരാളുടെ യേഥാര്‍ത്ഥ പേര് 'സല്‍മാന്‍' എന്നാണെന്ന് പറയുകയും അത് ശരിയാണെന്ന് ഉറപ്പാക്കാനായി ജനക്കൂട്ടത്തെ ഒരു ഐഡി കാര്‍ഡ് കാണിക്കുകയും ചെയ്യുന്നു.

സീ 24 കലകിന്റെ ട്വീറ്റ് ഉള്‍ക്കൊള്ളുന്ന ഇത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് വലതുപക്ഷ പ്രചരണ മീഡിയയായ ഒപി ഇന്ത്യ (OpIndia) പ്രസിദ്ധീകരിച്ചു. അവര്‍ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ റിപ്പോര്‍ട്ടിന്റെ ലിങ്ക് പോസ്റ്റ് ചെയ്തു: 'സല്‍മാനും കൂട്ടരും കാവി വസ്ത്രം ധരിച്ച് ഭിക്ഷ യാചിക്കുകയായിരുന്നു. ഐഡി കാര്‍ഡ് വഴിയാണ് ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവന്നത്. സന്യാസിമാര്‍ക്ക് ശ്ലോകം ചൊല്ലാനോ ഹിന്ദു ദേവതകളുടെ പേരോ അറിയില്ലായിരുന്നു' എന്നും പറഞ്ഞു.


ഗുജറാത്തി ന്യൂസ് ചാനല്‍ സീ 24 കലക്  നവംബര്‍ രണ്ടിന് നടന്ന സംഭവത്തെക്കുറിച്ച് ഗുജറാത്തി ഭാഷയില്‍ ഒരു അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തു: 'സന്യാസിയുടെ വേഷം ധരിച്ച സല്‍മാന്‍ പിടിക്കപ്പെട്ടു! ഐഡി പരിശോധനയില്‍ തട്ടിപ്പ് പുറത്തായി.

ഹിന്ദിയിലെ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇങ്ങനെയാണ്: 'സംസ്‌കൃത ശ്ലോകങ്ങള്‍ ചോദിച്ചപ്പോള്‍, അയാള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ഒരു ഹിന്ദു ദൈവത്തിന്റെ പേര് മാത്രമേ അറിയൂ: സല്‍മാനും സംഘവും സൂറത്തില്‍ 'സന്യാസിമാരായി' ഭിക്ഷാടനം നടത്തുകയായിരുന്നു,  റിപ്പോര്‍ട്ടില്‍, മൂന്ന് പുരുഷന്മാരും 'സന്യാസിമാരുടെ വേഷം ധരിച്ച് കറങ്ങിനടന്ന മുസ്ലീങ്ങളാണ്' എന്നും പിന്നീട് പോലീസ് അവരെ അറസ്റ്റ് ചെയ്തുവെന്നും ഒപ്ഇന്ത്യ അവകാശപ്പെടുന്നു.

സംഘപരിവാറിന്റെ മറ്റൊരു പ്രചരണ സ്ഥാപനമായ സുദര്‍ശന്‍ ന്യൂസ് (SudarshanNewsTV),  ഈ സംഭവത്തെക്കുറിച്ചുള്ള ഒരു വീഡിയോ റിപ്പോര്‍ട്ട് ട്വീറ്റ് ചെയ്തു,  'ഗുജറാത്തിലെ സൂററ്റില്‍, 'ജിഹാദി' സല്‍മാനും സംഘവും സന്യാസിമാരുടെ വേഷത്തില്‍ ഭിക്ഷ യാചിക്കുകയായിരുന്നു... കാവി വസ്ത്രം ധരിച്ച് സാധുക്കളുടെ വേഷം ധരിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയും (@epanchjanya)  ട്വീറ്റ് ചെയ്തു. ഹിന്ദിയിലെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, 'സാധുക്കളുടെ വേഷത്തില്‍ പിടിക്കപ്പെട്ട മുസ്ലീങ്ങള്‍! നിങ്ങള്‍ക്ക് ഒരു സന്യാസി ആകണമെങ്കില്‍ എന്തുകൊണ്ട് ഹിന്ദു ആയിക്കൂടാ? കാവി വസ്ത്രം ധരിച്ച് സന്യാസി വേഷം ധരിച്ച സല്‍മാന്‍ എന്ന മുസ്ലീം യുവാവ് ഭിക്ഷാടനം നടത്തുകയായിരുന്നു. 2024 നവംബര്‍ മൂന്നിന് ഗുജറാത്തിലെ സൂറത്തിലാണ് ഈ സംഭവം നടന്നത്, തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇത് ആദ്യമായല്ല സന്യാസിമാരുടെ വേഷം ധരിച്ച മുസ്ലീങ്ങളെ പിടികൂടുന്നത്. മുമ്പ് 16 തവണ പിടിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

അജയ് ചൗഹാൻ41, സുദാൻശുത്രിവേദി തുടങ്ങിയ എക്‌സിലെ മറ്റ് നിരവധി ഉപയോക്താക്കള്‍ വൈറല്‍ വീഡിയോ പങ്കിടുകയും കാവി വസ്ത്രം ധരിച്ച മൂന്ന് പുരുഷന്മാരും സന്യാസിമാരുടെ വേഷം ധരിച്ച മുസ്ലീം പുരുഷന്മാരാണെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

യാഥാര്‍ത്ഥ്യം ഇതാണ്!

സംഘപരിവാറിന്റെ അവകാശങ്ങളുടെ ആധികാരികത പരിശോധിക്കാന്‍, സംഭവത്തെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കായി പലരും തിരഞ്ഞു. ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പില്‍ നിന്നുള്ള ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കറിന്റെ ഒരു റിപ്പോര്‍ട്ട് കണ്ടെത്തി. സന്യാസി വേഷം ധരിച്ചിരുന്ന മൂന്ന് പേരും ഹിന്ദുക്കളാണെന്നും ഇവര്‍ ജുനാഗഡ് സ്വദേശികളാണെന്നും നവംബര്‍ നാലിന്, പോലീസ് അന്വേഷണത്തില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

മൂന്ന് സന്യാസിമാരെയും സംശയാസ്പദമായ സാഹചര്യത്തിലാണ് പിടികൂടിയതെന്നും  ചോദ്യം ചെയ്തതായും സൂറത്തിലെ അദജന്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആര്‍ ബി ഗോജിയയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ചോദ്യം ചെയ്യലിനുശേഷം, സ്ഥിരീകരണത്തിനായി, ജുനാഗഡില്‍ അവരുടെ യഥാര്‍ത്ഥ വിലാസം കണ്ടെത്താന്‍ അന്വേഷണം നടത്തിയിരുന്നു. അവര്‍ നല്‍കിയ പേരുകള്‍ ശരിയാണെന്ന് കണ്ടെത്തി. ഒരു വ്യക്തിയുടെ പേര് സല്‍മനാഥ് എന്നാണ്, ഇത് അദ്ദേഹം മറ്റൊരു മതത്തില്‍ പെട്ടയാളാകുമോ എന്ന സംശയം ജനങ്ങളില്‍ ഉയര്‍ത്തി. എന്നാല്‍, ഇയാള്‍ ഹിന്ദുവാണെന്ന് സ്ഥിരീകരിച്ചു.

ആള്‍ട്ട് ന്യൂസ് എന്ന ഓള്‍ലൈന്‍ പോര്‍ട്ടല്‍ ചോദ്യം ചെയ്യപ്പെട്ട സന്യാസിയുടെ വോട്ടര്‍ ഐഡി കാര്‍ഡ് ആക്സസ് ചെയ്തു. താഴെയുള്ള ചിത്രത്തില്‍ ആ മനുഷ്യന്റെ പേര് സല്‍മന്നത്ത് പാര്‍മര്‍ എന്നും പിതാവിന്റെ പേര് സുരാംനാഥ് പര്‍മര്‍ എന്നും കാണാം. പാര്‍മര്‍ എന്ന കുടുംബപ്പേര് പ്രധാനമായും വടക്കന്‍, മധ്യ ഇന്ത്യയില്‍ നിന്നുള്ള, പ്രത്യേകിച്ച് രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, വടക്കന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള രജപുത്ര വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സന്യാസിമാര്‍, പ്രത്യേകിച്ച് വീടുവീടാന്തരം കയറി ഭിക്ഷാടനം നടത്തുന്നവര്‍, മുസ്ലിം വേഷധാരികളാണെന്ന അടിസ്ഥാനരഹിതമായ സംശയത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ജൂലൈയില്‍ മീററ്റില്‍ മൂന്ന് സന്യാസിമാരുടെ സംഘത്തെ മുസ്ലീങ്ങളെന്ന് വ്യാജമായി മുദ്രകുത്തിയിരുന്നു. അലഞ്ഞുതിരിയുന്ന സന്യാസിമാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റായി ആരോപിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

#FakeNews #ViralVideo #FactCheck #SaffronRobes #TruthRevealed #Gujarat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia